മാനവീയം – മതില്‍ പൊളിക്കുന്നതിനെതിരെ മനുഷ്യമതില്‍

ചെറുതും വലുതുമായ നുഴഞ്ഞുകയറ്റങ്ങളും കയ്യേറ്റങ്ങളും നമ്മുടെ പൊതു ഇടങ്ങളെ അതിവേഗം സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനെതിരെയുള്ള അതിശക്തവും കലാ-സാംസ്‌കാരികവുമായ ചെറുത്തുനില്പാണ് മാനവീയം വീഥിയെന്ന സാംസ്‌കാരിക പൊതു ഇടം. സങ്കുചിത-ജാതി-മത-രാഷ്ട്രീയ-വര്‍ണ്ണ-വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായി ഒരുമിക്കുവാന്‍ കഴിയുന്ന പൊതു ഇടങ്ങളാണ് നാടിനെ ജീവസ്സുറ്റതാക്കുന്നത്.

maxresdefault

2001 – ല്‍ കേരള സര്‍ക്കാര്‍ ‘മാനവീയം’ പ്രോജക്ടിന്റെ ഭാഗമായി കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാനവീയം വീഥി തുറന്നുകൊടുത്തതു മുതല്‍, കഴിഞ്ഞ 14 വര്‍ഷങ്ങളായി യാതൊരുവിധമായ സാമ്പത്തിക താല്പര്യങ്ങളോ സ്വകാര്യ കച്ചവട ആഭിമുഖ്യങ്ങളോ ഇല്ലാതെ ഒരുകൂട്ടം കലാകാര്‍ ഇവിടെ വ്യത്യസ്തങ്ങളായ കലാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സ്വന്തം സാംസ്‌കാരിക ഇടനാഴിയായി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ഈ വീഥിയില്‍ മലയാളത്തിലെ ഏറ്റവും ആദരണീയരായ ഒ.എന്‍.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍,  ജി. ശങ്കരപിള്ള,  ഒ.വി. വിജയന്‍, മാധവിക്കുട്ടി, കടമ്മനിട്ട രാമകൃഷ്ണന്‍, ഭരത് ഗോപി, ജി. അരവിന്ദന്‍,  ഡി. വിനയചന്ദ്രന്‍,  കലാഭവന്‍ മണി എന്നിവരുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിച്ച വൃക്ഷത്തൈയ്കള്‍ സംരക്ഷിക്കപ്പെട്ടുവരുന്നു.

11909614_990008327710533_696828163_n

കവി  ഒ.എന്‍.വി. കുറുപ്പിന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് ‘വിസമയാ മാക്‌സ്’ എന്ന അനിമേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ‘ഉജ്ജയിനി’ ചുമര്‍ച്ചിത്രവും ശ്രീ. ഒ.വി. വിജയന്റെ വിഖ്യാതനോവലായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ ആസ്പദമാക്കി അവര്‍തന്നെ വരച്ച ചുമര്‍ച്ചിത്രവും ഈ വീഥിയിലുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ  റിയാസ് കോമു, ശിവന്‍, സജിത ശങ്കര്‍ എന്നിവര്‍ വരച്ച ചിത്രങ്ങളും ‘സൈക്കോ പാര്‍ക്ക്’ എന്ന സന്നദ്ധ സംഘടനയുടെ ചുമര്‍ച്ചിത്രവും ഈ വീഥിയെ മനോഹരമാക്കുന്നു.

manaveyam

വീഥിയുടെ രണ്ട് അറ്റങ്ങളിലുമായി സ്ഥിതി ചെയ്യുന്ന  ജി. ദേവരാജന്റെയും വയലാര്‍ രാമവര്‍മ്മയുടെയും പ്രതിമകളും ഈ വീഥിയെ വേറിട്ട ഒരിടമായി മാറ്റിയിരിക്കുന്നു. ലോക പ്രശസ്ത പോളിഷ് ചലച്ചിത്രകാരന്‍  ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെ ദേശത്തും വിദേശത്തുമുള്ള നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വീഥി സന്ദര്‍ശിച്ചിട്ടുണ്ട്.

11193434_1840235296200721_8088084842454667291_n

എന്നാല്‍ ഈ സാംസ്‌കാരിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ മാനവീയം വീഥിയുടെ ഒരുവശത്തെ മതില്‍ പൊളിച്ചുമാറ്റുവാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. 31/05/2016 ന് രാത്രിയില്‍ മതില്‍ പൊളിക്കുവാന്‍ നടത്തിയ ശ്രമം മാനവീയം തെരുവോരക്കൂട്ടം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയുമുണ്ടായി.

Cultural-Feast

നിലവിലുള്ള മൂന്ന് കവാടങ്ങളിലൂടെ വാട്ടര്‍ അതോറിറ്റിയിലേക്ക് അനായാസേന പ്രവേശിക്കാമെന്നിരിക്കെ മാനവീയം വീഥിയുടെ മതില്‍ പൊളിച്ചും വന്‍മരങ്ങള്‍ വെട്ടിമുറിച്ചും കവാടം നിര്‍മ്മിക്കുവാനുള്ള ശ്രമങ്ങള്‍ ഈ സാംസ്‌കാരിക ഇടത്തെ നശിപ്പിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു.

12687826_1971275943096655_4982945089376811832_n

മാനവീയം വീഥിയുടെ സംരക്ഷണത്തിനായി ജൂൺ 12 വൈകുന്നേരം 5 ന്   കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടി കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. ‘മതില്‍ പൊളിക്കുന്നതിനെതിരെ മനുഷ്യമതില്‍’ നിര്‍മ്മിക്കുന്നു.

12669649_1971275739763342_4873668800818207179_n

നമ്മുടെ പൊതു ഇടങ്ങള്‍  വാണിജ്യകേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ബദല്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ വിജയമുഖമാണ് മാനവീയം വീഥി. ഇത് വരുംതലമുറയ്ക്കായി ഉത്തരവാദിത്വവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള ഒരു ജനതയുടെ കാത്തുവെയ്പ്പുകൂടിയാണ്. അത് നഷ്ടമാകാതിരിക്കുവാന്‍ നമുക്ക് തോളോടു തോള്‍  ചേര്‍ന്നു നില്‍ക്കാം . ജൂൺ 12 വൈകുന്നേരം 5 ന് സകുടുംബം സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളയമ്പലം ആല്‍ത്തറ ഭാഗത്തെ മാനവീയം വീഥിയില്‍ എത്തിച്ചേരുമല്ലോ.



Comments: