Anu Devarajan

“നിഴലുകളില്‍ നിന്നു നക്ഷത്രങ്ങളിലേക്ക്” – കാള്‍സാഗന്‍ ഒരു ശാസ്‌ത്ര വിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന വിധം

കാള്‍സാഗനെ പോലെയാകാന്‍ കൊതിച്ച്‌ ആത്മഹത്യാക്കുറിപ്പ് മാത്രമെഴുതി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പ് നവമാധ്യമങ്ങളില്‍ പലതവണ വായിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. തന്റെ സ്വപ്നങ്ങളെ പറ്റി ആത്മഹത്യാക്കുറിപ്പില്‍ പോലും ‘വാചാലനായ’, ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയെയും സ്നേഹിച്ച, വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്ന രോഹിത് വെമുല, കാള്‍സാഗന്‍ എന്ന വ്യക്തിയില്‍ ഇത്രയേറെ ആകര്ഷിക്കപ്പെട്ടത് എന്തുകൊണ്ടാകാം? നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്കു സഞ്ചരിക്കാന്‍ ആഗ്രഹിച്ച ഒരു ശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിയുടെ തൃഷ്ണകളെ അത്രത്തോളം ഉത്തേജിപ്പിക്കാന്‍ എന്തായിരുന്നു കാള്‍സാഗന്റെ കൈവശം ഉണ്ടായിരുന്നത്.


unnamed (3)


പ്രപഞ്ചത്തെ അതിന്‍റെ എല്ലാവിധമായ പ്രൗഢിയോടും നിഗൂഢതയോടും കൂടി അത്ര തീവ്രമായി വര്‍ണിക്കാന്‍ കാള്‍സാഗനെ പോലെ മറ്റാര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. അത്രമേല്‍ ‘ഭാഗ്യം’ചെയ്തവരായതു കൊണ്ട് മാത്രം മനുഷ്യര്‍ക്കു ജീവിക്കാന്‍ കഴിയുന്ന ഈ പ്രപഞ്ചത്തെപ്പറ്റി ഒരു കുഞ്ഞിന്റേതായ കൗതുകത്തോടെ വര്‍ണിക്കാന്‍ സാഗനു സാധിച്ചിരുന്നു. നിഗൂഢവും വിശാലവുമായ ഇരുണ്ട സമുദ്രത്തില്‍ ഒരു മിന്നാമിനുങ്ങ് വെട്ടം എത്ര നിസ്സാരമാണോ അത്രത്തോളം നിസ്സാരമാണ് ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം എന്ന് സാഗന്‍ പറഞ്ഞുവച്ചിരുന്നു. ‘Billions’ എന്ന വാക്കിനോടുള്ള സാഗന്റെ പ്രണയം, അദ്ദേഹത്തെ ഒരിക്കലെങ്കിലും വായിക്കുകയോ കേള്‍ക്കുകയോ ചെയ്തവര്‍ക്ക് അവഗണിക്കാനാവില്ല. ‘Billions and billions of stars’ എന്ന് വര്‍ണിച്ചു ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളെ അതിന്റെ എല്ലാവിധമായ അനന്തതയോടും കൂടി കാള്‍സാഗന്‍ നമ്മുടെ കണ്മുന്നില്‍ പ്രതിഷ്ഠിക്കുന്നു.


unnamed


ആ കാണുന്ന, ഒരു പോട്ടോളം മാത്രം വലിപ്പമുള്ള ഭൂമിയാണ് നമ്മുടെ വീടെന്നും അവിടെയാണ് എണ്ണിയാലൊടുങ്ങാത്ത സംസ്കാരങ്ങളും മതങ്ങളും ആശയങ്ങളും സാമ്പത്തികനിയമങ്ങളും നിലനില്‍ക്കുന്നതെന്നും അവിടെ തന്നെയാണ് വേടനും ഇരയും വീരനും ഭീരുവും രാജാവും കൃഷിക്കാരനും പ്രണയിതാക്കളും അച്ഛനും അമ്മയും മക്കളും അഴിമതിക്കാരനും സഞ്ചാരികളും താരരാജാക്കളും സന്ന്യാസിയും പാപിയും എല്ലാമുള്ളതെന്നും തന്റെ ‘A Pale Blue Dot: A Vision of the Human Future in Space’ എന്ന പുസ്തകത്തില്‍ പറയുന്ന സാഗന്‍, എത്ര സ്‌പഷ്ടമായി ഒരു പ്രപഞ്ചസത്യത്തെ സമര്‍ത്ഥിക്കുന്നു! ‘എന്റെ ജനനം തന്നെയാണു എനിക്കു സംഭവിച്ച ഏറ്റവും വലിയ അപകടം’ എന്ന രോഹിതിന്റെ വാക്കുകളുടെ പശ്ചാത്തലത്തില്‍ കാള്‍സാഗന്റെ ഭാഷയിലെ വെറും ഒരു ‘മങ്ങിയ നീലപ്പൊട്ടു’ മാത്രമായ ഭൂമിയില്‍ അരങ്ങേറുന്ന ജാതി-മത-വര്‍ഗ-വര്‍ണ്ണ-ലിംഗ അടിസ്ഥാനത്തിലുള്ള എല്ലാ വേര്തിരിവുകളുടെയും പൊള്ളത്തരം ചേര്‍ത്തു വായിക്കണം.


unnamed (2)


Earth – A ‘Pale Blue Dot’


പ്രപഞ്ചത്തെക്കുറിച്ചും ഭൂമിക്കു പുറത്തുള്ള ജീവന്റെ സാധ്യതകളെ കുറിച്ചുമുള്ള ജിജ്ഞാസ എട്ടാം വയസ്സില്‍ തുടങ്ങിയതാണ് സാഗന്. താന്‍ ജ്യോതിശാസ്ത്രത്തെയല്ല (astronomy), മറിച്ചു അതു രക്ഷപെടാനാകാത്ത വിധം തന്നെ കീഴടക്കുകയായിരുന്നു എന്ന് സാഗന്‍ പറയുന്നു. നാസയുടെ ഇരട്ട ബഹിരാകാശപദ്ധതികളായ Voyager 1 & 2 ല്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഭൂമിയിലെ പല ഭാഷകളും പ്രകൃതിയിലെ വിവിധ ശബ്ദങ്ങളും സംഗീതവും വിവിധ ഫോട്ടോകളും ഉള്‍പ്പെടുത്തിയ ഒരു 12 ഇഞ്ച് കോപ്പര്‍ ഡിസ്ക് പേടകത്തിനുള്ളില്‍ സൂക്ഷിക്കാനുള്ള അനുവാദം സാഗന്‍ വാങ്ങിയിരുന്നു. എന്നെങ്കിലും അന്യഗ്രഹജീവികള്‍പേടകം കണ്ടെത്തുമെന്നും , അങ്ങനെ അവര്‍ ഇവിടെ ഭൂമിയില്‍ മനുഷ്യരുടേതായ ഒരു ലോകമുണ്ടെന്നു മനസ്സിലാക്കുമെന്നും സാഗന്‍ പ്രതീക്ഷിച്ചു. ഇതിനു ‘A Bottle Cast into the Cosmic Ocean’ എന്നു പേരും നല്‍കി.


unnamed (1)


മരണശേഷം നക്ഷത്രങ്ങളിലേക്കു സഞ്ചരിക്കാനാകുമെന്നും മറ്റു ലോകങ്ങളെക്കുറിച്ചു അറിയാന്‍ സാധിക്കുമെന്നും പ്രതീക്ഷിച്ച, അങ്ങനെ എഴുതിയ രോഹിതിനെ, ഭൂമിക്കു പുറത്തുള്ള ജീവന്റെ സാധ്യതയെപ്പറ്റിയും നക്ഷത്രങ്ങളുടെയും പ്രപഞ്ചത്തിന്റെയും അനന്തതയെപ്പറ്റിയും വിസ്മയിച്ചിരുന്ന സാഗന്‍ എത്രത്തോളമാകും സ്വാധീനിച്ചിട്ടുണ്ടാവുക! കാലാവസ്ഥാവ്യതിയാനത്തിനു എതിരായി ഉയര്‍ന്ന ആദ്യകാല ശബ്ദങ്ങളില്‍ ഒന്നായ കാള്‍സാഗന്‍, ശാസ്ത്രത്തിന്റെയും നക്ഷത്രങ്ങളുടെയും ഒപ്പം പ്രകൃതിയെയും സ്നേഹിച്ച രോഹിതിനെ സ്വാധീനിച്ചതില്‍ അത്‌ഭുതപ്പെടാനില്ല. അണുവായുധ നിരായുധീകരണത്തിനു വേണ്ടി സാഗന്‍ വാദിച്ചിരുന്നു. ഇനിയൊരു മഹായുദ്ധം വഴിയുണ്ടാകാന്‍ സാധ്യതയുള്ള ആണവശൈത്യത്തെ പറ്റി (nuclear winter) സഗാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.


