Mohan Jithu

പന്തുരുളുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫിഫാ വേള്‍ഡ് കപ്പ്. നാല് വര്‍ഷങ്ങളിലെ ഇടവേളകളില്‍ സംഭവിയ്ക്കുന്നത്. കഴിഞ്ഞ തവണ ജര്‍മനി മെസ്സിയുടെ അര്‍ജന്റീനയെ ഇഞ്ച്വറി  ടൈമില്‍ നേടിയ ഒരു ഗോളിന്റെ ബലത്തില്‍ തോല്‍പ്പിച്ചാണ് ഫൈനലില്‍ കിരീടം കൈക്കലാക്കിയത്. ജര്‍മനിക്കും അര്‍ജന്റീനക്കും ഒപ്പം ഫാന്‍ ഫേവിറ്റ്സ് ആയ സ്പെയിനും ആതിഥേയരായ ബ്രസീലും. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ഹോളണ്ടിനെയും കറുത്ത കുതിരകളായ ചിലിയുടേയും മുന്നില്‍ അടിപതറി സ്പാനിഷ് പട പുറത്തായി. ഉജ്വലമായിരുന്നു ജര്‍മന്‍ തേരോട്ടം. അര്‍ജന്റീന മെസ്സിയെന്ന മാന്ത്രികന്റെ തോളിലേറിയും ബ്രസീല്‍ നെയ്മര്‍ പ്രഭയിലും മുന്നേറി. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊളമ്പിയക്ക് എതിരെ ഫൗളില്‍ അകപ്പെട്ട് നെയ്മര്‍ക്ക് പുറത്തു പോകേണ്ടി വന്നതും നെയ്മറില്ലാതെ സെമിയില്‍ ജര്‍മനിക്ക് എതിരെ വലിയ തോല്‍വി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഏറ്റുവാങ്ങിയതും  ബ്രസീലിയന്‍ ഫുഡ്ബോള്‍  ചരിത്രത്തിലെ ഒരു തീരാകളങ്കമായി നിലനില്‍ക്കുന്നു.



എന്നാല്‍ ലോക കപ്പ് 2018 ലെയ്‌ക്കെത്തുമ്പോള്‍ സാധ്യതകള്‍ കല്‍പ്പിക്കുന്ന നിരവധി ടീമുകളുണ്ട്. 2018 വേള്‍ഡ് കപ്പ് ഫേവിററ്റ് എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നത് സിദാന്റെയും വിയറയുടേയും ഹെന്‍റിയുടേയുമെല്ലാം ഫ്രഞ്ച് പടയെ ആണ്. മുന്‍ വേള്‍ഡ് കപ്പ് / 2016ല്‍ നടന്ന യൂറോ കപ്പ് എന്നിവകളില്‍ നിന്നും വ്യത്യസ്തമായി ഏറെ സവിശേഷതകളുള്ള മികച്ച യുവനിരയെ ആണ് ഫ്രാന്‍സ് 2018 വേള്‍ഡ് കപ്പില്‍ അണിനിരത്തിയിരിക്കുന്നത്. ‘ഈ കുഞ്ഞു പിള്ളേരെ കൊണ്ട്’ എന്ത് സാധിക്കും എന്ന് ചിലരെങ്കിലും ആലോചിച്ചേയ്ക്കാം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിന്‍ ഫ്രാന്‍ സ്, ഫ്രാന്‍സ് ഫുഡ്ബോള്‍ കണ്ട ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ആണ് ഫ്രാങ്ക് റിബറിയും കരീം ബെന്‍ സീമയും. പരിക്കു കാരണം കഴിഞ്ഞ വേള്‍ഡ് കപ്പിനു മുന്നേ വിരമിച്ച റിബറിയും ടീമിലെ ആഭ്യന്തരമായി ഉണ്ടായ പ്രശ്നങ്ങള്‍ കാരണം ടീമില്‍ നിന്ന് പുറത്താക്കിയ ബെന്‍ സീമയും ഇല്ലാത്ത ടീം ആണ് ഫ്രാന്‍സ്. അവരുടെ ഡിഫന്‍സിലെ ഏറ്റവും മികച്ചതും സീനിയറുമായ അര്‍സനലിന്റെ ലോറിയന്റ് ക്ലോസ്സന്റ്ലീയ്ക്കും പരിക്കു കാരണം വേള്‍ഡ് കപ്പില്‍ കളിക്കാന്‍ സാധിയ്ക്കുന്നില്ല . എന്നിരുന്നാലും പ്രതിഭധനരായ യൂറോപ്പിലെ മികച്ച ക്ലബുകളില്‍ കളിച്ച് കഴിവ് തെളിയിച്ച യുവതാരങ്ങള്‍ ഫ്രാന്‍സിനുണ്ട്.



ഫ്രഞ്ച് ടീമിന്‍ നിലവില്‍ ഉച്ചത്തില്‍ കേള്‍ക്കുന്ന പേര് അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഗ്രീസ്സ്മാന്റെയാണ് . ഫ്രാന്‍സ് ടീമിന്റെ കളിയുടെ തന്ത്രങ്ങള്‍ മെനയുന്നത് അവരുടെ മിഡ്ഫീല്‍ഡര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയ്ക്ക് ആണ്. ഏതു മേഖല പരിശോധിച്ചാലും തികച്ചും പ്രതിഭാസമ്പന്നരായ താരങ്ങളുടെ നിരയാണ് ഫ്രാന്‍ സ്. ഗോള്‍ കീപ്പിങ്ങില്‍ ടീമിന്റെ ക്യാപ്റ്റനും പരിചയസമ്പന്നനുമായ ടോട്ടന്‍ ഹാമിന്റെ ഹ്യൂഗോ ലോറിസും ലോകത്തിലെ തന്നെ മികച്ച രണ്ട് സെന്‍ ഡ്രല്‍ ഡിഫന്റെര്‍സ് ആയ റയല്‍ മാഡ്രിഡിന്റെ വാരാനേയും ബാര്‍സയുടെ ഉമ്റ്റിറ്റിയും റൈറ്റ് ബാക്കായി മികച്ച കളിക്കാരനായ മൊണാക്കോയുടെ സിഡിബിയും ലെഫ്റ്റ് ബാക്കായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മെന്‍ ഡിയും അടങ്ങുന്ന ഡിഫന്‍ സ് ലോകോത്തരമാന്. മാധ്യനിരയില്‍ പോള്‍ പോഗ്ബയുടെ നേതൃത്വത്തില്‍ ഇഗ്ലീഫ് ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി തിരഞ്ഞെടുത്ത എങ്കോള കാന്റെയും യുവ പോരാളികളായ ബയേണിന്റെ ടോളിസ്സോയും ലിവര്‍പൂള്‍ നോട്ടമിട്ട മൊണാക്കോയുടെ ലെമാറും സീനിയര്‍ താരമായ ജുവന്റസ്സിന്റെ മാറ്റ്യൂഡിയുമെല്ലാം വളരെ മികച്ച കളിക്കാരാണ്.



അറ്റാക്കിങ്ങില്‍ സ്ട്രയിക്കേര്‍സ് ആയി യുറോ കപ്പിലെ മികച്ച പ്ലയറും ബാലന്‍ ഡി ഓര്‍ ഫൈനലില്‍ എത്തിയതുമായ ഗ്രീസ്മാനും ചെല്‍സിയുടെ പരിചയസമ്പന്നനായ ജിറൂഡും വിങ്ങുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച കൗമാര താരങ്ങളായ പാരീസിന്റെ എമ്പാപ്പേയും ബാര്‍സയുടെ ഡെമ്പലേയും പിന്നെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായ ഫെക്കീറും അടങ്ങുന്നതാണ്. ഏതൊരു മേഖലയിലും ഏറ്റവും ശക്തമായ നിരയാണ് ഫ്രാന്‍സിന്റെത് ബെഞ്ച് സ്ട്രെങ്ങ്തും ശക്തം തന്നെ. അതുകൊണ്ടുതന്നെ ഫ്രാന്‍സിനോടു കളിയ്ക്കാന്‍ ഒരുടീമും ടീമും ഈ ലോകകപ്പില്‍ ആഗ്രഹിക്കില്ല എന്നു വിലയിരുത്തിയാല്‍ അത് അതിശയോക്തിയാകില്ല.



ഫ്രാന്‍സിനൊപ്പം തന്നെ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ടീം ആണ് റഷ്യയിലേക്കുള്ള ടിക്കറ്റ് ആദ്യം തന്നെ എടുത്ത സാംബാ നൃത്തത്തിന്റെ സൗന്ദര്യത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് വരുന്ന പെലെയുടേയും കഫുവിനേറെയും റിവാല്‍ഡോയുടേയും റൊണാള്‍ഡോയുടേയുമൊക്കെ പിന്‍മുറക്കാരായ നെയ്മറുടെ ബ്രസീല്‍. ഒരു ദീര്‍ഘകാല പരിക്കില്‍ നിന്ന് ലോകകപ്പിന് രണ്ടാഴ്ച്ച മുന്‍പു മാത്രം കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തിയ നെയ്മറിനെ ആശങ്കകളോടെ തന്നെയാകണം ഫുഡ്ബോള്‍ പ്രേമികള്‍ കണ്ടത്. എന്നാല്‍ ലോകകപ്പിനു മുന്‍ പുള്ള സൗഹൃദമത്സരങ്ങളില്‍ മിന്നും ഫോമിലേക്കു ഉയര്‍ന്ന് തന്റെ പ്രതിഭയ്ക്കു ഒരു കുറവും സംഭവിച്ചിട്ടില്ലന്ന് അദ്ദേഹം തെളിയിച്ചത് അരാധകര്‍ക്ക് ആഹ്ലാദമായിട്ടുണ്ട് കഴിഞ്ഞ തവണ നഷ്ടമായത് ഇത്തവണ കിരീടം കൊണ്ട് മറുപടി പറയാന്‍ തന്നെയാണ് ബ്രസീല്‍ റഷ്യയിലേയ്ക്ക് വണ്ടി കയറുന്നത്.



ഗോള്‍ വലയില്‍ റോമയുടെ ആലിസണും സിറ്റിയുടെ എഡേര്‍സണും പ്രതിഭാധനരാണ്. ആലിസണാകും ആദ്യ സാധ്യത. സെന്‍ഡ്രല്‍ ഡിഫന്‍സിന്‍ പാരീസിന്റെ മാര്‍ക്കിനോസും ഇന്ററിന്റെ മിറാണ്ടയുമാകും ആദ്യസ്ഥാനം ഇരുവരും സമീപകാലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൂടാതെ മുന്‍ ക്യാപ്റ്റനും പാരീസിന്റെ സില്‍വ ഡിഫന്‍സിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ ബ്രസീലിന്റെ ഏറ്റവും വലിയ നഷ്ടം എക്കാലത്തേയും മികച്ച റൈറ്റ് ബാക്കുകളില്‍ ഒരാളായ ഡാനി ആല്‍വെസ് പരിക്കിനു പിടിയിലായി പുറത്തായതാണ്. ബ്രസീല്‍ നേരിടുന്ന വെല്ലുവിളിയും ഈ പൊസിഷന്‍ ആണ്. സിറ്റിയുടെ ഡാനിലോ ഉള്ളത് ഒരു ആശ്വസമാണ്. ലൈഫ്റ്റ്ബാക്ക് ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ആണ് അത്ലറ്റിക്കോയുടെ ഫിലിപ്പെ ലൂയിസും റയലിന്റെ മാര്‍സലോയും. ബാര്‍സയുടെ പോളിഞ്ഞോ നയിക്കുന്ന മധ്യനിരയിന്‍ റയലിന്റെ കസമിറോയും അഗസ്റ്റോയും സിറ്റിയുടെ ഫെര്‍ണാഡിനോയും ശക്തരാണ്. പാരീസിന്റെ നെയ്മറും ബാര്‍സയുടെ കോണ്ടീനോയും ലിവര്‍പൂളിന്റെ ഫിര്‍മിനോയും യുവതാരമായ സിറ്റിയുടെ ജീസസും അടങ്ങുന്ന മുന്നേറ്റനിരയ്ക്ക് ഏത് ഡിഫന്‍സും ഭേദിയ്ക്കുന്നതിനുള്ള ശക്തിയുണ്ട്.



