ആണാപ്പെറന്തവന്‍

ചിപ്പിപെറുക്കാന്‍
പാറയിലെത്തിപ്പിടിച്ച കൈ
തെങ്ങിലള്ളിപ്പിടിച്ചുരഞ്ഞ കാല്
നാക്കുവടിയിലീര്‍ക്കില്‍ കയ്യേറ്റം ചെയ്ത നാവ്
പൊക്കന്‍ പിടിച്ചു തഴമ്പിച്ച
മുഖത്തൊരാമ്പലിന്റെ ചിരി.
വിശപ്പുകൂട്ടിയ വയറിന്നകത്തെ
എരിച്ചകളില്‍ ഊപ്പാടുപെട്ട കുടല്‍.
ഓണം വിരുന്നുവരാത്ത കുടിയില്‍
കീറപ്പരമ്പില്‍ ചളുവായൊലിപ്പിച്ചുറക്കം.
വക്കാണത്തിനു പോകാത്ത വായയില്‍
മൗനനീരിന്റെ വാട്ടം.
കടലിന്റെ അടിത്തട്ടില്‍
ചൂണ്ട കുടഞ്ഞ് വെയിലുതിന്നും നേരം
”ആണ്ടവന്‍ പടച്ചുവിട്ടതല്ലയോ എന്നെ”
ആരു നോക്കിയാലുമവന്റെ ഭാവം
ആള്‍ക്കൂട്ടങ്ങള്‍ നൂന്തുനിന്ന് അവനു ശരിയിടും
”ഇന്ത പിള്ള
നല്ല കൊളന്തേയ്
പാര്മീ
ഒന്നുക്കും പോവമാട്ടാന്‍
അവനപാട് അവനുക്ക് ”