Dr Divya Chandrashobha

പെണ്‍ ദേഹങ്ങളാല്‍ നിയന്ത്രണം നഷ്ടമാകുന്നവര്‍ മുരുക്കു മരങ്ങളുടെ സേവനം പ്രയോജനപ്പെടുത്തട്ടെ

ജീന്‍സ്

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജെ.യേശുദാസ് നടത്തിയ സ്ത്രീവിരുദ്ധമായ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്യ്രത്തെ മാനിച്ചു കൊണ്ടു തന്നെ പറയട്ടെ പ്രതിലോമകരവും അനവസരത്തിലുള്ളതും അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളയേണ്ടതുമാണ്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അത് പുരുഷനെ പ്രലോഭിപ്പിക്കാന്‍ കാരണമാവുമെന്നും ഇന്ത്യന്‍ സംസ്കാരത്തിനു യോജിക്കാത്തതാണെന്നും മറക്കേണ്ടത് മറയ്ക്കണമെന്നുമാണ് യേശുദാസ് നടത്തിയ പ്രസ്താവന . സത്യത്തില്‍ ഇത് യേശുദാസിന്റെ മാത്രം കുഴപ്പമല്ല. സമൂഹത്തിലെ ഭൂരിഭാഗം പുരുഷന്‍മാരും സ്ത്രീകളും വിശ്വസിക്കുന്നത് സ്ത്രീയുടെ വസ്ത്രധാരണം സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നുതന്നെയാണ്. സ്ത്രീയെക്കുറിച്ച് സമൂഹത്തില്‍ നിലില്‍ക്കുന്ന മൂല്യബോധം പുരുഷകേന്ദ്രീകൃതമാണെന്നുമാത്രമല്ല, സവര്‍ണ്ണവും, മതകേന്ദ്രീകൃതവുമാണ്. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വളരെ തെറ്റായതും ഇടുങ്ങിയതുമായ സങ്കല്‍പങ്ങളാണ് മതങ്ങളും ഭരണകൂടവുമെല്ലാം ഊട്ടിയുറപ്പിക്കുന്നത്.സ്ത്രീകളണിയേണ്ട വസ്ത്രങ്ങളെക്കുറിച്ച് സിദ്ധാന്തങ്ങളുണ്ടാക്കുന്നത് അതുകൊണ്ടാണ്. ഷാളിടണം, പര്‍ദ്ദയിടണം ശരീരം മറയ്ക്കണം, ജീന്‍സിടരുത് എന്നൊക്കെ നിരന്തരം അനുശാസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതുസമയത്തും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ശരീരം പേറി നടക്കുന്നവളാണ് ഞാന്‍ എന്ന ബോധ(അബോധ)മാണ് പെണ്‍കുട്ടികളില്‍ ഈ അനുശാസനങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും ആത്മവിശ്വാസത്തിന്റെ ഒരു കണികയെങ്കിലും പെണ്‍ക്കുട്ടികളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കുന്നു.

നോട്ടം, നടത്തം, സംസാരം, വസ്ത്രം

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കു കാരണം സ്ത്രീകള്‍തന്നെയാണെന്ന ബോധവും സമൂഹത്തെ നയിക്കുന്നുണ്ട്. അവരുടെ നോട്ടം, നടത്തം, സംസാരം, വസ്ത്രം എല്ലാം പുരുഷനെ പ്രലോഭിപ്പിക്കുന്നതാണെന്നും കന്യാകത്വം നഷ്ടപ്പെട്ട പെണ്ണിന് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നുമാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. ഇങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍ക്കുട്ടി മരിക്കുന്നതു തന്നെയാണ് നല്ലത് എന്ന നിലയില്‍ പുരുഷാധിപത്യക്രമം വാതോരാതെ പറയുന്നത്. രാത്രി സമയത്ത് വീട്ടിലിരിക്കാതെ കൂട്ടുകാരുമൊത്ത് സിനിമ കാണാന്‍ പോയതു കൊണ്ടാണ് ഡല്‍ഹിയിലെ യുവതി കൂട്ടബലാത്സംഗത്തിനിരയായത് എന്നും അവള്‍ കൂട്ടുകാരു മൊത്ത് എന്തോ അരുതാത്തത് ചെയ്യുന്നത് കണ്ട് ഉത്തേജിതരായിട്ടാവാം ബലാത്സംഗം ചെയ്തിട്ടുണ്ടാവുക എന്നും പറയാന്‍ മാത്രം ധൈര്യം ഒരു പോലീസുകാരന്‍ കാണിക്കുന്നതും, ആണിന്റെ ഒരു ബീജം മതി പെണ്ണിനെ ഗര്‍ഭിണിയാക്കാന്‍ എന്നും പെണ്ണ് ഉയരത്തിന്‍ ചാടാന്‍ പാടില്ലെന്നും ചാടിയാല്‍ വീണ് ഗര്‍ഭപാത്രം പൊട്ടിപ്പോകുമെന്നും രജത്ത് കുമാര്‍മാര്‍ പ്രസംഗിക്കുന്നതും കോടതിയിലെ ബലാത്സംഗ കേസുകളിലുള്ള വിചാരണ മറ്റൊരു ബലാത്സംഗമായി മാറുന്നതും ചെറുത്തുില്‍പ്പിനൊടുവില്‍ ശരീരവും മനസ്സും തളര്‍ന്നു പോകുന്നത് കീഴടങ്ങലായി സ്ത്രീകള്‍ പോലും കരുതുന്നതും പുരുഷാധിപത്യ വ്യവസ്ഥിതിയുടെ മൂല്യങ്ങള്‍ വളരെ ആഴത്തില്‍ അവരില്‍ വേരുറച്ചു പോയതു കൊണ്ടാണ്

അരക്കുമുകളില്‍ വസ്ത്രമുടുക്കാന്‍ !

ജീന്‍സ് ഇന്ത്യയുടെ സംസ്കാരത്തിനു യോജിച്ച വസ്ത്രമല്ല എന്നു പ്രസ്താവിക്കുമ്പോള്‍ ഏതാണ് സംസ്കാരത്തിനു അുയോജ്യമായ വസ്ത്രമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എന്നുമുതലാണ് അരക്കുമുകളില്‍ വസ്ത്രമുടുക്കാന്‍ ഭാരതസ്ത്രീക്ക് അവകാശം ലഭിച്ചതെന്ന് ചിന്തിക്കേണ്ടതുണ്ട്. സവര്‍ണവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ശരീരം മറയ്ക്കാന്‍ പാകത്തില്‍ വസ്ത്രം അണിയാന്‍ സാധിച്ചിരുന്നത്. അപ്പോള്‍ വസ്ത്രം തന്നെ നിഷേധിക്കപ്പെട്ട് ഭൂരിഭാഗം വരുന്ന ഒരു ജനത നൂ റ്റാണ്ടുകളോളം ജീവിച്ചിരുന്നിടത്താണ് ഭാരതീയസംസ്ക്കാരത്തിനുയോജ്യമായ വസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നത്. വസ്ത്രം വാങ്ങാന്‍ പണമില്ലാതെ, ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകളുള്ള നാട്ടിലിരുന്നാണ് ഭാരതീയസംസ്ക്കാരത്തിനുയോജ്യമായ വസ്ത്രമുടുക്കുക തുടങ്ങിയ പ്രഘോഷണങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരവാദി വസ്ത്രധാരണമാണെങ്കില്‍ മൂന്നുവയസ്സ് മുതലുള്ള പെണ്‍കുഞ്ഞുങ്ങള്‍, ക്യാസ്ത്രീകള്‍, പര്‍ദ്ദയിടുന്നവര്‍, ഇന്ത്യന്‍ സംസ്കാരത്തിനുയോജ്യമായ വസ്ത്രം ധരിക്കുന്നവര്‍(ആ വസ്ത്രം ഏതാണെന്ന് യേശുദാസ് അടക്കമുള്ള സമാചിന്താഗതിക്കാരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നിവരോട് ചോദിക്കേണ്ടിവരും) എന്നിവരെല്ലാം ലൈംഗികഅതിക്രമങ്ങള്‍ക്കുള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് വിധേയരാകുന്നത് എന്തുകൊണ്ടാണ് ? മൂന്നുവയസ്സായ കുഞ്ഞിന്റെ ശരീരത്തില്‍ വരെ ലൈംഗികത ദര്‍ശിക്കുന്ന രോഗാതുരവും ക്രൂരവുമായ മസ്സ് എന്തുകൊണ്ടാണ് വിമര്‍ശിക്കപ്പെടാത്തത് ?

