M Jayachandran

മട്ടുപ്പാവില്‍ കൃഷി ചെയ്യാം ; ലളിതമാര്‍ഗ്ഗങ്ങളിലൂടെ
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കീടനാശിനി പ്രയോഗം കഴിഞ് വാടിയുണങ്ങിയെത്തുന്ന പച്ചക്കറികള്‍ക്കു പകരം നല്ല ഒന്നാംതരം ഫ്രഷ് പച്ചക്കറികള്‍ നമുക്കു സ്വന്തമായി വിളയിച്ചെടുത്താലോ. നാലു വര്‍ഷമായി വെറും മൂന്നു സെന്റിനുള്ളിലെ മട്ടുപ്പാവില്‍ എല്ലാവിധ പച്ചക്കറികളും വിളയിച്ചെടുത്ത സ്വന്തം അനുഭവത്തില്‍ നിന്നും പറയട്ടെ വീട്ടാവശ്യം കഴിഞ്ഞ്  സുഹൃത്തുക്കള്‍ക്കും പച്ചക്കറി വാങ്ങാന്‍ പാങ്ങില്ലാത്തവര്‍ക്കുമടക്കം അത് പങ്കുവെയ്ക്കാനാകുന്നത് ഏറെ സന്തോഷം പകരുന്നു.



വിത്തു വിതച്ച്  ദിവസവും വെള്ളമൊഴിച്ചാല്‍ മാത്രം ഫലമുണ്ടാകില്ല.  ദിവസവും അര മണിക്കൂറെങ്കിലും അവയെ പരിപാലിയ്ക്കാനാകണം. ചാണകപ്പൊടി, ചകിരിച്ചോറ്, വേപ്പിന്‍ പിണ്ണാക്ക്, സ്യൂഡോമോണസ് എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയ ശേഷം ഗ്രോബാഗിന്റെ പകുതിക്കു താഴെ നിറയ്ക്കണം. വിത്തുകള്‍  മൂന്നു നാലു മണിക്കൂര്‍ അല്പം സ്യൂഡോമോണസ് ചേര്‍ത്ത വെള്ളത്തില്‍ കുതിര്‍ത്തു വെച്ച ശേഷം  തുണിയില്‍ കെട്ടിവയ്ക്കണം., നാലു  മണിക്കൂറിനു ശേഷം ഇതു  നടാവുന്നതാണ്.



പാകേണ്ട വിത്തുകളും ഇതുപോലെതന്നെ ചെയ്യാം. തൈകള്‍ പറിച്ചു നടുന്നതിന്  വൈകുന്നേരമാണ് അനുയോജ്യമായ സമയം. ഗ്രോബാഗുകള്‍ കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ & ഫ്രൂട്ട്സ് പ്രമോഷ ന്‍ കൗണ്‍സില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാന്‍ കിട്ടും. കൃഷി ഭവനില്‍ നിന്നും കോര്‍പ്പറേഷനില്‍ നിന്നും സബ്‌സിഡി നിരക്കില്‍ 500 രൂപ അടച്ചാല്‍ 25 ഗ്രോബാഗുകള്‍ മട്ടുപ്പാവില്‍ കൊണ്ടു വച്ചു തരുന്നതാണ്. ഗ്രോബാഗുകളില്‍ തൈകള്‍ നട്ട് ഒരാഴ്ച്ച  തണലുള്ള ഭാഗത്ത് വയ്ക്കണം.  അതിനുശേഷം മട്ടുപ്പാവില്‍ വച്ചാല്‍ മതിയാകും, ഇത് നന്നായി വേരു പിടിക്കാന്‍ സഹായിക്കും. ഈ സമയം രണ്ടു നേരം ചെറുതായി നനച്ചു കൊടുക്കണം.



മട്ടുപ്പാവില്‍ വയ്ക്കുപോള്‍ രണ്ട് ഇഷ്ടികകള്‍ക്കു  മുകളിലോ , ചിരട്ടകള്‍ സജ്ജീകരിച്ച്  അതിനു മുകളിലോ വേണം വയ്ക്കാന്‍. ബാഗുകള്‍ തമ്മില്‍ രണ്ടടിയെങ്കിലും അകലം ഉണ്ടാകണം. ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ (കനം കുറഞ്ഞ ഇലകള്‍) കൊണ്ട് പുതയിടുന്നത്  കളകളെ അകറ്റാനും അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകാതിരിക്കാനും  നല്ലതാണ്.


പ്രതിദിനം  ചെയ്യേണ്ടവ -


തിങ്കള്‍


തിങ്കളാഴ്ച ചെയ്യേണ്ടത് ജൈവവളം ചെടികളുടെ ചുറ്റും ഇടുകയോ ഒരുകപ്പ് ജൈവവളം പത്തു കപ്പ് വെള്ളത്തില്‍ കലക്കി ഒഴിക്കുകയോ ചെയ്യാം.


ചൊവ്വ


വെള്ളം ഒഴക്കുക മാത്രം മതിയാകും


ബുധന്‍ 


അഞ്ചു ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം . സ്യൂഡോമോണസ് കടകളില്‍ വാങ്ങാന്‍ കിട്ടും ചെടികളുടെ ആരോഗൃത്തിനും കീടരോഗങ്ങളെ ചെറുക്കുന്നതിനും  ഇത് നല്ലതാണ്.



വ്യാഴം 


അര ബക്കറ്റ് പച്ച ചാണകവും ഒരു കിലോ കടലപിണ്ണാക്കും ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കി മൂന്നു നാലു ദിവസം വച്ചതിനുശേഷം അതില്‍ നിന്നും ഒരു കപ്പിന് മൂന്നു കപ്പ് വെള്ളം എന്ന ക്രമത്തില്‍ ചേര്‍ത്ത് ഒഴിച്ചു കൊടുക്കുക (ഒരു ചെറിയ ചെടിക്ക് അര കപ്പ്).


വെള്ളി


വെള്ളം നന മാത്രം മതിയാകും.


ശനി


അമിനോ ആസിഡ് തളിക്കാം ഇതുണ്ടാക്കാന്‍ ഒരു കിലോ മത്തിയും ഒരുകിലോ ശര്‍ക്കരയും ചേര്‍ത്ത് പാത്രത്തില്‍ നന്നായി അടച്ചു സൂക്ഷിക്കുക പതിനഞ്ച് ദിവസം കഴിയുപോള്‍ വൈന്‍ പോലുള്ള ദ്രാവകം അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു മില്ലീലിറ്റര്‍ ചേര്‍ത്ത് തളിയ്ക്കണം. കീടനിയന്ത്രണത്തിനും നല്ല കായ്ഫലം കിട്ടുന്നതിനും ഇത് ഉത്തമമാണ്.



ഞായര്‍ 


ഞായറാഴ്ച ദിവസം ജൈവ കീടനാശിനി പ്രയോഗിക്കാം വേപ്പിന്‍ സത്ത് അഞ്ചു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളുടെ അടിയില്‍ സ്പ്രേ പെയ്യണം. ഗോമൂത്രവും നല്ലൊരു കീടനാശിനി ആണ്. ഒരു കപ്പ് ഗോമൂത്രം അഞ്ചു കപ്പ് വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ രണ്ടു ദിവസം തളിച്ചു കൊടുക്കാം. കൂടാതെ ചെടികള്‍ നട്ട് മൂന്നാഴ്ച ആകുമ്പോള്‍ ഓരോ സ്‌പൂണ്‍ യൂറിയ ചെടികളുടെ മൂട്ടില്‍ നിന്നും മാറ്റി ചുറ്റിനൂം മണ്ണു കണ്ടിമാറ്റി ഇട്ട് മണ്ണിട്ട് മൂടണം . (യൂറിയ കീടനാശിനി അല്ല) അല്ലെങ്കില്‍ കോഴിക്കാരം ആയാലും മതി യൂറിയയോ കോഴിക്കാരമോ ഇട്ട ശേഷം നാലു ദിവസം രണ്ടോ മൂന്നോ നേരം നന്നായി നനച്ചു കൊടുക്കണം.


ചെടികളോടൊപ്പം   കുറച്ചു സമയമെങ്കിലും  ചിലവഴിയ്ക്കണം.  പടര്‍ന്നു തുടങ്ങുന്നവയെ കമ്പ് വള്ളികള്‍ എന്നിവയില്‍ പടരാന്‍ പാകത്തിന് കെട്ടികൊടുക്കണം.  മുഞ്ഞബാധയുണ്ടോ എന്ന് ഓരോ ചെടിയുടെയും ഇലകള്‍ക്കടിയില്‍ പരിശോധിച്ച് ഉണ്ടെങ്കില്‍ അവയെ സ്പോഞ്ച് ഉപയോഗിച്ച് തുടച്ചു കളയണം.  ഈവിധത്തില്‍ നമുക്ക് നാടിനെ ആരോഗ്യ സമ്പൂര്‍ണ്ണമാക്കാം. പച്ചക്കറി ഉത്പ്പാദനത്തിന്റെ മേഖലയില്‍ സ്വയംപര്യാപ്തമാകാം.



 ----

മട്ടുപ്പാവിലെ പച്ചക്കറികൃഷിയിലൂടെ മാതൃകയായ  എം ജയചന്ദ്രന്‍ കേരളാ പോലീസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. ബന്ധപ്പെട്ട കൃഷി രീതി പ്രചരിപ്പിയ്ക്കുന്നതിന് ഗ്രോബാഗുകളുടെ  സൗജന്യമായ വിതരണമടക്കം വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കുന്നു. പ്രതിഫലം നല്‍കണമെന്ന നിര്‍ബന്ധം ഉള്ളവര്‍ക്കായി  മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന ബുദ്ധിമുട്ടനുഭവിയ്ക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും   ഭക്ഷണം ഉറപ്പാക്കുന്നതിനായി വിനിയോഗം ചെയ്യുന്നതിന് വീട്ടില്‍ തന്നെ ഒരു നിക്ഷേപ സമാഹരിണി  സജ്ജീകരിച്ചിട്ടുണ്ട്.  അതില്‍ ഇഷ്ടമുള്ള തുക നിക്ഷേപിയ്ക്കാം. ഗ്രോബാഗുകളില്‍ കൃഷി ചെയ്യുപോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സഹായത്തിനും നേരില്‍ ബന്ധപ്പെടാം - നമ്പര്‍  9847607048