P Jimshar - Unnikrishnan Thachoth

പബ്ലിസിറ്റി സ്റ്റണ്ട് നടത്തേണ്ട ആവശ്യമില്ല. അങ്ങനെ കരുതുന്നവര്‍ ഈ പുസ്തകം കാശ് കൊടുത്ത് വാങ്ങി വായിക്കരുത് : പി.ജിംഷാര്‍

പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന കഥയിലൂടെ സുപരിചിതനായ പി.ജിംഷാര്‍ അക്ഷരം മാസിക ലേഖകന്‍  ഉണ്ണികൃഷ്ണന്‍ തച്ചോത്തിനോട് എഴുത്ത്  - ജീവിതം  - രാഷ്ട്രീയം  എന്നിവകളെ സംബന്ധിച്ച നിലപാടുകള്‍ പങ്കു വെച്ചപ്പോള്‍


13871899_1090079574414771_473475999_n


ഉണ്ണികൃഷ്ണന്‍ തച്ചോത്ത് :   പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥ മുമ്പ് പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്തിട്ടുളള ഒന്നാണല്ലോ. ഡി.സി.ബുക്ക്സ് താങ്കളുടെ ചെറുകഥാ സമാഹാരം പുറത്തിറക്കാന്‍ പോകുകയും ചെയ്യുന്നു. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥ എന്താണ് ചര്‍ച്ച ചെയ്യുന്നത്.


13686493_1720267108237716_3455074478928202255_n


പി.ജിംഷാര്‍: ഒരു കഥയെ അതിന്റെ എഴുത്തുകാരന്‍ തന്നെ വിശദീകരിക്കുക എന്നത് വളരെ മോശപ്പെട്ട കാര്യമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥയായാലും കവിതയായാലും സിനിമയായാലും ചിത്രമായാലും ഒരു കലാരൂപം ഒരുകൂട്ടം വായനക്കാരുടേയോ ആസ്വാദകരുടേയോ മുമ്പില്‍ വെച്ചുകഴി‍ഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി മിണ്ടരുത് എന്നതാണ് നല്ല ശീലമെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ കഥയെക്കുറിച്ച് ഞാന്‍ തന്നെ പറയുക എന്നത് ഒരു അല്‍പ്പത്തരം എന്നൊക്കെ പറയാവുന്ന ഒരവസ്ഥയാണ്. ആ ഗതികേട് എനിക്ക് വന്നിരിക്കുന്നു. വികസനത്തിന്റെ പേരില്‍ വീടിന്റെ ഉമ്മറം നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണത്. മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ കഥ, മീഡിയ ഫോബിക് ആയ ഭ്രാന്തിയായ സ്ത്രീയെ സ്നേഹിക്കുന്ന അവളുടെ ഭര്‍ത്താവിന്റെ കഥ, ഇവരുടെ ആത്മീയത, ഇവരും ദൈവവുമായുളള ആശയ വിനിമയം, റമദാന്‍ മാസത്തിലെ 27-ാം രാവുമുതല്‍ പെരുന്നാള്‍ വരെയുളള അസ്മാബിയുടെ കഥയാണ് പടച്ചോന്റെ ചിത്രപ്രദര്‍ശനം.


എഴുത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോഴുണ്ടായ വികാരമെന്താണ്.


Jimshar-1


ഏതൊരു മനുഷ്യനും വീട്ടില്‍ നിന്നിറങ്ങുന്നത്, ഒരു സുഹൃത്തിനെ കണ്ടുമുട്ടണം, അയാളുമൊത്തൊരു ചായ കുടിക്കാം, കുറെ വര്‍ത്തമാനം പറയാം എന്നൊക്കെ കരുതിയാണ്. കുട്ടിക്കാലത്ത് കേട്ട ഒരു കഥയുണ്ട്. പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പടച്ചോനോട് പ്രാര്‍ത്ഥിക്കുമത്രേ, വഴിയില്‍ വച്ച് ആദാമിന്റെ മക്കളെ കണ്ടു മുട്ടരുതേ എന്ന്, ആദാമിന്റെ മക്കളെങ്ങാനും അറിയാതെ ചവിട്ടിയാല്‍, പാമ്പിന് തിരിച്ച് കടിക്കേണ്ടിവരും. ക്ഷുദ്രജീവിയായ പാമ്പുപോലും തന്റെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വഴി സുഗമമാക്കണേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നാണ് കുഞ്ഞുനാളില്‍ കേട്ടിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ മനസ്സില്‍ ആഗ്രഹിച്ചുകൊണ്ടാണ് എന്റേയും എല്ലാ യാത്രകളും നടത്തങ്ങളും ആരംഭിക്കുന്നത്.


ആക്രമം നടന്ന ദിവസം എന്താണ് സംഭവിച്ചത്? ആരാണ് ആക്രമിച്ചത്.


download


അന്നേ ദിവസം പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ് സംഭവം. കൂറ്റനാട് ബസ് സ്റ്റോപ്പില്‍ പാലാ ഭാഗത്തേയ്ക്ക് പോകുന്ന കെ.എസ്.ആര്‍.റ്റി.സി ബസ്സില്‍ കയറാന്‍ തുടങ്ങുമ്പോളാണ് ഒരാള്‍ തട്ടി വിളിക്കുന്നത്. പരിചയ ഭാവേന സംസാരിച്ച് തുടങ്ങുകയും ചെയ്തു. എനിക്കയാളെ മനസ്സിലായില്ല. എവിടെ വച്ചാണ് നമ്മള്‍ പരിചയപ്പെട്ടതെന്ന് അന്വേഷിക്കുകയും ചെയ്തു. പേരെടുത്ത് വിളിച്ചാണ് എന്നോട് അയാള്‍ സംസാരിച്ചത്. ഞാന്‍ മറന്നുപോയതാവും എന്നു കരുതി - അതിനിടയ്ക്ക് ബസ് പുറപ്പെട്ടു. റൗഫ് എന്ന് പരിചയപ്പെടുത്തിയ അയാള്‍ പെരുമ്പിലാവ് അടുത്താണ് വീടെന്നും, വണ്ടിയുണ്ട് ഞാന്‍ എത്തിച്ചുതരാമെന്നും പറഞ്ഞ് എന്നെ തടഞ്ഞു നിര്‍ത്തി. പെട്ടന്നു തന്നെ അയാളുടെ മട്ടു മാറുകയും " നീ പടച്ചോനെക്കുറിച്ച് എഴുത്വോടാ " എന്ന് ചോദിച്ച് എന്നെ ചവിട്ടുകയും ചെയ്തു. ഞാന്‍ കുറച്ച് മാറി നിലത്തു വീണു. അപ്പോള്‍ മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്ന് എന്നെ ചവിട്ടുകയായിരുന്നു. പ്രതിരോധം ഒന്നും ഇല്ലാത്തതിനാലാവണം കുറച്ച് നേരം മര്‍ദ്ദിച്ചശേഷം അവര്‍ പോയി. പിന്നീട് അവിടെ കൂടിയ ഓട്ടോക്കാരും നാട്ടുകാരുമാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.


13620777_1074322512653467_8505797774561842290_n


മര്‍ദ്ദിച്ചവരുടെ ആക്രോശത്തില്‍ നിന്നാണ് എനിക്ക് മനസ്സിലായത് കഥ എഴുതിയതിനാണ് ചവിട്ട് കിട്ടിയതെന്ന്. നീ പടച്ചോനെക്കുറിച്ച് എഴുതുമോടാ, നീ അയാളെക്കുറിച്ച് എഴുതുമോടാ എന്നാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ആരുതന്നെയായാലും അവരുടെ രാഷ്ട്രീയം ഒരു അളളാന്റെ അന്തംകമ്മികളുടേതാണ്. അളളാന്റെ ക്വട്ടേഷന്‍ സംഘത്തിന്റേതാണ്. ആ രാഷ്ട്രീയം ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്റേതാവാം, ജമായത്ത് ഇസ്ലാമിക്കാരന്റേതാകാം ഒരു കോണ്‍ഗ്രസ്സുകാരന്റേതാകാം, സി.പി.എം അനുഭാവി ചമയുന്ന ഒരാളുടേതാകാം.. എന്തുതന്നെയായാലും അവര്‍ തീവ്രഇസ്ലാമിക മതബോധം പേറുന്ന അന്തംകമ്മികളാണ് എന്ന് എനിക്ക് പറയാന്‍ കഴിയും.


എസ്.‍ഡി.പി.ഐയുമായി ചേര്‍ന്നുണ്ടായ വിവാദം, അവരുടെ ഇടപെടല്‍ എന്നിവയെ എങ്ങിനെ കാണുന്നു.


asdpi


അന്ന് എറെ സമയംവും ഞാന്‍ ചിലവഴിച്ചത് കൂനംമൂച്ചിയിലാണ്. കുറെയധികം സുഹൃത്തുക്കളുമായി സംസാരിക്കയുമൊക്കെ ചെയ്തു. അവിടെ നിന്നാണ് ഒരു ബൈക്കില്‍ കയറി ഞാന്‍ കൂറ്റനാട് എത്തുന്നത്. അതുകൊണ്ട് തന്നെ കൃത്യമായി ഗൂഢാലോചന നടത്തി നടപ്പാക്കിയ ഈ ആക്രമം ആസൂത്രണം ചെയ്തത് കൂനംമൂച്ചിയിലാണ് എന്ന് ആ സാഹചര്യത്തില്‍ എന്നെ ബോധ്യപ്പെടുത്തുന്നു. തീവ്ര ഇസ്ലാമിക മതബോധമുളള ചെറുപ്പക്കാര്‍ ഏറെയുളള എസ്.ഡി.പി.ഐയ്ക്ക് സ്വാധീനമുളള സ്ഥലമാണ് കൂനംമൂച്ചി. അതുകൊണ്ട് എസ്.ഡി.പി.ഐയെ ഞാന്‍ സംശയിക്കുന്നു എന്നാണ് പറഞ്ഞത്. എനിക്ക് വാട്ട്സ് ആപ്പില്‍ വന്ന ഭീഷണിയും അത് അയച്ച ആളും പിന്നീട് എസ്.ഡി.പി.ഐയുടെ ഇടപെടലുകളും അവര്‍ തുടക്കം കുറിച്ച ചര്‍ച്ചകളും എന്റെ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്.


കഥയുടെ പബ്ലിസിറ്റിക്കുവേണ്ടി മെനഞ്ഞെടുത്ത കഥയാണ് ആക്രമം എന്ന പ്രചരണത്തോട് എങ്ങിനെ പ്രതികരിക്കുന്നു.


download (3)


രണ്ട് വര്‍ഷം മുമ്പ് 2014-ലാണ് ഡി.സി ബുക്ക്സ് തന്നെ എന്റെ ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അത് നന്നായി വിറ്റു പോവുകയും ചെയ്തു. എനിക്ക് അത്യാവശ്യം അംഗീകാരങ്ങള്‍ നേടിത്തരികയും എഴുത്തുകാരന്‍ എന്ന വിലാസം നേടിത്തരികയും ചെയ്തു. ഈ പുസ്തകത്തിനുശേഷം പുറത്തിറങ്ങുന്ന ഈ സമാഹാരത്തിന് എനിക്ക് പബ്ലിസിറ്റി സ്റ്റണ്ട് നടത്തേണ്ട ആവശ്യമില്ല. അങ്ങിനെയാണെന്ന് നിങ്ങള്‍ ഒരു കടുകുമണിയോളമെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ പുസ്തകം കാശ് കൊടുത്ത് വാങ്ങി വായിക്കരുത് എന്ന അഭ്യര്‍ത്ഥനയാണ് ഈയുളളവനുളളത്. എനിക്ക് നട്ടെല്ലുളള വായനക്കാരെ മാത്രം മതി. അത് ഒരാളെയുളളൂവെങ്കിലും അയാള്‍ക്ക് വേണ്ടിയും എനിക്കുവേണ്ടിയും ഞാന്‍ എഴുതും.


നിഷ് കളങ്കരായ മതവിശ്വാസികളുടെ സമീപനം എന്താണ്


13886949_590871694425588_4857999855494752705_n


വീട് തന്നെയെടുക്കാം, അത്യാവശ്യം മത വിശ്വാസമൊക്കെയുളള ഒരു സാദാ മുസ്ലിം കുടുംബമാണ് എന്റേത്. ഇവര് സ്നേഹം കൊണ്ട് നീയെന്തിനാടാ പടച്ചോനെക്കുറിച്ച് എഴുതിയത് എന്നു തന്നെയാണ് ചോദിക്കുന്നത്. അത് തന്നെയാണ് ചവിട്ടികൊണ്ട് ആക്രമിക്കാന്‍ വന്നവരും ചോദിച്ചത്. അതായത് പടച്ചോനെക്കുറിച്ച് അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് മോശമായി എഴുതിയാല്‍ തല്ലാം എന്നൊരു പൊതുബോധനിര്‍മിതി സംഭവിച്ചിട്ടുണ്ട്. കൊലപ്പുളളി പോലും ശാരീരികമായി ആക്രമത്തിന് വിധേയനായാല്‍ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കാവുന്ന ഒരു നീതി ന്യായ സംഹിത നിലനില്‍ക്കുന്ന ഒരു രാജ്യത്തിലാണ് നാം ജീവിക്കുന്നത്. ദൈവാന്വേഷണത്തെക്കുറിച്ചോ മതവിശ്വാസത്തെക്കുറിച്ചോ ഒന്നുമല്ല ഈ കഥ. ഇനി അങ്ങനെ കപടമായി ചര്‍ച്ച ചെയ്യുന്ന കഥയാണെങ്കില്‍പോലും എന്നെ തല്ലാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ട് തന്നെ ആക്രമികള്‍ ശിക്ഷിക്കപ്പെടണം. ഇപ്പോള്‍ ദൈവത്തെക്കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. അങ്ങനെ എഴുതിയാല്‍ തല്ലാം എന്ന ബോധത്തെയാണ് തകര്‍ക്കേണ്ടത്.


മത വിശ്വാസത്തെയും ദൈവത്തെയും എങ്ങിനെയാണ് വിലയിരുത്തുന്നത്?


download (2)


വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരുപോലെ ഗുണം ചെയ്യുന്നവനാണ് അളളാഹു എന്നാണ് ഖുറാന്‍ വായനയില്‍ നിന്നും എനിക്ക് കിട്ടിയ സംഗതി. അതായത് ദൈവനിഷേധിക്കും ദൈവവിശ്വാസിക്കും വേണ്ടി ഒരുപോലെയാണ് സൂര്യനുദിക്കുന്നത്. വിശ്വസിക്കാം അവിശ്വസിക്കാം. ഒരേ വായു തന്നെയാണ് ദൈവമുണ്ടെങ്കില്‍ അയാള്‍ ലഭ്യമാക്കുന്നത്. മനുഷ്യനെ വിവിധ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഗോത്രങ്ങളാക്കി സൃഷ്ടിച്ചിരിക്കുന്നത് ലോകത്തിലെ വൈവിധ്യം നിലനിര്‍ത്താനും പരസ്പരം തിരിച്ചറിയാനുമാണ് എന്നാണ് ഖുറാനില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. ഏതിന്റേയും വിശുദ്ധി (Purity) യെക്കുറിച്ച് പറയുന്നത് വലിയ ഫണ്ടമെന്റലിസമാണ്.(മൗലികവാദമാണ്) ആഫ്രിക്കയിലെ ഇസ്ലാമല്ല ഉഗാണ്ടയിലെ ഇസ്ലാം, അതല്ല പാലക്കാട്ടെ ഇസ്ലാം, അതല്ല തമിഴ് നാട്ടിലെയും കാശ്മീരിലെയും ഇസ്ലാം. അതായത് പ്രാദേശികപരമായിട്ടും ഭൂഖണ്ഡങ്ങള്‍ക്കനുസരിച്ചും രാജ്യങ്ങള്‍ക്കനുസരിച്ചും പരിസ്ഥിതിക്കനുസരിച്ചും മാറുന്ന സംസ്കാരങ്ങുടെകൂടി ഭാഗമാണ് വിശ്വാസമെന്നത്. മതവിശ്വാസമായാലും രാഷ്ട്രീയമായാലും എന്റേതായ പരിമിതിയില്‍ നിന്നുകൊണ്ട് ആ പ്രാദേശികതയില്‍ നിന്നുകൊണ്ടാണ് അതിനെ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നത്.


പടച്ചവന്‍ എന്ന വാക്കുപോലും ഉപയോഗിക്കാന്‍ പാടില്ലാത്തവിധം ഹത്യകള്‍ പ്രഖ്യാപിക്കുന്നവരെ എങ്ങിനെയാണ് കാണുന്നത്.


ഇതാ, ഈ വഴി മാത്രമേ പറക്കാന്‍ പാടുളളൂ എന്ന് ഏതെങ്കിലും പക്ഷിയോട് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ? അതേ ന്യായം തന്നെയാണ് എനിക്കും പറയാനുള്ളത്. ഞാന്‍ എഴുത്തുകാരനാണ്. തോന്നിയതു പോലെ എഴുതുന്നതുകൊണ്ടാണ് എഴുത്തുകാരന്‍ എഴുത്തുകാരനാവുന്നത്. മറ്റൊരാള്‍ക്ക് വേണ്ടി എഴുതുന്നതു സ്റ്റെനോഗ്രാഫറുടെ പണിയാണ്. സ്വതന്ത്രമായി എഴുതുന്നവനെയാണ് എഴുത്തുകാരനെന്നു പറയുന്നത്. സ്വതന്ത്രമായി വരയ്ക്കുന്നവനെയാണ് ചിത്രകാരനെന്നു പറയുന്നത്.


തുടര്‍ന്നെഴുതാന്‍ ഭയമുണ്ടോ.


images


ഒരാള്‍ക്ക് ജീവിക്കാന്‍ ആവശ്യമായതിനെ ഇല്ലാതാക്കിയാല്‍ അയ്യാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഭക്ഷണം പോലെ, വായു പോലെ പ്രധാനപ്പെട്ടതാണ് എനിക്ക് എഴുത്ത്. അതെന്റെ അതിജീവനത്തിന്റെ കൂടി ഭാഗമാണ്. എനിക്ക് എഴുതാന്‍ പറ്റാത്ത അതിഭീകരമായ സാഹചര്യമുണ്ടാകണം അതായത് ശാരീരികമായി ആ അവസ്ഥയുണ്ടാകണം അല്ലെങ്കില്‍ മാനസികമായി എഴുതാന്‍ കഴിയാത്ത അവസ്ഥയുണ്ടാകണം എന്നാലേ ഞാന്‍ എഴുത്തു നിര്‍ത്തു. ചിലപ്പോള്‍ നീണ്ട writers block ഉണ്ടായേക്കാം. അതിനെ മാത്രമാണ് ഞാന്‍ ഭയക്കന്നത്.


എഴുത്തുകാരന് തടസ്സമായി നില്‍ക്കുന്നത് ആരെല്ലാമാണ്.


download (4)


ഒരു എഴുത്തുകാരനെ സംബന്ധിച്ച് സ്വതന്ത്രമായി എഴുതുമ്പോള്‍ ചില സമയത്ത് ഭരണകൂടം തടസ്സമായി വരാറുണ്ട്. മത-ജാതി സംഘടനകള്‍, സംഘടിത മതങ്ങള്‍, കുടുംബം, ചിലപ്പോഴൊക്കെ കൂട്ടുകാര്‍ വരെ എഴുത്തിനു തടസ്സമായി വരാറുണ്ട്. പക്ഷെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അത് വായനക്കാരില്‍ എത്തുമ്പോള്‍ തന്നെയാണ് അത് പൂര്‍ത്തിയാകുന്നത്. എഴുത്ത് ഉത്ഭവിക്കുന്നത് തന്നെ തടസ്സങ്ങളില്‍ നിന്നുമാണ്. ഒരു കഥാബീജം ഉണ്ടാകുമ്പോള്‍ ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും അടിസ്ഥാനപരമായി ഉണ്ടാകുന്ന ചോദ്യം ഇതാണ്. നിലവില്‍ ഒരുപാടു പേര്‍ഈ രംഗത്ത് എഴുതുന്നുണ്ട് പിന്നെ ഞാനെന്തിനു എഴുതണം. ആ ചോദ്യത്തെ മറി കടക്കുമ്പോഴാണ് ഒരു കഥയുണ്ടാകുന്നത്. ഒരു എഴുത്തുകാരന്റെ മനസ്സില്‍ തന്നെയാണ് ആദ്യത്തെ അസഹിഷ്ണുതയും തടസ്സവും രൂപപ്പെടുന്നത്. ആ തടസ്സങ്ങളെ ഓരോ ഘട്ടത്തിലൂടെ മറികടന്നു തന്നെയാണ് അതിന്റെ അവസാന രൂപത്തിലെത്തുന്നത്.


-----------------


അഭിപ്രായ / ആവിഷ്‌ക്കാര സ്വാതന്ത്രങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ പി. ജിംഷാര്‍ അടക്കമുള്ള സര്‍ഗ്ഗധനര്‍ക്കൊപ്പം ഉപാധിരഹിതമായി നമുക്കണിചേരാം.


അക്ഷരം മാസിക
എഡിറ്റോറിയല്‍ സംഘം