ചുമരുകള്‍

ചുമരുകള്‍ പേമാരിക്കു വെയിലിന്നു നറുവെണ്‍ നിലാവിനും സാക്ഷികള്‍

പുത്തന്‍പുടവയുടുത്തെന്റെയമ്മയെ സ്വാഗതം ചൊല്ലിയ ചുമരുകള്‍
ഇരുളില്‍ ഇഴചേര്‍ന്നിണചേര്‍ന്ന മനസ്സുകള്‍ പൂവണിയുന്നതിന്‍ സാക്ഷികള്‍

പേറ്റു നോവില്‍ തായ്‌ക്കു കൈത്താങ്ങായതും പിച്ചവച്ചുയരുവാന്‍ പടികളായ് തീര്‍ന്നതും
അച്ഛന്റെ കൈ പിടിച്ചൊട്ടി നടക്കവേ പിഞ്ചുവിരലിനാല്‍ ചിത്രം വരച്ചതും

ജന്മദിനത്തില്‍ നിറക്കടലാസിനാല്‍ ചേലില്‍ ചമഞ്ഞെന്നെ വാരി പുണര്‍ന്നതും
വരകള്‍ വളഞ്ഞോരു വളയമായ് തീര്‍ന്നതും അക്ഷരം വാക്കായി വരികള്‍ വിരിഞ്ഞതും

കുഞ്ഞനിയന്റെ കൈ കൂട്ടിപ്പിടിച്ചു ചെളിമണ്ണിന്‍ കരങ്ങളും കണ്ണും വരച്ചതും

സ്മരണകളേറെ തന്‍ മേനിയില്‍ കാത്തവള്‍ കാലമാമരിവാളിനിരയായ് വിരൂപിയായ്
ലഹരിതന്‍ ചിതലുകള്‍ ആകെ വരിഞ്ഞു ചുമരുകള്‍ ബലമറ്റിടറാന്‍ തുടങ്ങി

പൊട്ടിയ കുപ്പിവളപ്പൊട്ട് കയ്യില്‍ തറഞ്ഞെന്റെ അമ്മതന്‍
ചെഞ്ചോര ചാലിച്ച് ചിത്രങ്ങള്‍ ചാര്‍ത്തിയ ചുമരുകള്‍

രക്ത പുഷ്പങ്ങള്‍ വിരിഞ്ഞു പുടവയില്‍
കുഞ്ഞു കൈ രചനകള്‍ കുസൃതികള്‍ മാഞ്ഞുപോയ്

മാറാല ബാധിച്ചുമങ്ങിയിളകിയ കുഞ്ഞു നിറകടലാസിന്‍ സ്മരണകള്‍
ചെളിമണ്ണു രചനതന്‍ ചിരിമാഞ്ഞു ചോര്‍ച്ചയില്‍ കണ്ണുനീര്‍ചാലുകള്‍ തെളിഞ്ഞു

പണ്ട് ഞാന്‍ ആശിച്ചു വാങ്ങിയ ദൈവചിത്രങ്ങള്‍
ചുമരില്‍ ചിരിച്ചു നില്‍ക്കെ അവരെന്റെ വ്യഥകളെ വിധിയായ് ചമച്ചുവയ്ക്കേ

ഞാന്‍ തന്ന കണ്ണാലെ കണ്ടുവോ നീയെന്‍ നെഞ്ചമുരുകുന്ന നോവുകള്‍

തോല്‍ക്കുകയില്ല ഞാന്‍ വിധിതന്‍ വാളിന്നിരയാകയില്ല
ഞാനൊരു ഞാണ്‍ കയറില്‍ ഒടുങ്ങുവാനില്ല

വിധിയെ പഴിക്കുവാനില്ല ഞാനിനിയെന്‍ കഴുത്തിലാഴും കഠാരയ്ക്കുനേരെ
ഉലയുന്നൊരുറുമിപോല്‍ ഉയരുമിനി ഞാനെന്‍ ഉയിരുന്നു വേണ്ടി പടപൊരുതാന്‍ .Comments: