M K Rajendran

അക്കിര കുറസൊവ : സംവിധാനകലയുടെ പാഠപുസ്തകം 

സിനിമയില്‍ സാഹിത്യഗുണമുണ്ട്, നാടകീയതയുണ്ട്, തത്വചിന്താപരമായ അംശമുണ്ട്. ചിത്രകലയുടെയും ശില്പകലയുടെയും സംഗീതത്തിന്റെയും അംശങ്ങളും അതിലുണ്ട്. പക്ഷേ അന്തിമ വിശകലത്തില്‍ സിനിമ സിനിമതന്നെയാണ്. ചലച്ചിത്രാത്മക സൗന്ദര്യം എന്ന് വിളിക്കാവുന്ന ഒന്നുണ്ട്. അതൊരു സിനിമയിലൂടെ മാത്രമേ ആവിഷ്‌ക്കരിക്കാനാവൂ. ചടുലമായ ഈ സൗന്ദര്യമാകട്ടെ ഒരു സിനിമയുടെ അവിഭാജ്യമായ ഭാഗമായിരിക്കുകയും വേണം. അപ്രകാരം നന്നായി ആവിഷ്‌ക്കരിച്ച സിനിമ പ്രേക്ഷകനെ ഹൃദയസ്പര്‍ശിയായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്യും.


6931


ഒരു സംവിധാനയകന്റെ ജോലി നടീനടന്മാരെ തന്റെ സിനിമയ്ക്കായി പരിശീലിപ്പിക്കല്‍, ശബ്ദലേഖനം, കലാസംവിധാനം, സംഗീതം നല്കല്‍, എഡിറ്റിംഗ്, മിക്‌സിംഗ്, ശബ്ദ മിശ്രണം എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. സംവിധാനത്തിന്റെ കീഴില്‍ ഉപഘടകങ്ങളായി ലയിച്ച് ചേരേണ്ടവയാണിത്. ഒരു സിനിമാ സംവിധായകന്‍ തന്നെ സഹായിക്കുന്ന, ഒപ്പം ജോലിചെയ്യേണ്ട ഒരു വലിയ വൃന്ദം ആളുകളെ സമാഹരിച്ച് എടുക്കേണ്ടതുണ്ട്. ഒരു സിനിമാ നിര്‍മ്മാണ യൂണിറ്റിനെ പട്ടാളത്തോട് ഉപമിക്കാമെങ്കില്‍ സംവിധായകന്‍ അതിന്റെ മുന്‍നിര കമാന്ററും സ്‌ക്രിപ്റ്റ് അതിന്റെ കൊടുക്കൂറയുമാണ്. ഏതു സാഹചര്യത്തെയും നേരിടാനുള്ള കഴിവുണ്ടായിരിക്കേണ്ട സംവിധായകന് തന്റെ ഏത് താല്പര്യങ്ങള്‍ക്കുമൊപ്പം മൊത്തം യൂണിറ്റിനെയും ചലിപ്പിക്കാനുള്ള നേതൃപാടവം ഉണ്ടായിരിക്കണം.


ഒരു ഒന്നാംകിട സ്‌ക്രിപ്റ്റ് കിട്ടിയാല്‍ നല്ല സംവിധായകന് ഒരു മാസ്റ്റര്‍ പീസ് തന്നെ നിര്‍മ്മിക്കാം. അതേ സ്‌ക്രിപ്റ്റ് കൊണ്ട് ഒരു ഇടത്തരം സംവിധായകന് ഒരു ശരാശരി സിനിമയേ എടുക്കാന്‍ കഴിയൂ. പക്ഷേ സ്‌ക്രിപ്റ്റ് മോശമായിരുന്നാല്‍ എത്ര മികച്ച സംവിധായകനും ഒരു നല്ല സിനിമ എടുക്കാന്‍ കഴിയാതെ പോകും. തീയും തിരയും മറികടക്കാന്‍ കഴിയുന്ന ക്യാമറയ്ക്കും മൈക്കിനും മാത്രമേ ശരിയായ സിനിമാറ്റിക് ആവിഷ്‌ക്കാരം നടത്താനാവൂ. അവയ്‌ക്കേ ഒരു യഥാര്‍ത്ഥ സിനിമ എടുക്കാനാവൂ. ഇതിനുള്ള ശേഷി സ്‌ക്രിപ്റ്റിന് ഉണ്ടായേ മതിയാവൂ.


akira-kurosawa-450-458823695


ചെറുപ്പകാലം മുതല്‍ ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു കുറിപ്പ് പുസ്തകം ഞാന്‍ അരികില്‍ വച്ചിരിക്കും. എന്റെ പ്രതികരണങ്ങളും എന്റെ മനസ്സിനെ പ്രത്യേകം സ്വാധീനിച്ച കാര്യങ്ങളും അപ്പപ്പോള്‍ കുറിച്ചിടും. ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ പോകുന്നതിനു മുമ്പ് ഞാന്‍ വായിക്കുക മറ്റൊന്നുമായിരിക്കില്ല. ഒരു വരി സംഭാഷണത്തിനുപോലും ഈ നോട്ടുപസ്തകങ്ങള്‍ എനിക്ക് ദിശാ സൂചകങ്ങള്‍ ആകാതിരുന്നിട്ടില്ല. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് കിടക്കയില്‍ കിടന്നുകൊണ്ട് ഒരിക്കലും പുസ്തകങ്ങള്‍ വായിച്ചു തള്ളരുത് എന്നാണ്.


ഒരു നടന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശപ്പെട്ട കാര്യം താന്‍ ക്യാമറയെ അഭിമുഖീകരിക്കുന്നു എന്ന ഭാവം പ്രകടമാക്കുന്നതാണ്. ഞാന്‍ എല്ലായ്‌പ്പോഴും പറയാറ് 'ഇതിനെതിരായി പ്രവര്‍ത്തിക്കാന്‍ നടന് നിര്‍ദ്ദേശം നല്കാനാണ്. നിങ്ങളുടെ ഭാഗം നിങ്ങള്‍ തന്നെ പറയേണ്ട നാടക സ്റ്റേജല്ല ഇത്. ക്യാമറയെ നോക്കുകയെ ചെയ്യേണ്ടതില്ല.' പക്ഷേ ക്യാമറ എവിടെ എന്ന് അറിയുന്ന നടന്‍ നിശ്ചയമായും ബോധപൂര്‍വ്വമല്ലാതെ തന്നെ ഒരു മൂന്നിലൊന്നോ പകുതിയോളമോ അതിന്റെ നേരെ തിരിയും. ചലിക്കുന്ന ഒന്നിലധികം ക്യാമറകള്‍ ഉണ്ടെങ്കില്‍ ഏതാണ് തന്നെ ഷൂട്ട് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ അയാള്‍ക്ക് സമയം ലഭിക്കില്ല.


download (1)


സൂം ലെന്‍സിലൂടെ നടന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കയാവും പലരും ചെയ്യുന്നത്. നടന്റെ ചലനങ്ങള്‍ക്ക് അനുസരണമായി അതേ വേഗതയില്‍ ക്യാമറയും നീങ്ങുന്നതാവും ഏറ്റവും സ്വാഭാവികമായി സംഭവിക്കേണ്ടതെങ്കിലും നടന്റെ മൂമെന്റ് നിലയ്ക്കുന്ന മുറയ്ക്കാകും പലരും അയാളുടെ മേല്‍ സൂം ചെയ്യുക. ഇത് അങ്ങയറ്റം തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. നടന്‍ ചലച്ചുതുടങ്ങുന്ന മുറയ്ക്ക് ക്യാമറ പിന്‍ തുടരണം. നില്ക്കുന്ന മുറയ്ക്ക് ക്യാമറയെ നിര്‍ത്തണം. ഇപ്രകാരം ചെയ്യാത്ത പക്ഷം പ്രേക്ഷകര്‍ക്ക് ക്യാമറ സാന്നിധ്യം അനുഭവപ്പെടും.


ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആരംഭിക്കുന്ന മുറയ്ക്കുതന്നെ പശ്ചാത്തല സംഗീതത്തെ പറ്റി മാത്രമല്ല മറ്റു ശബ്ദ മിശ്രണത്തെപ്പറ്റിയും ഞാന്‍ ചിന്തിച്ചു തുടങ്ങും. ക്യാമറ ചലിച്ചു തുടങ്ങും മുമ്പുതന്നെ, മറ്റുകാര്യങ്ങളോടൊപ്പം അവിടത്തേയ്ക്ക് ഏതുതരം ശബ്ദമാണ് വേണ്ടതെന്നും ഞാന്‍ നിശ്ചയിക്കും.


എഡിറ്റിംഗിന് അവശ്യം വേണ്ടത് വസ്തു നിഷ്ഠതയാണ്. നിങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ഒരു ഷോട്ട് എടുത്തത് എന്നകാര്യം പ്രസക്തമാല്ല. ആ ഷോട്ട് എടുക്കുമ്പോള്‍ നിങ്ങള്‍ നല്ല ആവേശത്തിലായിരുന്നിരിക്കും. പക്ഷേ ആ ആവേശം സ്‌ക്രീനില്‍ കാണുന്നില്ലെങ്കില്‍ അത് നിര്‍ദാക്ഷണ്യം ഒഴിവാക്കുകതന്നെ വേണം.


download


''മനുഷ്യര്‍ക്ക് അവരോടുതന്നെയും അവരെപ്പറ്റി തന്നെയും വിശ്വസ്തരായിരിക്കാന്‍ കഴിയില്ല. അവരെപ്പറ്റി തന്നെ സംസാരിക്കുമ്പോള്‍ അല്പം പെരിപ്പിച്ചു പറയും. കല്ലറയ്ക്കും അപ്പുറത്തേയ്ക്ക് പാപപങ്കുലമായ ഈ കള്ളത്തരം നീളുന്നതായി കാണാം. മരിച്ചുപോയ കഥാപാത്രത്തിനുപോലും ഒരു മാധ്യമം വഴി സംസാരിക്കുമ്പോള്‍ ഈ കള്ളം പറച്ചില്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. ജനിക്കുമ്പോള്‍ മുതല്‍ അവന്‍ വിടാതെ കൊണ്ടു നടക്കുന്ന ഒരു പാപമാണ് ഞാനെന്ന പാപം. ഇതാകട്ടെ ഉപേക്ഷിക്കുവാന്‍ കഴിയുന്നുമില്ല. റാഷമണ്‍ എന്ന സിനിമ ഈ അഹങ്കാരം ചുരുള്‍ നിവര്‍ത്തി കാണിച്ചുതരുന്ന വിചിത്രമായ ഒരു ചിത്രച്ചുരുളാണ്. മനുഷ്യഹൃദയം തന്നെ മനസ്സിലാക്കാന്‍ പ്രയാസമുള്ളതിനാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസമാണ്.


സമൂഹത്തില്‍ നിലനില്ക്കുന്ന ന്യൂനതകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്ന തത്വത്തില്‍ സത്യത്തിന്റെ അംശം ഇല്ലാതില്ല. കുറ്റകൃത്യങ്ങള്‍ക്കു മറയായി ഈ തത്വശാസ്ത്രം ഉപയോഗിക്കുന്നവര്‍ കുഴപ്പം പിടിച്ച ഈ സമൂഹത്തില്‍ തന്നെ ധാരാളം പേര്‍ കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെടാതെ ജീവിക്കുന്നുവെന്ന സത്യത്തെ മറച്ചുവെയ്ക്കുന്നു. മറിച്ചുള്ള വാതങ്ങളെല്ലാം വെറും കള്ള ന്യായങ്ങളാണ്.


images


മനുഷ്യമനസ്സിന്റെ അടിത്തട്ടില്‍ എന്തൊക്കെയാണ് വാഴുന്നത് എന്ന കാര്യം എനിക്കൊരു പ്രഹേളികയാണ്. പറ്റിപ്പുകാര്‍, പണത്തിനുവേണ്ടി കൊലയോ ആത്മഹത്യയോ ചെയ്യുന്നവര്‍, സാഹിത്യ ചോരന്മാര്‍ ഇവരെല്ലാം സാധാരണക്കാരെപ്പെലെയാണ് കാണപ്പെടുക. നിഷ്‌ക്കളങ്ക മുഖവും മധുര ഭാഷണവും ഇവരെ കൂടുതല്‍ നല്ലവരായി തോന്നിപ്പിക്കുന്നു. ഇതെന്റെ ആശയക്കുഴപ്പത്തിന്റെ ആഴവും വര്‍ദ്ധിപ്പിക്കുന്നു.


ഒരു മീന്‍ ചൂണ്ടയില്‍ കൊത്തിയെന്നുവെച്ച് എല്ലായ്‌പ്പോഴും അത് സംഭവിച്ചുകൊള്ളണമെന്നില്ല. മുമ്പ് വിജയിച്ച പടങ്ങള്‍ അവര്‍ പുനര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് പുതിയ സ്വപ്നങ്ങളില്ല. പഴയത് ആവര്‍ത്തിക്കാനാണ് ഇഷ്ടം. ഒറിജിനലിനെ വെല്ലാന്‍ റീ മേക്കുകള്‍ക്കാവില്ല. ഞാനതിനെ വിളിക്കുക ഒന്നാംതരം വിഡ്ഡിത്തം എന്നാണ്. റി മേക്ക് ചെയ്യേണ്ടിവരുന്ന സംവിധായകന്‍ അപ്രകാരം ചെയ്യുന്നത് നിര്‍ബന്ധത്തിന് വഴങ്ങിയായിരിക്കും. അതാകട്ടെ ഉച്ഛിഷ്ടം പാകം ചെയ്‌തെടുക്കുന്നതുപോലെയും അത് കാണാന്‍ വിധിക്കപ്പെടുന്ന പ്രേക്ഷകര്‍ക്ക് കഷായം കുടിക്കുന്ന കഷ്ടകരമായ സ്ഥിതിയിലായിരിക്കുകയും ചെയ്യും.


എന്തുകൊണ്ടായിരിക്കും കുഞ്ഞുങ്ങളോട് രണ്ടാനമ്മമാര്‍ മോശമായി പെരുമാറുന്നത്. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയോടുള്ള വെറുപ്പായിരിക്കും ഇതിന്റെ പിന്നിലെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മനുഷ്യ മൃഗത്തെ സംബന്ധിച്ച ഈ അറിവില്ലായ്മ ഒരു തരം ഭ്രാന്താണ്. നിരാലംബരായ കുഞ്ഞുങ്ങളെ ഭേദ്യം ചെയ്യുന്നതിലും ചെറുജീവികളെ ഉപദ്രവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവര്‍ സമനില നഷ്ടപ്പെട്ടവര്‍ തന്നെയാണ്. സ്വകാര്യ ജീവിതത്തില്‍ ഭ്രാന്തരായ ഇവര്‍ പൊതു ജീവിതത്തില്‍ സൗമ്യരും നിഷ്‌ക്കളങ്കരുമായി പ്രത്യക്ഷപ്പെടുന്നു. എന്നതാണ് ഏറ്റവും ഭീകരമായ സംഗതി.


1_yOF3gNMviES3pwUqX5Roxg


പ്രകൃതി സ്വന്തം നിലയില്‍ സുന്ദരിയാണ്. മനുഷ്യന്റെ ദുഷ്‌കര്‍മ്മങ്ങളാണ് അതിനെ വൃത്തികേടാക്കുന്നത്. ഒരുവനോട് 'നീ നന്നാവില്ല... നീ നന്നാവില്ല' എന്ന ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അവന്റെ ആത്മവിശ്വാസം ക്രമേണ കുറഞ്ഞുവരികയും അവന്‍ വകയ്ക്ക് കൊള്ളാത്തവനായി മാറുകയും ചെയ്യും. മറിച്ച് 'നീ വിചാരിച്ചാല്‍ ഇത് നിസ്സാരമായി ചെയ്യാന്‍ പറ്റും' എന്നൊരുവനോട് പറഞ്ഞാല്‍ അവനില്‍ ആത്മവിശ്വാസം വളരുകയും കാര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. പൈതൃകമായി കിട്ടിയ ശക്തിയോടും ദൗര്‍ബല്യത്തോടുംകൂടിയാണ് ഒരുവന്‍ ജനിക്കുന്നത്. എന്നാല്‍ പിന്നീടുള്ള സ്വാധീനങ്ങള്‍ക്ക് ഇവയെ മാറ്റിയെടുക്കാന്‍ കഴിയും.


നിയമം എന്തുതന്നെ അനുശാസിച്ചാലും ബുദ്ധിമാന്ദ്യം ഉള്ളകുട്ടികള്‍ക്ക് സ്‌കൂള്‍ ജീവിതം ഭീകരം തന്നെ. ചില അഞ്ചുവയസ്സുകാര്‍ക്ക് ഏഴു വയസ്സുകാരന്റെ ബുദ്ധിനിലവാരം കാണും. മറിച്ച് ഏഴുവയസ്സുകാരന് ശരാശരി അഞ്ചുവയസ്സിന്റെ പോലും നിലവാരം ഉണ്ടാകണമെന്നില്ല. ഒരു വര്‍ഷം കൊണ്ട് കൃത്യമായും ഇത്ര ബുദ്ധിവളര്‍ച്ച ഉണ്ടാകണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത് തെറ്റാണ്.


ആത്മകഥപോലെ എന്ന പുസ്തകത്തില്‍ കുറസൊവ പറയുന്നു - ''രണ്ടാംലോക മഹായുദ്ധത്തിന് മുമ്പുള്ള കാലം ലാടവൈദ്യന്മാര്‍ നാട്ടുമരുന്ന് വില്പനയ്ക്കായി വീടുവീടാന്തരം കയറി ഇറങ്ങിയിരുന്നു. പൊളളലിനും മുറിവിനും പറ്റിയിരുന്ന ഈ മരുന്ന് ഒരു പ്രത്യേക രീതിയിലാണ് നിര്‍മ്മിച്ചിരുന്നത്. ഇതിനായി മുന്നില്‍ നാലും പിറകില്‍ ആറും കാലുകളുള്ള അപൂര്‍വ്വമായ ഒരിനം പൊക്കാച്ചി തവളയെ നാലുവശവും കണ്ണാടിയില്‍ നിര്‍മ്മിച്ച ഒരു കൂട്ടില്‍ വളര്‍ത്തിയിരുന്നു. ഏതു കോണിലേയ്ക്ക് നോക്കുമ്പോഴും ബീഭല്‍സമായ തന്റെ ഭീകര രൂപം കാണുന്ന ആ ജീവി പേടിച്ച് സദാ വിയര്‍ത്തുകൊണ്ടിരിക്കും. എണ്ണമയമുള്ള ഈ വിയര്‍പ്പ് ശേഖരിച്ച് 321 ദിവസം കുഴിച്ചിട്ട ശേഷം പുറത്തെടുത്ത് വില്ലോമര ചില്ലയാല്‍ ഇളക്കിയാണ് ഈ മരുന്ന് നിര്‍മ്മിച്ചിരുന്നത്.


എന്നെപ്പറ്റി തന്നെ എഴുതുമ്പോള്‍ കണ്ണാടിക്കൂട്ടിലകപ്പെട്ട പൊക്കാച്ചി തവളയുടെ മാനസിക അവസ്ഥയിലാണ് ഞാന്‍. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കടന്നുപോകുന്ന വര്‍ഷങ്ങളിലൂടെ പല കോണുകളില്‍ നിന്നും എന്റെ പ്രതിബിംബങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു പത്തുകാലന്‍ പൊക്കാച്ചി തവളയല്ലെങ്കിലും ആ വിചിത്ര ജീവിയെപ്പോലെ ഞാനും വിയര്‍ത്തുപോകുന്നു.''