P Pavithran

ദൈനംദിനത്വത്തിന്റെ സൗന്ദര്യശാസ്ത്രം

യേശുദാസിന്റെ ഉള്ളില്‍ നിശ്ശബ്ദമായ ഒരു കാലമുണ്ട്, ബാല്യമുണ്ട്, ഗ്രാമമുണ്ട്. നീതിയുടെയും മാനവികതയുടെയും വൃക്ഷം അവിടെയാണ് വളരുന്നത്. ഏതിനോടും ആത്മഭാവം കൈക്കൊള്ളാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഏത് ആത്മൈക്യത്തിലും അപരം കടന്നുവരുന്നതും അതുകൊണ്ടു തന്നെ. ഞാന്‍ മാത്രം ശരിയെന്ന ബോധത്തില്‍നിന്നു വരുന്ന അഹങ്കാരമില്ല, പകരം ഞാന്‍ പോലും ശരിയല്ലല്ലോ എന്ന തിരിച്ചറിവാണ് ഈ കവിതകളിലുള്ളത്. പലപ്പോഴും ലളിതമായ ഒന്നില്‍നിന്ന് ഭയങ്കരമായ ഒന്നിലേക്കുള്ള ഞെട്ടിയുണരലാണ് ഇവിടെ കവിതയുടെ രൂപം. കളിപ്പുസ്തകത്തിലെ മുയല്‍ക്കുട്ടന് വഴി കാണിച്ചു കൊടുക്കാന്‍ പോയ പെണ്‍കുട്ടി പിറ്റേന്നു മരിച്ചു കിടക്കുന്നു.


download


ചോര വാര്‍ന്നു കിടക്കുന്നുണ്ടവള്‍
നമ്മുടെയൊക്കെ കാല്‍ക്കല്‍


തന്നില്‍ നിന്നകലെ നില്ക്കുന്ന നിരുപദ്രവകരമായ കാഴ്ചയല്ല അത്, കാല്‍ക്കല്‍ വീണു കിടക്കുന്നവളോടുള്ള തന്റെ ഉത്തരവാദിത്തമാണ്. ലോകം തന്നിലേക്കു ചൂണ്ടി നില്ക്കുന്നു എന്നതാണ് യേശുദാസിന്റെ കവിതയിലെ രാഷ്ട്രീയം. ഗ്രാമീണതയില്‍നിന്ന് മാധ്യമലോകത്തേക്ക് യാഥാര്‍ഥ്യം പുറം കണ്ണു തുറക്കുമ്പോള്‍ കവിതയുടെ അകം കണ്ണ് തന്നിലേക്ക് തുറക്കുന്നു. പടിഞ്ഞാറിന്റേതല്ല, കിഴക്കിന്റെതാണ് ഈ കണ്ണ്. കാവ്യരൂപം ഹൈക്കുവിനോടടുക്കുന്ന സന്ദര്‍ഭങ്ങളില്‍ കിഴക്കന്‍ ചാര്‍ച്ച തെളിയുന്നു. ബാഷോവിന്റെ തവള ചാടുന്ന കുളം പോലെ ഒരു കുളം ഇവിടെയുമുണ്ട്.


നട്ടുച്ചക്കതില്‍ വന്നല്ലോ സൂര്യന്‍
ഒളി നോക്കി അമ്പിളിയും രാവില്‍


download


ചിലപ്പോള്‍ ചില ചിത്രങ്ങളായും ചിലപ്പോള്‍ കഥയായും സംഭവങ്ങളായും ആത്മവിമര്‍ശനമായും കുറ്റബോധമായും ചിലപ്പോള്‍ തന്നോടും നമ്മോടുമുള്ള ചോദ്യങ്ങളായും വരുന്ന വികാരങ്ങളാണ് ഇവിടെ കവിത. ആര്‍ദ്രമായ ഒരു സ്‌നേഹജീവിതത്തിന്റെ ഇളംകാറ്റടിക്കുന്നുണ്ട് ചിലപ്പോള്‍ ഈ കവിതയില്‍.


നീ പോയ തക്കം നോക്കി
കാറ്റിരിക്കുന്നു കസേരയില്‍
നിന്റെ വാസനയ്‌ക്കൊപ്പം


സ്ത്രീ ഒരു വശത്ത് ചോരയിറ്റു വീഴുന്ന ശരീരമാണ്, സ്‌നേഹബന്ധങ്ങളില്‍ അതിന് മേഘങ്ങളുടെ ഘനമാണ്.പുതുമ നഷ്ടപ്പെടുന്ന ബന്ധങ്ങളും കാഴ്ചകളും പഴയ ഓര്‍മയുടെ പശ്ചാത്തലത്തില്‍ കാവ്യാനുഭവമാകുന്നു.


images

ഓടിത്തേഞ്ഞ മനസ്സു കൊണ്ടിനി
എന്തെടുക്കാനാണെന്ന്
ഒരു നെടുവീര്‍പ്പ് കാറ്റിലലിയും ( പിന്‍വഴികള്‍)


സാരിത്തലപ്പൊതുക്കി ഹൃദയത്തിലേക്ക് കയറി വരുന്ന ആഹ്ലാദവും ഗ്രന്ഥശാലയ്ക്കരികിലെ മുദ്രാവാദ്യവും എല്ലാം ഗൃഹാതുരത്വത്തെ മറികടക്കുന്നത് കാവ്യാത്മകമായാണ്. പ്രതീക്ഷ ശൈശവ നിഷ്‌കളങ്കമാണ്.


ഒരു വഴിയിലും
നാം തനിച്ചല്ല നടക്കുക
രാത്രിയിലൊരമ്പിളിമാനം
കൂടെപ്പോരാറുള്ളതുപോലെ


download (1)


നവോത്ഥാനത്തിന്റെ സ്ഥലകാലങ്ങളെ യേശുദാസ് അട്ടിമറിക്കുന്നില്ല. ലിബറല്‍ കാലത്തെ തന്നെ വിവിധ ബന്ധങ്ങളിലൂടെ പ്രിസത്തിലൂടെ, കാലിഡോസ്‌കോപ്പിലൂടെ കാണുകയാണ്. ഭൂതകാലം ചിലപ്പോള്‍ ഭാരവും ചിലപ്പോള്‍ ഉത്തരവാദിത്തവും ചിലപ്പോള്‍ കുറ്റബോധവും ചിലപ്പോള്‍ പ്രതീക്ഷയുമാണ്.


പട്ടിയെപ്പോലെ
നെഞ്ചിലെ ചായ്പില്‍
ചുരുണ്ടു കൂടുന്നു,
കരമുട്ടിയ ഭാരം
(ആഴം കുറഞ്ഞു കുറഞ്ഞ്)


നിത്യജീവിതത്തിലെ വിഷണ്ണ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് ഈ കവിക്ക്. വളര്‍ച്ച യൗവനത്തിന്റെ പിന്നിടല്‍ കവിയുടെ വ്യക്തിജീവിതകാലത്തെ സംസ്‌കാരത്തിന്റെ കാലവുമായി ഇണക്കിച്ചേര്‍ക്കുന്നതിനാല്‍ അതിന് ചരിത്രത്തിന്റെ മാനങ്ങള്‍ കൈവരുന്നു. അതേ സമയം അത് ദൈനംദിനത്വത്തിന്റെ സാധാരണത്വത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കൂടി പേറുകയും ചെയ്യുന്നു.


നാടന്‍പാട്ടു ശീലില്‍ ഉത്തരാധുനിക ഭാഷയില്‍ എഴുതിയ മാംസജീവിതത്തെക്കുറിച്ചൊരു ഉച്ചനേരം ആന്തരത്തിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും പെട്ടെന്ന് കുടുംബത്തിന്റെ സാധാരണത്വത്തിലേക്ക് പൊങ്ങിവരികയും ചെയ്യുകയാണ്.


സ്‌നായുക്കള്‍ തോറും മുയല്‍ക്കിതപ്പ്
സുഷുമ്‌നയിലൂടെയോ പ്രാപ്പിടപ്പ്
തലച്ചോറിലാകെയും മാനിളക്കം


images (3)


എന്നിങ്ങനെ ആന്തരത്തെ ലളിതമായി ബിംബവത്കരിക്കാന്‍ കഴിയുന്നു കവിക്ക്. മാധ്യമസംസ്‌കാരത്തിനു നേരെയും സമകാലികാവസ്ഥയ്ക്കു നേരെയും ചൂണ്ടുന്ന കവിതയാണ് തരംഗ സിദ്ധാന്തം.


മാന്ദ്യസാഹിത്യ തരംഗം
മാന്ദ്യരാഷ്ട്രീയ തരംഗം
മാന്ദ്യബുദ്ധിതരംഗം
മാന്ദ്യസമുദായ തരംഗം
( തരംഗസിദ്ധാന്തം)
എന്നാണത് ശ്ലോകത്തില്‍ കഴിക്കുന്നത്.


കവിതയെന്ന മാധ്യമം തന്നെ കാവ്യവിഷയമാണ്. പുതിയ കവികള്‍ക്ക് പലപ്പോഴും അതങ്ങനെയാണ്.


കവിത എന്ന പെണ്‍ കുട്ടി
-ഇംഗ്ലീഷ് മീഡിയം മലയാളി-
ആത്മഹത്യ ചെയ്ത
( ഇല്ലാത്ത) സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റില്‍
പല്ലിയായ് വന്നിരുന്ന്
നഗ്ന ഗാനരംഗത്തിന്റെ ഷൂട്ടിംഗ് കണ്ട്
ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്നു.
(ഏണും കോണും കെട്ടവന്റെ വാഴ്‌വ്)


images (2)


എന്നിങ്ങനെ സര്‍റിയലിസ്റ്റ് സങ്കേതങ്ങളും വരുന്നു. കവിക്ക് കിട്ടുന്നത് ഒരു ഇമേജാണെന്ന കാരിയര്‍ ബോധത്തിലാണത് അവസാനിക്കുന്നത്. പുതിയ കാലത്ത് കവിതയെതന്നെ കവിതയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. അത്ര സാധാരണവും സാങ്കേതികവുമായിരിക്കുന്നു കവിത. കവിത മാത്രം ഒരൊളിത്താവളം കവിത മാത്രം നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു.


കവിത ഒന്നും പറയാതെ കുറേ തണുത്തവെള്ളം
മുഖത്തു കുടയുന്നു
പുഴപോലെ വന്നു
മറുകരയിലേക്കു കൊണ്ടു പോകുന്നു. (മറുകര)


കവിതയാണ് മറുകര എന്ന തിരിച്ചറിവ്. ചോരയും മരണവും ആവര്‍ത്തിക്കുന്നിടത്തെല്ലാം കവിതയാണ് മറുകര. കാവ്യബോധം ദുരന്തബോധം കൂടിയാണ്.അപരനോടുള്ള സംവാദമാണ് പലപ്പോഴും ഉത്തരാധുനിക കവിത. സ്വത്വം അപരത്വത്തിന്റെ സാന്നിധ്യത്തിലെ തുറസ്സു മാത്രമായി സാധാരണീകരിക്കപ്പെട്ട അസ്തിത്വമായ കാലമാണിത്. അതിനാല്‍ എപ്പോഴും ഒരപരനെ ചൂണ്ടിയുള്ള നിവേദനങ്ങളാകുന്നുണ്ട് കവിത. പണ്ട് കവിതയില്‍ ദൈവത്തിന്റെ സ്ഥാനത്ത് ഇന്ന് കവിതയില്‍ ഈ അപരനാണ്. പൊട്ടിയും ശീപോതിയും എന്ന ആചാരത്തിന്റെ ഭൂതവുമായി ചേര്‍ത്തുവെച്ചാണ് ഈ ഉത്തരാധുനിക സ്വത്വാനുഭവം ‘പറഞ്ഞുവരുമ്പോള്‍ ഞാന്‍ പൊട്ടി, നീ ശീപോതി’ എന്ന കവിതയില്‍ കടന്നുവരുന്നത്. എവിടയും തന്റെ എല്ലാ ആധികാരികതയും തകര്‍ക്കുന്ന ഒരപരന്‍ സന്നിഹിതനാണ്. താരതമ്യത്തിന്റെ യുക്തിയില്‍ തന്റെ ആധികാരികത തകരുന്നു. കാല്പനികതയുടെ അന്ത്യം തന്നെ ഇത്.


images (1)


എന്റെ ഇല്ലായ്മകളുടെ കാലം
ഉരിയാടാന്‍ തുടങ്ങും മുമ്പെ
എത്രയോ ഭയാനകമായ ഇല്ലായ്മകള്‍ നിരത്തിയ
നിന്റെ കേമത്തം എന്നെ മലര്‍ത്തിയടിച്ചു
ഞാന്‍ മാളത്തിലേയ്ക്കു തന്നെ മടങ്ങി
ഈ അപരന്‍ കവിതയിലേക്കും കാലെടുത്തു വെക്കുന്നു.
അതിജീവനത്തിനായുള്ള
എന്റെ കവിഞ്ഞെഴുത്തുകള്‍ പോലും
എങ്ങനെ വേണമെന്ന് ലക്ഷണം ചൊല്ലി
തോളില്‍ തട്ടിയ തട്ടുണ്ടല്ലോ
അതിലെത്ര യുഗങ്ങള്‍ ഒളിച്ചിരുന്നു
കനക്കുന്നുവെന്നോ...


അനുഭവങ്ങളുടെ അനന്യതയെ കാണാത്ത സൗന്ദര്യബോധത്തിന്റെ ശത്രുവായ യുക്തിബോധവും സാമാന്യവല്‍ക്കരണവും തന്നെയാണ് ഈ അപരന്‍. ഭൂതവും കവിതയും നാട്ടുവാക്കുകളുടെ നനുത്ത അനന്യതയും ചേരുമ്പോള്‍ നഗരത്തില്‍ കാര്‍ഷിക ജീവിതം കവിതയാകുന്നു.


വന്‍കിട വേരുകള്‍ വന്ന്
വെള്ളവും വളവും വലിച്ചെടുക്കുന്നത്
കവിതയാക്കാന്‍ തുടങ്ങുമ്പോള്‍
നഗരത്തില്‍ ഓര്‍മ വരുന്നു
പഴയ ഫ്യൂഡല്‍വേരുകളെ ( നയ്‌വല്‍)


images (4)


എന്ന് ഇതൊരു സമസ്യ കൂടിയാണ്. ഈ ഫ്യൂഡല്‍ വേരുകള്‍ മേലാളത്തത്തോടല്ല കീഴാളത്വത്തോടാണ് ചേര്‍ന്നു നില്ക്കുന്നത്.


ക്ലാസ്സില്‍ കിട്ടിയാല്‍
എല്ലാം കൊണ്ടും പിന്നിലായിരുന്നതിനാല്‍
കെളയ്കാന്‍ പോടോ എന്നാക്ഷേപിച്ച
ആക്രോശങ്ങള്‍ മറക്കാവതോ
( പള്ളിക്കൂടം കാലത്തെ മണങ്ങള്‍)


ഞാനല്ല, ഞങ്ങളാണ് പറയുന്നത് നീയല്ല, നിങ്ങളാണ് അത് കേള്‍ക്കേണ്ടത്്. നവോത്ഥാന ലിബറല്‍ ലോകത്തു നിന്ന് സമകാലിക കീഴാള കവിതയുടെ മണ്ഡലത്തിലേക്കുള്ള കാലെടുത്തു വെപ്പു കൂടിയാണത്.


എങ്കിലും അന്നൊക്കെ
ടാര്‍ തിളയ്ക്കുന്ന ഗന്ധത്തെയും തോല്പിച്ച്
കുടലില്‍നിന്നും നാവില്‍ അള്ളിപ്പിടിച്ചിരുന്ന
വിശപ്പിന്റെ വരണ്ടൊരു ഗന്ധമുണ്ടായിരുന്നില്ലേ
അതാണുന്നു വരേയ്ക്കും
ഓടിച്ചോടി പ്പോന്ന കവിതയെന്നും


images


എന്ന് പറയുമ്പോള്‍ ആത്മകഥ ഉള്ളിലെ കവിതയുടെ ജാതകകഥ തന്നെയാകുന്നു. ഭൂതവും ബന്ധവുമാണ് കവിത. സാധാരണത്വത്തെ അസാധാരണമാക്കുന്ന ആധുനികോത്തര കവിതയുടെ ഇമേജിസ്റ്റ് സ്വഭാവം ചില കവിതകള്‍ തെളിഞ്ഞു കാണിക്കുന്നു.


നിശ്ശബ്ദത തന്നടരുകള്‍-
ക്കാഴമേറ്റിക്കൊണ്ടയലത്തെ
എരുമയുടെ അപകര്‍ഷമായൊരൊമറല്‍.


വൈകുന്നേരങ്ങള്‍ ഇടപെടുന്ന വിധം എന്ന ഈ കവിത ഇന്ദ്രിയാനുഭവങ്ങളിലൂടെ ദൈനംദിനത്വത്തിന്റെ സൗന്ദര്യബോധം പ്രകടമാക്കുന്നു. എസ്.ജോസഫിന്റെ കവിതയിലും മറ്റും കാണുന്ന കാവ്യഭൂപടനിര്‍മാണ വൈഭവമാണ് ഇവിടെ വെളിവാകുന്നത്. പക്ഷെ അല്പം കൂടി ആഖ്യാനപരതയുണ്ട് യേശുദാസിന്.
ബന്ധങ്ങളുടെ ആഹ്ലാദവേദനകളുടെ ആഴങ്ങളില്‍ തൊടാന്‍ പര്യാപ്തമാണ് യേശുദാസിന്റെ ബിംബങ്ങള്‍.


നീ എനിക്കും
ഞാന്‍ നിനക്കും
ആത്മഹത്യയ്ക്കു മുമ്പു വായിക്കേണ്ട പുസ്തകം ( ഞാന്‍ വായിച്ചറിയാന്‍ നിനക്ക്)
എന്നു പറയുമ്പോള്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞുവെക്കുന്നു.
എന്റമ്മോ എന്റമ്മോ
എത്ര മാത്രമള്ളിപ്പിടിച്ചിരിക്കുന്നു
ഈ വിധം നാറിയ വേണ്ടാതീനത്തിനെ
( പാഞ്ഞു പിടിച്ചൊരു ജീവിതം)


images (5)


എന്നു ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ ദാര്‍ശനികമായ ഒരു ശാന്തഭാവമുണ്ട്. പക്ഷെ കവിത പുതിയ കാലത്തിന്റേതാണ്. അതിനാല്‍ അത് അവസാനിക്കുന്നത് ഇങ്ങനെയാണ്:


ഓം അശാന്തിഹിഹിഹി


യൗവനം പിന്നിടുമ്പോള്‍ കിട്ടുന്ന ചില തെളിച്ചങ്ങളുണ്ട്. മഹത്വങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാം പറഞ്ഞ ഒഴികഴിവുകള്‍ നമ്മുടെ ഭീരുത്വമായിരുന്നു എന്ന തിരിച്ചറിവാണ് അതിലൊന്ന്.


ഇന്നു നോക്കുമ്പോള്‍
എനിക്കൊന്നുമങ്ങനെ
വെടിയുവാനാവില്ലെന്നും
ചിറകുകളില്‍
ഭയത്തിന്റെ ആഴമാണെന്നും


United-Colours-of-Art


ബുദ്ധനോട് ഇപ്പോള്‍ കവിക്ക് ( നമുക്ക് ) ഏറ്റു പറയേണ്ടി വരുന്നു. ,സാധാരണതകള്‍ നല്‍കുന്ന തിരിച്ചറിവു തന്നെ ഇത്.
ഗൃഹാതുര ഭൂതത്തെ കൊണ്ടു വരുന്നതില്‍ വൈലോപ്പിള്ളി സ്പര്‍ശമുണ്ട്. ഒരൊറ്റ ബിംബത്തിന്റെ ചുന മതി ഒരു കാലം മുഴുവന്‍ കൊണ്ടുവരാന്‍ എന്നതിന് ഉദാഹരണമാണ് ‘ഒരു മാവിന്റെ ഓര്‍മയ്ക്ക്’


ചുന വീണു നീര്‍കെട്ടിയ കണ്‍കള്‍
എന്നതില്‍ ഒരു കാലം, ഒരു നാട്, ഒരു പരിസ്ഥിതി മുഴുവന്‍ ഒളിച്ചിരിക്കുന്നുണ്ട്.
മണ്ണിന്റെ മുറിവില്‍ ഞാന്‍ കഥ കെട്ടുപോയവനായ്
മക്കളുമായ് നില്ക്കുന്നു, കിളികള്‍ക്കും
ചെടികള്‍ക്കും മറു വാക്കുകളില്ലാതെ


കൂടുതല്‍ വിസ്തരിക്കാതെ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ മൂര്‍ച്ച കൂടുമായിരുന്നുവെന്ന് തോന്നിക്കുന്ന കവിതകളിലൊന്നാണിത്. ~
ദാമ്പത്യത്തിലെ ഋതുഭേദങ്ങളെ വരക്കുന്നതിലും ഒരു വൈലോപ്പിള്ളിയന്‍ സത്യദര്‍ശന നിഷ്ഠയുണ്ട്. കുത്തുവാക്കുകള്‍ കൊണ്ട് കണ്ണു നനയിക്കുന്നതിലെ സന്തോഷം. ഈ പുതു നാഗരിക ദാമ്പത്യത്തില്‍ അതിന്റെ പ്രകാശനം പക്ഷെ അല്പം വ്യത്യസ്തമാണ്.


images (6)


പണ്ടൊക്കെപ്പിരിഞ്ഞതോ
ഒന്നിക്കാനാശിച്ചല്ലോ
പിരിയാനാശിച്ചിന്നോ
ഒന്നിച്ചു വീടെത്തുന്നു.
( നമ്മുടെ നേരങ്ങള്‍)


സാധാരണത്വത്തില്‍ നിന്ന് വലിയ മുഴക്കങ്ങളില്‍ അവസാനിക്കുന്നതാണ് ചില കവിതകള്‍. മടുപ്പിനെ വിവിധ പോസുകളില്‍ വര്‍ണ്ണിച്ചതിനു ശേഷം അത് അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്.


മടുപ്പ് തൊട്ടതില്‍പ്പിന്നെയാണ്
ഗൗതമന്‍ ബുദ്ധനായത്
ക്രിസ്തു മനുഷ്യപുത്രനായത്
ഗാന്ധി ഗാന്ധിജിയായത്
മടുപ്പ് നമ്മെക്കുറിച്ചുള്ള വലിയ തോന്നലാണ്.


ഇത്തരം സൂഫി, സെന്‍ ബുദ്ധിസ്റ്റ് സ്പര്‍ശങ്ങള്‍ യേശുദാസിന്റെ കവിതയെ ഒരേ സമയം മണ്ണില്‍ നിര്‍ത്തുകയും വിണ്ണിലേക്കുയരുന്നതിനുള്ള ചിറകു നല്‍കുകയും ചെയ്യുന്നു. അറിയുന്നതില്‍ തുടങ്ങി അറിയാത്തതില്‍ ചെന്ന് അവസാനിക്കുന്നു. ബാക്കി എന്ന ആദ്യസമാഹാരത്തില്‍ നിന്ന് പുതിയ സമാഹാരത്തിലേക്കെത്തുമ്പോള്‍ യേശുദാസിന്റെ കവിത കൂടുതല്‍ സാന്ദ്രവും ബഹുതലമുള്ളതും ധ്വന്യാത്മകവുമായി മാറിയിരിക്കുന്നു.


images (8)


ഭാഷയുടെ മരണം എല്ലാ നന്മകളുടെയും മരണമാണെന്ന തിരിച്ചിറിവാണ് ഒരു വായനക്കാരന്‍ ഈ കവിതാ സമാഹാരം താഴെ വെക്കുക. ഇവിടെയെത്തുമ്പോള്‍ കവി നിസ്സംഗനായ കാഴ്ചക്കാരനല്ല, ലോകത്തെ സൃഷ്ടിക്കുന്ന പ്രജാപതിയുടെ തുടര്‍ച്ച വഹിക്കുന്നവനാണ്. മയക്കോവ്‌സ്‌കിയുടെ താളത്തില്‍ മലയാളത്തിന്റെ സമരഭാഷയാണ് അവിടെ നാം വായിക്കുക
ചൂഷിതര്‍ കടന്നു വരുന്നു; ദു:ഖിതരും.


നെഞ്ചില്‍ തറഞ്ഞു കയറി-
ത്തുരുമ്പിച്ച ഇംഗ്ലീഷു കത്തിയെ
വലിച്ചെടുക്കുന്നു. ( സമര മലയാളം)


കാടും പുഴയും ഭാഷയിലാണ് അതിജീവിക്കുന്നതെന്ന തിരിച്ചറിവ് കവിതയെ സമരോന്മുഖമാക്കുന്നു. കവിയുടെ കാലബോധം ഒരു സമരബോധമായിരുന്നുവെന്ന് നാം തിരിച്ചറിയുന്നു. ആഴത്തിലുള്ള ഓര്‍മ തന്നെയാണ് കവിതയുടെയും സംസ്‌കാരത്തിന്റെയും വ്യക്തിത്വം എന്നതു നമ്മെ ബോധ്യപ്പെടുത്തുന്നു. തന്നെ തൊട്ടുപോയ ഒന്നിനെയും മറക്കാന്‍ മനസ്സില്ലാത്ത ഈ കവി ഈ സമരോന്മുഖത കൊണ്ടു കൂടിയാണ് ഒറ്റയാനും വ്യത്യസ്തനുമാകുന്നത്. തുരുമ്പിച്ച ഇംഗ്ലീഷു കത്തിയുടെ വലിച്ചെടുക്കലാണ് കവിത. അപ്പോള്‍ ഹൃദയം വീണ്ടും മിടിക്കുകയും കാഴ്ചകള്‍ക്കും വീണ്ടും ജീവന്‍ വെക്കുകയും ചെയ്യുന്നു. സംസ്‌കാരത്തിന്റെ ഇത്തരമൊരു വീണ്ടെടുപ്പ് യേശുദാസിന്റെ കവിതയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒട്ടുചെടിയാവാന്‍ അത് വിസമ്മതിക്കുന്നു.