Adv I B Sathish

ഇ എം എസിനെ ഓര്‍ക്കുമ്പോള്‍

"കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്ത്? എന്ത് കൊണ്ട്. പാര്‍ട്ടിയുടെ നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തക്കവണ്ണം എന്താണ് പാര്‍ട്ടിക്കുള്ളത്?പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു തീരുമാനം ഞാന്‍ അനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്ക് എന്താണ് ചെയ്യാന്‍ കഴിയുക. അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത് .ഒന്നൊന്നുമില്ല.നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടുതാനും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളികളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിന് ഉറുപ്പിക എനിക്ക് കിട്ടും. നല്ല ശമ്പളവും മറ്റ് ജീവിത സൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍നിന്ന് ഒളിവിലേയ്ക്കും, ഒളിവില്‍ നിന്നു ജയിലിലേയ്ക്കും ഒരുപക്ഷെ അവസാനം തൂക്കുമരത്തിലേക്കും അയക്കുവാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്? ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കുവാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുള്ള ആഗ്രഹം പോലെയും കലാകാരന് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹംപോലെയും യഥാര്‍ത്ഥമാണ് ഒരു കമ്മ്യൂണിസ്റുകാരന് വിപ്ളവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുപോലെയുള്ള അച്ചടക്കത്തിന്റെ അടിസ്ഥാനം. "

- ഇ എം എസ് -

സഖാവ് ഇ.എം.എസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യക്തിത്വത്തിന്റെ ജൈവഘടന വരച്ചു കാട്ടുകയാണ്. ലോകത്തെവിടെയുമുള്ള ഒരു കമ്മ്യൂണിസ്റ് ശ്വാസോച്ഛ്വോസംപോലെ, വിശപ്പടക്കാന്‍ ആഹാരം കഴിക്കുന്നതുപോലെ, കലാകാരന്‍ കലാസൃഷ്ടി നടത്തുന്നതുപോലെ അനിവാര്യമായും പുലര്‍ത്തിപ്പോരുന്ന ഒന്നാണ് പാര്‍ട്ടി അച്ചടക്കമെന്നത്. സ്വന്തം ജീവിതംകൊണ്ട് ഏലംകുളം മനക്കലെ കുഞ്ഞുനമ്പൂതിരിയില്‍ നിന്നും സഖാവ് ഈയെം ആയി വളര്‍ന്ന സഖാവ് തെളിയിച്ചതും അതുതന്നെ. പാര്‍ട്ടി ശാസനകളെയും, തിരുത്തലുകളെയും തികഞ്ഞ നിര്‍മ്മതയോടെ ഏറ്റുവാങ്ങുകയും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് വാദമുഖങ്ങള്‍ നിരത്താനും സഖാവ് ഇ.എം.എസിന് ദുരഭിമാനം ഒരിക്കലും തടസമായിരുന്നില്ല.

1909 ജൂണ്‍14 വള്ളുവനാടന്‍ താലൂക്കിലെ ഏലെകുളത്തുമനയില്‍ ജനിച്ച ഇ.എം.എസിന്റെ ജീവിതരേഖ കേരളത്തിന്റെ വികാസ പരിണാമങ്ങളുടെ നഖചിത്രംകൂടിയാണ്. അപ്ഫന്‍മാരുടെ ദൈന്യതയില്‍ നിന്നും, സമാര്‍ത്തവിചാരത്തിനൊടുവില്‍ ഭ്രഷ്ട് കല്‍പ്പിച്ച് ഇരുണ്ട മൂലകളിലെവിടെയോ ഉപേക്ഷിക്കുന്ന സാധനങ്ങളുടെ കണ്ണീരില്‍ നിന്നുമാകണം മാനവികതയുടെ പ്രാഥമിക പാഠങ്ങള്‍ കരഗതമാക്കുന്നത്. “'ഉണ്ണിനമ്പൂതിരിയി'ലൂടെയും പരാശരനിലൂടെയും പത്രപ്രവര്‍ത്തന പരിചയം സിദ്ധിച്ച ഇ.എം.എസിന് മൌലികമായൊരു മാധ്യമ പ്രവര്‍ത്തനശൈലിയും സ്വന്തമായുണ്ടായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിനും സുഹൃത്തുക്കള്‍ക്കുമൊപ്പം 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' ആവിഷ്ക്കരിച്ച അദ്ദേഹം മലയാളനാടകചരിത്രത്തിലേക്കും നടന്നു കയറി. മലയാളസാഹിത്യത്തിലെ രൂപഭദ്രതാവാദവും മറുപടിയായി ഇ.എം.എസ്. ഉന്നയിച്ച പ്രതിബദ്ധതാവാദവും ഇന്നും പ്രസക്തമായ ചര്‍ച്ചാവിഷയങ്ങളായി മലയാളിയുടെ മുന്നിലുണ്ട്.

