Unni D S

"ഭൂമിയിലെ ഒടുവിലത്തെ പ്രണയലേഖനം"
പെണ്ണേ,
ഭൂമിയിലെ ഒടുവിലെ പ്രണയലേഖനം
നമ്മുടേതാകയാല്‍ ചരിത്രത്തിന്‍റെ
ശിഷ്ടവരകളില്‍ ഞാനും നീയും
നിവര്‍ന്ന് നില്‍ക്കുന്നു... എഡിറ്റ്,കോപ്പി,പേസ്റ്റ് കാലത്തിന് മുന്‍പേ,
നമ്മളിവിടെ ജീവിച്ചിരുന്നു.

നമ്മള്‍; ഞാനും നീയും,
നമുക്ക് മുന്നെ ജനിക്കുകയും,
നമുക്ക് മുന്‍പേ പ്രണയിക്കുകയും,
നമുക്ക് മുന്‍പേ കലഹിക്കുകയും
നമുക്ക് മുന്‍പെ കൈകോര്‍ത്ത്
കവിതകൊണ്ട് മുറിവേറ്റവരുമാകുന്നു.

ഒന്നുമോര്‍മ്മയില്ലെങ്കിലും നിനക്കന്ന്
ഓട്ടുവിളക്കിന്‍റെ ഗന്ധമായിരുന്നു, ജെന്‍ഡര്‍പെര്‍ഫ്യൂമുകളുടെ ഉളുത്തകാലത്ത്
ഞാനും നീയും പുറമ്പോക്കുകളെന്ന് വിലയിരുത്തപ്പെടുന്നതിവിടെയാണ്!

"ഓര്‍മ്മ"
ഗൃഹാതുരത തെണ്ടികളുടെ രോഗലക്ഷണാത്രെ,
ഒറ്റനോട്ടം കൊണ്ട് നിന്നില്‍ ആഴ്ന്ന്
പോയോന്‍റെ പിടച്ചില്‍ ഈ ജന്മത്തിലും
മാറിട്ടില്ലെന്ന് പറഞ്ഞാല്‍,
ഈ ജന്മത്തിലെ നീ "ലോല്‍" എന്ന്
സ്മൈലി ഇട്ട് നിശബ്ദയാവുന്നു..

ഇവിടെയാണ് വായനശാലയുടെ
തിണ്ണയിലുരുന്ന് ഗോവിന്ദന്‍ മാഷ്
പറഞ്ഞ "ഡയലറ്റിക്സ്"
ശരിയാവാതെ വരുന്നത്,
എന്തുകൊണ്ടെന്നാല്‍ ഇത്രമാത്രം
ഒന്നിച്ചൊഴുകാന്‍
നമ്മെ ഒന്നാക്കി ചേര്‍ത്തതാരാണ്?

ഭൂമിയിലെ ഒടുവിലത്തെ
പ്രണയലേഖനത്തിന് കേസെടുത്താല്‍,
വിചാരണചീട്ട് കിട്ടിയാല്‍,
അകത്തായാല്‍,ഭൂമിയിലെ
ഒടുവിലത്തെ പ്രണയതടവുകാരന്‍ ഞാനാണെന്നുപറഞ്ഞാല്‍
പകര്‍പ്പവകാശം നിനക്കുതന്നെയാവും.

കരുതി കാത്തിരിക്കുക,
ഇമചിമ്മിതുറക്കും മുന്‍പ് ഞാന്‍ വരും.