Indu G K

കാലാവസ്ഥാ വ്യതിയാനത്തിന്റെ കേരള പാഠങ്ങള്‍

ഈ അടുത്ത കാലം വരെ വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്‌ പരിചിതമായിരുന്നില്ല. 2004 ലെ സുനാമിയ്ക്ക് മുന്നിലും പിന്നിലും നമുക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടായിരുന്നത് നാം അറിയാതെ വന്നു പോയിരുന്ന വരള്‍ച്ചകളും, കടല്‍ ക്ഷോഭവും തീര്‍ത്തും ഒറ്റപ്പെട്ട കുന്നിടിച്ചിലുകളും മലവെള്ള പാച്ചിലുകളും ഇടിമിന്നല്‍ ആഘാതങ്ങളും ഒക്കെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം നേരിട്ടത് പ്രധാനമായും നാല് പ്രകൃതി ദുരന്തങ്ങള്‍ ആണ്, ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം, തുടര്‍ന്ന് അനുഭവിച്ച വരള്‍ച്ച, കൂടാതെ ഇപ്പോള്‍ നേരിടുന്ന പ്രളയവും ഉരുള്‍പൊട്ടലും അതില്‍ പെടും.


download (1)


പ്രകൃതിക്ഷോഭം ദുരന്തം ആയി മാറുന്നത് അതിന്റെ ഭാഗമായി  ഉണ്ടാകുന്ന ജീവന്റെയും സ്വത്തിന്റെയും നഷ്‌ടങ്ങള്‍ അനുസരിച്ചാണ്. പ്രകൃതിദുരന്തങ്ങളുടെ തീവ്രത കണക്കാക്കുന്നതും ഇതേ ഘടകങ്ങളെ മുന്‍നിര്‍ത്തി തന്നെ. അതിനാല്‍ തന്നെയാണ് നാം നേരിട്ട ഈ നൂറ്റാണ്ടിലെ രണ്ടു പ്രളയങ്ങളും കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ പട്ടികയില്‍ മുന്നില്‍ എത്തുന്നത്.  2018ലെ പ്രളയം മുഖേനയുണ്ടായ നഷ്‌ടങ്ങളുടെ കണക്കെടുത്താല്‍ 480ലേറെ പേര്‍ മരണപ്പെടുകയും 140ഓളം മനുഷ്യരെ  കാണാതാവുകയും 4000കോടിയിലേറെ രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2019 ല്‍, നാളിതുവരെ 70 ലേറെ പേര്‍ മരിക്കുകയും, അത്രത്തോളം തന്നെ  മനുഷ്യരെ കാണാതാവുകയും കോടികളുടെ നഷ്‌ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നഷ്‌ടങ്ങളുടെ വ്യാപ്‌തി വരും നാളുകളില്‍ കണക്കാക്കപ്പെടേണ്ടതാണ്.


download


കേരളത്തിലെ  പ്രകൃതിദുരന്തങ്ങളുടെ ചരിത്രം കേരളത്തിന്റെ ഭൂപ്രകൃതിയുമായി അനിഷേധ്യമാം വിധം  ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിന്റെ തനതായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇന്നുവരെ സന്തുലിതമായ അവസ്ഥയില്‍ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് എന്ന് കാണാം. പൂര്‍വ്വഭാഗത്ത്‌ ഇടതൂര്‍ന്ന വനമേഖലകള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലനിരകളും, മധ്യഭാഗത്തു ചെറിയ കുന്നുകളും, സമതലങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂഭാഗവും, പടിഞ്ഞാറ് കടലോര സമതലങ്ങളും ആണ് ഉള്ളത്. ഇങ്ങനെ പശ്ചിമഭാഗത്തേയ്ക് ചരിഞ്ഞു കിടക്കുന്ന 35കെഎം മുതല്‍ 120കെഎം വരെ വീതിയുള്ള ചെറിയ ഭൂപ്രദേശമാണ് കേരളം. ഉഷ്ണമേഖലാ പ്രദേശത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ തനതായ കാലാവസ്ഥ രൂപീകരണത്തില്‍ പ്രസ്തുത ഭൂപ്രകൃതിയുടെ പങ്ക് ഒട്ടും  ചെറുതല്ല.  മഴ  കൃത്യമായി പെയ്യുന്നതും  അത് 44 പുഴകളിലൂടെയും ഒഴുക്കി കടലില്‍ എത്തുന്നതും എല്ലാം  ഈ പ്രതേകതകള്‍ കൊണ്ടാണ്.


