Satheesh Kidarakuzhi

ഗോമാതാവിന് സ്വീകരണം

അയാള്‍ അകലെയുള്ളൊരു ഗ്രാമത്തില്‍ നിന്ന് ജീവിതവൃത്തിയ്ക്കായി ഈയിടെ കുടുംബത്തോടൊപ്പം ആ ഗ്രാമത്തില്‍ താമസമുറപ്പിച്ചതാണ്. കൂടെ കൊണ്ടുപോരാന്‍ വീട്ടുസാധനങ്ങളായി അധികമൊന്നുമുണ്ടായിരുന്നില്ല. വിശേഷിച്ചു കൊണ്ടുപോന്നത് മെലിഞ്ഞുണങ്ങിയൊരു പശുവിനെയാണ്. അതും ഉപേക്ഷിക്കാനോ വില്‍ക്കാനോ കശാപ്പുചെയ്യാനോ നിര്‍വാഹമില്ലാത്തതുകൊണ്ടുമാത്രം.


തങ്ങളുടെ ഗ്രാമത്തിലെത്തിയ ആ മുതിര്‍ന്ന ഗോമാതാവിന് സ്വീകരണം നല്‍കാന്‍ സ്ഥലത്തെ പ്രധാന ആളുകള്‍ തീരുമാനിച്ചു. അയാള്‍ക്ക്‌ അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കുകയായിരുന്നു.


ഗ്രാമത്തിന്‍റെ നടുക്കുള്ള മൈതാനത്തിലാണ് ചടങ്ങ്. അവിടമാകെ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഗോമാതാവിനെ സ്തുതിക്കുന്ന ഗാനങ്ങള്‍ മുഴങ്ങി. വലിയ ജനാവലി തടിച്ചു കൂടി.
അയാള്‍ പശുവിനെ കുളിപ്പിച്ച് ചന്ദനക്കുറിതോടിവിച്ചു, ഹാരമണിയിച്ച്, മണികെട്ടി. കൊമ്പുകളില്‍ പൂക്കള്‍ പിടിപ്പിച്ച് വേദിക്കുകീഴില്‍ സദസ്സിനുമുന്നില്‍ ഏവര്‍ക്കും കാണാന്‍ കഴിയുംവിധം കൊണ്ടുനിര്‍ത്തി. ആളുകള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് ഗോമാതാവിനുള്ള ആദരം പ്രകടിപ്പിച്ചു.


അയാളും വിസ്തരിച്ച് കുളിച്ച്, ചന്ദനക്കുറി തൊട്ട്, ഹാരമണിഞ്ഞ്, രുദ്രാക്ഷ മാലധരിച്ച്, വീതികൂടിയ കരയുള്ളമുണ്ടുധരിച്ച്, ചന്ദനനിറമുള്ള ഷര്‍ട്ടുമണിഞ്ഞ്, തോളിലൊരു നേര്യതിട്ടു, കൈയില്‍ വിവിധ വര്‍ണത്തിലുള്ള രക്ഷ ധരിച്ച് പത്രാസിലായിരുന്നു നിലകൊണ്ടത്.
വേദിയില്‍ നിന്ന് ഒരാള്‍ അനൗണ്‍സ് ചെയ്യുകയാണ്. "ഗോമാതാവിന് സ്വീകരണം നല്‍കുന്നതിനുള്ള സമ്മേളനം ആരംഭിക്കുകയാണ്. ഈ സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനായി സ്ഥലം എം.എല്‍.എയെ ക്ഷണിച്ചുകൊള്ളുന്നു. മറ്റു വിശിഷ്ടാതിഥികളെയും ആദരപൂര്‍വം ക്ഷണിക്കുന്നു."
അതിഥികള്‍ വേദിയില്‍ ഉപവിഷ്ടരായി.


"സമ്മേളനം ആരംഭിക്കുന്നു. 'ഗോമാതാമൊഴി'യാണ് ആദ്യ ഇനം. എല്ലാവരും നിശബ്ദരായി ചെവികൂര്‍പ്പിച്ച് ശ്രദ്ധിക്കുക ."


അവതാരകന്‍റെ അഭ്യര്‍ത്ഥനകേട്ട് ആളുകള്‍ എഴുന്നേറ്റ് ചെവി വട്ടംപിടിച്ചു. കോഡ് ലസ്സ് മൈക്ക് പശുവിനുനേരെ ആരോ പിടിച്ചു. ഗോമാതാവിന്‍റെമൊഴി വന്നില്ല. ആള്‍ക്കൂട്ടം നിരാശരാകവേ അയാള്‍ പശുവിന്‍റെ രഹസ്യഭാഗത്ത്‌ നേര്‍ത്തൊരു കമ്പികൊണ്ട് മറ്റാരും ശ്രദ്ധിക്കാത്തവിധം ആഞ്ഞൊന്നു കുത്തി .വേദനകൊണ്ടാകാം തലകുലുക്കി ഒന്നമറി.കോഡ് ലസ്സ് മൈക്ക് അത് ഒപ്പിയെടുത്തു. ആളുകള്‍ 'ഗോമാതാ കീ ജയ്‌, ഗോമാതാ കീ ജയ്‌' എന്ന് ആര്‍പ്പുവിളിച്ചു.


ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗോമാതാവിനെ സ്തുതിച്ചുകൊണ്ടുള്ള കവിത ചൊല്ലി. പ്രസ്തുത കവിതയില്‍ ലയിച്ചാകും ഗോമാതാവ് മൂത്രമൊഴിച്ചു. സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നവരുടെ ദേഹത്തേക്ക് ഗോമൂത്രം തെറിച്ചുവീണത് അവരെ സന്തോഷ പുളകിതരാക്കി. മുതിര്‍ന്നവരില്‍ ചിലര്‍ ഇടതുകൈ വലതുകൈയുടെ അടിയില്‍ ചേര്‍ത്തുപിടിച്ച്‌ ഗോമൂത്രം സ്വീകരിച്ച് തീര്‍ത്ഥംപോലെ കുടിക്കുകയും തലയില്‍ തടവുകയും ചെയ്തു.


ആ ഇടവേളക്കുശേഷം പ്രസംഗം പുനരാരംഭിച്ചു.സ്വാഗത പ്രസംഗവും അദ്ധ്യക്ഷപ്രസംഗവും കഴിഞ്ഞ് മന്ത്രിപുംഗവന്‍റെ ഉദ്ഘാടനം. ഗോമാതാവിന്‍റെ ഉടമയെ ഉദ്ഘാടകന്‍ മുക്തകണ്ഠം പ്രശംസിച്ചു . ആ പ്രശംസാവചനങ്ങള്‍ അയാളെയോ ഗോമാതാവിനെയോ സന്തോഷിപ്പിച്ചില്ല. ഗോമൂത്രംകൊണ്ട് വാഹനമോടിക്കുന്ന പുതിയ വിദ്യയുടെ പ്രോല്‍സാഹനാര്‍ത്ഥം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഗോമൂത്രം ഉപയോഗിക്കുന്നതിനുള്ള പരീക്ഷണപ്രോജക്ടിനെക്കുറിച്ചും മന്ത്രി സവിസ്തരം പറഞ്ഞു.


ഉദ്ഘാടന പ്രസംഗം തീര്‍ന്നപ്പോള്‍ പശു ചാണകമിട്ടു. ആരൊക്കെയോ വാഴയിലയില്‍ അവ ശേഖരിച്ചു. ചിലയാളുകള്‍ വലതുകൈയിലെ നടുവിരല്‍ ചാണകത്തില്‍ തൊട്ടു നെറ്റിയില്‍ പതിപ്പിച്ചു. ആ ഇടവേളക്കുശേഷം ആശംസാപ്രസംഗം ആരംഭിച്ചു. ഒന്നായി രണ്ടായി മൂന്നായി. പശു വിശപ്പും ക്ഷീണവും ദാഹവും ഒച്ചയുംകൊണ്ട് അസ്വസ്ഥയാവുകയും തലകുലുക്കുകയും മുരളുകയും കാലും കൈയും മാറ്റി മാറ്റിച്ചവിട്ടുകയും ചെയ്തു. ഉടമ എല്ലാം ശ്രദ്ധിച്ചു കരുതലോടെ നില്‍ക്കുകയായിരുന്നു.


"ഇനി ഗോമാതാവിനുള്ള സ്വീകരണ പരിപാടിയാണ്. ഓരോ സംഘടനയുടെ പേരുവിളിക്കുന്ന മുറക്ക് സ്വീകരണം നല്‍കണം." അനൗണ്‍സ്മെന്‍റ് കേട്ടതും ഗോമാതാവിനുചുറ്റും വലിയ തിരക്കായി. പുഷ്പമാല്യം, പ്ലാസ്ടിക്ഹാരം, നോട്ടുമാല, പൊന്നാട, തോര്‍ത്ത്‌,പട്ടുവസ്ത്രം,ബൊക്കെ എന്നിങ്ങനെ വിവിധങ്ങളായ സ്വീകരണ സാമഗ്രികള്‍ നിറഞ്ഞു. ഗോമാതാവിനുവേണ്ടുന്ന ഒന്നും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. ഇത്തിരിപ്പുല്ലും ഇത്തിരി വെള്ളവും അത് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെയെന്തെങ്കിലും കൊടുക്കണമെന്ന വിചാരം ഉടമക്കും ഉണ്ടായില്ല. അസഹ്യതയോടെ പശു വേവലാതികൊണ്ടത് ശ്രദ്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ല.


നന്ദിപറഞ്ഞ് സമ്മേളനം അവസാനിച്ച് കൂട്ടം പിരിഞ്ഞപ്പോള്‍ സംഘാടകരും ഗോമാതാവും അയാളും മാത്രമായി. മുന്‍നിശ്ചയപ്രകാരം സംഘാടകര്‍ നല്‍കിയ പണം എണ്ണിതിട്ടപ്പെടുത്തി ഭദ്രമായി വച്ച് പശുവിനെയും കൂട്ടി മടങ്ങുമ്പോള്‍ ഇതിനെ എങ്ങനെയാണ് അന്യസംസ്ഥാനത്തിലെ ഇറച്ചികാര്‍ക്ക് കൊടുത്തു കാശാക്കുന്നതെന്ന ചിന്തയായിരുന്നു അയാളുടെ മനസ്സുമുഴുവന്‍.
പിറ്റേദിവസം ഗോമാതാവിനെ ദര്‍ശിക്കാന്‍ ചില ഭക്തര്‍ എത്തി. ഗോമാതാവിനെ കാണാനില്ല. അവര്‍ അക്ഷമരായി. ഉടമ മൗനവൃതത്തിലായിരുന്നു. ഒച്ച ഉയര്‍ന്നിട്ടും അയാള്‍ മൗനവല്മീകത്തില്‍നിന്ന് പുറത്തുകടന്നില്ല. 'രാത്രിയില്‍ ആരോ ഗോമാതാവിനെ മോഷ്ടിച്ചുകൊണ്ടുപോയെന്നു' അയാളുടെ ഭാര്യ അറിയിച്ചു.


ക്ഷുഭിതരായ ഭക്തര്‍ ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിഞ്ഞു മൂക്കും നാവും ചെവിയും കണ്ണും നീട്ടി യുക്തിയും ബുദ്ധിയും ഉപയോഗിച്ച് മന്ത്രവും തന്ത്രവും പ്രയോഗിച്ചു അന്വേഷണം വിപുലമാക്കി. അന്വേഷണം നാടും അന്യനാടും വിട്ട് അന്യസംസ്ഥാനത്തേക്ക് നീണ്ടു. ചില സംശയങ്ങളും തെളിവുകളും ബലപ്പെട്ടു. അതിന്‍റെ ചിറകിലേറി അതിര്‍ത്തിക്കപ്പുറത്തെ പ്രസിദ്ധമായൊരു ഇറച്ചിക്കടയുടെ മുന്നിലെത്തി.
അവിടെ തൂക്കിയിരിക്കുന്ന ബീഫിന്‍റെ അവയവ സൗഷ്ഠവവും വര്‍ണ്ണപ്പൊലിമയും ചോരയില്‍ ചാലിച്ച സ്ഥിതിയില്‍ കാണാന്‍ കൂട്ടാക്കാതെ ആ ആള്‍ക്കൂട്ടം വടിവാളും തൃശൂലവുമായി ഇരച്ചുകയറി. ഗോമാതാവിനു ജയ്‌ വിളിച്ചുംകൊണ്ട് അവര്‍ ഇറച്ചിവെട്ടുകാരനെ വെട്ടിക്കീറി കടയുടെ മുന്നില്‍ തൂക്കിയിട്ടും കലിയടങ്ങാതെ തങ്ങളെ കബളിപ്പിച്ച, ഗോമാതാവിന്‍റെ ഉടമയെ തേടി പുറപ്പെട്ടു.