P Pradeep

മാനവികതയുടെയും ജനാധിപത്യത്തിന്റെയും 'ജനോത്സവം'

പി. പ്രദീപ്


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ ഈ വര്‍ഷം ഏറ്റെടുത്ത ബഹുജനക്യാമ്പയിനാണ് ജനോത്സവം. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കുംവേണ്ടി ബോധപൂര്‍വം ജനങ്ങളെ അണിനിരത്തി കേരളത്തിലെമ്പാടും നിരവധി പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. മുഴുവന്‍ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടൂകൂടിയാണ് ഈ പ്രവര്‍ത്തനം പരിഷത്ത് ഏറ്റെടുക്കുന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് തുടക്കംകുറിച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ സാംസ്‌കാരികോത്സവങ്ങളായാണ് ഇവ സംഘടിപ്പിക്കുന്നത്.നമ്മുടെ രാജ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചോദ്യംചെയ്യാനും വിമര്‍ശിക്കാനുമുള്ള ധൈര്യത്തെ ഇല്ലായ്മ ചെയ്തും അതിനു തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലചെയ്തുമാണ് ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യ ബോധവുമെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. ദേശീയതയുടെ പേരില്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ജനങ്ങളുടെ ധൈര്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ നിലനില്‍പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. ഈയൊരു സവിശേഷ സാഹചര്യത്തില്‍ എക്കാലത്തേക്കാളും ശാസ്ത്രബോധത്തിന്റെയും സാമൂഹ്യനീതിയുടെയും സുസ്ഥിര വികസനത്തിന്റെയും മതനിരപേക്ഷതയുടെയും ഉദാത്തമൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയായി പരിഷത്ത് കരുതുന്നു. വര്‍ഗീയഫാസിസം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് യുക്തിചിന്തയെയും വിമര്‍ശനാത്മകതയെയും മതനിരപേക്ഷസംസ്‌കാരത്തെയുമാണ്.വിഭജനമഹാസംരംഭങ്ങളുടെ ഈ ഇരുണ്ട കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി സര്‍വതലത്തിലുമുള്ള ജനകീയ പങ്കാളിത്തത്തോടെ ബോധപൂര്‍വം ഇടപെടാനായാല്‍ മാത്രമേ ഫാസിസ്റ്റ് പ്രതിരോധം സാധ്യമാകൂ. ഇതിനായി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണ്ടതുണ്ട്. മുഴുവന്‍ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം ഇതിന്നാവശ്യമാണ്. ജനോത്സവത്തെ അതിനുള്ള പ്രക്രിയ ആയിട്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാണുന്നത്. ശാസ്ത്രകലാജാഥയില്‍ നിന്ന് ജനോത്സവത്തിലേക്ക് കഴിഞ്ഞ മൂന്നുദശകത്തിലേറെക്കാലമായി, കേരള ശാസ്ത്രസാഹി ത്യപരിഷത്ത് ശാസ്ത്രാഭിമുഖ്യവും സമഗ്രാവബോധവും അടിസ്ഥാനമാക്കി ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കലയുടെ മാധ്യമം സ്വീകരിക്കാന്‍ തുടങ്ങിയിട്ട്. ആശയപ്രചരണത്തിന് പരിഷത്ത് പ്രയോജനപ്പെടുത്തിയിട്ടു ള്ള വിവിധ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രകലാജാഥകള്‍. 1970കളില്‍ പരിഷത്തിന് സമൂഹത്തോട് പറയാന്‍ വെമ്പിയ കാര്യങ്ങള്‍ ഒരു സംഘം പ്രവര്‍ത്തകര്‍ അവര്‍ക്ക് പരിചിതമായ അവതരണരീതികളിലൂടെ പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കേരളയാത്രയുടെ അനുഭവമാണ് പിന്നീട് കലാജാഥയായി ചിട്ടപ്പെട്ടത്. ശാസ്ത്രകലാജാഥകള്‍ കേരളീയ സാംസ്‌കാരികാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. സംഘടനയുടെ വിപുലീകരണത്തിനും ജനകീയതക്കും ഇടയാക്കിയ പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യമുള്ള ഒന്നാണ് ശാസ്ത്രകലാജാഥ. മാറിയ കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ കലാജാഥകളിലൂടെ ആവിഷ്‌കരിക്കുന്ന പ്രമേയങ്ങളും ആശയങ്ങളും നാം ആഗ്രഹിക്കുന്ന അളവില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ലെന്ന് തിരിച്ചറിയുന്നുണ്ട് ഇന്ന്. ഈ പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമത്തിന് ശാസ്ത്രസാം സ്‌കാരികോത്സവങ്ങളിലൂടെ നാം തുടക്കമിട്ടിരുന്നു. ജനസാമാന്യത്തിലേ ക്കും വിശേഷിച്ച് യുവതലമുറയിലേക്കും ശാസ്ത്രാവബോധത്തിലും സമഗ്ര വീക്ഷണത്തിലും ഊന്നിയ പരിഷത്ത് ആശയങ്ങള്‍ എത്തിക്കുന്നതിന് പുതിയ ആവിഷ്‌കാര രീതികള്‍ പരീക്ഷിച്ചേ മതിയാകൂ. അതാകട്ടെ ഏകരൂപഘടനയില്‍ കേന്ദ്രീകൃതമായി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതാവുകയും വയ്യ.സാംസ്‌കാരികരംഗത്തും കലാരംഗത്തും വന്നുകൂടിയ അശാസ്ത്രീയവും പ്രതിലോമകരവും മാനവവിരുദ്ധവുമായ ആശയങ്ങളും സമീപനങ്ങളും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്. തീര്‍ത്തും നിര്‍ദോഷമെന്ന് കരുതുന്ന ഫലിതപ്രയോഗങ്ങള്‍ മുതല്‍ എന്റര്‍ടെയ്‌നര്‍ എന്ന ഗണത്തില്‍പെടുന്ന വലിയ ആവിഷ്‌കാരങ്ങള്‍ വരെ പ്രതിലോമപരവും അശാസ്ത്രീയവും പിന്തിരിപ്പനുമായ പൊതുബോധസൃഷ്ടിക്ക് കാരണമാവുന്നുണ്ട്. ഇത് തികച്ചും ബോധപൂര്‍വ്വം നിഷ്‌കളങ്കനാട്യത്തില്‍ നിക്ഷിപ്തതാല്പര്യങ്ങളുടെ സൃഷ്ടിയാണ്. സാംസ്‌കാരികരംഗത്തും കലാരംഗത്തും സമഗ്രവും ശാസ്ത്രീയവുമായ ഇടപെടലിനുള്ള പ്രസ്ഥാനമല്ല പരിഷത്ത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സാംസ്‌കാരിക, കലാപ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ ജനകീയതക്കും ശാസ്ത്രബോധമുള്ള സമൂഹത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് പരിഷത്ത് മാത്രമേയുള്ളൂ. പരിഷത്ത് മുന്നോട്ടുവെക്കുന്ന ആശയങ്ങളും ദര്‍ശനങ്ങളും കലാസാംസ്‌കാരിക മേഖലയിലേക്ക് സംക്രമിപ്പിക്കുന്ന ദൗത്യമാണ് നമുക്കുള്ളത്.നാലുപ്രധാനമായ കലാമേഖലകളില്‍ നടത്തിയ പണിപ്പുരകളിലൂടെയാണ് 'നമ്മള്‍ ജനങ്ങള്‍' -ജനോത്സവപരിപാടിയുടെ ഉള്ളടക്കം രൂപപ്പെട്ടത്. നാടകം, പാട്ട് , സിനിമ, വര എന്നീ കലാമേഖലകളിലെ പുതിയ അന്വേഷണങ്ങള്‍ പരിചയപ്പെടാനും ശാസ്ത്രബോധവും മാനവിക കാഴ്ചപ്പാടും ഉള്‍ക്കൊള്ളുന്ന കലയുടെ ജനാവിഷ്‌കാര തലത്തിലേക്ക് അവയെ കൊണ്ടുവരാനും ഉള്ള അന്വേഷണമായിരുന്നു ഓരോപണിപ്പുരയും. ഈ പാഠശാലകളുടെ തുടര്‍ച്ചയായി നടക്കേണ്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ജില്ലാതലത്തിലും മേഖലാതലത്തിലും രൂപപ്പെട്ടുവരുന്നത്. ഇത്തരം കൂടിയിരുപ്പുകള്‍ സാംസ്‌കാരികപാഠശാലകളായാണ് പരിഷത്ത് സംഘടിപ്പിക്കുന്നത്. ജനോത്സവങ്ങള്‍ ഇത്തരം സംഗമങ്ങളിലാണ് വിഭാവനം ചെയ്യപ്പെടുന്നത്. അത് ജനകീയമായ ആവിഷ്‌ക്കാരങ്ങളുടെ ഉത്സവമാകുന്നതോടൊപ്പം പരിഷത് ദര്‍ശനങ്ങളുടെ പ്രകാശനം കൂടിയാണ്. നിശ്ചയമായും അത് കലാസാംസ്‌കാരിക രംഗത്ത് നടക്കേണ്ട പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും സഹായകമാവുകതന്നെ ചെയ്യും. പരിഷത്ത് മുന്നോട്ടുവെക്കുന്ന സമഗ്രവും ശാസ്ത്രീയവുമായ വീക്ഷണങ്ങളും ആശയങ്ങളും ആവിഷ്‌കാരവിഷയമാക്കിക്കൊണ്ടാണ് അവതരണതലത്തില്‍ വൈവിധ്യവല്‍ക്കരണം സാധിക്കേണ്ടത്. എന്നാലതിന് നിശ്ചിതമായ ഒരു രൂപമോ ഘടനയോ അടിച്ചേല്‍പ്പിക്കുന്ന രീതിയില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം തീര്‍ത്തും വികേന്ദ്രീകൃതമാണ്. പരിഷത്ത് പ്രവര്‍ത്തനത്തിന്റെ വിവിധമേഖലകളിലെ ആശയങ്ങള്‍ (പരിസരം, വികസനം, ജെന്റര്‍, വിദ്യാഭ്യാസം, ബാലവേദി തുടങ്ങിയ മേഖലകളിലെ) അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം പ്രമേയമായി ട്ടുള്ള അവതരണങ്ങള്‍ അതാതിടങ്ങളിലെ പ്രായോഗിക സാധ്യതകള്‍ പ്രയോജനപ്പെടുത്തി രൂപപ്പെടുത്തണം.സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് കലാസാഹിത്യ പ്രവര്‍ത്തനങ്ങളും മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, പുതിയ ജീവിതരീതിയുടെ സൃഷ്ടികൂടിയാണ്. സമൂഹത്തിന്റെ പൊതുബോധത്തെയും ശീലങ്ങളെയും മാറ്റാനുതകും വിധം ദൈനംദിന ജീവിതത്തിലുള്ള ഇടപെടലാണത്. സംസ്‌കാരത്തിലുള്ള ഇടപെടലാണ്. ഒരുകാലത്ത് ഇല്ലായ്മയിലും ഇരുട്ടിലുമാണ്ടു കിടന്ന, സ്വാമിവിവേകാന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച ഒരു സാമൂഹിക ഘടനയില്‍നിന്നും അമര്‍ത്യ സെന്നിനെപ്പോലുള്ളവര്‍ സവിശേഷമായ വികസനമാതൃകയെന്നു വിശേഷിപ്പിച്ച ആധുനിക കേരളമായി നാട് പരുവപ്പെട്ടതില്‍ ഒരുപാട് ഘടകങ്ങളുടെ പങ്കുണ്ട്. നവോത്ഥാന നായകരും എഴുത്തുകാരും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസമേഖലയിലിടപെട്ട മിഷണറിമാരും ഗ്രന്ഥശാലാ പ്രവര്‍ത്തകരുമൊക്കെ സൃഷ്ടിച്ച സാംസ്‌കാരിക നവോത്ഥാനവും അതിലൂടെ രൂപം കൊണ്ട പൊതു മനോഭാവങ്ങളും ജീവിത രീതികളും കേരളസമൂഹത്തെ മാറ്റിപ്പണിയുന്നതിന് വലിയ പങ്കുവഹിച്ചുവെന്നത് തര്‍ക്കരഹിതമായ വസ്തുതയാണ്. എന്നാല്‍ അതില്‍നിന്നു മുന്നോട്ടുപോയി മതേതരത്വം, ജനാധിപത്യ ജീവിതരീതി, സമത്വം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രീയവീക്ഷണം തുടങ്ങി ആധുനികവും പുരോഗമനപരവുമായ ഒരു സാമൂഹികഘടനയ്ക്കുവേണ്ടുന്ന സാംസ്‌കാരികശീലങ്ങളും മൂല്യങ്ങളും കൂടുതല്‍ ഫലപ്രദമായി രൂപപ്പെട്ടുവരുന്നില്ല എന്നുമാത്രമല്ല പലതിലും പിന്നാക്കം പോവുകയുമാണ് ഇന്ന്.കൂട്ടായ ജീവിതവ്യവഹാരങ്ങളുടെ ആവശ്യകത ഒട്ടും തിരിച്ചറിയാത്ത, അതിനെ നിഷേധിക്കുന്നതരം വ്യക്തിപരതയും അമിതമായ ഉപഭോഗത്വരയും അലസജീവിതക്രമവും അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിയ ജീവിതശൈലികളും പ്രകൃതി-പരിസ്ഥിതിനാശ പ്രവര്‍ത്തനങ്ങളും വര്‍ഗീയവത്കരണവും പൊതു പ്രശ്നങ്ങളെക്കാള്‍ സ്വത്വപ്രശ്നങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന അവസ്ഥയും മാനവികമൂല്യങ്ങളുടെ നിരാസവുമൊക്കെശക്തി പ്രാപിക്കുന്ന അവസ്ഥയുണ്ട്. ഈ സാംസ്‌കാരികാവസ്ഥ പക്ഷെസ്വയമേവ രൂപംകൊള്ളുന്നതല്ല, മറിച്ച് കമ്പോളശക്തികളും വര്‍ഗീയവാദികളും ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിക്കുന്നതാണ്.കൂടുതല്‍ കൂടുതല്‍ കോര്‍പ്പറേറ്റ്വത്കരിക്കപ്പെടുന്ന മാധ്യമങ്ങളും മാധ്യമപരിസ്ഥിതിയും ഈ സാഹചര്യത്തിന്റെയും മനോഭാവങ്ങളുടെയുംസൃഷ്ടിയില്‍ വലിയ പങ്കാണ് വഹിക്കുന്നത്.പ്രത്യക്ഷത്തില്‍ എതിരാണെന്നു തോന്നുമ്പോള്‍ത്തന്നെ ഒരുതരം ചങ്ങാത്തം കമ്പോളവും വര്‍ഗീയതയുമായി രൂപംകൊള്ളുന്നുവെന്നതും സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവും. ഇതിന്റെ ഇരകളായിവേഗം മാറുന്നത് കേരളത്തിലെ നാല്പതു ശതമാനത്തോളം വരുന്നമധ്യവര്‍ഗമാണ്. പൊതു സംവിധാനങ്ങളിലൂടെയും ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയും ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഉയര്‍ന്നുവന്ന പ്രബലമായ മധ്യവര്‍ഗം പക്ഷേ വന്നവഴികള്‍ മറക്കുകയുംപൊതു സംവിധാനങ്ങളെ കൈയൊഴിയുകയും കൂട്ടായ്മയില്‍ നിന്ന്‌വ്യക്തിപരതയിലേക്കു ചുരുങ്ങുകയും പ്രതിലോമസാംസ്‌കാരികശീലങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഇന്ന് കേരളത്തില്‍കാണുന്നത്.വര്‍ധിച്ചുവരുന്ന മദ്യഉപഭോഗം, സ്വര്‍ണഭ്രമം, ഉയര്‍ന്ന നിരക്കിലുള്ളആത്മഹത്യ, കോര്‍പ്പറേറ്റ്- ആള്‍ദൈവങ്ങളുടെ വളര്‍ച്ച, ഉത്പാദനോപാധിയെന്ന നിലയില്‍നിന്നും വില്പനച്ചരക്ക് എന്ന നിലയിലേക്കുള്ള ഭൂവിനിയോഗത്തിലെ മാറ്റം തുടങ്ങി നിരവധി സൂചകങ്ങള്‍ ഇതിലേക്കുചൂണ്ടുന്നു. ആഗോളവത്കരണം സാധനങ്ങളുടെതായ വലിയ മാര്‍ക്കറ്റ് സൃഷ്ടിക്കുകയും തത്ഫലമായുള്ള ഉപഭോക്തൃപരത സമ്പന്ന-മധ്യവര്‍ഗത്തിന്റെ പുതിയ ആദര്‍ശവും സംസ്‌കാരവുമായി മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു. മത-ജാതി പ്രാദേശിക സ്വത്വങ്ങളില്‍ നിന്ന് ലഭിച്ചമൂല്യബ?ോധവുമായി പലപ്പോഴും പൊരുത്തപ്പെടാന്‍ കഴിയാത്ത ഭൗതികജീവിതതാത്പര്യങ്ങള്‍ അവരില്‍ പടരുകയാണ്. ഈ വൈരുധ്യം സൃഷ്ടിക്കുന്ന ആകാംക്ഷകളില്‍നിന്ന്, ഉദ്വേഗങ്ങളില്‍ നിന്നാണ് അന്ധവിശ്വാസങ്ങളിലേക്കും ആള്‍ദൈവങ്ങളിലേക്കും വര്‍ഗീയചേരിയിലേക്കും സ്വത്വമൗലിക വാദത്തിലേക്കും അവരെത്തുന്നത്. അതുകൊണ്ടുതന്നെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം മുഖ്യമായും വ്യക്തികളെ അവരുടെഒറ്റപ്പെട്ട സ്വത്വങ്ങളുടെ വിഹ്വലതകളില്‍നിന്നും അസംബന്ധവിശ്വാസങ്ങളില്‍നിന്നും സാമൂഹിക കൂട്ടായ്മകളുടെ അര്‍ത്ഥപൂര്‍ണിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന അവബ?ോധവും ജീവിതശൈലിയും അവരില്‍ സൃഷ്ടിച്ചെടുക്കുകയെന്നതാണ്.ഭക്ഷണം, പാര്‍പ്പിടം, വസ്ത്രധാരണം, തൊഴില്‍, സാമൂഹ്യമര്യാദകള്‍, തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഇടങ്ങള്‍, കലാസാഹിത്യ രംഗങ്ങളുള്‍പ്പെടെയുള്ള ആവിഷ്‌കാരരൂപങ്ങള്‍,ഔപചാരികവിദ്യാഭ്യാസം, ഭാഷ, മാധ്യമങ്ങള്‍, സാംസ്‌കാരികത്തനിമകള്‍, കായികസംസ്‌കാരം തുടങ്ങിയവയില്‍ സമഗ്രവും പരസ്പരബന്ധിതവും കണിശവുമായ ഇടപെടലുകളിലൂടെയുള്ള ഒരു ജനകീയസംസ്‌കാരത്തിന്റെ സൃഷ്ടിയിലൂടെ മാത്രമേ കേരളസമൂഹത്തെസാംസ്‌കാരികമായി പുന:സംഘടിപ്പിക്കുവാന്‍ കഴിയൂ. അത്തരമൊരുപ്രവര്‍ത്തനം