Ilyas C Abdulkader

നിയമ പുസ്തകത്തിലെ ചിലന്തിവലകള്‍

അഡല്‍റ്ററി (Adultery) എന്ന വാക്കിന് പരസ്‌ത്രീഗമനം, പരപുരുഷസംഗമം, വ്യഭിചാരം, ജാരവൃത്തി, പാതിവ്രത്യഭംഗം, വിശ്വാസലംഘനം എന്നൊക്കെയാണ് അര്‍ത്ഥമെങ്കിലും ഇന്ത്യന്‍ പീനല്‍ കോഡിലെ 497 വകുപ്പ് പ്രകാരം നിര്‍വ്വചിക്കപ്പെട്ട അഡല്‍റ്ററി അല്പം കുഴപ്പം പിടിച്ചതാണ്. നമുക്ക് ഇന്ത്യന്‍ പീനല്‍ കോഡിലെ 497 വകുപ്പ് പ്രകാരമുള്ള അഡല്‍റ്ററി എന്താണെന്ന് നോക്കാം:


adultery-300x212


497. Adultery.—Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor.


അതായത് : ആരെങ്കിലും മറ്റൊരാളുടെ ഭാര്യയുമായി, അല്ലെങ്കില്‍ മറ്റൊരാളുടെ ഭാര്യ എന്നറിയാവുന്ന ആളുമായി, അല്ലെങ്കില്‍ മറ്റൊരാളുടെ ഭാര്യ എന്ന് വിശ്വസിക്കാന്‍ കാരണങ്ങളുള്ള ആളുമായി, മേല്‍ ഭര്‍ത്താവിന്റെ സമ്മതമോ ഒത്താശയോ ഇല്ലാതെ, ബലാത്സംഗമല്ലാത്ത രീതിയില്‍, ലൈംഗികമായി ബന്ധപ്പെടുന്നോ അയാള്‍ വ്യഭിചാരം എന്ന കുറ്റം ചെയ്ത ആളാണ്, അയാളെ 5 വര്‍ഷം വരെ സാധാരണ തടവിനോ കഠിന തടവിനോ, പിഴയൊടുക്കാനോ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്. അത്തരം കേസുകളില്‍ ഭാര്യയെ കൂട്ടാളി എന്ന നിലയില്‍ ശിക്ഷിക്കാനാവില്ല.


download


Adultery എന്ന വാക്ക് ‘adulterium’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. അതിനര്‍ത്ഥം വിവാഹിതയായ സ്ത്രീയുമൊത്ത് അവളുടെ സമ്മതത്തോടെയുള്ള അവളുടെ ഭര്‍ത്താവല്ലാത്ത ഒരാളുടെ ലൈംഗിക വേഴ്ച എന്നാണ്. ഏതാണ്ട് ലോകത്തുള്ള എല്ലാ മതങ്ങളിലും അഡല്‍റ്ററി പൊറുക്കപ്പെടാത്ത വലിയ കുറ്റമാണ്. എന്നാല്‍ ഇത് എല്ലാ രാജ്യത്തും ക്രിമിനല്‍ കുറ്റമാണെന്ന് പറയാനാവുക ഇല്ലെങ്കിലും വിവാഹമോചനത്തിനുള്ള ഒരു പ്രധാന കാരണമാണുതാനും. ഇന്ത്യന്‍ പീനല്‍ കോഡില്‍, മേല്‍ പറഞ്ഞ 497 പ്രകാരം ഇതുവരെ അഡല്‍റ്ററി കുറ്റകരമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1860 ല്‍ ഈ നിയമം വരുന്ന കാലത്ത് സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. ഇക്കാലത്ത് ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ആകാമായിരുന്നു. സ്ത്രീകളാണെങ്കില്‍ സാമൂഹികമായും സാമ്പത്തികമായും പുരുഷനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലവുമായിരുന്നു അത്. സ്ത്രീയെ അക്കാലത്ത് പുരുഷന്റെ സ്വത്തായിട്ടാണ് കണ്ടിരുന്നത്. സ്ത്രീയും പുരുഷനും അക്കാരണം കൊണ്ടു തന്നെ തുല്യരായിരുന്നില്ല. സ്ത്രീയെ ഒരു വസ്തുവായിട്ടാണ് കണ്ടിരുന്നത്. അതു കൊണ്ടു തന്നെ അക്കാലത്ത് (അഡല്‍റ്ററിയുടെ കാര്യത്തില്‍) സ്ത്രീ കുറ്റം ചെയ്യാന്‍ കഴിവില്ലാത്ത എന്നാല്‍ പുരുഷനാല്‍ പിഴപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ഇര മാത്രമായിരുന്നു. അതു കൊണ്ട് തന്നെ 497 വകുപ്പു പ്രകാരം :


