S Saraswathy

നീറ്റല്‍
പുകക്കുഴലുകള്‍
എങ്ങോ മറഞ്ഞ
അടുക്കളയില്‍
പുകയില്ലാത്ത
അടുപ്പുകളില്‍
പുകയുന്ന
വിചാരങ്ങള്‍
പൊള്ളുന്ന
ദോശകളായി.
വെന്തു നീറുന്ന
വികാരങ്ങള്‍
ചമ്മന്തിയാക്കി
കണ്ണുനീരില്‍
കടുകു വറുത്തു.
കാടും കടലും
പിഴിഞ്ഞെടുത്ത
സ്വാദുകള്‍
ഭ്യോജ്യങ്ങളാക്കവേ
കരളും ഹൃദയവും
കരിയുന്നതിന്റെ
പൊരിച്ചിലും
നാഡിയും ഞരമ്പും
തളരുന്നതിന്റെ
ശീല്‍ ക്കാരവും
ഹൃദയഭിത്തിയില്‍
തട്ടിത്തകര്‍ന്നൊടുങ്ങി
മകള്‍പക്ഷിയുടെ
തൂവല്‍ കൊത്തിപ്പറിച്ച്
ഹൃദയരക്തം കുടിക്കാന്‍
കൂടിനു ചുറ്റും വട്ടമിടുന്ന
കഴുകന്റെ കണ്ണിലേക്കീ
പുകയുടെ വെടിയുണ്ട
തറച്ചു കയറ്റണം
പ്രതീക്ഷകളെ
വാനോളമുയര്‍ത്തി
വിജ്ഞാനറോക്കറ്റിന്
കൗണ്ട്ഡൗണ്‍
പറയാനൊരുങ്ങുംമുമ്പേ
ഇടിമുറിയില്‍
ചതഞ്ഞരഞ്ഞ
പ്രിയമുത്തേ
നിന്റെ ചോദ്യങ്ങളാല്‍
ഭയപ്പെട്ടവര്‍
നിന്റെ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയവര്‍
നിന്റെ നാവിനെ
അറുത്തെടുത്തവര്‍
ചുരികയാക്കാം
നമുക്കീ കറിക്കത്തി
കുത്തിക്കീറാമാ
കശ്മലന്മാര്‍
തന്നക്ഷൗഹിണിയെ
പുറത്തു വരൂ
അവര്‍ ചമച്ച
പത്മവ്യൂഹം ഭേദിച്ച്.
ഗര്‍ഭപാത്രത്തിലെ
അറിവ് മാത്രം പോരാ
അടവുകള്‍ പലതും
തിരിച്ചറിവില്‍
പഠിച്ചു പോകും …