Babu Ramachandran

Poems of Ernesto Cardenal Martínez in Malayalam Translation

“God may do something silly at any time, because, like any lover, God does not reason. God is drunk with love.” – Ernesto Cardenal


Some poems of Ernesto Cardenal Martínez, a Nicaraguan Catholic priest, poet, and politician in Malayalam Translation..


ACH-Solentiname-10


i.

നമ്മുടെ കവിതകള്‍
ഇനിയും പ്രസിദ്ധീകരിക്കാനാവില്ല.
അവ കയ്യെഴുത്തുപ്രതികളായോ
സൈക്ളോസ്റ്റൈല്‍ കോപ്പികളായോ
പ്രചരിപ്പിക്കപ്പെടും..
ഏത് ഏകാധിപതിക്കെതിരെയാണോ
നമ്മുടെ കവിതകള്‍ എഴുതപ്പെട്ടത്,
അയാളെ ചിലപ്പോള്‍ ജനം മറന്നേക്കും..
എന്നാലും, നമ്മുടെ കവിതകള്‍
അവര്‍ വായിച്ചുകൊണ്ടേയിരിക്കും…!

ii.

ചിലപ്പോള്‍ നമ്മള്‍ ഇക്കൊല്ലം
വിവാഹിതരായേക്കാം, എന്റെ പെണ്ണേ..
നമ്മുടെ പുതിയ കൊച്ചുവീട്ടിലേക്ക്
താമസം മാറിയേക്കാം..
എന്റെ കവിതകളുടെ
പുസ്തകമിറങ്ങിയേക്കാം,
നമ്മള്‍ വിദേശത്ത്
താമസമുറപ്പിച്ചേക്കാം..
സൊമോസ*യുടെ ഏകാധിപത്യം
തകര്‍ന്നെന്നുമിരിക്കാം…

*Anastasio “Tachito” Somoza DeBayle – നിക്കരാഗ്വയിലെ ഏകാധിപതിയായ പ്രസിഡന്റ്‌.

iii.

നമ്മള്‍ വെടിയൊച്ചകള്‍
കേട്ട് ഉറക്കമുണരുന്നു..
നമ്മുടെ പ്രഭാതങ്ങള്‍
വിമാനങ്ങളുടെ ശബ്ദത്താല്‍
മുഖരിതമാവുന്നു..
വിപ്ലവം വരുന്നപോലുണ്ടല്ലേ..?
പേടിക്കണ്ട.. ഇന്ന്
ഏകാധിപതിയുടെ പിറന്നാളാണ്..!
അതുമാത്രമാണ്..!

iv.

അവര്‍ നിന്നെ കൊന്നുകളഞ്ഞു..
പക്ഷേ, നിന്നെ കുഴിച്ചിട്ടതെവിടെ
എന്നുമാത്രം അവര്‍ പറയുന്നില്ല.
പക്ഷേ, ഇന്നുമുതല്‍ ഈ നാടുമുഴുവന്‍
നിന്റെ സെമിത്തേരിയാണ്..
അഥവാ.. നിന്റെ ശരീരം മറവുചെയ്തിട്ടില്ലാത്ത
ഇന്നാട്ടിലെ ഓരോ ഇഞ്ച് മണ്ണില്‍ നിന്നും
ഇന്ന് നീ മൃതിയില്‍ നിന്നും
ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു..

വധശിക്ഷ വിധിച്ചപ്പോള്‍
അവര്‍ കരുതിയത്
നിന്നെ ഇല്ലാതാക്കാമെന്നായിരുന്നു.
നിന്നെ മറവുചെയ്തപ്പോള്‍
അവര്‍ ശരിക്കും ചെയ്തത്
ഒരു വിത്ത് നടുകയായിരുന്നു..!!

v.

പൂച്ചക്കുട്ടി..
എന്റെ ചക്കരപ്പൂച്ചക്കുട്ടി,
ഞാന്‍ അവളുടെ നെറ്റിയും കഴുത്തും
തഴുകുമ്പോള്‍ ,
അവര്‍ ആളുകളെ ചിത്രവധം
ചെയ്യുമ്പോള്‍ ,
അതിങ്ങനെ നടുങ്ങുന്നതെന്തിനാണ്..?

vi.

ഞാനൊരു വിപ്ലവകാരിയാണ്‌..
തെരുവുകളില്‍
പോലീസിനെ വെല്ലുവിളിച്ചുകൊണ്ട്‌
ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്‌,
‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെ’ന്ന്
മുഷ്ടിചുരുട്ടി , നെഞ്ചുവിരിച്ച്‌
ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്‌ ഞാന്‍..
പക്ഷേ, നിന്റെ വീടിരിക്കുന്ന
വളവെത്തിയാല്‍ ഇന്നും
എന്റെ മുഖം വിളറും..
നിന്റെ ഒരു നോട്ടം മതി,
എനിക്കു ചങ്കിടിക്കും.

vii.

എന്റെ പ്രതികാരം
ഇപ്രകാരമായിരിക്കും.
ഒരിക്കല്‍
ഒരു പ്രഖ്യാതകവിയുടെ
കവിതാസമാഹാരം
നിന്റെ കൈകളിലെത്തും.
ആ കവി
നിനക്കായെഴുതിയ വരികള്‍
നീ വീണ്ടും വീണ്ടും വായിക്കും..
പക്ഷേ, അതെഴുതപ്പെട്ടത്
നിനക്കുവേണ്ടിയായിരുന്നെന്ന്
ഒരിക്കലും നീയറിയില്ല..

viii.

എന്നോടൊപ്പമിരിക്കുമ്പോള്‍ , ക്ളോഡിയാ
നീ സൂക്ഷിക്കണം..
കാരണം, നിന്റെ ഓരോ അംഗചലനങ്ങളും,
നീ പറയുന്ന ഓരോ വാക്കും,
പിറുപിറുക്കലും,
നിന്റെ ചെറിയൊരു നോട്ടപ്പിഴ പോലും
ഒരു പക്ഷെ, നാളെയൊരുനാള്‍
പണ്ഡിതരാല്‍ വിശകലനം ചെയ്യപ്പെട്ടേക്കാം.
നിന്റെയീ നൃത്തം, നൂറ്റാണ്ടുകള്‍ കഴിഞ്ഞും
ആളുകള്‍ സ്‌മരിച്ചേക്കാം..
ക്ളോഡിയാ.. ഞാനിതാ
നിനക്ക് മുന്നറിയിപ്പു തന്നിരിക്കുന്നു.

ix.

നീ മറ്റാരെയോ പ്രണയിക്കുന്നു
എന്നവര്‍ എന്നോട് വന്നു പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാന്‍
മുറിയില്‍ ക്കേറി വാതിലടച്ചു.
എന്നിട്ട്,
നമ്മുടെ ഗവണ്മെന്റിനെതിരെ
ഒരു ലേഖനമെഴുതി..
ഇന്നു ഞാനീ തുറുങ്കിനുള്ളിലാവാന്‍
ഇടയാക്കിയ ലേഖനം..

x

എന്റെ പ്രണയ ഗീതകങ്ങള്‍ ക്കൊപ്പം,
ഈ കോസ്റ്റാറിക്കന്‍ പനിനീര്‍പ്പൂവുകളും
സ്വീകരിക്കുക, മിറിയം..

പനിനീര്‍ദലങ്ങള്‍
നിന്റെ കവിളുകള്‍ പോലെയാണെന്ന്
എന്റെ ഗീതകങ്ങള്‍ നിന്നെയോര്‍മ്മിപ്പിക്കും.

പ്രണയമൊരുനാള്‍
മുറിച്ചുമാറ്റപ്പെടേണ്ടതാണെന്ന്,
ഗ്രീസിനെയും റോമിനെയും പോലെ
ഒരുനാള്‍ നിന്റെ മുഖത്തിന്റെയും
പ്രഭ മങ്ങുമെന്ന്,
ഈ പനിനീര്‍പ്പൂക്കളും നിന്നെയോര്‍മ്മിപ്പിക്കും..

പ്രണയമോ,
കോസ്റ്റാറിക്കന്‍ പനിനീര്‍പ്പൂക്കളോ
ഒന്നും ഇല്ലാതെയാവുമ്പോള്‍ ,
എന്റെയീ ശോകഗാനം നീയോര്‍ക്കും..,