K G Suraj

സമാന്തര വിദ്യാഭ്യാസത്തിലൂടെ സാമൂഹിക നവോത്ഥാനം: അക്ഷരം മാസിക

സാമൂഹിക നവോത്ഥാനത്തിന് സമാന്തര വിദ്യാഭ്യാസം നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണല്ലോ. വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ജീവിത സാഹചര്യങ്ങളുടെ ഭാഗമായി സാര്‍വ്വത്രികവും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നഷ്ടമാകുന്നവര്‍ ഭൂരിപക്ഷമാകുന്ന സമകാലീനതയില്‍ സാധ്യമായ മാധ്യമങ്ങളിലൂടെയെല്ലാം സമാന്തര വിദ്യാഭ്യാസം സാര്‍വ്വത്രികവും ജനകീയവുമാക്കുന്നതിനുള്ള   പ്രവര്‍ത്തനങ്ങള്‍ സജീവമാകേണ്ടതുണ്ട് . പൊതു -സ്വകാര്യ മേഖലകളിലായി ചിതറിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ ഭൂപടത്തില്‍ ക്രയശേഷിയുമായി ബന്ധപ്പെട്ട  മാനദണ്ഡങ്ങള്‍   വിദ്യാഭ്യാസ ലഭ്യതയെ നിര്‍വ്വചിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഇതര മേഖലകളിലേതെന്ന പോലെ വിദ്യാഭ്യാസ രംഗവും അതിശക്തമായ കോര്‍പ്പറേറ്റ് വത്ക്കരണത്തിനു വിധേയമാകുന്നു . സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം ലാഭം മാത്രം മുന്‍ഗണനയാകുന്ന  മറ്റേതു വ്യവസായവുമെന്നപോലെ കച്ചവടവത്ക്കരിക്കപ്പെടുകയാണ്. ഉള്ളവര്‍ക്കു മാത്രം സാധ്യമാകുന്ന ' വിനോദമായി ' വിദ്യാഭ്യാസത്തെ പുനര്‍നിര്‍വ്വചിക്കുന്നതില്‍ വലതു മൂല്യങ്ങള്‍ പിന്‍പറ്റുന്ന ഭരണകൂടങ്ങളുടെ സംഭാവനകള്‍ നിസ്സാരമല്ല.

 

വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം

2009 ആഗസ്റ്റ്‌ 4 ന്  ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം  ( The Right of Children to Free and Compulsory Education Act or Right to Education Act (RTE)) 6 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമാകേണ്ട വിദ്യാഭാസത്തിന്റെ രൂപഘടനയും  പ്രാധാന്യവും  ഭരണഘടനയുടെ 21 ആം വകുപ്പു പ്രകാരം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നിയമത്തിന്റെ ഭാഗമായി സ്വകാര്യ സ്ക്കൂളുകള്‍ തങ്ങളുടെ  25% സീറ്റുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വത്തില്‍ (പൊതു - സ്വകാര്യ പങ്കാളിത്ത പദ്ധതി) വിദ്യാര്‍ത്ഥികള്‍ക്കായ് സംവരണം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള മത/ ജാതി സംവരണങ്ങള്‍ സ്വകാര്യ സ്ക്കൂളുകളിലെ പ്രവേശനത്തിനും ബാധകമായിരിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ നടപ്പിലാക്കുന്ന പ്രവേശനവുമായി ബന്ധപ്പെട്ട  സംഭാവന / തലരിപ്പണമീടാക്കല്‍ കുട്ടിക്കോ രക്ഷകര്‍ത്താവിനോ ബാധകമാകുന്ന അഭിമുഖം ,  തുടങ്ങിയവക്കെല്ലാം ശക്തമായ വിലക്കേര്‍പ്പെടുത്തുന്ന   പ്രസ്തുത ചട്ടം,  പ്രാഥമിക വിദ്യാഭ്യാസകാലയളവിലെ  വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് / പുറത്താക്കപ്പെടല്‍ തുടങ്ങി ക്ളാസ് കയറ്റവുമായി ബന്ധപ്പെട്ട മത്സരപരീക്ഷകളെയെല്ലാം പൂര്‍ണ്ണമായി നിരാകരിക്കുന്നു. വിവിധ കാരണങ്ങളാല്‍ കൊഴിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ ചട്ടം  അതതു സക്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക പരിശോധനകളിലൂടെ വിദ്യാഭ്യാസം ആവശ്യമായ കുട്ടികളെ തിരിച്ചറിഞ്ഞ്   സംവിധാനമൊരുക്കുന്നു.

ഇതര രാജ്യങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസം രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വമായിരിക്കെ വിദ്യാര്‍ത്ഥിപ്രവേശനം / ഹാജരുറപ്പാക്കല്‍ / വിദ്യാഭ്യാസ പൂര്‍ത്തീകരണം തുടങ്ങി സര്‍വ്വവും  സര്‍ക്കാര്‍ തന്നെ പ്രത്യേക നിയമ നിര്‍വ്വഹണത്തിലൂടെ നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന നിലയിലാണ് വിദ്യാഭ്യാസ അവകാശ സംരക്ഷണ ചട്ടം നടപ്പിലാക്കിയത്തിലൂടെ ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ചട്ടപ്പ്രകാരം  അനാഥരായ കുട്ടികള്‍ക്ക് പ്രവേശനത്തിനായി ഏതെങ്കിലും തരത്തിലുള്ള സാക്ഷ്യ പത്രങ്ങള്‍ ആവശ്യമായ് വരുന്നില്ല. പതിനെട്ടു വയസ്സിനു കീഴിലുള്ള വിഭിന്ന ശേഷിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമുറപ്പു നല്‍കുന്നതിനായി Persons with Disabilities Act പ്രകാരം പ്രത്യേക നിയമ നിര്‍മ്മാണം നടപ്പിലാക്കപ്പെട്ടിട്ടുണ്ട്.

പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍

അശരണരായ വിദ്യാര്‍ത്ഥികളുടെ പൊതു ക്ഷേമം മുന്‍നിര്‍ത്തുന്ന ആശാവഹമായ ഉള്ളടക്കമാണ്‌ പൊതുവിലുള്ളതെങ്കിലും നിയമം നടപ്പിലാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ നിരാശാജനകമായ് അവശേഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് . 40% ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോക്കിന്റെ ഭാഗമായി വിദ്യാഭ്യാസമവസാനിപ്പിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ദളിതര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ , ആദിവാസി / ഗോത്ര വര്‍ഗ്ഗങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളാണ് പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി പഠനമവസാനിപ്പിക്കുന്നരിലെ ഭൂരിപക്ഷം. ബാലവേല / ശൈശവ വിവാഹം / പാര്‍ശവല്‍കൃത സമൂഹങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥിരമായൊരുക്കപ്പെടുന്ന പിന്‍ബെഞ്ചുകള്‍, സ്വാഭാവികമായും അവര്‍ക്കു  നഷ്ടമാകുന്ന ശ്രദ്ധ , സൗജന്യ ഉച്ചഭക്ഷണ വേളകളില്‍ പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളെ അവസാനമായ് മാത്രം പരിഗണിക്കല്‍ , സ്ക്കൂളുകളിലെ തന്നെ ശൌചാലയമടക്കം വൃത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം ' അവര്‍ക്കു ' മാത്രമായ് നിജപ്പെടുത്തല്‍ , ഉയര്‍ന്ന ക്ളാസുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള കൂട്ടത്തോല്‍പ്പിക്കലുകള്‍, അധ്യാപകരുടെ ഭാഗത്തു നിന്നുള്ള പരസ്യമായ അവഹേളനം തുടങ്ങിയവയെല്ലാം കൊഴിഞ്ഞു പോക്കുകളുടെ ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി ദേശീയ തലത്തില്‍ നടത്തപ്പെട്ട പഠനങ്ങള്‍  വ്യക്തമാക്കുന്നു.

സമാന്തര വിദ്യാഭ്യാസത്തിലൂടെ  സാമൂഹിക നവോത്ഥാനം

 

അത്യന്തം സങ്കീര്‍ണ്ണവും സവിശേഷവുമായ പ്രസ്തുത സാമൂഹ്യ സാഹചര്യത്തിലാണ്  സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസും അക്ഷരം മാസികയും (www.aksharamonline.com) സംയുക്തമായി  ' സമാന്തര വിദ്യാഭ്യാസത്തിലൂടെ  സാമൂഹിക നവോത്ഥാനം ' എന്ന സന്ദേശമുയര്‍ത്തി ദേശീയ തലത്തില്‍ സാമന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്.  തെരുവുകള്‍ , ജനസാന്ദ്രത ഏറിയ ചേരിപ്പ്രദേശങ്ങള്‍, ഭരണകൂടത്തിന്റെയോ സന്നദ്ധ സംഘടനകളുടെയോ ശ്രദ്ധ ഒട്ടുമെത്താത്ത പ്രദേശങ്ങള്‍ , ജയിലുകള്‍ എന്നിവടങ്ങളിലെല്ലാം  സമാന്തര വിദ്യാഭ്യാസം സാധ്യമായ നിലകളിലെല്ലാം സാധ്യമാക്കുന്നതിനുള്ള കൂട്ടായ മുന്നേറ്റങ്ങളാണ്  ലക്‌ഷ്യം വെയ്ക്കുന്നത്.

പദ്ധതിയുടെ ഔപചാരിക  ഉദ്ഘാടനം   കണ്ണൂര്‍ വനിതാ ജയിലില്‍ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധയും സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റഡീസ് ഡയറക്ടറുമായ   ഡോ ആരിഫ കെ സി  നിര്‍വ്വഹിച്ചു.  ക്യാന്‍സര്‍ / ദന്ത ചികിത്സാ  ക്യാംബ് , ആരോഗ്യ ക്ളാസ് , ശാസ്ത്ര  സാഹിത്യ പുസ്തകങ്ങളുടെ   വായന/ വിതരണം തുടങ്ങിയ നടന്നു.    പി ശകുന്തളയുടെ (സൂപ്രണ്ട് , വനിതാ ജയില്‍ ) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  കെ എന്‍ ശോഭന  ,(വെല്‍ഫെയര്‍ ഒഫീസര്‍ ഇന്‍ ചാര്‍ജ്ജ് ) സ്വാഗതം  പറഞ്ഞു.

റീജിണല്‍ വെല്‍ഫെയര്‍ ഒഫീസര്‍ വി പി സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര - സാഹിത്യ പുസ്തകങ്ങള്‍ ഡോ  ആരിഫ കെ സി യില്‍ നിന്നും പി ശകുന്തളയും നോട്ടു പുസ്തകങ്ങളും പേനയും   ഡോ സോഫിയ കണ്ണേത്തില്‍ നിന്നും തടവുകാരിലെ കവയത്രി ലീനയും ഏറ്റു വാങ്ങി.  അക്ഷരം മാസിക എഡിറ്റര്‍ ഡോ സോഫിയ കണ്ണേത്ത് , ദിവ്യ കെ (എഡിറ്റര്‍), സിന്ധു പയാല്‍, സംനേഷ്  ചുള്ളേരി (സ്പെഷ്യല്‍ കറസ്പോണ്ടന്റെ ) എന്നിവവര്‍ ആശംസകളര്‍പ്പിച്ചു.  ഷൈജ കെ പി  നന്ദി പറഞ്ഞു.

ബദലുകള്‍/ അന്വേഷണങ്ങള്‍/ നിരീക്ഷണങ്ങള്‍

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നുകയറ്റങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളീയ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ജനാധിപത്യപരമായ നിലനില്‍ക്കുന്നതിന്റെ ചാലക ശക്തി  ഇ  എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ . ജോസഫ് മുണ്ടശ്ശേരി നടപ്പിലാക്കിയ കേരള വിദ്യാഭ്യാസ ബില്‍ (Kerala Education Bill) അല്ലാതെ മറ്റൊന്നുമല്ല. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ നിരന്തര ഇടപെടലുകളും നിതാന്ത ജാഗ്രതയും അധസ്ഥിതരുടെ വിദ്യാഭ്യാസാവകാശങ്ങളെ സംരക്ഷിച്ചു പോരുന്നു.

വിവിധങ്ങളായ സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, അപൂര്‍ണ്ണമായി പഠനം നിര്‍ത്തേണ്ടി വന്നവര്‍, പ്രായ ലിംഗഭേദമെന്യേ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ , പ്രവാസികള്‍ തുടങ്ങി എല്ലാവരിലേക്കും ; പഠനം / പരിശീലനം / ഗവേഷണം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഭിന്നഘട്ടങ്ങളെ തുല്യതയോടെ പങ്കു വെയ്ക്കുന്നതിനും ഒത്തു ചേര്‍ന്ന്, ബദല്‍ സാധ്യതകളെ / സാഹചര്യങ്ങളെ / തുടരന്വേഷണങ്ങളെ  പരമാവധി പ്രയോജനപ്പെടുത്തുന്നതിനും  യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്കും താങ്കളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു.

കെ ജി സൂരജ്

ചീഫ് എഡിറ്റര്‍