Bindu T S Sopanam

നരേന്ദ്ര ദാബോല്‍ക്കറും നെടുമങ്ങാട്ടെ കുട്ടികളും

സ്കൂളിലെ ഈ വര്‍ഷത്തെ ഭാഷാകൂട്ടായ്മയുടെ (മലയാളം,ഇംഗ്ലീഷ്,ഹിന്ദി) ഉദ്ഘാടനം എങ്ങനെ ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഈയൊരു വെളിച്ചം ലഭിച്ചത്. ഭാഷാപാഠപുസ്തകങ്ങളില്‍ ഒരു യൂണിറ്റ് അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു പ്രവര്‍ത്തനത്തോടുകൂടി ഉദ്ഘാടനം. പെട്ടെന്നു തീരുമാനമായി.

മനുഷ്യമനസ്സില്‍ വെളിച്ചം പകരാന്‍ നിസ്വാര്‍ത്ഥമായി പരിശ്രമിച്ച് രക്ത സാക്ഷിയാകേണ്ടി വന്ന നരേന്ദ്ര ദാബോല്‍ക്കറെ ഓര്‍ക്കാതെ ഈ പ്രവര്‍ത്തനം എങ്ങനെ ചെയ്യും. അന്ധവിശ്വാസത്തിനെതിരെ നിയമസഭയില്‍ ബില്ലവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണല്ലൊ അദ്ദേഹം കൊല്ലപ്പെടുന്നത്.കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. നാമറിഞ്ഞ അനേകം കൊലപാതകങ്ങളിലൊന്നായി അതും മറന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെ തീര്‍ച്ചയായും കുട്ടികളും അധ്യാപകരും അറിയേണ്ടതുണ്ട്. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുതന്നെ ആ പ്രവര്‍ത്തനം ചെയ്യണം.ഉദ്ഘാടനത്തിനു ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ ശ്രീ. A.K നാഗപ്പന്‍.

ജൂലൈ 8ന് നരേന്ദ്രദാബോല്‍ക്കറെ അനുസ്മരിച്ചുകൊണ്ട് ഞങ്ങളുടെ പരിപാടി ആരംഭിച്ചു.ശാസ്ത്രപരീക്ഷണങ്ങളിലൂടെ അന്ധവിശ്വാസം ചൂഷണം ചെയ്തുനടത്തുന്ന തട്ടിപ്പുകളെ കുറിച്ച് നാഗപ്പന്‍ സാര്‍ ക്ലാസെടുത്തു. കറുത്ത തുണികൊണ്ട് കണ്ണുകെട്ടി സ്കൂട്ടറോടിച്ചുകൊണ്ട് അദ്ദേഹം ആദ്യം കുട്ടികളെ കൈയ്യിലെടുത്തു.സ്പര്‍ശനത്തിലെ മിഥ്യാബോധം തെളിയിക്കുന്ന പരീക്ഷണം, മുന്‍വിധിയനുസരിച്ച് നമ്മുടെ ചിന്ത തെറ്റായി രൂപപ്പെടുന്നു അവസ്ഥ അതിനു പിന്നിലെ ധാരണകള്‍ ഇവയെക്കുറിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവരുമായി നന്നായി സംവദിക്കുന്നതായിരുന്നു.

അദ്വൈത്, ഹരിഗോവിന്ദ്, ഉണ്ണിക്കുട്ടന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.അന്തരീക്ഷത്തില്‍ നിന്ന് ഭസ്മമെടുത്ത് മുന്നിലിരിക്കുന്ന അമ്പതോളം കുട്ടികള്‍ക്ക് വിതരണം ചെയ്തപ്പോള്‍ അതിനു പിന്നിലെ സത്യം മനസ്സിലാക്കാനാണ് കുട്ടികള്‍ കൗതുകം കാട്ടിത്.പാത്രങ്ങളില്‍ സ്വയം നിറയുന്ന മിഠായി!നെയ്യൊഴിക്കുമ്പോള്‍ താനേ പുകഞ്ഞുകത്തുന്ന കടലാസു കഷ്ണങ്ങള്‍ !അവയ്ക്കു പിന്നിലെ കണ്‍കെട്ടു വിദ്യയും ശാസ്ത്രസത്യവും അദ്ദേഹം കിട്ടികള്‍ക്കുമുന്നിലവതരിപ്പിച്ചു.

ദേഹത്ത് പൊള്ളലേല്‍ക്കാതെ തീയുഴിയുന്ന വിദ്യ കുട്ടികളെ അത്ഭുതപ്പെടുത്തി.തൊലിപ്പുറത്ത് ഒരേസ്ഥലത്തുതന്നെ മൂന്ന് സെക്കന്റില്‍ കൂടുതല്‍ തീയേല്‍ക്കാതിരുന്നാല്‍ മതി. തീയ് പുറമേ ചലിപ്പിച്ചുകൊണ്ടിരിക്കണം.കത്തുന്ന കര്‍പ്പൂരം നാക്കില്‍ നിര്‍ത്തുന്ന പ്രകടനം കുട്ടികള്‍ക്ക് കൗതുകവും ആവേശവും പകര്‍ന്നു.നാക്കില്‍ കരീപ്പൂരം കത്തുന്ന നേരത്ത് ഉമിനീര് വരുത്തി നാക്ക് നനച്ചാല്‍ മാത്രം മതി.നാലാം ക്ലാസുകാരനായ വിഷ്ണുവിന്റെ തലയിലുയര്‍ന്ന തീനാളങ്ങള്‍ കുട്ടികളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.മിനിട്ടുകളോളം തിയവിടെ നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ രഹസ്യം അദ്ദേഹം പരസ്യമാക്കി.അത് ജലത്തിന്റെ രഹസ്യമായിരുന്നു.ഇങ്ങനെ കുട്ടികളുടെ മനസില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്താനായി ഈ യൊരു ചെറിയ പ്രവര്‍ത്തനത്തിന് അല്പമെങ്കിലും കഴിഞ്ഞു എന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.

ക്ലാസ് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് അദ്ദേഹത്തോടുള്ള പ്രതികരണവും ആവേശവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തവയായിരുന്നു.അവര്‍ ആവേശഭരിതരായി. ആ ആവേശം തികച്ചും ശാസ്ത്രത്തോടുള്ളതായിരുന്നു. അതങ്ങനെ നിലനിര്‍ത്തുവാന്‍ മുതിര്‍ന്നവര്‍ക്കു കഴിഞ്ഞെങ്കില്‍. ദാബോല്‍ക്കര്‍മാര്‍ക്കു വെടിയേല്‍ക്കേണ്ടി വരില്ല. എല്ലാ തലങ്ങളിലും അന്ധവിശ്വാസം അര്‍ബുദം പോലെ പടര്‍ന്നു പിടിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തുന്നവര്‍ പോലും അനാചാരങ്ങള്‍ക്കു വഴങ്ങുന്നു.

ഇതിനൊന്നും വിധേയരാകാതെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായവും വളര്‍ന്നുവരേണ്ടതുണ്ട്.കുട്ടികളില്‍ നിന്നുമാത്രമേ നമുക്ക് തുടങ്ങാന്‍ സാധിക്കൂ. ശാസ്ത്രീയ വീക്ഷണത്തോടുള്ള വിദ്യാഭ്യാസം ജനങ്ങള്‍ക്കും ലഭിക്കണം.