മേഘ സന്ദേശങ്ങള്‍

മേഘ സന്ദേശങ്ങള്‍
ഒരു പാട്ടു പോല്‍
നിന്നിലേക്കൊഴുകിയെത്തണം
നീയറിയാതെ
നിന്റെ മിടിപ്പാകണം
*
എന്തിനാണു ഞാന്‍
നീയറിയാതെ
നിന്നെ
ഹൃദയത്തില്‍ ചേര്‍ത്തത്
ഒരിക്കലും
തിരിച്ചറിയാതെ പോയിട്ടും
*
എന്റെ പ്രണയമേ
നിന്നില്‍ കൊരുത്തുറഞ്ഞു പോകുന്നു
വാക്കു കെട്ടൊരീ
പുലര്‍കാല വേളയും!
*
നീതരാത്ത
ഉമ്മകളാണെന്നെ
പ്രണയാതുരനാക്കുന്നത്!
*
എപ്പോഴും
നിന്റെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നുണ്ട്
എന്റെ കാത്
ഓരോ മിടിപ്പും
നിന്റെ പ്രണയം
ഉരുവിട്ടു കൊണ്ടേ യിരിക്കുമ്പോള്‍!
*
പിന്നെയുമെന്തിനാണു നീ
സങ്കടപ്പെടുന്നത്
നിന്നിലേക്ക്
അഗ്നിയായ് ഞാന്‍
പ്രവഹിക്കുമ്പൊഴും !
*
പ്രണയം
നിഴലകന്ന പോല്‍
തൊട്ടു പോകുമ്പോള്‍
ഒന്നിനുമല്ലാതെ
നിന്നിലേക്ക്
ഒഴകിയെത്തുന്നു
ഒരു പുഴ.
*
നിന്നിലേക്ക്
അലിഞ്ഞു ചേരണം
മഞ്ഞു തുള്ളിയായ്
മനമകലുമ്പോള്‍
കാതു ചേര്‍ക്കണം
നിന്റെ മിടിപ്പുകള്‍
സ്വന്തമാക്കുവാന്‍ !
*
എന്തിനാണ്
എന്റെ പ്രണയം
നിന്നെ മൂടുന്നത്
നീ
അകന്നകന്നു
പോകുമ്പൊഴും .
*
ഓരോ മിടിപ്പിലും
നീ
ഓരോ നിലാവിലും
നീ
കത്തുന്ന നെഞ്ചിലെ
തീയായി
നീ തന്നെ
നീതന്നെ യല്ലോ !
*
ഒരു നിഴലുപോല്‍
നീ
ഉണ്ടായിരുന്നു
ഓരോ നിശ്ശബ്ദതെയും അകറ്റി
നീ
പെയ്തു കൊണ്ടേ യിരുന്നു
നിന്നില്‍
ചേര്‍ന്നമര്‍ന്ന്
ഞാനും
ഒരു മഴയായി .
*
എന്തിനാണെന്റെ പ്രണയം
നിന്നെ മൂടുന്നത്
നീ
തിരികെത്തരാതെ
മറഞ്ഞിരിക്കുമ്പൊഴും !
*
നിന്റെ വിരല്‍ത്തുമ്പില്‍
തൊട്ടു നോക്കണം
എത്ര ചൂടുള്ളതാണ്
പ്രണയം
എന്നറിയുവാന്‍ !
*
നിന്റെ മണം
എന്നെ മൂടുന്നു
നിന്റെ സ്വരം
എന്നെ നേടുന്നു
പിന്നെന്തിന്
നിന്റെ ഹൃദയത്തില്‍
എന്റെ പേര്‍
കൊത്തിവച്ചത് ?
*
തരികെനിക്കു നിന്‍
ചോര
നുകരുവാന്‍
നിഴല്‍ മറന്ന
കിനാവു പകരുവാന്‍ .
*
നീയറിഞ്ഞില്ല
നിന്നില്‍ പടര്‍ന്നോരു
സങ്കടങ്ങളെ
മായിച്ചതാരെന്ന്.
നീ തിരഞ്ഞില്ല
നിന്നുടെ ഹൃത്തിലെ
നോവു തൂത്തു
തുടച്ചത്
ആരെന്ന് !
*
ഒട്ടുമോര്‍ക്കാതെയാണ്
നീ
എന്നിലേക്കു വന്നത്
ഇപ്പോള്‍
ഓര്‍മ്മയില്‍
നീ മാത്രം !

 



Comments: