Dr Sofiya Kanneth

ക്‌ളൗഡ്‌ സീഡിംഗ്: എന്ത്, എന്തിന്, എങ്ങനെ.

ജലദിനങ്ങള്‍ കടന്നുപോകുമ്പോള്‍, നാട് കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. മഴവെള്ള സംഭരണത്തെ ഗൗരവമായി കാണേണ്ടതുണ്ട്. വര്‍ധിച്ചു വരുന്ന മലിനീകരണവും വനനശീകരണവുമാണ് ഇത്തരം ഒരവസ്ഥയിലേക്ക് എത്തിച്ചതെന്ന് പറയാതെ വയ്യ. ജല ദൗ ര്‍ലഭ്യതയുടെ ദയനീയ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ നെടുവീര്‍പ്പിട്ട് നിസ്സഹായതയോടെ നില്‍ക്കാന്‍ നമുക്കു മുന്പില്‍ സമയം ഇല്ല. ഇനി എന്ത് എന്ന ചോദ്യം മുന്നില്‍ ഉത്തരം തരാതെ നിശബ്ദമാവുമോള്‍ ശാസ്ത്രം തുറന്നിടുന്ന ഒരു എമര്‍ജന്‍സി എക്സിറ്റ് ആണ് ക്ലൗഡ് സീഡിംഗ്. എത്ര വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശത്തും ചെറിയ തോതിലെങ്കിലും കാണപ്പെടുന്ന മഴമേഘങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ക്‌ളൗഡ്‌ സീഡിങ്ങില്‍ ചെയ്യുന്നത്. ചില രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈ മഴമേഘങ്ങളെ (cumulonimbus clouds) മഴപെയ്യിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തു ഒരുമിച്ചെത്തിച്ചു, അവക്കുളില്‍ സ്വാഭാവികമായി സംഭവിക്കേണ്ടുന്ന ഭൗതിക പ്രക്രിയകളെ വേഗത്തിലാക്കുന്നു. അപ്രകാരം മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമമായി മഴ പെയ്യിപ്പിക്കുന്ന രീതി ആണിത്. മഴ പെയ്യിക്കാന്‍ മാത്രമല്ല, മഞ്ഞു പെയ്യിക്കാനും മൂടല്‍മഞ്ഞു അകറ്റാനും വെള്ളപ്പൊക്കഭീഷണിക്കു ബദലായും, എന്തിനു യുദ്ധതന്ത്രമായി പോലും ലോകരാജ്യങ്ങള്‍ ക്‌ളൗഡ്‌ സീഡിംഗ് പ്രയോഗിച്ചിട്ടുണ്ട്.



കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്‍റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്‍റെയും കുറവുണ്ടായതിനെ തുടര്‍ന്നാണ് കേരളത്തെ വരള്‍ച്ചബാധിത പ്രദേശം ആയി നിയമ സഭയില്‍ പ്രഖ്യാപിച്ചത്. കൊടും വരള്‍ച്ച കൃഷി, മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പ്, ജലവൈദ്യുതി ഉല്‍പാദനം, വിനോദ സഞ്ചാരം തുടങ്ങി പലമേഖലകളെയും ബാധിക്കും. കടുത്ത ജല ക്ഷാമത്തെ നേരിടാന്‍ കൃത്രിമ മഴ പോലുള്ള സാങ്കേതിക വിദ്യകള്‍പരീക്ഷിക്കാനും പദ്ധതി ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളാണ് ക്‌ളൗഡ്‌ സീഡിംഗ് വീണ്ടും വര്‍ത്തകളില്‍ നിറയാന്‍ കാരണമായത്.



1946 ഇല്‍ വിന്‍സെന്റ് ശേഫര്‍ എന്ന ശാസ്ത്രജ്ഞന്‍ ആണ് ക്ലോസ്ഡ് സീഡിംഗ് പരീക്ഷിച്ചത്. ഇ ര്‍വിങ് ലാങ്ങ്മുര്‍ എന്ന തന്റെ സഹപ്രവ ര്‍ത്തകനുമായുള്ള സംഭാഷണത്തില്‍ ഉരുത്തിരിഞ്ഞ ആശയം അദ്ദേഹം പല വസ്തുക്കളുപയോഗിച് പരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്(ഡ്രൈ ഐസ് ) മേഘപാളികളില്‍ വിതറിയാല്‍ പൂജ്യം ഡിഗ്രി യില്‍ താഴെ താപ നിലയില്‍ അന്തരീക്ഷത്തില്‍ ഉള്ള മഴമേഘങ്ങളെ കൃത്രിമമായി പെയ്യിപ്പിക്കാം എന്ന് അദ്ദേഹം കണ്ടെത്തി. ഇന്ന് ഡ്രൈ ഐസ്,സില്‍വര്‍ അയോഡൈഡ്, പൊട്ടാസ്യം അയോഡൈഡ് ലിക്വിഡ് പ്രൊപേന്‍ പോലുള്ള രാസ പദാര്‍ത്ഥങ്ങള്‍ആണ് ഉപയോഗിക്കുന്നത്. എന്തിനു കറിയുപ്പ് (സോഡിയം ക്ലോറൈഡ്) ഉള്‍പ്പെടെയുള്ള വിവിധതരം ഉപ്പുകള്‍ (പൊട്ടാസിയം ക്ലോറൈഡ്, കാല്‍സ്യം ക്ലോറൈഡ് മുതലായവ) ഉപയോഗിച്ച് പോലും ക്‌ളൗഡ്‌ സീഡിംഗ് നടത്താം എന്ന് കണ്ടെത്തിയിട്ടുണ്ട്.



2003 ല്‍ അമേരിക്കന്‍ നാഷണല്‍ റിസേര്‍ച് കൗണ്‍സില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നത് കഴിഞ്ഞ 55 വര്‍ഷത്തെ പഠനങ്ങള്‍ക്കൊടുവിലും ക്‌ളൗഡ്‌ സീഡിങ്ങിന് പൂര്‍ണമായ വിശ്വാസ്യത നല്‍കാനാവും വിധം താങ്കളുടെ കയ്യില്‍ തെളിവുകളില്ല എന്ന് തന്നെയാണ്. എന്നാല്‍ അന്തരീക്ഷ മര്‍ദ്ദം, താപനില, കാറ്റിന്റെ ദിശയും വേഗതയും, മേഘങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉയരം, ഉപയോഗിക്കുന്ന രാസപഥാര്‍ത്ഥങ്ങളുടെ അളവും പ്രായോഗികതയും തുടങ്ങി പല ഘടകങ്ങളും അനുകൂലമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്‌ളൗഡ്‌  സീഡിംഗ് വിജയകരമാണെന്നും പ്രസ്തുത പ്രദേശത്തെ മഴയുടെ തോത് വര്‍ധിപ്പിക്കുന്നു എന്നും സൂചിപ്പിക്കുന്ന പഠനങ്ങളും ലഭ്യമാണ്‌. മാത്രവുമല്ല ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍അന്തരീക്ഷ മലിനീകരണത്തിന് കാരണം ആയേക്കുമെന്നു ഒരു വിഭാഗം പറയുമ്പോള്‍ സില്‍വര്‍ അയോഡൈഡ് പോലുള്ള രാസവസ്തുക്കള്‍കൊണ്ട് ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം മൊത്തം അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു ശതമാനം മാത്രമേ ആവുന്നുള്ളൂ എന്നാണ് മറ്റൊരു പഠനം.



ചൈന, യു എ ഇ, നോര്‍ത്തമേരിക്ക എന്നിവിടങ്ങളില്‍ ക്‌ളൗഡ്‌ സീഡിംഗ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്.  ഇന്ത്യയില്‍ തമിഴ് നാട് ഒന്നിലേറെ തവണ ക്‌ളൗഡ്‌ സീഡിംഗ് പരീക്ഷിച്ചിട്ടുണ്ട്. ബംഗളൂരുവിലും മഹാരാഷ്ട്രയിലും കാര്‍ഷിക വിളകള്‍ക്ക് മഴയുടെ കുറവ് കാരണം ഇത്തരത്തില്‍ കൃത്രിമമഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ക്‌ളൗഡ്‌ സീഡിംഗ് പരീക്ഷിച്ചത് യു എ ഇ ആണ്. എന്നാല്‍ വ ര്‍ഷത്തില്‍ 100 mm മഴ മാത്രം ലഭിക്കുന്ന യു എ ഇ യെ പോലെയല്ല കേരളം, നമുക്ക് വരും എന്ന് ഉറപ്പുള്ള രണ്ടു മഴ മേഘങ്ങള്‍ ഉണ്ട്. കാലവര്‍ഷവും തുലാവ ര്‍ഷവും. മേഘങ്ങളില്‍ ഉണ്ടാക്കുന്ന കൃത്രിമമായ മാറ്റങ്ങള്‍എങ്ങനെയാണ് ഇവയെ ബാധിക്കുക എന്ന് കൃത്യമായ പഠനങ്ങള്‍വേണ്ടി വരും. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃത്രിമ മഴ എത്രത്തോളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നോ ലഭിക്കുന്ന മഴയുടെ അളവിനെ കുറിച്ചോ ഇന്നും ശാസ്ത്രലോകത്തിന് കൃത്യമായ ധാരണകളില്ല. കൊടും വേനലിന്റെ വറുതികളെ അതിജീവിയ്ക്കാന്‍ ഇത്തരം കൃത്രിമ മാര്ഗങ്ങള്‍ തേടുമ്പോള്‍ അനന്തരഫലങ്ങളുടെ ഉത്തരവാദിത്വവും പൊതുവായി പങ്കിട്ടെടുക്കേണ്ടി വരും. അതിനാല്‍ കേരളമാകെ മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കാം. വനനശീകരണത്തിനെതിരായ സഹനങ്ങള്‍ ശക്തമാക്കാം. എന്നാല്‍ മാത്രമേ മഴയൊരോര്‍മ്മ മാത്രമാകാതാകൂ. തുടര്‍ തലമുറകളോട് നീതി ചെയ്യാനാകൂ.