Supreme-Court_Colour


1) പുരുഷന്‍ എപ്പോഴും പിഴപ്പിക്കുന്നവനും, സ്ത്രീ നിഷ്കളങ്കയായ എളുപ്പത്തില്‍ വഴി പിഴക്കാവുന്ന / വഴിപ്പെടുന്ന ഇരയുമാണ്.
2) സ്ത്രീ പുരുഷന്റെ സ്വത്തോ /ഉപകരണമോ ആണ്. അതു കൊണ്ട് തന്നെ അവളെ വശീകരിക്കുന്ന/ വഴിപിഴപ്പിക്കുന്നവന്‍ ചെയ്യുന്നത് ഭര്‍ത്താവിന് അവളുടെ മേലുള്ള അവകാശത്തിന്‍മേല്‍/ ഉടമസ്ഥതയിലുള്ള കടന്നുകയറ്റം / കയ്യേറ്റമാണ്.
3) ‘വഴി പിഴച്ചവളുടെ’ ഭര്‍ത്താവിന് (അല്ലെങ്കില്‍ ആ സ്ത്രീയുടെ ചുമതല ഉള്ള ആള്‍ക്ക് ) മാത്രമേ ‘ജാര’നെതിരെ / ‘വഴിപിഴപ്പിച്ചവ’നെതിരെ പരാതിപ്പെടാനുള്ള അവകാശമുള്ളൂ.
4) നിയമത്തില്‍ ‘വഴി പിഴപ്പിച്ച’ ആളുടെ (പ്രതിയുടെ) ഭാര്യക്ക് പ്രതിക്കെതിരെ കേസു കൊടുക്കാനാവില്ല. അതു കൊണ്ടു തന്നെ ഒരു വിവാഹിതന്‍ വിവാഹിതയല്ലാത്ത / വിധവയായ / നിലവിലുള്ള ഭര്‍ത്താവിന്റെ സമ്മതത്തോടെ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അഡല്‍റ്ററി നടത്തിയ പുരുഷന്റെ (പ്രതിയുടെ) ഭാര്യക്ക് ‘വഴി പിഴച്ച’ ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനാവില്ല.


ചുരുക്കിപ്പറഞ്ഞാല്‍ വിവാഹ ജീവിതത്തിന്റെ പവിത്രത സംരക്ഷിക്കുന്ന/ വിവാഹേതരബന്ധങ്ങള്‍ അങ്ങിനെത്തന്നെ കുറ്റകരമാക്കുന്ന/നിരുത്സാഹപ്പെടുത്തുന്ന വകുപ്പല്ല IPC 497 വകുപ്പ്. മറിച്ച് ഒരു ഭര്‍ത്താവിന് ഭാര്യ എന്ന അയാളുടെ ഉടമസ്ഥതയിലുള്ള ഉപകരണത്തിന്റെ മേലുള്ള അയാളുടെ അവകാശം/അധികാരം മാത്രം സംരക്ഷിച്ചു കൊടുക്കുന്ന വകുപ്പാണത്.


12


ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോഴേ അസാധുവായി മാറിയ വകുപ്പാണിത്. ഇത്രയും കാലം ഈ വകുപ്പ് നിയമ പുസ്തകത്തില്‍ നിന്നത് തന്നെ നമ്മുടെ നിയമനിര്‍മ്മാണ സഭകളുടേയും നീതി പീഠങ്ങളുടെയും മാത്രം വീഴ്ച കൊണ്ടാണ്.


“വ്യക്തിയുടെ അന്തസ്സും തുല്യതയും ഹനിക്കുന്ന ഏത് നിയമവും ഭരണഘടനയുടെ കോപം/പക ക്ഷണിച്ചു വരുത്തുന്നു. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല എന്ന് പറയേണ്ട സമയമായിരിക്കുന്നു. നിയമ വശാല്‍ ഒരു ലിംഗത്തിന് വേറൊരു ലിംഗത്തിന് മേലുള്ള പരമാധികാരം ശരിയല്ല” എന്നാണ് ജസ്റ്റീസ് AM ഖന്‍വില്‍ക്കറിനും തനിക്കും കൂടി എഴുതിയ വിധി വായിച്ചു കൊണ്ട് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞത്. IPC 497 വകുപ്പ് വ്യക്തമായും ഏകപക്ഷീയമാണ് എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 497 വകുപ്പ് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതും ഭരണഘടനയുടെ 21 അനുച്ഛേദത്തിന് എതിരുമാണ് എന്നായിരുന്നു ദീപക് മിശ്ര തീര്‍പ്പുകല്‍പ്പിച്ചത്. അഡല്‍റ്ററി വിവാഹമോചനത്തിനുള്ള കാരണമായി തുടരുമെന്നും അഡല്‍റ്ററി ദമ്പതികളുടെ ആരുടെ എങ്കിലും അത്മഹത്യയിലേക്ക് നയിച്ചാല്‍ 306 വകുപ്പു പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റത്തിന് ബാധ്യതയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന് മാത്രം ജാരനെതിരെ നടപടി എടുക്കാന്‍ അവകാശം നല്‍കുന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ 198(2) എന്ന വകുപ്പും കോടതി അസാധുവാക്കി. അഡല്‍റ്ററിയില്‍ പുരുഷന്‍ എപ്പോഴും കുറ്റം ചെയ്യുന്നവനും സ്ത്രീ എപ്പോഴും ഇരയുമെന്ന പഴഞ്ചന്‍ കാഴ്ചപ്പാടിനെതിരെയും സ്ത്രീയെ ഒരുപകരണമായി കാണുന്ന ആണ്‍മേല്‍കോയ്മക്കെതിരെയും ജസ്റ്റീസ് RF നരിമാനും അദ്ദേഹം എഴുതിയ പ്രത്യേക വിധിയിലൂടെ നിരീക്ഷിച്ചു. The law in adultery is a codified rule of patriarchy എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക വിധിയിലൂടെ ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത്. ‘വിശ്വസ്തത’ എന്നത് ഒരു വിവാഹിതയല്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുന്ന പുരുഷന് ബാധകമാകാത്തത് എന്തുകൊണ്ടാണ്, വിശ്വസ്തത നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് മാത്രം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് ? എന്നായിരുന്നു ജസ്റ്റീസ് DY ചന്ദ്രചൂഢ് ഉന്നയിച്ച ചോദ്യം. അതിനോട് യോജിച്ചു കൊണ്ട് ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചതും ശ്രദ്ധേയമാണ്: ഭരണഘടനയുടെ 14 അനുച്ഛേദം അനുസരിച്ചുള്ള ടെസ്റ്റിന് (intelligible differentia) വിധേയമാക്കുമ്പോള്‍, വിവാഹിതനായ പുരുഷന്‍ വിവാഹിതയല്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുമ്പോള്‍ വിവാഹത്തിന്റെ പവിത്രത നഷ്ടപ്പടാതിരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. അതിനാല്‍ IPC 497 വ്യക്തമായും ഏകപക്ഷീയമാണ്. തുടര്‍ന്ന് ജസ്റ്റീസ് ചന്ദ്രചൂഢ് പറയുന്നു: ഈ വകുപ്പിന്റെ ഒരു ഭാഗം മാത്രമായി അസാധുവാക്കിയാല്‍ (അത് മാത്രമാണല്ലോ ഭരണഘടനാവിരുദ്ധം) നിയമം കൂടുതല്‍ (നിയമനിര്‍മ്മാണ സഭാ ഉദ്ദേശിച്ചതിലധികം) കര്‍ശനമാകും. ഭര്‍ത്താവിന്റെ സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം അഡല്‍റ്ററി ആകാത്തത് നിയമത്തിന് ഒരു വഞ്ചനാ സ്വഭാവവും നല്‍കുന്നു. നിയമത്തിന്റെ ഇതേ സ്വഭാവം കുറിച്ച് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാണിക്കുന്നുണ്ട്.


Screen-Shot-2016-08-01-at-4.35.59-PM-1200x398


ചുരുക്കത്തില്‍ 497 വകുപ്പ് റദ്ദാക്കിയത് ആ വകുപ്പിന്റെ അസംബന്ധ സ്വഭാവം കാരണവും അത് ഭരണഘടനാ വിരുദ്ധമായതുകൊണ്ടും അതിന്റെ ന്യായീകരിക്കാന്‍ പറ്റാത്തത്രയുള്ള സ്ത്രീവിരുദ്ധ / പാട്രിയര്‍ക്കല്‍/ പിന്തിരിപ്പന്‍ സ്വഭാവമുള്ളതുകൊണ്ടുമാണ്. ഈ നിയമം പുതിയ കാലത്ത് വളരെ പരിഹാസ്യമായ ഒന്നു തന്നെയായതുകൊണ്ടാണ്. കോടതികള്‍ വല്ലാതെ പുരോഗമിച്ചതുകൊണ്ടല്ല എന്ന് സാരം. നിയമം പറഞ്ഞിരുന്നത് ഒരേ ഒരു കാര്യമായിരുന്നു: വിവാഹിതയായ സ്ത്രീയുമായി അവളുടെ ഭര്‍ത്താവിന്റെ സമ്മതമോ ഒത്താശയോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കൂടാ. തുല്യ പങ്കാളികളില്‍ കുറ്റം ചെയ്യുന്നതാകട്ടെ ‘ജാരന്‍’ മാത്രവും. ഈ വ്യവസ്ഥ നിയമത്തില്‍ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ നിയമ വ്യവസ്ഥക്ക് തന്നെ നാണക്കേടായേനേ. ഭരണഘടന വിരുദ്ധമായ ഭാഗം മാത്രം വകുപ്പില്‍ നിന്ന് മാറ്റിയാല്‍ നിയമം കൂടുതല്‍ പിന്തിരിപ്പനാവുകയും ചെയ്യും. ചുരുക്കത്തില്‍ കോടതി ചെയ്തത് വലിയ പുരോഗമന പരമായ ഇടപെടലൊന്നുമല്ല തലയില്‍ കാക്ക തൂറിയതുപോലെ നിയമത്തില്‍ അവലക്ഷണമായി കിടന്ന ഒരു നാണക്കേട് എടുത്തു കളഞ്ഞു അത്ര തന്നെ. നേരത്തേ വേണ്ടതായിരുന്നു ഇത്രയും വൈകിയത് തന്നെ നാണക്കേട്. Better late than never എന്നാണല്ലോ.