download


‘നക്ഷത്രധൂളികളില്‍ നിന്നാണു മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്’ എന്നെഴുതിയ രോഹിതിന്റെ പ്രാചോദനം മനുഷ്യരാശി നക്ഷത്രധൂളി (stardust) ആണെന്നും, അല്ലാതെ മനുഷ്യന്‍ നിരാശനായ ഒരു സ്രഷ്ടാവിന്റെ പരാജയപ്പെട്ട കളിമൺ ശില്പമല്ലെന്നും പറഞ്ഞ സാഗന്‍ തന്നെ ആയിരുന്നിരിക്കണം. ശാസ്ത്രവും മതവും തമ്മിലുള്ള പ്രധാന വ്യത്യാസം സമീപനങ്ങളുടേതും രണ്ടും സത്യത്തെ വിശ്വസിപ്പിക്കുന്ന രീതിയുടേതും ആണെന്ന് സാഗന്‍ വിശ്വസിച്ചു. ഗുരുത്വകര്ഷണബലം പോലെ എവിടെയും നിലനില്‍ക്കുന്ന പ്രകൃതിനിയമങ്ങളെയാണ് ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍, അങ്ങനെ ഒരു ദൈവം ഉറപ്പായുമുണ്ടെന്നു സാഗന്‍ വാദിച്ചു. അല്ലാതെ ദൈവം എന്നത് നീണ്ടു വെളുത്ത താടിയുള്ള, ആകാശവാസിയായ, ഭൂമിയിലെ ഓരോ പക്ഷിയുടെയും എണ്ണമെടുക്കുന്ന ഒരു പുരുഷസങ്കല്പം ആണെങ്കില്‍, അങ്ങനെ ഒരു ദൈവം നിലനില്‍ക്കുന്നില്ലെന്നും സാഗന്‍ അഭിപ്രായപ്പെട്ടു. മരണാനന്തരകഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് എഴുതിയ രോഹിതിന്റെയും ദൈവസങ്കല്പം ഏറെക്കുറെയെങ്കിലും സാഗന്റേതിന് സമാനമായിരിക്കണം.


unnamed (4)


Cornell/ Harvard യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍, ചൊവ്വ/ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളെപ്പറ്റി പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങള്‍നടത്തിയ ജ്യോതിശാസ്ത്രജ്ഞന്‍, നാസയുടെ Mariner 9, Viking 1 & 2, Pioneer 10 & 11, Voyager 1 & 2 തുടങ്ങിയ പദ്ധതികളില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍, 1978 ല്‍ Pulitzer Prize നേടിയ ‘The Dragons of Eden: Speculations on the Evolution of Human Intelligence’ ഉള്‍പ്പെടെ ഡസനിലധികം പുസ്തകങ്ങളും 600 ല്‍പരം ശാസ്ത്രലേഖനങ്ങളും എഴുതിയ എഴുത്തുകാരന്‍ എന്നതിനപ്പുറം ടെലിവിഷന്‍ രംഗത്തും കാള്‍സാഗന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുഷിപ്പന്‍ ശാസ്ത്രബോധനങ്ങള്‍ക്കപ്പുറം ടെലിവിഷന്റെ ദൃശ്യസാധ്യതകളെ വിശേഷിച്ചു സ്പെഷ്യല്‍ ഇഫക്ട്സ്, അനിമേഷന്‍ എന്നിവ പ്രയോജനപ്പെടുത്തി വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച ‘Cosmos: A Personal Voyage’ എന്ന ടെലിവിഷന്‍ പരിപാടി അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും ട്രെന്‍ഡ്സെറ്റെറും ആയിരുന്നു. 1980 ലെ Emmy അവാര്‍ഡും കോസ്മോസ് കരസ്ഥമാക്കി. ശാസ്ത്രത്തെ എങ്ങനെ ജനകീയമായി അവതരിപ്പിക്കാം എന്ന് കാണിച്ചു തരികയായിരുന്നു കാള്‍സാഗന്‍ കോസ്മോസിലൂടെ.


images


ശാസ്ത്രാഭിരുചിയും സാഗനോടുള്ള താത്പര്യവും ചെറിയ തോതിലെങ്കിലും രോഹിത് വെമുലയുടെ രാഷ്ട്രീയത്തെയും സ്വാധീനിച്ചിട്ടുണ്ടാകണം. രോഹിത് കടന്നുവന്ന വഴികളെ വിസ്മരിച്ചല്ല ഇതു പറയുന്നത്. ജനാധിപത്യത്തില്‍ ശാസ്ത്രം എന്തുകൊണ്ട് ഒഴിവാക്കാനാകാത്തത് ആകുന്നുവെന്നും എങ്ങനെ ശാസ്ത്രീയത രാഷ്‌ട്രീയത്തിന്റെ ധാര്‍മികതയെ ഉറപ്പിക്കുന്നുവെന്നും കാള്‍സാഗന്‍ വ്യക്തമാക്കുന്നുണ്ട്. ബുദ്ധിമാനെന്നു നാട്യം കാണിക്കുന്നവരെ പൊളിച്ചെഴുതാന്‍ ശാസ്ത്രം സഹായിക്കുന്നുവെന്നു സാഗന്‍ അഭിപ്രായപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്കും സാഹചര്യത്തില്‍ അപ്രസക്തമെങ്കില്‍ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു തിരുകി കയറ്റപ്പെടുന്ന മതചിന്തകള്‍ക്കും എതിരെയുള്ള ആയുധം കൂടിയാണു സാഗന്റെ അഭിപ്രായത്തില്‍ ശാസ്ത്രം. തെറ്റുകള്‍തിരുത്താനുള്ള ഉപാധിയാണ് ശാസ്ത്രമെന്നും സാഗന്‍ കൂട്ടിച്ചേര്‍ക്കുന്നു.


images (1)


1996 ല്‍ 62 വയസ്സില്‍ സാഗന്‍ കാന്‍സര്‍ ബാധിതനായി മരണമടഞ്ഞു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കു ഇടയിലും മരിക്കുന്നതിനു രണ്ടാഴ്ച മുന്‍പ് വാഷിങ്ടണില്‍ അന്നത്തെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ David S Goldin യെ സന്ദര്‍ശിച്ച്‌ ഭാവിയിലെ ബഹിരാകാശപദ്ധതികള്‍ക്കായുള്ള തന്‍റെ ആശയങ്ങള്‍ സാഗന്‍ അവതരിപ്പിച്ചിരുന്നു. എത്രത്തോളം തീവ്രമായിരുന്നു അപ്പോഴും സാഗന്റെ അഭിനിവേശമെന്നു Goldin പിന്നീടു ഓര്‍ക്കുന്നുണ്ട്. കാണാത്ത ലോകങ്ങളെപ്പറ്റി അറിയുവാനുള്ള വ്യഗ്രതയായിരുന്നു അപ്പോഴും സാഗന്. പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും വേണ്ടുവോളമുള്ള, തോല്‍ക്കാന്‍ തയ്യാറല്ലായിരുന്ന ആ കാള്‍സാഗനെ തന്നെയാണ് ഗോള്‍ഡിനെ പോലെ ലോകവും ആരാധിച്ചതും സ്നേഹിച്ചതും.


download (1)


ശുഭാപ്തിവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്ന സ്ഥിരോത്സാഹിയായിരുന്ന കാള്‍സാഗനും, വ്യക്തമായ നിലപാടുകളും വ്യക്തിത്വവും ഉണ്ടായിരുന്നിട്ടുകൂടി ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുലയും തമ്മിലുള്ള വ്യത്യാസം എവിടെ ആയിരുന്നു ? കടന്നു വന്ന വഴികളിലും ജീവിച്ച സാഹചര്യങ്ങളിലും നിലനില്‍ക്കുന്ന സാമൂഹികവ്യവസ്ഥകളിലും ആയിരുന്നു എന്ന് പറയേണ്ടി വരും. ജനനം മുതല്‍ പ്രതിസന്ധികളില്‍ കൂടി കടന്നുപോയ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം ഹൈദരാബാദ് യൂണിവേഴ്സിറ്റി വരെ എത്തിയ രോഹിതിന്റെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കാന്‍ നമ്മുടെ വ്യവസ്ഥക്ക് വഴിഞ്ഞില്ല എന്നാണെങ്കില്‍ കുഴപ്പം എവിടെയാണെന്ന് മനസ്സിലാക്കാന്‍ അധികമൊന്നും സഞ്ചരിക്കണം എന്നില്ല. മനുവാദത്തിലും ജാതിവ്യവസ്ഥയിലും ഇന്നും തളച്ചിടപ്പെട്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയായിരുന്നു രോഹിതിന്റെ ജീവിതവും മരണവും. കാള്‍സാഗന്‍ ജീവിതം കൊണ്ട് മാര്‍ഗദര്‍ശിയാകുമ്പോള്‍രോഹിത് വെമുല തന്റെ മരണം കൊണ്ട് ചര്‍ച്ചയിലേക്ക് സമൂഹത്തെ നയിക്കുന്നു. ഈ ചര്‍ച്ചകള്‍അവസാനിക്കുന്നത് ഇനി ഇതുപോലൊരു മരണം അവര്‍ത്തിക്കപ്പെടാതിരിക്കുകയും ഒരു മനുഷ്യന്റെയും സ്വപ്‌നങ്ങള്‍കരിഞ്ഞു പോകാതിരിക്കുകയും ചെയ്യുന്ന ഒരു സാമൂഹികപരിവര്‍ത്തനത്തിനുള്ള ചുവടുവയ്പുകളില്‍ ആകട്ടെ.