സാധ്യത കല്‍പ്പിയ്ക്കപ്പെടുന്ന മറ്റൊരു ടീം മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയാണ്. വര്‍ഷങ്ങളായി വലിയ ടൂര്‍ണമെന്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ടീം ആണ് ജര്‍മനി. എന്നാല്‍ ഇത്തവണ കഴിഞ്ഞ ലോകകപ്പ് ടീമിലെ പ്രധാന സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ് അവര്‍ വരുന്നത്. ലാമും സ്റ്റയിന്‍ സ്റ്റീഗറും ക്ലോസെയും പൊഡോല്‍സ്കിയും ഇല്ലാതെ. എന്നാലും കോണ്‍ഫിഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരെ കുറച്ചു കാണാനാകില്ല . സനേ എന്ന ഇഗ്ലീഷ് ലീഗിലെ മികച്ച യുവ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഞെട്ടലുളവാക്കിയെങ്കിലും അവരുടെ ദീര്‍ഘകാല കോച്ച് ലോ തന്നെയാണ് ടീമിലെ പ്രധാനി. ദീര്‍ഘവര്‍ഷങ്ങളിലായി അദ്ദേഹം ഈ ടീമിനെ ഒരു കോട്ടവും സംഭവിക്കാതെ മുന്‍ നിരയില്‍ തന്നെ നിലനിര്‍ത്തുന്നു.മൈക്കല്‍ ബല്ലാക്കിനു ശേഷം ഒരു കൂട്ടം താരങ്ങളാണ് ജര്‍മ്മനിയുടെ കരുത്ത്. ഗോള്‍ വലയില്‍ ഈ നൂറ്റാണ്ടിലെ തന്നെ മികച്ച ഗോളിമാരില്‍ ഒരാളായ ബയേണിന്റെ ന്യൂയര്‍ ഉണ്ടെങ്കിലും ദീര്‍ഘകാലത്തിനു ശേഷം തിരിച്ചു വന്ന അദ്ദേഹത്തെ എങ്ങനെ പരിഗണിക്കും എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും എക്കാലത്തെയും പോലേ പ്രതിഭാധനരാണ് ജര്‍മന്‍ ഗോളിമാര്‍. ബാര്‍സയുടെ സ്റ്റീഗനും പാരിസിന്റ ട്രാപ്പും ആണ് പകരക്കാര്‍. ബയേണിന്റെ ഹമ്മല്‍സും ബോട്ടെങ്ങും നയിക്കുന്ന ഡിഫന്‍സ് ലോകോത്തരമാണ് കൂടാതെ ബയേണിന്റെ തന്നെ റൈറ്റ് ബാക്ക് ആയ കിമ്മിച്ച് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ളതാണ്. മധ്യനിരയാണ് ജര്‍മനിയുടെ കരുത്ത് റയലിന്റെ ക്രൂസും അര്‍സനലിന്റെ ഓസിലും നേതൃത്വം നല്‍കുന്ന മാധ്യനിരയില്‍ ലോകകപ്പ് ഗോളടി വീരന്‍ ബയേണിന്റെ തോമസ് മുള്ളറും ജുവന്റസിന്റെ കേദിരയും സിറ്റിയുടെ ഗുണ്ടഗണും അടങ്ങുന്നു . മുന്നേറ്റമാണ് ജര്‍മനിയുടെ ദൗര്‍ബല്യങ്ങളില്‍ ഒന്ന്. വിംഗര്‍ ആയ ഡ്രാക്സിലര്‍ ഒഴിച്ചാലും പൊതുവിലാര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാനായ്ക്കുന്നില്ല.



മറ്റു  കിരീടസാധ്യതകള്‍ മെസ്സിയുടെ അര്‍ജന്റീനക്കും ഇഗ്ലന്റിനും സ്പെയ്നും ഉറുഗ്വക്കും യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനുമാണ്. ആര്‍ജന്റീനയാണ് ഏറ്റവും സമ്മര്‍ദ്ദത്തിലുള്ള ടീമുകളില്‍ ഒന്ന് 2014 ഫൈനലില്‍ ഇഞ്ച്വറി ടൈമില്‍ കൊടുത്ത ഒരു ഗോളിന്റെ വില ആ വേള്‍ഡ് കപ്പ് തന്നെയായിരുന്നു. 2018 വേള്‍ഡ് കപ്പ് കോളിഫൈ ചെയ്തത് തന്നെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്; ഇപ്പോളിതാ ലോകകപ്പിലെ തന്നെ മരണ ഗ്രൂപ്പുകളില്‍ ഒന്നില്‍. കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ഐസ്ലാന്റും നൈജീരയും ബാര്‍സയുടെ റാക്റ്റിക്കും റയലിന്റെ മോഡ്രിക്കും അടക്കി ഭരിക്കുന്ന ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പ് വളരെ ശക്തരാണ്. ലോകത്തിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരാനായ ഇക്കാര്‍ഡിയെ ഉള്‍പ്പെടുത്താതെയാണ് സാംപോളി റഷ്യയില്‍ നിന്നും വണ്ടി കയറിയത്. മെസ്സിയെന്ന ലോകത്തിലെ ഏറ്റവും മികച്ച താരം ഉള്ളത് കൊണ്ട് തന്നെയാണ് അര്‍ജന്റീനയെ എഴുതിതള്ളാതിരിക്കാനുള്ള പ്രധാന കാരണം. മഷരാനോയും എവര്‍ ബനേഗയും ബ്ലിഗയും ഡിമരിയയും അഗ്യൂറയും ഹിഗ്യൂയിനും ഉള്ള ടീം പരിചയ സമ്പന്നതയോടപ്പം ശക്തരുമാണ്. ഒട്ടമെണ്‍ഡി നേതൃത്വം നല്‍കുന്ന പിന്‍ നിര ശക്തമല്ല. പരിക്കിനു പിടിയിലായ ഗോള്‍ കീപ്പര്‍ റോമേറോയുടെ അഭാവം ചെറുതൊന്നുമല്ല. മികച്ച കളിയെങ്കിലും ഡിബാലയ്ക്ക് ഇലവനില്‍ സാധ്യത കാണാനില്ല. പ്രായമായവരുടെ ടീം എന്നത് ഒരു വെല്ലുവിളിയാകും അര്‍ജന്റീനക്ക്.



ടോട്ടനത്തിന്റെ ഹരീകെയിനിന്റെയും ലിവര്‍പൂളിന്റെ സ്റ്റെര്‍ലിംഗിന്റെയും നേതൃത്വത്തില്‍ ഇഗ്ലണ്ട് ശക്തമായ ഒരു പുതു തലമുറയുമായാണ് വരുന്നത്. എന്നാന്‍ പരിക്കു കാരണം പുറത്തായ ഒക്സൈഡ് ചേമ്പര്‍ലാന്‍ ഈ ടീമിന്റെ തീരാ നഷ്ടമാണ്. അദ്ദേഹം അത്രയും മികച്ച ഫോമിലായിരുന്നു. എന്നിരുന്നാലും ടോട്ടനത്തിന്റെ ഡിലെ അലിയുടെ നേതൃത്വത്തിലുള്ള മധ്യനിര എന്തിനും പോന്നവരാണ്. വെയ്ന്‍ റൂണിയ്ക്ക് ടീമിലിടം നേടാനായിട്ടില്ല.



ആഭ്യന്തരപ്രശ്നങ്ങളും അതിനോട് അനുബന്ധിച്ച് കോച്ചിനെ ടൂര്‍ണമെന്റിനു തൊട്ടു മുന്നേ പുറത്താക്കലും ടെക്നിക്കല്‍ ഹെഡിനെ മെയിന്‍ കോച്ചാക്കിയതുമെല്ലാമാണ് മുന്‍ ലോക ചാമ്പ്യന്‍ മാര്‍ റഷ്യയില്‍ നേരിടുന്നപ്രധാന വെല്ലുവിളികള്‍. മുന്‍ വേള്‍ഡ് കപ്പ് ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്തവരാണ് സ്പാനിഷ് പട. മധ്യനിരയാണ് ശക്തികേന്ദ്രം. സ്വതസിദ്ധമായ പൊസഷന്‍ ഗെയിമാണ് പ്രധാന ആകര്‍ഷണം. മധ്യനിരയില്‍ ചുക്കാന്‍ പിടിക്കാന്‍ ബാര്‍സയുടെ ഇനിയസ്റ്റയും ബുസ്കിറ്റുസും റയലിന്റെ ഇസ്കോയും സിറ്റിയുടെ സില്‍വയും. ലോകോത്തര പ്രതിരോധം ഗോള്‍ വലയില്‍ മാഞ്ചസ്റ്ററിന്റെ ഡിഗിയ തൊട്ട്മുന്നില്‍ റയലിന്റെ റാമോസും ബാര്‍സയുടെ പിക്വുവും അണിനിരക്കുന്നു. ലെഫ്റ്റ് ബാക്ക് ബാര്‍സയുടെ ജോര്‍ഡി ആല്‍ബാ മികച്ച പ്ലെയര്‍ ആണ്. റൈറ്റ്ബാക്ക് കര്‍ഹവാളിന്റെ ഇന്‍ ജുറി ടീമിനു വലിയ വെല്ലുവിളിയാണ്. സെര്‍ജിയോ റോബര്‍ട്ടോ ടീമില്‍ ഇല്ലാത്തതും ശ്രദ്ധേയമാണ്. മുന്നേറ്റം ദുര്‍ബലമാണ് എങ്കിലും അത്ലറ്റിക്കോയുടെ കോസ്റ്റയാണ് പ്രധാന ആയുധം.



