കാലടിയും നെടുമ്പാശ്ശേരിയും

ജാതിക്കോമരങ്ങള്‍ തൊട്ടുതീണ്ടാത്ത
ജാതിമരക്കാട്…..
മതങ്ങള്‍ക്കുമീതേ
ആത്മീയതയുടെ
തണല്‍സുഗന്ധം…..
സമീക്ഷാശ്രമം..!

2.
മാവും പ്ലാവും കദളിവാഴയും
കനിയുന്ന കാട്ടു പൂന്തോപ്പ്….
കാക്കയും കുയിലും
വണ്ണാത്തിക്കിളികളും
കൂകിയുണര്‍ത്തുന്ന
പുഷ്പകാലം…
മൗനത്തിന്റെ ബഹിരാകാശങ്ങളിലേക്ക്
ഒറ്റയ്‌ക്കൊരു തീര്‍ത്ഥയാത്ര….
നിശ്ശബ്ദതയുടെ നീലക്കടല്‍…
കണ്ണടച്ചപ്പോള്‍ കണ്ടതൊക്കെയും
തന്നിലേക്കുള്ള തായ്‌വഴികള്‍…
‘കാലടി’ ഇവിടെയാണ്….
അകത്തേക്കുള്ള കിളിവാതില്‍…!!

3.
ഗാഢ മൗനങ്ങളെ കീറിമുറിച്ച്
തലയ്ക്കുമീതേ ജെറ്റ് വിമാനങ്ങള്‍..!!
വിറയ്ക്കുന്ന കെട്ടിടങ്ങള്‍….
പറക്കാന്‍ പേടിച്ച തത്തയും മൈനയും….
മനസ്സിനേറ്റ തീപ്പൊള്ളല്‍….
നിബിഡ വനത്തിലെ കാട്ടുതീ……!!
നെടുമ്പാശ്ശേരിയും ഇവിടെത്തന്നെയാണ്..
പുറത്തേക്കുള്ള പെരുംവാതില്‍..!!

4.
കാലടിയും
നെടുമ്പാശ്ശേരിയും
ഇത്ര അടുത്താണെന്ന്
ഇപ്പോഴാണറിയുന്നത്…….
ദൂരം ദിനംപ്രതി
കുറയുക ആണെന്നും….!!!!



Comments: