Dr Arun B Nair

കോവിഡ് 19 : മദ്യാസക്തിയും ചികിത്സയും

covid 19 വ്യാപനത്തെ തുടര്‍ന്ന് ബെവറേജ്സ് ഔട്ലെറ്റുകളും അടക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി . ഈ സാഹചര്യത്തില്‍, സ്ഥിരമായി മദ്യം ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്ക് ഉണ്ടാകാവുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍വിവിധ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുകയുണ്ടായി .
എന്തൊക്കെയാണ് മദ്യഅടിമത്തത്തിന്റെ ലക്ഷണങ്ങള്‍ ? പെട്ടന്ന് ഇവര്‍ക്ക് മദ്യം കിട്ടാതെ വന്നാല്‍ എന്തൊക്കെ ലക്ഷണങ്ങള്‍ ആണ് ഇവര്‍പ്രദര്‍ശിപ്പിക്കുക? അവരെ എങ്ങനെ ചികിത്സിച്ചു ഭേദമാക്കി സ്വാഭാവിക ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാം? ഈ വിവരങ്ങള്‍ covid 19 ന്റെ പശ്ചാത്തലത്തില്‍ ഒന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


download (1)


ലഹരി വസ്തു എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിനുള്ളിലേക്കു കടന്നു ചെന്ന് ചില രാസ വ്യതിയാനങ്ങള്‍ ഉണ്ടാക്കി അതേത്തുടര്‍ന്ന് ഒരു അടിമത്തം സൃഷ്ടിക്കുന്ന വസ്തുവിനെയാണ് . വ്യത്യസ്ത തരത്തിലുള്ള ലഹരി വസ്തുക്കള്‍ മനുഷ്യര്‍ഉപയോഗിക്കാറുണ്ട് . മദ്യം, പുകവലി, പുകയില ഉത്പന്നങ്ങള്‍ ,കഞ്ചാവ്, ഇന്‍ജെക്ഷന്‍ രൂപത്തില്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ ഷുഗര്‍പോലെയുള്ള വസ്തുക്കള്‍, മിഥ്യയോപജന്യ വസ്തുക്കള്‍ അഥവാ hallucinogens എന്ന വിഭാഗത്തില്‍ പെടുന്ന ലഹരി വസ്തുക്കള്‍ ഇവയുടെയെല്ലാം ഉപയോഗം ഇപ്പോള്‍ സാധാരണയായി മനുഷ്യര്‍ക്കിടയില്‍ കണ്ടുവരുന്നു. കൂട്ടത്തിലേറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുവാണ് മദ്യം അഥവാ ആല്‍ക്കഹോള്‍ . വിസ്കി ,റം ,ബ്രാണ്ടി തുടങ്ങിയ സംഗതികള്‍ മുതല്‍ വൈന്‍ ,ബിയര്‍തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ വരെ വ്യത്യസ്തമായ അളവില്‍ ലഹരി അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ തന്നെയാണ് . പല ആളുകളും വിശേഷ ദിവസങ്ങളിലും കൂട്ടായ്മയുടെ അവസരങ്ങളിലും ഒക്കെ മദ്യം ഉപയോഗിക്കുന്ന ശീലമുള്ളവരാണ്. പക്ഷെ ചില വ്യക്തികള്‍ എങ്കിലും നിരന്തരമായി മദ്യം ഉപയോഗിക്കുകയും മദ്യം കിട്ടാതെ വരുമ്പോള്‍ കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ആണ്. ഇത്തരം വ്യക്തികള്‍ ‘മദ്യത്തിന് അടിമപ്പെട്ടവര്‍’ ആണ് അഥവാ ‘alcohol dependent’ ആണ് എന്ന് നമുക്ക് പറയാം.


dc-Cover-n6r01j3okakqcg3n9j9fsv1uq4-20160913012831.Medi


മദ്യത്തിന് അടിമപ്പെട്ട ഒരു വ്യക്തിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാം. പ്രധാനമായും ആറ് ലക്ഷണങ്ങള്‍ ആണ് ഉള്ളത്. ഇവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഒരു വ്യക്തി ഒരു വര്‍ഷമായി പ്രദര്‍ശിപ്പിക്കുന്നു എങ്കില്‍ അയാള്‍ മദ്യത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാം. ഒന്നാമത്തെ ലക്ഷണം മദ്യം എന്ന പദാര്‍ത്ഥത്തിനോടുള്ള അമിതമായ ആസക്തിയാണ് .സദാസമയം മദ്യത്തെ കുറിച്ച് ചിന്തിക്കുകയും അത് ലഭ്യമാവുന്ന മാര്‍ഗത്തെ കുറിച്ചു ആലോചിക്കുകയും മദ്യലഹരി ആസ്വദിക്കാം എന്നത് മാത്രം അദ്ദേഹത്തിന് പ്രചോദനം നല്‍കുകയും ചെയ്യുന്നു എന്ന അവസ്ഥ . രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മദ്യപിക്കാമല്ലോ എന്ന കാര്യമാണ് അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നത്. ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും വീട്ടിലിരിക്കുമ്പോഴും ഒക്കെ മദ്യപിക്കാമല്ലോ എന്നതാണ് അദ്ദേഹത്തിന് പ്രചോദനം നല്‍കുന്ന ഏക വസ്തുത.


ddc496___lessons_on_alcoholism_by_william__king_dd3wqgi-fullview


രണ്ടാമത്തെ ലക്ഷണം, മദ്യം ഉപയോഗിക്കുന്നതിന്റെ സമയവും അളവും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് .30 എം .എല്‍ മദ്യം കുടിച്ചു കൊണ്ട് നിര്‍ത്താം എന്ന് കരുതി ആരംഭിക്കുകയും പലപ്പോഴും ഒരു ഫുള്‍ ബോട്ടില്‍ കുടിച്ചു തീരുന്നതു വരെ മദ്യപിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം. അരമണിക്കൂര്‍സമയം കൊണ്ട് മദ്യപാനം അവസാനിപ്പിക്കാം എന്ന് കരുതി തുടങ്ങി മണിക്കൂറുകളോളം മദ്യപാനം നീണ്ടുപോകുകയും അഥവാ ഒടുവില്‍ ബോധരഹിതനായി വീണുപോകുകയും ചെയ്യുന്ന സ്ഥിതി വിശേഷം. ഇതാണ് നിയന്ത്രണമില്ലായ്മ .


മൂന്നാമത്തെ ലക്ഷണം ഘട്ടം ഘട്ടമായി മദ്യപാനത്തിന്റെ തോത് കൂടി കൂടി വരുന്നതാണ്. അതായത് ആദ്യത്തെ ആഴ്ചയില്‍ 30 എം.എല്‍.മാത്രം മദ്യപിച്ചിരുന്ന ഒരു മനുഷ്യന് അടുത്തയാഴ്ച അതെ അളവില്‍ മദ്യപിച്ചാല്‍ മദ്യപാനത്തിന്റെ ആഹ്ളാദാനുഭൂതികള്‍ ഒന്നും ലഭിക്കാതെയാകുന്നു അദ്ദേഹം 60 എം.എല്‍. ആയി വര്‍ധിപ്പിക്കുന്നു അങ്ങനെ പതിയെ പതിയെ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടി വരുന്ന അവസ്ഥ സംജാതമാകുന്നു . ഒരു നിശ്ചിത അളവ് മദ്യം കുടിച്ചാല്‍ കിട്ടുന്ന ആഹ്ളാദാനുഭൂതികള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതെയാകുകയും സമാനമായ അനുഭൂതി ലഭിക്കാന്‍ വേണ്ടി കൂടുതല്‍ അളവ് മദ്യം കുടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.


alcohol-EPS


നാലാമത്തെ ലക്ഷണം, പൊടുന്നനെ മദ്യം നിര്‍ത്തുമ്പോള്‍ ഉള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ആണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാറുകളും ബെവറേജ്സ് ഔട്ലെറ്റുകളും അടച്ചിട്ടിരിക്കുന്നതിനാല്‍ നാം ശ്രദ്ധിക്കേണ്ടുന്നതും ഈ ലക്ഷണങ്ങളെയാണ്. സ്ഥിരമായി മദ്യപിക്കുന്ന ഒരു വ്യക്തിക്ക് മദ്യം ലഭിക്കാതെ വന്നാല്‍ രാത്രി അദ്ദേഹത്തിന് ഉറക്കം കിട്ടാതിരിക്കാന്‍ സാധ്യതയുണ്ട് . പിറ്റേ ദിവസം മുതല്‍ വിറയല്‍ അനുഭവപ്പെടാം .അമിതമായ നെഞ്ചിടിപ്പ്,വയറ്റില്‍ എരിച്ചില്‍ അഥവാ പുകച്ചില്‍ അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ട് കയറുക, സ്വസ്ഥമായി ഒരിടത്തു ഇരിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഒക്കെ ഇവരില്‍ പ്രകടമാകാന്‍ സാധ്യതയുണ്ട് .വളരെ കഠിനമായ ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ചിലരില്‍ കാണപ്പെടാറുണ്ട് . അതില്‍ ആദ്യത്തെ ലക്ഷണമാണ് അപസ്മാരം അഥവാ Alcohol Withdrawal Seizure. മദ്യം നിറുത്തി ആറുമണിക്കൂര്‍മുതല്‍ 72 മണിക്കൂറിനുള്ളില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ചില വ്യക്തികള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ട്. കയ്യും കാലും ഇട്ടടിക്കുക , വായില്‍ നിന്ന് നുരയും പതയും വരിക,നാവു കടിക്കുക, ചിലപ്പോള്‍ വീണ് തലയ്ക്കു പരിക്കേല്‍ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകാം.


അപസ്മാരം പോലെ അപകടകരമായ മറ്റൊരു ലക്ഷണം കൂടിയുണ്ട് .അതാണ് സ്ഥലകാല ബോധമില്ലായ്മ അഥവാ Delirium Tremens എന്ന് പറയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ഒരു വ്യക്തിക്ക് 6 മണിക്കൂര്‍തൊട്ടു 72 മണിക്കൂറിനുള്ളില്‍ തന്നെ കഠിനമായ വിറയലിനോടൊപ്പം ബോധം ഇടയ്ക്കിടയ്ക്ക് മങ്ങിപ്പോകുകയും താനിരിക്കുന്ന സ്ഥലമോ സമയമോ തനിക്കു ചുറ്റുമുള്ള ആളുകളെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും . ഇതൊരു അപകടകരമായ അവസ്ഥയാണ്.കാരണം ഈ അവസ്ഥയില്‍ അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനും അപകടങ്ങളില്‍ പെടാനും ചിലപ്പോള്‍ ആത്മഹത്യ വരെ ചെയ്യാനും ഒക്കെയുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു . സാധാരണ ഗതിയില്‍ ഞാന്‍ മുന്‍പ് സൂചിപ്പിച്ച പോലെ മദ്യം നിറുത്തി ആദ്യത്തെ 3 ദിവസം അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലാണ് ഈ ലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാകാറുള്ളത് .


ഇനി മദ്യ അടിമത്തത്തിന്റെ അഞ്ചാമത്തെ ലക്ഷണം എന്ന് പറയുന്നത് മറ്റൊന്നിലും സന്തോഷം കണ്ടെത്താനാവാതെ മദ്യത്തില്‍ മാത്രം അഭയം പ്രാപിക്കുന്ന അവസ്ഥ. കൂട്ടുകാരോട് സംസാരിക്കാനോ പാട്ടുകേള്‍ക്കാനോ പുസ്തകം വായിക്കാനോ മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാനോ ഒന്നും ഇവര്‍ക്ക് താല്പര്യം ഉണ്ടാകില്ല. ഈ പറഞ്ഞ കാര്യങ്ങളൊന്നും .അവര്‍ക്കു ഒട്ടും സന്തോഷം തരുന്നുമില്ല .ഇവര്‍ക്ക് സന്തോഷം നല്‍കുന്ന ഏക സംഗതി മദ്യപാനം ആയിരിക്കും .


download


മദ്യ അടിമത്തത്തിന്റെ ആറാമത്തെ ലക്ഷണം, ഇത്തരത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്കും അറിയാം ഇത് ഇങ്ങനെ മുന്നോട്ടുപോയാല്‍ ശരിയാകില്ല എന്ന് .തന്റെ മദ്യപാന ശീലം തന്റെ ആരോഗ്യത്തെ തകര്‍ക്കുന്നു തന്റെ മാനസികാരോഗ്യത്തെ തകര്‍ക്കുന്നു എന്നൊക്കെ അവര്‍ക്കറിയാം.ഇത് അപകടകരമാണ് എന്ന് അറിഞ്ഞിട്ടും ഈ ശീലം ഒഴിവാക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് .ഞാന്‍ സൂചിപ്പിച്ച ആറ് ലക്ഷണങ്ങളില്‍ മൂന്നെണ്ണം എങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഒരു വ്യക്തി കാണിക്കുന്നു എങ്കില്‍ അദ്ദേഹം മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹത്തിന് മദ്യ വിമോചന ചികിത്സ അഥവാ De-addiction ആവശ്യമാണ് എന്നതാണ് ഇത് കാണിക്കുന്നത് .


പൊടുന്നനെ നിര്‍ത്തുമ്പോള്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ ശക്തമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ വരാം. കോവിഡ് കാരണം മദ്യത്തിന്റെ ലഭ്യത അസാധ്യമായ പശ്ചാത്തലത്തില്‍ സ്ഥിരമായി മദ്യപിക്കുന്നവരും അവരുടെ ബന്ധുക്കളും ചില കാര്യങ്ങള്‍ ശ്രദ്ദിക്കേണ്ടതുണ്ട്. സ്ഥിരമായി മദ്യപിക്കുന്നൊരാള്‍ മദ്യം കിട്ടാതെ വരുമ്പോള്‍ ഉറക്ക കുറവ് അനുഭവിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ പിറ്റേ ദിവസം രാവിലെ തന്നെ വൈദ്യ സഹായം തേടേണ്ടതാണ് .അതുപോലെതന്നെ സ്ഥലകാലബോധമില്ലായ്മ പ്രകടിപ്പിക്കുന്നവര്‍ക്കു സ്വന്തമായി വൈദ്യ സഹായം തേടാന്‍ ഉള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ് ബന്ധുക്കള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത് .മദ്യ അടിമത്തത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് കണ്ടാല്‍ എത്രയും പെട്ടന്ന് തന്നെ ആരോഗ്യവകുപ്പിന്റെ helpline സംവിധാനമായ ദിശയുടെ നമ്പറിലേക്ക്( 0471 2 552056 ) വിളിക്കേണ്ടതാണ് .അവിടെ വിളിച്ചു നമ്മുടെ സ്ഥലം ഏതാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ തൊട്ടടുത്ത് തന്നെയുള്ള ഇതിന്റെ ചികിത്സ ലഭിക്കുന്ന കേന്ദ്രം അവര്‍പറഞ്ഞു തരും .മിക്കവാറും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാം ലഹരിവിമോചന ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഘുവായ ലക്ഷണങ്ങള്‍ മാത്രമേ ഒള്ളു എങ്കില്‍ മരുന്നുകള്‍ തന്നു വീട്ടില്‍ പോയി മരുന്ന് കഴിച്ചു ഒരാഴ്ച വിശ്രമിച്ചു കഴിഞ്ഞാല്‍ തന്നെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ മാറും .തീവ്രമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികള്‍ക്കു ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട സ്ഥിതി വിശേഷം വന്നേക്കാന്‍ സാധ്യത ഉണ്ട് .അതുകൊണ്ടു ഇത്തരക്കാര്‍ക്ക് താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ, ഒരു സൈക്കിയാട്രിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ആണ് ഇതിന്റെ ചികിത്സ നടക്കുന്നത് .മിക്കവാറും പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറക്കാന്‍ ഉള്ള മരുന്നുകള്‍ കഴിച്ചാല്‍ ഏതാണ്ട് ഒരാഴ്ച കൊണ്ടുതന്നെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ മാറുന്നതാണ് ഭൂരിഭാഗം പേരിലും ആളുകളിലും കണ്ടുവരുന്നത്. ഈ ഒരാഴ്ച കാലത്തേ ചികിത്സ കൊണ്ടുതന്നെ ഉറക്കം ക്രമമാകുന്നു, അപസ്മാരം വരാനുള്ള സാധ്യത കുറയുന്നു ,ബോധമില്ലായ്മ സംഭവിക്കാനുള്ള സാധ്യത കുറയുന്നു , വ്യക്തി പൂര്‍ണമായും സമചിത്തത വീണ്ടെടുക്കുന്ന ഒരു അവസ്ഥ വരും .പക്ഷെ ഇത്തരത്തില്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ചികിത്സിച്ച വ്യക്തി വീണ്ടും പഴയപോലെ മദ്യപിക്കുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ പുനഃപ്പതന ചികിത്സ അഥവാ Relapse Prevention Treatment എന്ന ഒരു സംഗതി കൂടെയുണ്ട്. ഇത് ഒരു വിദഗ്ദ്ധ സൈക്കിയാട്രിസ്റ്റിന്റെ കീഴില്‍ ചെയ്യേണ്ടുന്ന ചികിത്സയാണ് . ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ സമയം മദ്യാസക്തി കുറക്കാനുള്ള മരുന്നുകളും അതോടൊപ്പം മനഃശാസ്ത്ര ചികിത്സകളും കുടുംബത്തിന് വേണ്ടിയുള്ള സാമൂഹ്യ ഇടപെടലുകളും ഇതിന്റെ ഭാഗമാണ് .മദ്യപിക്കുമ്പോള്‍ തലച്ചോറിലെ Dopamine എന്ന രാസവസ്തുവിന്റെ അളവ് കൂടുന്നതാണ് മദ്യം ആസ്വാദ്യമാക്കുന്നതും വീണ്ടും വീണ്ടും കുടിക്കാന്‍ പ്രേരിപ്പിക്കുന്നതും. മദ്യപിക്കുമ്പോള്‍ തലച്ചോറിലെ dopamine ന്റെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന പുനഃപ്പതന ചികിത്സ ഔഷധങ്ങള്‍ ഇന്ന് വിപണിയിലുണ്ട് .ഈ മരുന്നുകള്‍ ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ ഉപയോഗിച്ചാല്‍ മദ്യത്തിനോടുള്ള ആസക്തി ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടുവരുന്നുണ്ട് .ഇതോടൊപ്പം തന്നെ മദ്യപാനം അവസാനിപ്പിക്കുമ്പള്‍ ജീവിതം കൂടുതല്‍ ആഹ്ളാദകരമായി ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാരം മാര്‍ഗങ്ങളും അടങ്ങുന്ന മനഃശാസ്ത്ര ചികിത്സയും നല്‍കേണ്ടതായിട്ടുണ്ട് . Motivation Enhancement Therapy എന്നാണ് ഇതിന്റെ പേര്. ലഹരിമോചനം സാധ്യമായ ഒരു വ്യക്തിക്ക് കുടുംബാന്തരീക്ഷം വളരെ പ്രധാനമാണ് . കുടുംബത്തിന്റെ കാര്യങ്ങളിലേക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളിലേക്ക് വരാനും കുടുംബാന്തരീക്ഷത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സന്തോഷം അനുഭവപ്പെടാനും വേണ്ടി കുടുംബാംഗങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.


images


ഇതിനാണ് family therapy അഥവാ കുടുബ ചികിത്സ എന്ന മനഃശാസ്ത്ര ചികിത്സ സംവിധാനം ഉള്ളത്. മദ്യപാനത്തില്‍ നിന്നും മോചനം നേടിയ ഒരു വ്യക്തിയെ എങ്ങനെയെല്ലാം പിന്തുണക്കണം, എങ്ങനെയെല്ലാം സന്തോഷം പകര്‍ന്നുകൊടുക്കണം ,പരസ്പരം സഹകരണത്തോടെയും ഉത്തരവാദിത്തത്തോടെയും കുടുംബാംഗങ്ങള്‍ വര്‍ത്തിക്കണം എന്നതൊക്കെ ഈ ചികിത്സയുടെ ഭാഗമായി വ്യക്തമാക്കിത്തരും. അതേപോലെ ലഹരിമോചനം സാധ്യമായി ഒരുമാസം ഒക്കെ കഴിയുമ്പോള്‍ പല ആളുകളും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു മരുന്ന് കഴിക്കുന്നത് നിര്‍ത്താറുണ്ട് .ഇത് ഒരിക്കലും അഭികാമ്യം അല്ല .ഡോക്ടര്‍നിര്‍ദ്ദേശിക്കുന്ന അത്രയും കാലം തന്നെ മരുന്നും മറ്റു ചികിത്സകളും തുടരേണ്ടതുണ്ട്.മിക്കവാറും ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ ആ ചികിത്സ നീണ്ടു നില്‍ക്കും. എങ്കില്‍ മാത്രമേ മദ്യസക്തി ഇല്ലാതാകുകയൊള്ളു .ഇത്തരത്തിലുള്ള സമഗ്രമായ ചികിത്സയിലൂടെ മദ്യത്തിന് അടിമപ്പെട്ട വ്യക്തികളെ നമുക്ക് തിരിച്ചുകൊണ്ടുവരാം .ഈ കോവിഡ് കാലത്തു ബാറുകളും ബെവറേജുകളും അടച്ച ഒരു സാഹചര്യത്തില്‍ ഇതൊരു അവസരമായി കണ്ട് മദ്യത്തിന് അടിമപ്പെട്ട വ്യക്തികളെ ചികിത്സിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് പരിശ്രമിക്കാം.