തുടങ്ങേണ്ടതും ഊന്നേണ്ടതും പ്രാദേശികക്കളങ്ങളിലുംസമൂഹങ്ങളിലുമാണ്. എന്തെന്നാല്‍ ആഗോളവത്കരണവും കമ്പോളഭ്രമങ്ങളും വര്‍ഗീയതയും സ്വത്വവാദങ്ങളും സൃഷ്ടിക്കുന്ന സാംസ്‌കാ രികമാറ്റങ്ങള്‍ സംഭവിക്കുന്നത് പ്രാദേശിക സമൂഹങ്ങളിലാണ്. എന്നാല്‍സാംസ്‌കാരികരംഗത്തെ മാറ്റങ്ങള്‍ ഏതാനും വര്‍ഷം കൊണ്ടു സംഭവിക്കുകയില്ല, തുടര്‍ച്ചയായ ഇടപെടലുകള്‍ ആവശ്യമാണ്. ഈ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യം,മാനവികത, ശാസ്ത്രബ?ോധം എന്നീകേന്ദ്രപ്രമേയങ്ങളില്‍ ഊന്നിയാണ്കലയുടെ ജനാവിഷ്‌കാരം - ജനോത്സവപരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രബ?ോധവും യുക്തിചിന്തയും ഉയര്‍ത്തിപ്പിടിക്കുകസാംസ്‌കാരിക ശീലങ്ങള്‍ - നവോത്ഥാന കാലത്തില്‍നിന്നുമുന്നോട്ടുപോയി ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനാവശ്യമായ മൂല്യങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അന്ധവിശ്വാസങ്ങള്‍തള്ളിക്കളയല്‍, പൊതുമണ്ഡലത്തില്‍നിന്ന് ആള്‍ദൈവങ്ങളെ തിരസ്‌കരിക്കല്‍, ഉത്സവങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവയില്‍കാലോചിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ, കപടശാസ്ത്രങ്ങളെ തിരസ്‌കരിക്കല്‍, മൗലികവാദങ്ങള്‍, മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ആധുനികശാസ്ത്രീയ നേട്ടങ്ങള്‍ക്കെതിരെ(ഉദാ- വാക്സിന്‍ വിരുദ്ധപ്രചാരണം) നടക്കുന്ന പ്രചാരണങ്ങള്‍ഏശാത്തവിധം സമൂഹത്തില്‍ ശക്തമായ യുക്തിചിന്ത വളര്‍ത്തല്‍, പൊതുമണ്ഡലം മതനിരപേക്ഷമാക്കല്‍ തുടങ്ങിയവ.നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെ കടന്നുപോകുകയാണ്. ജനങ്ങളുടെ സൈ്വരജീവിതവും ജനാധിപത്യ അവകാശങ്ങളും ജീവിതപുരോഗതിയും വലിയതോതില്‍ ഹനിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഭരണഘടനയെയും ജനാധിപത്യഭരണവ്യവസ്ഥയെയും നോക്കുകുത്തിയാക്കിയാണ് ഇത് നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ വികസിച്ചുവന്ന മതേതര പൊതുമണ്ഡലവും ബഹുസ്വര ദേശീയതയും കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. വിശ്വാസപരമായ വിഭജനങ്ങള്‍ക്ക് ആക്കംകൂട്ടുന്നതിന് ഭരണകൂടം തന്നെ രംഗത്തിറങ്ങുന്ന ലജ്ജാകരമായ ഒരു സ്ഥിതിവിശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്. എല്ലാ മേഖലയിലും ഉള്ള ജനാധിപത്യ അന്വേഷണങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ ഫാസിസത്തിനെതിരെയുള്ള സമകാലിക രാഷ്ട്രീയ ദൗത്യത്തെ വിജയിപ്പിക്കാനാകൂ.ഫാസിസം ദേശീയതയ്ക്കുള്ളില്‍ ഒരപരഗണത്തെ എല്ലാ കാലത്തും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതും ആദിവാസികള്‍ക്കുംദലിതര്‍ക്കും എതിരെ ബ?ോധപൂര്‍വം അതിക്രമങ്ങള്‍ നടത്തുന്നതും ഇതേഅജണ്ടയുടെ ഭാഗമായാണ്. തങ്ങള്‍ നിരന്തരം എതിര്‍ത്തുപോന്ന ദേശീയപതാകയെയും ദേശീയഗാനത്തെയും തീവ്രഹൈന്ദവ ദേശീയതയുടെ അലങ്കാരങ്ങളാക്കി മാറ്റുന്ന മലക്കം മറിച്ചിലും ഇത്തരമൊരു അപരസൃഷ്ടിക്കായുള്ള ഫാസിസ്റ്റ് പദ്ധതിയാണ്. ബഹുജന പ്രതിഷേധങ്ങളോ രാഷ്ട്രീയമായ തിരിച്ചടികളോ തങ്ങളുടെ ധാര്‍ഷ്ട്യത്തിന് തെല്ലും ശമനമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകം ആദരിക്കുന്നശാസ്ത്ര പ്രചാരകര്‍ക്കെതിരെ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാരശക്തികള്‍ ഉറഞ്ഞുതുള്ളുന്നത്. ഒരു ഫാസിസ്റ്റ്ഭരണക്രമം സ്ഥാപിക്കുന്നതിനുള്ള അനുകൂല സന്ദര്‍ഭം കാത്തിരിക്കുന്നഈ വൈതാളിക സംഘം മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക കാര്യപരിപാടികള്‍ പൂര്‍ണമായും ദേശവിരുദ്ധവും ജനവിരുദ്ധവുമാണ്. എല്ലാമേഖലകളിലും വൈദേശിക മൂലധനത്തിന് അത് വാതില്‍ മലര്‍ക്കെതുറന്നിട്ടിരിക്കുന്നു. സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങള്‍ വിജയിക്കണമെങ്കില്‍ മതനിരപേക്ഷ രാഷ്ട്രീയധാരകള്‍ ശക്തിപ്പെടണം. ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും വഴികളില്‍ മനുഷ്യജീവിതങ്ങളെ പുനരാവിഷ്‌കരിക്കുന്നതിന് അറിവിന്റെ വികസ്വര ലോകങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനാധിപത്യം- ശാസ്ത്രബോധം -മാനവികത എന്നീ മൂല്യങ്ങളിലൂന്നിയുള്ള പ്രാദേശിക ഇടപെടലുകളുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്.പ്രസിദ്ധ പോപ്പ് സംഗീതജ്ഞന്‍ ജോണ്‍ ലെനന്‍ പറഞ്ഞ പോലെ നല്ല കലയുടെ ശത്രു ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം മിക്കപ്പോഴും ചീത്ത കലയല്ല, ശരാശരി കലയാണ് എന്നതായിരിക്കും. ആവര്‍ത്തനം മൂലമുണ്ടാകുന്ന മൂര്‍ച്ചക്കുറവാണ് ശരാശരി കലയെ ഉണ്ടാക്കുന്നത്. കലയിലെ തന്നെ ജനാധിപത്യ അന്വേഷണത്തിലൂടെ മാത്രമെ ഈ പ്രതിസന്ധിയെ മറികടക്കാനാകൂ.. കലാവിഷ്‌കാരത്തെ ജനാവിഷ്‌കാരമാക്കി പുതുക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ജനപങ്കാളിത്തത്തതില്‍, കൂട്ടായചിന്തയില്‍ രൂപപ്പെടേണ്ടതാണ്. ഫാസിസത്തിനെതിരെയുള്ള ജനാധിപത്യ അന്വേഷണങ്ങള്‍ അത്തരം ഇടപെടലുകളില്‍ക്കൂടി മാത്രമെ സാധ്യമാകൂ.