kerala_floods_puthumala


സാധാരണ ഗതിയില്‍ കേരളത്തില്‍ പെയ്യുന്ന മഴയുടെ വാര്‍ഷിക ശരാശരി 3107മ്മ് ആണ്. അത് ഇടവപ്പാതിയുടെയും തുലാവര്ഷത്തിന്റെയും വേനല്‍ മഴയുടെയും ആകെ തുകയാണ്. ഈ കണക്കിന് ആനുപാതികമായി ജൂണ്‍ മുതല്‍ ഓഗസ്റ്റ് മധ്യം വരെ പെയ്യേണ്ടിയിരുന്ന മഴ 1649.5mm ആണ്. എന്നാല്‍ കേരളത്തില്‍ 2018ല്‍ അതേ സമയം ലഭിച്ചത് 2346.6mm മഴയും. ഒരു നൂറ്റാണ്ടില്‍ കേരളത്തിന്‌ കിട്ടിയ ഏറ്റവും വലിയ തോതില്‍ ഉള്ള മഴയായിരുന്നു അത്. മഴവെള്ളത്തെ ആശ്രയിച്ചു ഒഴുകുന്ന നമ്മുടെ നദികള്‍ സാധാരണ ഉള്‍ക്കൊള്ളുന്നതിലും 30%കൂടുതല്‍ വെള്ളം അന്ന് അവിടെ ഒഴുകി എത്തി. അനുവാദം ചോദിക്കാതെ  ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് അത് ഒഴുകിക്കയറി. ഇതേ അവസ്ഥയാണ് 2019ഇല്‍ വടക്കന്‍കേരളത്തില്‍ അനുഭവപെട്ടത്.


Kerala-Floods_04


മഴയുടെ അളവിലെ ഈ വര്‍ദ്ധനവ് വെള്ളപൊക്കത്തോടൊപ്പം അതിലും ഭീകരമായ ഉരുള്പൊട്ടലിനും കാരണമാകും. 2018ലെയും 2019ലെയും പ്രളയവുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങളില്‍ ഏറെയും ഉരുള്‍പൊട്ടല്‍ കാരണമായിരുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഘടനയെ പരിശോധിച്ചാൽ , 200 കോടി വര്‍ഷങ്ങളില്‍ ഏറെ പഴക്കമുള്ള ആഗ്നേയ ശിലകളും കായാന്തരിത ശിലകളും ആണ് അടിത്തറ പണിതിരിക്കുന്നത്. അതിന്മേലില്‍ മീറ്ററുകളോളം ഉയരത്തില്‍ അവയില്‍ നിന്ന് തന്നെ ഉണ്ടായ, ഉറപ്പില്ലാത്ത ഇളകിയ മണ്ണ് ആണ് ഉള്ളത്. ഈ മണ്ണ് ആണ് ഇവിടെ പ്രധാന ഭൂഗര്‍ഭ ജല ശേഖരണിയായി വര്‍ത്തിക്കുന്നത്. എന്നാല്‍ ഒരു പരിധിയില്‍ അധികം ജലം ഈ മണ്ണിലേയ്ക് ഇറങ്ങിയാല്‍ മണ്ണിന്റെ കൊഹിഷന്‍ നഷ്‌ടപ്പെടും അത് ഒഴുകാന്‍ തുടങ്ങുകയും ചെയ്യും. വമ്പൻ  കുന്നുകൾക്കു  പോലും ആവിധം ഒലിച്ചുപോകും. മണ്ണിന്റെ ഘടനയും, മഴയും, മനുഷ്യരുടെ ഇടപെടലും ഇതിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ആണ്. അമ്പൂരി മുതല്‍ കവളപ്പാറ വരെയുള്ള ഉരുൾപൊട്ടലുകളുടെ  ട്രിഗറിങ് ഫാക്ടര്‍ മഴ തന്നെ ആണ്.


kerala-floods-4


ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന പ്രതിഭാസമല്ല. ഇനിഷിയേഷന്‍ കഴിഞ്ഞു അത് നടക്കുന്നത് വരെ കുറച്ചു ദിവസങ്ങളുടെ ഇടവേളയുണ്ടായിരിക്കും. ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഒരു പരിധിവരെ ഇവ മുന്‍കൂട്ടി പ്രവചിക്കാനും കഴിയും. മഴയുടെ തോതും, മണ്ണിന്റെ പ്രത്യേകതകളും , വെള്ളം പിടിച്ചു വയ്ക്കാനുള്ള കഴിവും പരിശോധിച്ചാല്‍ എപ്പോഴാണ് ജാഗ്രത പുലര്‍ത്തേണ്ടി വരിക എന്നത് സംബന്ധിച്ച ധാരണകളിലേയ്ക്ക് എത്തിച്ചേരാനാകും. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.


images


ഭൂമി ഒട്ടാകെ നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിയെന്നോണമാണ് കേരളത്തിലും ക്രമം തെറ്റിവരുന്ന പേമാരികളെ കാണേണ്ടത്. മനുഷ്യനിര്‍മ്മിതവും ഭൂമിയുടെ ചംക്രമണ പാതയുടെ മാറ്റങ്ങളും കാരണം ഉണ്ടാകുന്ന ഇത്തരം പ്രതിഭാസങ്ങളെ എങ്ങനെ നേരിടണം എന്നത് ശാസ്ത്രലോകത്തെ ഏറെ ചിന്തിപ്പിക്കുന്ന സമസ്യ ആണ്. ഇന്നലെ വരെ കണ്ട പുഴയ്ക്കും മഴയ്ക്കും വെയിലിനും അനുസരിച്ച് ഇന്ന് വരെയുള്ള ജീവിതം ഒരുക്കി വച്ചു. എന്നാല്‍ അവയുടെ ഗതികള്‍ മാറുമ്പോള്‍ സമൂഹവും   രീതികള്‍ മാറ്റേണ്ടി വരും. വഴി മാറുന്ന പുഴയെ തിരിച്ചൊഴുക്കാൻ നില്‍ക്കാതെ പുതിയ വഴിയില്‍ നടക്കാന്‍ മനുഷ്യരും ശീലിക്കുക തന്നെ വേണം.