എന്ത് വസ്ത്രം ഏത് സമയത്ത് ധരിക്കണമെന്നത് ഓരോരുത്തരുടേയും സ്വാതന്ത്യ്രമാണ്/ അവകാശമാണ്. വസ്ത്രമിട്ടു നടന്നാലും വസ്ത്രമില്ലാതെ നടന്നാലും ഒരാള്‍ക്കും ഒരു സ്ത്രീയുടേയും ശരീരത്തില്‍ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുവാന്‍ പോയിട്ട് ഒന്നു നോക്കുവാന്‍ പോലുമുള്ള അവകാശമില്ല എന്നുപറയുവാുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. സ്ത്രീശരീരം കാണുമ്പോഴേക്കും ലൈംഗിക ഉത്തേജം വരുന്നവര്‍ക്കാണ് ചികിത്സവേണ്ടതും ആവശ്യമെങ്കില്‍ ചങ്ങലക്കിടേണ്ടതും. പെണ്‍ ദേഹങ്ങളാല്‍ നിയന്ത്രണം നഷ്ടമാകുന്നവര്‍ മുരുക്കു മരങ്ങളുടെ സേവനം പ്രയോജനപ്പെടുത്തട്ടെ. കാരണം ഞങ്ങള്‍ക്ക് , ജീവിക്കണം ; സ്വാതന്ത്രത്തോടെ, സാഭിമാനം, നിര്‍ലജ്ജം; സ്വയം പര്യാപ്തമായ്.

സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന ശ്രീ കെ ജെ യേശുദാസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അക്ഷരം മാസിക സംഘടിപ്പിക്കുന്ന സാമൂഹ്യ സര്‍വ്വേ


സ്ത്രീകള്‍ എന്തു ധരിക്കണം

സ്ത്രീകള്‍ ജീന്‍സ് ധരിക്കാമോ

സ്ത്രീകളുടെ വസ്ത്രങ്ങള്‍ നിശ്ചയിക്കേണ്ടത് ആര്

ജീന്‍സണിഞ്ഞ സ്ത്രീകള്‍ / പെണ്‍കുട്ടികള്‍; ആണ്‍ ലൈംഗികത ഉത്തേജിപ്പിക്കുന്നുണ്ടോ

പുരുഷന്മാര്‍ എന്തു ധരിക്കണം

പുരുഷന്മാരുടെ വസ്ത്രങ്ങള്‍ നിശ്ചയിക്കേണ്ടത് ആര്

ജീന്‍സണിഞ്ഞ പുരുഷന്മാര്‍ / ആണ്‍കുട്ടികള്‍ ; പെണ്‍ ലൈംഗികത ഉത്തേജിപ്പിക്കുന്നുണ്ടോ.

" വസ്ത്രത്തിന്റെ രാഷ്ട്രീയം : തിരഞ്ഞെടുപ്പും വ്യക്തിസ്വാതന്ത്രവും "

കമന്റുകളായി ചേര്‍ക്കപെടുന്ന അഭിപ്പ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശ്രീ കെ ജെ യേശുദാസിന് അയച്ചു കൊടുക്കുകയും റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്.