സാറ്റ്

പാണ്ടി കളിക്കുമ്പോലെയോ
വട്ട്
കളിക്കൂമ്പോലെയോ
അല്ല
സാറ്റ് കളി
അവിടെ ഒളിക്കാന്‍
ഒരിടം വേണം
ഭദ്രമായൊരിടം

പെണ്‍കുട്ടികള്‍
സാറ്റ് കളിക്കുമ്പോള്‍
അവരെ ഒളിപ്പിക്കാന്‍
ഉള്ളൊരുക്കുന്നത്
അച്ഛന്മാരാണ്.

അമ്മമാരുടെ നോട്ടത്തിലോ കരുതലിലോ ആണ്‍കുട്ടികള്‍ ഒളിക്കുമ്പോള്‍
അമ്മമാര്‍ സഹന മെരിയുന്ന
അടുക്കള പുസ്തകത്തില്‍
ഒളിയ്ക്കാന്‍ നോക്കും

ദൈവങ്ങള്‍ മനുഷ്യനില്‍
ഒളിയ്ക്കുമ്പോള്‍
ചിലര്‍
ആരാധനാലയങ്ങളില്‍
ഒളിക്കുന്നു

ഗാന്ധിയിലൊളി-
ക്കേണ്ടവര്‍
ഗോഡ്സേയിലും
ബുദ്ധനിലൊളി-
ക്കേണ്ടവര്‍
ഭക്തരിലൊളിക്കുന്നു

നീതി തേടുന്നവര്‍
കോടതിയിലൊളി-
ക്കുമ്പോള്‍
സാധാരണക്കാര്‍
ഭരണഘടനയിലൊ-
ളിക്കുന്നു

പുസ്തകത്തിലോ സ്കൂളിലോ ഒളിയ്ക്കേണ്ടവര്‍
വര്‍ണ്ണ വര്‍ഗ്ഗങ്ങളുടെ
നിലവറകളിലൊളിക്കുന്നു

വികസനം വാക്കിലൊളിക്കുമ്പോള്‍
വാക്ക് നാവിലൊളിക്കുന്നു
വീട് നാട്ടിലൊളിക്കുമ്പോള്‍
നഗരം ഫ്ളാറ്റിലൊളിക്കുന്നു

പരസ്പരം
ഒളിച്ചു കൊണ്ടേയിരിക്കുന്ന –
വരുടെ നാട്ടില്‍
നിങ്ങളൊളിക്കുമ്പോള്‍
നിങ്ങളെ
കണ്ടുപിടിയ്ക്കേണ്ടത്
നിങ്ങള്‍ തന്നെയാണ്

 

Comments

commentsComments: