Dr Salini R

നിപ വൈറസ് : ആശങ്ക വേണ്ട - ജാഗ്രത വേണം.

പ്രതിരോധത്തിന്റെ കേരള മാതൃക 


കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ സ്ഥിതീകരിക്കപ്പെട്ടത് മെയ് മാസം 17ന് കോഴിക്കോട് ജില്ലയിലാണ്. ഈ രോഗബാധമൂലം ഇതുവരെ 16 ജീവനുകളാണ് നഷ്ടപ്പെട്ടത്. ആരോഗ്യവകുപ്പ് അതിശക്തമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് മരണസംഖ്യ ഇതില്‍ ഒതുങ്ങിയത്. നമ്മുടെ പൊതുജനാരോഗ്യത്തിന്റെ ശക്തമായ അടിത്തറയും ഭരണനേതൃത്വത്തിന്റെ നിശ്ചയ ദാര്‍ഢ്യവും എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനവും തക്ക സമയത്തുള്ള ശരിയായ രീതിയിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൊണ്ട് നമുക്ക് നിപ വൈറസ് ബാധയെ പരിധിയിലാക്കാന്‍ സാധിച്ചു.



നിപ വൈറസ് (NV) പാരാ മിക്‌സോ വൈറസ് വിഭാഗത്തില്‍പെട്ട ആര്‍.എന്‍.എ. വൈറസാണ്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യനില്‍ എത്തുകയും രോഗബാധ ഉണ്ടാക്കുകയും ചെയ്യുന്നു. രോഗബാധിത മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വളരെ വേഗത്തില്‍ത്തന്നെ പകരുന്നു. പഴം തീനി വൗവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്തവാഹകര്‍. ഏകദേശം ഒരുലക്ഷം വൗവ്വാലുകളെ പരിശോധിച്ചാല്‍ നാലോ അഞ്ചോ എണ്ണത്തില്‍ നിന്നും മാത്രമേ നിപ വൈറസിന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഈ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ വളരെയേറെ പ്രയാസമാണ്. മലേഷ്യയിലെ KAMPUNG SUNGAI NIPA എന്ന ഗ്രാമത്തിലെ രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് 1999ലാണ് വൈറസിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത്.



നിപ വൈറസ് ആദ്യമായി കണ്ടെത്തുന്നത് 1998 സെപ്റ്റംബര്‍ മുതല്‍ 1999 മെയ് വരെയുള്ള കാലഘട്ടത്തില്‍ മലേഷ്യയില്‍ 276 രോഗികളില്‍ തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ് (Encephalitis) എന്ന രോഗം പ്രകടമായപ്പോഴാണ് രോഗബാധിതരില്‍ അധികംപേരും പന്നിഫാമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു. പഴംതീനി വൗവ്വാലുകളുടെ കടിയേറ്റ പഴങ്ങള്‍ ഭക്ഷിച്ച് രോഗം ബാധിച്ച പന്നികളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്ന് പിടിച്ചത്. തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സിലിഗുരി (2001), ബംഗ്ലാദേശിലെ മെഹര്‍പൂര്‍ (2001). ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പശ്ചിമബംഗാളിലെ നദിയ (2007) തുടങ്ങിയ പ്രദേശങ്ങളിലും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


രോഗം പകരുന്ന വിധം 


പഴം തീനി വൗവ്വാലുകളില്‍ നിന്നാണ് രോഗകാരിയായ വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. തുറന്ന കലത്തില്‍ ശേഖരിക്കുന്ന കള്ളുപോലുള്ള പാനീയങ്ങളില്‍ വൗവ്വാലിന്റെ ശ്രമം കലരാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള കള്ളിലൂടെ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. വൗവ്വാലിന്റെ കടിയേറ്റ് പഴങ്ങളില്‍ അവയുടെ ശരീര സ്രവം പുരണ്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പഴങ്ങള്‍ പക്ഷിക്കുന്ന വളര്‍ത്തുമൃഗങ്ങളില്‍ രോഗ ബാധ ഉണ്ടാകുകയും അവയില്‍ നിന്ന് രോഗം മനുഷ്യരില്‍ എത്തുകയും ചെയ്യാം. രോഗബാധിതരായ പന്നി, ആട്, പൂച്ച, പട്ടി തുടങ്ങിയവയില്‍ നിന്നും രോഗം പടരാന്‍ സാധ്യതയുണ്ട്.



മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ശരീരസ്രവങ്ങളായ ഉമിനീര്‍, മൂത്രം, രക്തം, COREBROSPINAL FLUID, CSF തുടങ്ങിയവയുടെ സമ്പര്‍ക്കത്തിലൂട നിപ വൈറസ് പെട്ടെന്ന് വളരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ രോഗികളുമായി അടുത്ത് ഇടപഴകുന്നവരിലാണ് നിപ വൈറസ് ബാധയ്ക്ക് സാധ്യത കൂടുതല്‍. രോഗികളുടെ ബന്ധുക്കളും പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി സന്ദര്‍ശകരും ഇതില്‍ പെടും. 2001 ല്‍ സിലിഗുരിയില്‍ നിപ വൈറസ് ബാധിച്ചവരില്‍ 75 ശതമാനം പേരും ആരോഗ്യപ്രവര്‍ത്തകരാണ്.


രോഗ ലക്ഷണങ്ങള്‍


നിപ വൈറസ് പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനേയും (Encephalitis) ശ്വസനവ്യവസ്ഥ (Respiratory distress) യെയുമാണ്. നിപ ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ 4 മുതല്‍ 21 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ ഇത് 45 ദിവസം മുതല്‍ 2 മാസം വരെ നീണ്ടുപോയേക്കാം.


പ്രധാന ലരോഗലക്ഷണങ്ങള്‍




  • പനി
    തലവേദന
    ക്ഷീണം
    ശരീരവേദന
    ഛര്‍ദ്ദി
    ശക്തമായ ചുമ
    വിഭ്രാന്തി (disorientation mental effusion)



രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 24-48 മണിക്കൂറുകള്‍ക്കകം രോഗി അബോധാവസ്ഥയിലാകും, മരണം സംഭവിക്കാനുള്ള സാധ്യത 40-75 ശതമാനമാണ്. ചില രോഗികളില്‍ അസുഖം മാറിയ ശേഷവും ജന്നി, തലച്ചോറിലെ ചില ഭാഗങ്ങളിലുള്ള തകരാറുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ തുടങ്ങിയവ കാണാറുണ്ട്. പൂര്‍ണ്ണമായി രോഗം ഭേദമായാലും കുറേക്കാലങ്ങള്‍ക്ക് ശേഷം തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലൈറ്റിസ് പ്രത്യക്ഷപ്പെടാറുണ്ട്.


രോഗനിര്‍ണ്ണയം


രോഗലക്ഷണങ്ങള്‍ പ്രകടമായശേഷമുള്ള ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിതീകരിക്കാന്‍ സാധിക്കുകയുള്ളൂ.RT-PCR (real time potymerase chain reaction). ELISA തുടങ്ങിയ പരിശോധനയിലൂടെയാണ് ശരീരസ്രവങ്ങളില്‍ വൈറസ് ബാധ സ്ഥിതീകരിക്കുന്നത്.


ചികിത്സ


നിപ വൈറസ് ബാധ പ്രതികരിക്കാനുള്ള വാക്‌സിന്‍, ചികിത്സിക്കാനുള്ള മരുന്ന് എന്നിവ ഇതുവര കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ ചികിത്സിച്ച് രോഗിയുടെ ശരീരത്തിന് വേണ്ടത്ര പരിചരണം നല്‍കുകയാണ് ചെയ്തുവരുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയാല്‍ ഉടന്‍ തന്നെ രോഗിയെ പ്രത്യേക വാര്‍ഡില്‍ എല്ലാ വിധ Life Support ഉം നല്‍കി പരിചരിക്കേണ്ടതാണ്. റിബാവിറിന്‍ (Ribavirin), ഫ്‌ളാബിപിറാവിന്‍ മോണോക്‌ളോണല്‍ ആന്റി ബോഡി ((Monoclonal antibody)) തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട്.



രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍


നിപ വൈറസ് ബാധയ്‌ക്കെതിരായുള്ള വാക്‌സിന്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പ്രധാനമായും ചെയ്യേണ്ടത്.


വൗവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് തടയുക.


പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടലോ പോറലോ ഉള്ളതുമായ പഴങ്ങള്‍ ഒഴുവാക്കുക. തുറന്ന കലത്തില്‍ ശേഖരിക്കുന്ന കള്ളുപോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കിണര്‍ ഉള്‍പ്പെടെയുള്ള ജലശ്രോതസ്സുകള്‍, വൗവ്വാലുകളുടെ കാഷ്ടം, മൂത്രം, മറ്റ് ശരീര ശ്രവങ്ങള്‍ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.


മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് തടയുക.




  • നിപ വൈറസ് ബാധ സംശയിക്കുന്ന രോഗികളെ പ്രത്യേകം തയ്യാറാക്കിയ
    വാര്‍ഡുകളില്‍ ചികിത്സിക്കുക.

  • രോഗിയെ പരിചരിക്കുന്നവര്‍ സുരക്ഷയ്ക്ക് ആവശ്യമായ എന്‍ 95 മാസ്‌ക്, രണ്ട്
    കയ്യുറകള്‍, ശരീരത്തെ മുഴുവന്‍ മൂടുന്ന തരത്തിലുള്ള ഏപ്രണകള്‍
    തുടങ്ങിയവ ഉപയോഗിക്കുക.

  • നിരന്തരം രോഗിയുമായി അടുത്തിടപഴകുന്നവര്‍ സോപ്പും വെള്ളവും
    ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കുക.

  • രോഗി ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.

  • രോഗിയുമായി 1-2 മീറ്റര്‍ അകലം പാലിക്കുക. ആശുപത്രികളിലുള്ള
    അനാവശ്യ രോഗീ സന്ദര്‍ശനം ഒഴിവാക്കുക.



2018 ല്‍ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച പട്ടികയിൽ അടിയന്തിരമായി കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടത്തേണ്ട 10 രോഗാണുക്കളുടെ ശ്രേണിയിൽപ്പെടുന്ന രോഗമാണ് നിപ വൈറസ്. വൗവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം മൂര്‍ച്ഛിച്ച് എത്തുന്ന വൈറസ് അതിവേഗം മറ്റുമനുഷ്യരിലേക്ക് പകരുന്നു. രോഗം ബാധിച്ച് കഴിഞ്ഞാല്‍ മരണ സാധ്യത 75 ശതമാനം വരെയാണ്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നവര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താല്‍ രോഗം പകരുന്നത് തടയാന്‍ സാധിക്കും. നിപയ്ക്ക് എതിരെ വേണ്ടത് ആശങ്കയല്ല, ജാഗ്രതയാണ്.