K G Suraj

പുസ്തകങ്ങളും വായനശാലകളും തെരുവുകളോട് ചെയ്യുന്നത്

മതനിരപേക്ഷത / ബഹുസ്വരത / സഹിഷ്ണുത /


വായന, അറിവ് വര്‍ദ്ധിപ്പിയ്ക്കുന്നതിനോടൊപ്പം സാംസ്കാരിക വിനിമയങ്ങളുടെ സാധ്യതകളെ അതിവേഗം ചലനാത്മകമാക്കുന്നു. ആ നിലയില്‍ വായനശാലകള്‍ക്ക് സാമൂഹിക നിര്‍മ്മിതിയില്‍ സുപ്രധാന പങ്കാണുള്ളത്. 1829 ല്‍ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയത്. തിരുവിതാംകൂറില്‍ രാജഭരണത്തിന്റെ തണലിലും ജനങ്ങളുടെ മുന്‍കൈയ്യിലുമായി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. കൊച്ചിയില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ റൂറല്‍ ലൈബ്രറികളും പൊതുഉടമസ്ഥതയില്‍  രൂപംകൊണ്ട  ഗ്രന്ഥശാലകളും ഉണ്ടായി.



മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും നവോഥാന പ്രസ്ഥാനത്തിന്റെയും ഭാഗമായി ജനകീയ ഗ്രന്ഥശാലകള്‍ സജീവമായി . മൂന്നിടത്തും വ്യത്യസ്ത സ്വഭാവത്തോടെ വളര്‍ന്ന് എകോപിപ്പിക്കപ്പെട്ട ഈ പ്രസ്ഥാനം നിലവില്‍ കേരളത്തിലെ ഏറ്റവും ബൃഹുത്തായ  ബഹുജന സാംസ്കാരിക പ്രസ്ഥാനമാണ്. പ്രാദേശികമായി സജ്ജമാക്കപ്പെട്ട ലൈബ്രറികള്‍ മുതല്‍ ഇ ലൈബ്രറികള്‍ വരെ നീളുന്ന ഭിന്നരൂപങ്ങളിലൂടെ ബഹുസ്വരമായ വായന ഉറപ്പാക്കി മലയാളിയുടെ മനസ്സും ചിന്തയും രൂപപ്പെടുത്തുന്നതില്‍ വായനശാലകള്‍ ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. കേരളത്തില്‍ 7600 ലധികം ലൈബ്രറികള്‍ പ്രവര്‍ത്തിയ്ക്കുന്നതായി സംസ്ഥാന ലൈബ്രറി കൗൺസില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു.


മലയാളി – വര്‍ത്തമാനപ്പത്രങ്ങള്‍


മലയാളിയുടെ നിത്യജീവിതത്തില്‍ വര്‍ത്തമാനപ്പത്രങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. ചുടു ചായയ്‌ക്കൊപ്പം പത്രവാര്‍ത്തകളിലൂടെ സഞ്ചരിയ്ക്കുന്ന / ആനുകാലിക സംഭവവികാസങ്ങളെയോരോന്നും തികഞ്ഞ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക ബോധ്യങ്ങളോടെ സവിസ്തരം ചര്‍ച്ചയ്ക്കു വിധേയമാക്കുന്ന തുറസുകളാണ് കേരളത്തിന്റെ പൊതുഇടങ്ങളെല്ലാം. സമ്പൂര്‍ണ്ണ സാക്ഷരത, ശാസ്ത്രബോധത്തിലധിഷ്ഠിതമായ നിരീക്ഷണങ്ങള്‍, വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങള്‍ തുടങ്ങി സംസ്ഥാനം ഇതഃപര്യന്തം ആര്‍ജ്ജിച്ച മൂല്യങ്ങളെല്ലാം കൂട്ടായ വായനയും അതിലൂടെ രൂപപ്പെട്ട അറിവിന്റെ ജനാധിപത്യവത്ക്കരണവും സാധ്യമാക്കിത്തീര്‍ത്തതാണ്. നാട്ടിന്‍ പുറങ്ങളിലെ ചായക്കടകള്‍, ചെറുതും വലുതുമായ വായനശാലകള്‍, ക്ളബുകള്‍, ഒരു തൊഴിലാളി സുഹൃത്ത് ഉറക്കെ വായിയ്ക്കുകയും മറ്റുള്ളവര്‍ അതു കേട്ട് തൊഴിലെടുക്കുകയും ചെയ്യുന്ന കണ്ണൂരിലെ ദിനേശ് ബീഡി നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങി ഡിജിറ്റല്‍ മാധ്യമങ്ങളുടെ വൈവിധ്യവത്ക്കരണത്തിലൂടെ രൂപമാറ്റം സംഭവിച്ച സൂചിത മേഖലകളിലെ ചര്‍ച്ചകളെ അനുസ്മരിപ്പിയ്ക്കും വിധമുള്ള സംവാദങ്ങള്‍ എന്നിവകളെല്ലാം സമകാലീന കേരളത്തിന്റെ നേരടയാളങ്ങളാണ്.



ഓരോരുത്തരേയും അവരവരിലേയ്ക്കു തന്നെ അസാധാരണമാംവിധം ചുരുക്കുന്ന ആഗോളീകരണവും പൊതു ഇടങ്ങളെ ഭയപ്പെടുത്തി മയപ്പെടുത്തി മിതപ്പെടുത്തുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും അനുനിമിഷമെന്നോണം മലയാളിയുടെ ജീവിതസാഹചര്യങ്ങളെ വേട്ടയ്ക്കു വിധേയമാക്കുകയാണ്. കപട സദാചാരികള്‍ തിട്ടൂരങ്ങള്‍ നിശ്ചയിയ്ക്കുകയും , ലിംഗ സമത്വം / തുല്യ നീതി / ലിംഗപദവി തുടങ്ങിയവയെല്ലാം ചിലരാല്‍ മാത്രം തീരുമാനിയ്ക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥയിലേയ്ക്ക് പൊതുജീവിതത്തെ കൊണ്ടുചെന്നെത്തിയ്ക്കാന്‍ സംഘടിതമായ പരിശ്രമങ്ങള്‍ നടക്കുന്നു. വര്‍ഗ്ഗ – വര്‍ണ്ണ – ലിംഗ വിവേചനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രിതമായ് നടപ്പിലാക്കപ്പെടുന്നു. ചരിത്രം/ ശാസ്ത്രം/ ഗണിതം / വൈജ്ഞാനിക – സാങ്കേതിക മേഖല / കല / സാഹിത്യം / സിനിമ തുടങ്ങിയവകളെയെല്ലാം വളച്ചൊടിയ്ക്കപ്പെടുകയോ ഐതിഹ്യങ്ങള്‍, അസംബന്ധജലിടമായ മാമൂലുകള്‍ തുടങ്ങിയവയാല്‍ ചേര്‍ത്തു കെട്ടി യുക്തിസഹമെന്നോണം അവതരിപ്പിയ്ക്കപ്പെടുന്നു.


മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറി


മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറി ഇത്തരമൊരു സാംസ്കാരിക സാഹചര്യത്തിലാണ് നവകേരള ശില്‍പ്പി ഇ എം എസിനെ അനുസ്മരിച്ച് ഇ എം എസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളോടൈക്യപ്പെട്ട് വെള്ളയമ്പലം മാനവീയം വീഥിയില്‍ www.aksharamonline.com ന്റെ ആഭിമുഖ്യത്തില്‍ മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവിന്റെ സഹകരണത്തോടെ തെരുവ് വായനശാല പ്രവര്‍ത്തനമാരംഭിച്ചത്.മാനവീയം വീഥിയിലെ നീര്‍മാതളച്ചുവടിനരികില്‍ ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് സുമേഷ് ബാലയുടെ ആര്‍ട്ട് ഇന്‍സ്റ്റലേഷനോടെയാരംഭിച്ച വായനശാലയില്‍ പന്ത്രണ്ടോളം വര്‍ത്തമാനപ്പത്രങ്ങള്‍ സൗജന്യവായനയ്ക്കായ് സജ്ജീകരിച്ചിട്ടുണ്ട്. അനുബന്ധമായി ആനുകാലികങ്ങളും പുസ്തകങ്ങളും ലഭ്യമാകും. പുസ്തക ചര്‍ച്ച, ചലച്ചിത്ര – നാടക പ്രദര്‍ശനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്കും ഇവിടം വേദിയാകും.



കൂട്ടായ വായന / ആരോഗ്യകരങ്ങളായ സംവാദങ്ങള്‍ തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന പൊതുബോധത്തിനു മാത്രമേ നാടിന്റെ നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിയ്ക്കാനാകൂ. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികള്‍ / പാളയം മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ത്ഥിക്കൂട്ടായ്മകള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖകളിലെ സാമൂഹിക പ്രതിബദ്ധരായ അക്ഷര സ്നേഹികള്‍ അവരുടെ പ്രതിദിനവരുമാനത്തിന്റെ ചെറുപങ്ക് സന്തോഷപൂര്‍വ്വം ചേര്‍ത്തു വെച്ചാണ് പത്രവരി ക്രമീകരിച്ചത്. അതിനാല്‍ തന്നെ പ്രസ്തുത സാംസ്കാരിക ഉദ്യമത്തിന് അര്‍ത്ഥപൂര്‍ണ്ണമായ സാംസ്കാരിക ഉത്തരവാദിത്വങ്ങളാണ് നിര്‍വ്വഹിയ്ക്കാനുള്ളത്. രാവിലെ ആറു മുതല്‍ രാത്രി 8 മണിയോളം വിവിധസമയങ്ങളില്‍ സുമാര്‍ നൂറോളം പേരാണ് ഇവിടം കേന്ദ്രീകരിച്ച് വായനയില്‍ സജീവമായത്. റീഡിങ് കോര്‍ണര്‍ എന്നതിനോടൊപ്പം വിവിധ കലാ സാംസ്കാരിക പരിപാടികള്‍ക്കും അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കും ഇവിടം വേദിയായാകുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാകുന്ന പഠന ക്ളാസുകള്‍ നിശ്ചയിയ്ക്കപ്പെട്ടതിലൂടെ ഈ ഇടം അക്കാദമികമായ ആശയവിനിമയങ്ങളുടേയും കേന്ദ്രവുമാകുകയായിരുന്നു. ഈ വിധമെല്ലാമാണ് തെരുവിലെ ഈ ചെറു-ഇടം സാംസ്കാരിക വിനിമയങ്ങളുടെ പ്രസരണ കേന്ദ്രമായ് മാറുന്നത്.



വായന അറിവിന്റെ വിശാലമായ ഭൂമികയെ അടയാളം ചെയ്യുമ്പോള്‍ ; അറിവ് സംസ്കാരത്തിന്റെ ഭാഷ വിളംബരം ചെയ്യുന്നു. അറിവിനെ / അക്ഷരങ്ങളെ / കൂട്ടായ വായനയെ / സാംസ്കാരിക മുന്നേറ്റങ്ങളെ ‘നിക്ഷിപ്ത താല്‍പ്പര്യക്കാര്‍’ എക്കാലവും ഭയപ്പെട്ടിട്ടുണ്ട്. അവര്‍ വായനയിലൂടെ ചിന്താശക്തി രൂപപ്പെടുത്തുന്ന ഏതൊരു മുന്നേറ്റങ്ങളേയും വല്ലാതെ ഭയപ്പെടുന്നു. കച്ചവട താത്പ്പര്യങ്ങള്‍ക്കപ്പുറം പ്രതിബദ്ധമായ സാമൂഹ്യ വീക്ഷണത്തോടെ സജ്ജമാക്കപ്പെടുന്ന എന്തിനേയും ദുര്‍ബലപ്പെടുത്താന്‍ വൃഥശ്രമങ്ങള്‍ മെനയുന്നു. മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറിയും ഇത്തരക്കാരുടെ കണ്ണിലെ കരടാകുന്നതില്‍ അത്ഭുതമില്ല.


പ്രവര്‍ത്തനമാരംഭിച്ച് മാസമൊന്നു തികയുന്നതിനു മുന്‍പ് (ഏപ്രില്‍ 17 രാത്രിയില്‍) ചുമരില്‍ സജ്ജീകരിച്ചിരുന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ നശിപ്പിയ്ക്കപ്പെടുകയും പത്രങ്ങള്‍ സജ്ജീകരിച്ചിരുന്ന കുഴലുകള്‍ അപ്പാടെ മോഷ്ടിയ്ക്കപ്പെടുകയും ചെയ്തിരിയ്ക്കുന്നു. കലാകാരന്റെ ആത്മാവിഷ്ക്കാരത്തിനുനേരെയുള്ള വെല്ലുവിളിയാണിത്. രാത്രിയുടെ മറവില്‍ നടത്തിയ മോഷണവും അനുബന്ധ പരിപാടികളും വായനയുടെ ലോകം അസ്വസ്ഥമാക്കുന്നവരുടെ വികലമായ മാനസിക നിലകളെയാണ് സൂചിപ്പിയ്ക്കുന്നത്.



വന്‍കിട സ്പോൺസര്‍ഷിപ്പുകളുടെ അകമ്പടിയോടെ സംഘടിപ്പിയ്ക്കപ്പെടുന്ന മാമാങ്കങ്ങളില്‍ നിന്നും വ്യത്യസ്‍തമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ട്ടപ്പെടുന്ന കുറച്ചധികം പേരുടെ വിയര്‍പ്പിന്റെ ഉപ്പാണ് ഈ സംരംഭം. പണച്ചിലവുണ്ടെങ്കിലും നശിപ്പിയ്ക്കപ്പെട്ടത് / മോഷ്ടിയ്ക്കപ്പെട്ടത് പുനഃസ്ഥാപിയ്ക്കുകയും ഇടപെടലുകള്‍ തുടരുകയും ചെയ്യേണ്ടതുണ്ട്. മാനവീയം തെരുവിന്റെ ജനാധിപത്യ സ്വഭാവത്തെ അട്ടിമറിയ്ക്കുന്നതിനുള്ള ‘നിഗൂഢശ്രമങ്ങള്‍ക്കും’ അക്ഷരവിരോധത്തിനുമെതിരെ എല്ലാ സുഹൃത്തുക്കളുടേയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിയ്ക്കുന്നു.


പുസ്തക – പകര്‍പ്പവകാശ ദിനത്തെക്കുറിച്ച്


വിജ്ഞാനത്തിന്റെ മേഖലയില്‍ പുസ്തകങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. സമദര്‍ശിതവും ബഹുസ്വരവും പങ്കാളിത്തപൂര്‍ണ്ണവുമായ അറിവിന്റെ ലോകം വിജ്ഞാനം സംബന്ധിച്ച കാഴ്ച്ചപ്പാടുകളെ അധികരിച്ചാണ് ഉരുത്തിരിയുന്നത്. ഏപ്രില്‍ 23 നാണ് അന്താരാഷ്‌ട്ര പുസ്തകദിനമായി United Nations Educational, Scientific and Cultural Organization (UNESCO) ആചരിയ്ക്കുന്നത്. ഏപ്രില്‍ 23 ന് ചരിത്രപരമായ ചില പ്രാധാന്യങ്ങളുണ്ട്. സ്‌പെയിനിലെ കാറ്റലോണിയ എന്ന പ്രദേശത്തെ പുസ്തകവില്‍പ്പനക്കാരാണ് 1923 ഏപ്രില്‍ 23 പുസ്തക ദിനമായി ആചരിയ്ക്കാന്‍ ആരംഭിയ്ക്കുന്നത്. 1995 ല്‍ യുനെസ്‌കോ William Shakespeare, Inca Garcilaso de la Vega തുടങ്ങിയ ലോക പ്രസിദ്ധരായ സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനമായ 23 ഏപ്രിലില്‍ ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവും ഒരുമിച്ച് ആചരിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.



അന്ധത, വിവിധ കാരണങ്ങളാലുള്ള ശാരീരീരിക പരിമിതികള്‍ തുടങ്ങിയവയാല്‍ പുസ്തകങ്ങള്‍ ഉപയോഗിയ്ക്കാനാകാത്ത വലിയൊരു ശതമാനം നമുക്കിടയിലുണ്ട്. അംഗപരിമിതരുടെ വായനാ സാഹചര്യങ്ങള്‍ക്കനുയോജ്യമാംവിധം പ്രസിദ്ധീകരിയ്ക്കപ്പെടുന്ന പുസ്തകങ്ങള്‍ (വലിയ പ്രിന്റുകള്‍, ബ്രെയ്ല്‍ ലിപി, ശ്രവ്യ രൂപം) കേവലം 5 % മാത്രമാണുള്ളത്. ലോക അന്ധ സമിതിയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 200 ല്‍ ഒരാള്‍ക്ക് അന്ധതയുണ്ട്. ഇത് 39 ദശലക്ഷത്തോളം വരും. 246 ദശലക്ഷം പേര്‍ക്ക് കാഴ്ച്ച ശക്തി കുറഞ്ഞു വരുന്നു. ഈ നിലയില്‍ കാഴ്ച്ച ശക്തിയില്‍ പരിമിതരായര്‍ക്ക് എഴുതപ്പെട്ടതായ വിവരങ്ങള്‍ സാഹിത്യ സംബന്ധികളായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവയുടെ 10% മനസിലാക്കുന്നതിനാകും. ദുര്‍ബല രൂപകല്‍പ്പന, പുസ്തകങ്ങള്‍ ലഭ്യമാകാത്ത സ്ഥിതി തുടങ്ങിയവയെല്ലാം വിജ്ഞാന സമ്പാദനത്തിന് വിവിധനിലകളില്‍ പരിമിതികളുള്ളവരുടെ അവസരങ്ങള്‍ ചുരുക്കുന്നു. Dyslexia Association ന്റെ കണക്കുകള്‍ പ്രകാരം 3-5 ശതമാനം സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.



ഐക്യരാഷ്ട്ര സഭയുടെ അംഗപരിമിതരുടെ മനുഷ്യാവകാശങ്ങളും സന്തുലിത വികസനവും ആസ്പദമാക്കിയ കൺവെന്‍ഷന്‍ ബന്ധപ്പെട്ടവര്‍ക്ക് മറ്റുള്ളവര്‍ക്കുള്ള അതേ സമത്വത്തോടെ പുസ്തകങ്ങള്‍ ലഭ്യമാകുന്നതിനുള്ള അവകാശം, വിജ്ഞാനം, സാംസ്‌കാരിക ജീവിതം എന്നിവകളെ സംബന്ധിച്ച് വിശകലനം നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചു കൊണ്ടാണ് യുവാക്കള്‍ക്കും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കിടയിലുമെല്ലാം വായന സജീവമാക്കുന്നതിനൂന്നല്‍ നല്‍കുന്ന കര്‍മ്മ പരിപാടികള്‍ രൂപപ്പെട്ടത്.


അനൈതികതയുടെ പതാകകള്‍ കാലഹരണപ്പെടുകതന്നെ ചെയ്യും


ആവിഷ്‌ക്കാര അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് വലിയ നിലയില്‍ ഏകാധിപത്യത്തിന്റെ തിട്ടൂരങ്ങള്‍ ആഞ്ഞു പതിയ്ക്കുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളിലാണ് മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ന്റെ നേതൃത്വത്തില്‍ ലോക പുസ്തക – പകര്‍പ്പവകാശ ദിനം സമുചിതമായി ആചരിയ്ക്കുന്നത്. പുസ്തക പ്രദര്‍ശനം – വായന എന്നിവയലാരംഭിച്ച് മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ച് വിനോദ് വെള്ളായണി , പി സുദര്‍ശനന്‍ എന്നിവര്‍ വിവര്‍ത്തനം ചെയ്ത പെരുമാള്‍ മുരുകന്റെ കവിതകള്‍ ‘ദൈവത്തിന്റെ മരണം’ പ്രകാശനം ചെയ്യപ്പെട്ടതിലൂടെയാണ് ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായത്.



ആശയവിനിമയങ്ങളുടെ അടിസ്ഥാന ശിലകള്‍ എന്ന നിലയില്‍ അക്ഷരങ്ങളും വായനയും നിരാലംബരുടേയും നിരാശ്രയരുടേയും ശക്തിയും ശബ്ദവുമാകണം. അതിനുള്ള മൂശകളാണ് ഓരോ വായനശാലയും. വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്തുന്നവരുടെ അസഹിഷ്ണുതാവാദങ്ങള്‍ക്കു മീതെ ഓരോ തെരുവും വായനശാലകളായ് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. കൂട്ടായ വായനകളില്‍ ഉരുത്തിരിയുന്ന ശരിയും ശാസ്ത്രീയവുമായ സമതയുടെ സ്നേഹാബോധ്യങ്ങളില്‍ അനൈതികതയുടെ പതാകകള്‍ കാലഹരണപ്പെടുകതന്നെ ചെയ്യും.