പതിവില്‍ നിന്ന് വ്യത്യസ്തമായി ഹസാര്‍ഡില്‍ നിന്ന് സിറ്റിയുടെ ഡിബ്രുയിന്റെ തന്ത്രങ്ങളിലാണ് ബെല്‍ജിയം ഈ ലോകകപ്പില്‍ കോപ്പ് കൂട്ടുന്നത്‌. ഹസാര്‍ഡും മാഞ്ചസ്റ്ററിന്റെ ലൂക്കാക്കുവും ആണ് പ്രധാന വജ്രായുധങ്ങള്‍. മധ്യനിരയില്‍ ഡീ ബ്രൂയിനു കൂട്ടായി അലക്സ് വിറ്റ്സലും കൂടി വരുമ്പോള്‍ അക്രമണം ബെല്‍ജിയം ശക്തമാണ്. പ്രതിരോധത്തില്‍ ടോട്ടനത്തിന്റെ വെര്‍ഗോട്ടനും ആല്‍ഡര്‍വൈലും ശക്തരാണ് പകരക്കാരായി പഴയ പടക്കുതിരകളായ ബാര്‍സയുടെ വെര്‍മാലിനും സിറ്റിയുടെ കൊമ്പനിയുമാണ് എന്നതില്‍ അവരുടെ ശക്തി വിളിച്ചറിയിക്കുന്നു. എന്നാലും ശക്തനായ നൈഗോലാനെ പോലൊരു ബോക്സ് റ്റൂ ബോക്സ് മിഡ്ഫീള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്‌. അക്രമണ ഫുഡ്ബോള്‍ ആണ് ബെല്‍ജിയത്തിന്റെ മുഖമുദ്ര.



പറങ്കിപ്പട റഷ്യയില്‍ വരുന്നത് യുറോ ചാമ്പ്യന്‍ മാരായാണ്. റോണാള്‍ഡോ എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫോര്‍വേര്‍ഡ് പ്ലയര്‍ കളിക്കുന്നു എന്നത് തന്നെയാണ് പറങ്കി പടയുടെ ശക്തി. സിറ്റിയുടെ ബെര്‍ണാഡോ സില്‍വ ശ്രദ്ധിക്കേണ്ട താരമാണ്. ഉറുഗ്വയ്ക്ക് പേരിനൊത്ത പ്രൗഡിയില്ലെങ്കിലും ബാര്‍സയുടെ സുവാരസും പാരീസിന്റെ കവാനിയും അടങ്ങുന്ന മുന്നേറ്റ നിര ഏതൊരു കളിയേയും വരുതിയിലാക്കാന്‍ പോന്നവരാണ്. ആത്ലറ്റിക്കോയുടെ ഡിഫന്റെര്‍സ് ആയ ഗോഡിനും ഗിമിഞ്ചസും നയിക്കുന്ന പ്രതിരോധം ഉരുക്ക് കോട്ട പോലെ ശക്തമാണ്.



റഷ്യയില്‍ എന്തായാലും ഒരു വിജയി ഉണ്ടാകും എന്നതില്‍ സംശയമില്ല. എന്നിരുന്നാലും സ്ഥിരം ട്രെന്റ് ആയ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി നാം കണ്ട ഒരു കാര്യമുണ്ട് 2010 ല്‍ സ്പെയിന്‍ ടീമില്‍ ഭൂരിഭാഗവും ബാര്‍സലോണ എന്ന ക്ലബിലെ താരങ്ങളാര്‍ന്നു. ആ ക്ലബിലെ ഒത്തിണക്കത്തിന്റെ ഫലമായായിരുന്നു  അവരുടെ ജയം. അതുപോലെ 2014ല്‍ ബുണ്ടിസ് ലീഗ് വമ്പന്‍മാരായ ബയേണിന്റെ താരങ്ങളായിരുന്നു ജര്‍മന്‍ ടീമിലെ പ്രധാനികള്‍. എന്നാല്‍ ഈ വര്‍ഷം 2018ല്‍ എന്തായാലും ഇതുപോലൊരു ട്രെന്റ് ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതുതന്നെ. പ്രവചനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും അതീതമായ ഉദ്വേഗത്തിന്റെ ചടുലതയാര്‍ന്ന മാജിക്കാണ് ഫൂട്ട് ബോള്‍. അതുകൊണ്ടുതന്നെ കപ്പില്‍ മുത്തമിടുന്നവരുടെ ചുണ്ടുകളേതെന്ന് പറഞ്ഞുവെയ്ക്കുക വയ്യ.