ഐക്യകേരളമെന്ന ആശയത്തിന്റെ ആവിര്‍ഭാവകാലത്തെ സങ്കുചിതത്വങ്ങള്‍ക്കെതിരായ നിതാന്ത ജാഗ്രത അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഐക്യകേരള സംസ്ഥാനത്തെ സംബന്ധിച്ച കൊച്ചിതമ്പുരാന്റെ അഭിപ്രായത്തെ,ബ്രിട്ടീഷ്കമ്മട്ടത്തിലടിച്ചകള്ളനാണയമെന്ന് പരിഹസിക്കാനായതിന്റെ പരിണതിയാണ് ഇന്നത്തെ കേരളസംസ്ഥാനമെന്നത് അത്യുക്തിയാവാനിടയില്ല. കേരളം മലയാളികളുടെ മാതൃഭൂമി. ഏതുകാലത്തേയും മലയാളിയുടെയും ബൌദ്ധീകസ്വത്ത് തന്നെ.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ചരിത്രാധ്യാപകന്‍ പറഞ്ഞുവത്രെ 'ചരിത്രം പഠിക്കേണ്ടവനല്ല, ചരിത്രം രചിക്കേണ്ടവനാണെന്ന്'. എന്തായാലും മാര്‍ക്സിസത്തെ സ്വാംശീകരിച്ച് സ: ഇ.എം.എസ്. ഇവിടെ ജീവിച്ചു. ചിന്തകൊണ്ട് വാക്കുകളും ആശയങ്ങളുംകൊണ്ട് മലയാളിയെ ജ്വലിപ്പിച്ചുകൊണ്ട് ഇ.എം.എസിന്റെ വാദമുഖങ്ങളുടെ വിപരീത ധ്രുവത്തിലായിരുന്നുവെന്ന് എപ്പോഴും ഉറക്കെ പറഞ്ഞ കെ.പി. അപ്പന്റെ വാക്കുകളിങ്ങനെ: "അദ്ദേഹത്തിന്റെ സാഹിത്യവീക്ഷണത്തോട് എനിക്ക് എതിര്‍പ്പാണുള്ളത്. ലേഖനങ്ങളിലെ താര്‍ക്കികമായ കരുത്തിനെയും പവിത്ര നിര്‍ത്സരി പോലെ തെളിയുന്ന ആ ആത്മാര്‍ത്ഥതയെയും ആശയങ്ങളെ ആദരിക്കുന്ന ആര്‍ക്കും നിരാകരിക്കാനാവില്ല.''

ജീവിച്ച ജീവിതംകൊണ്ട് മലയാളി ചിന്തയുടെ സമസ്തഭാവങ്ങളിലും ഇ.എം.എസ്. ഇടപെട്ടുകൊണ്ടേയിരുന്നു. മണ്‍മറഞ്ഞശേഷവും ദീപ്തമായ ഓര്‍മ്മകളുമായി മലയാളി ഇ.എം.എസിനെക്കുറിച്ചോര്‍ത്തുകൊണ്ടേയിരിക്കുന്നു. പ്രശംസ പെരുമഴയില്‍ കുതിരാതെയും വെണ്ടക്കാ തലക്കെട്ടുകളുടെ പ്രലോഭനങ്ങളില്‍ വീഴാതെയും നിതാന്ത ജാഗ്രതയോടെയും മലയാളിയെ ചിന്തിപ്പിച്ച സഖാവിന് പ്രണാമം.