മൂര്‍ദാബാദ്

അതെ
ഈ രാജ്യം നിങ്ങളുടേതാണ്
ഞങ്ങള്‍ അന്യര്‍

നിങ്ങള്‍ ദേശസ്നേഹികള്‍
ഞങ്ങള്‍ ദേശദ്രോഹികള്‍

നിങ്ങള്‍ നിയമം പഠിപ്പിക്കുന്നു
ഞങ്ങള്‍ പഠിക്കുന്നു
നിങ്ങള്‍ തോക്കു ചൂണ്ടുന്നു
ഞങ്ങള്‍ നിലയ്ക്ക് നില്ക്കുന്നു

രാമായണം ചരിത്രമാണെന്ന്
‘അതെ’യെന്ന് ഞങ്ങള്‍
പശു ദൈവമാണെന്ന്
‘അതെ’യെന്ന് ഞങ്ങള്‍

നിങ്ങള്‍ തീട്ടം തിന്നാന്‍ പറയുന്നു
‘അല്ലാ’യെന്ന് തലയാട്ടുന്നു
തീറ്റിക്കുമെന്ന് നിങ്ങള്‍
ഞങ്ങള്‍ തല കുനിക്കുന്നു

നിങ്ങള്‍ ശുദ്ധരാണെന്ന്
ഞങ്ങള്‍ അശുദ്ധരെന്ന്
നിങ്ങള്‍ അധികാരികളാണെന്ന്
ഞങ്ങള്‍ അടിമകളെന്ന്

ഗ്രാമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ

പിടിച്ചുകൊണ്ട് പോകുന്നു
ക്രൂരമായി ബലാത്സംഗം ചെയ്യുന്നു
തൂക്കി കൊല്ലുന്നു

കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നും
കത്തിക്കരിഞ്ഞ ജഡങ്ങള്‍
ഞങ്ങള്‍ കണ്ടെടുക്കുന്നു

നിങ്ങള്‍ ആക്രോശിക്കുന്നു
ഞങ്ങള്‍ നിശബ്ദരായി സഹിക്കുന്നു

ഞങ്ങളെ എച്ചികളെന്നും
എമ്പോക്കികളെന്നും വിളിക്കുന്നു
ഞങ്ങള്‍ മുഷ്ടി ചുരുട്ടാതെ മാറിനില്ക്കുന്നു

അറവുശാലകളിലേക്ക് ആട്ടിത്തെളിക്കുന്നു
‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നു

ഞങ്ങള്‍ക്ക് ഭാരതമില്ല
മാതാവില്ല
അതുകൊണ്ട് ജയ് വിളിക്കുന്നില്ല

മൂര്‍ദാബാദ്



Comments: