Sudeep M P

ശ്രീ തീയറ്ററിന്റെ അവകാശികള്‍

ഈ കഴിഞ്ഞ ജനുവരി ഇരുപത്തി അഞ്ച്.ഞാനും സുഹൃത്തും കൂടി ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്ന സിനിമ കാണാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം "ശ്രീ" തീയറ്ററില്‍ ഓട്ടോയും പിടിച്ച് എത്തുന്നു.അമ്പതു രൂപ ഓട്ടോ കാശ് ഡ്രൈവര്‍ക്ക് കൊടുത്ത് ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തിയപ്പോള്‍ അവിടെ ഒരു ക്യൂ. സംഗതി അന്വേഷിച്ചപ്പോള്‍ മുപ്പതു ആളില്ലാതെ ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങില്ലത്രെ. അല്ലാതെ സിനിമ ഓടിച്ചാല്‍ കാശു മുതലാകില്ലെന്ന്. എത്ര മനോഹരമായ മറുപടി.പത്രത്തിലും പോസ്റ്ററുകളിലും പതിനൊന്നരക്കും രണ്ടരക്കും ഒക്കെ ആയി മൂന്നോ നാലോ കളി എന്ന പരസ്യവും കണ്ട് ഓട്ടോ പിടിച്ചെത്തുന്ന പ്രേക്ഷകരോട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ സര്‍ക്കാര്‍ സിനിമാ കൊട്ടകയിലെ ടിക്കറ്റ് വിതരണക്കാരന്റെ മറുപടി "ആളില്ലെങ്കില്‍ പടം കാണിക്കണ്ടെന്നാ തീരുമാനം".പക്ഷെ അതേ കോമ്പ്ലക്സിലെ മറ്റു തീയറ്ററുകളായ നിള കൈരളി എന്നിവയില്‍ ഓടുന്ന "വീരം" "ഇന്ത്യന്‍ പ്രണയ കഥ" എന്നീ ചിത്രങ്ങള്‍ക്ക് വളരെ സുന്ദരമായി ആളുകളുടെ എണ്ണം നോക്കാതെ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നു.ഭൂമിയുടെ അവകാശികളുടെ മോണിങ് ഷോക്ക് ആളു തികയാത്തതിനാല്‍ അത് കാണാന്‍ കഴിയാതെ അടുത്ത ഷോ കാണാമെന്നു കരുതി ഉച്ചയ്ക്ക് വീണ്ടും പ്രദര്‍ശനം പ്രതീക്ഷിച്ച് വന്നവരും അവിടെ ഉണ്ടായിരുന്നു.ആരൊക്കെയോ സംവിധായകര്‍ അടക്കമുള്ളവരെ വിളിച്ച് കാര്യം പറഞ്ഞെന്നു തോന്നുന്നു.പതിനെട്ടു പേരെത്തിയിട്ടും പടം തുടങ്ങാത്തതിന്റെ അമര്‍ഷം പലരും പരസ്പരം പറയുന്നുണ്ടായിരുന്നു.ഇരട്ടി പൈസ മുടക്കി എല്ലാവരും കൂടി ബാക്കിയുള്ള ടിക്കറ്റ് എടുത്ത് മിനിമം എണ്ണം തികച്ച് പടം തുടങ്ങാമല്ലോ എന്ന് ചിലര്‍ ആശയം മുന്നോട്ട് വെച്ചു.അപ്പോഴേക്കും ടിക്കറ്റ് കൗണ്ടര്‍ ക്ലോസ് ചെയ്തു.കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വിളിച്ചു വരുത്തിയ ചാനല്‍ പ്രതിനിധികള്‍ വീഡിയോയില്‍ ചിലരുടെ അഭിപ്രായവും ചിത്രവും പകര്‍ത്തി മടങ്ങിപ്പോയി.എന്തായാലും ഈ അവസ്ഥ ഇവിടെ ആദ്യമല്ലെന്നും അവാര്‍ഡ് സിനിമകള്‍ക്കു നേരെയുള്ള സ്ഥിരം സമീപനം ആണെന്നും ആള്‍ക്കാരുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി.



ഇവിടെ പ്രശ്നം പലതുണ്ട്. ഒന്ന് : സിനിമ കാണിക്കുന്നുണ്ടെന്ന് പത്രത്തിലും തീയറ്ററിലും പരസ്യം നല്‍കി അത് കാണിക്കാതിരിക്കുക ഉപഭോക്താവിന്റെ അവകാശത്തിനു മേലുള്ള വഞ്ചന ആണ്. (അത് തീര്‍ച്ചയായും ഉപഭോക്തൃ കോടതിയില്‍ ചോദ്യം ചെയ്യാം.അതിനു കൂടെ ഉണ്ടായിരുന്ന ചിലര്‍ പരാതി തയ്യാറാക്കുന്നുണ്ടായിരുന്നു.)


പക്ഷെ അതിനെക്കാള്‍ പ്രധാനപ്പെട്ട പ്രശ്നം സാമൂഹ്യ പ്രസക്തിയുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുന്‍ കൈ എടുത്തു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ തീയറ്ററുകള്‍ ലാഭം മാത്രം മുന്നില്‍ കണ്ട് സിനിമാ പ്രദര്‍ശനം നടത്തുന്നു എന്ന പ്രതിഷേധാര്‍ഹമായ വസ്തുതയാണ്. എന്നിട്ടും തിരുവനന്തപുരം പോലൊരിടത്ത് ആളുകള്‍ ഈ കാര്യത്തില്‍ എന്തുകൊണ്ടാണ് വേണ്ട രീതിയില്‍ പ്രതികരിക്കാത്തത് എന്ന കാര്യം അതോടൊപ്പം തന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ( കച്ചവടം മാത്രം മുന്നില്‍ കണ്ടാല്‍ ഇനി സര്‍ക്കാര്‍ സ്കൂളുകളും സര്‍ക്കാര്‍ ആശുപത്രികളും ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടി ഇടുമയിരിക്കും )


"ഒരു അവാര്‍ഡ് പടം കാണാന്‍ വയ്യാത്തതിനാണോ തള്ളെ, ഇവനിത്രയും കലിപ്പ്" എന്നു ചിലപ്പോള്‍ ചിലര്‍ക്ക് തോന്നിയേക്കാം.പക്ഷെ ഒരു സര്‍ക്കാര്‍ തീയറ്ററിനു കച്ചവടത്തിനപ്പുറം ജനങ്ങളോട് പ്രതി ബദ്ധത ഇല്ലെന്നു പറഞ്ഞാല്‍ എങ്ങനെയാണ് സമ്മതിക്കാനാകുക ? ടീ വി ചന്ദ്രനെ പോലെയുള്ള ഒരു ഡയറക്റ്ററുടെ സിനിമയോട് ഇതാണു സമീപനം എങ്കില്‍ ഇനി കലാമൂല്യമുള്ള ചിത്രം കാണാന്‍ ഫിലിം ഫെസ്റ്റിവലുകള്‍ മാത്രമാകും ആകെ ഉള്ള വഴി.