ശബരിമല – പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം -മുടക്കുവാദികളോടും ദോഷൈകദൃക്കുകളോടും ഉണര്‍ത്തിയ്ക്കാനുള്ളത് !

ചരിത്ര വിധികള്‍ 

രണ്ട് സുപ്രധാന കോടതി വിധികള്‍ വന്നിരിയ്ക്കുന്നു. വിവേഹേതരബന്ധം കുറ്റകരമല്ല എന്നതും ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതും ആണത്. സമത്വത്തെ ഉള്‍ക്കൊള്ളുന്ന ഏതൊരാളും ഈ രണ്ട് വിധികളും അംഗീകരിക്കും. ഇവ രണ്ടും ചരിത്രപരമായ വിധികളാണെന്നതില്‍യാതൊരു സംശയവുമില്ല.

വൈകിയെത്തിയതാണെങ്കിലും ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്ന് പറയുന്ന ആദ്യത്തെ വിധി കാലഘട്ടം ആവശ്യപ്പെടുന്ന ഒന്ന് തന്നെയാണ്. സ്ത്രീകളുടെ അന്തസുയര്‍ത്തിപ്പിടിക്കുന്ന വിധി തന്നെയാണ് രണ്ടാമത്തേതും, വിശ്വാസികളായ സ്ത്രീകള്‍ എത്രത്തോളം ശബരിമലയിലേക്ക് കയറിച്ചെല്ലും എന്ന് പറയാന്‍ കഴിയില്ലെങ്കിലും.

മതങ്ങള്‍ – പുരുഷസൂക്തങ്ങള്‍ 

മതങ്ങള്‍ പുരുഷാധിപത്യം ഊട്ടിയുറപ്പിക്കുന്നവ തന്നെയാണ്. അപ്പോള്‍ മതം അനുശാസിക്കുന്ന ഉത്തമസ്ത്രീകള്‍ പുരുഷാധിപത്യത്തിന്റെ വാഹകരും നടത്തിപ്പുകാരും ഒക്കെയായിരിക്കുമല്ലോ. ഇരുപത് വര്‍ഷം മുമ്പ് ഞങ്ങളുടെ നാട്ടിലെ സ്ത്രീകളൊന്നും സിന്ദൂരം തൊടുന്നത് കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കിലും മിക്കവാറും സ്ത്രീകള്‍ സീമന്ദരേഖയില്‍സിന്ദൂരം തൊടാറുണ്ട്.

Patriarchy (1)

സ്ത്രീകള്‍ തൊഴില്‍രംഗത്തേക്ക് കടന്നു വരുന്നുണ്ടെങ്കിലും മിക്കവരും ഇരട്ടി ജോലിഭാരം അനുഭവിക്കുന്നവരാണ്. വീടും ചുമന്ന് ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ . സ്വന്തം കരിയര്‍ കുടുംബത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നവരും ഉണ്ട്. മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും സ്ത്രീകളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതായി കാണുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് ‘ചിറകുകള്‍ വച്ചു കൊടുത്ത’ മുതലാളിത്തത്തിന്റെ അടിമകളായി, അല്ലെങ്കില്‍ പിന്തിരിപ്പന്‍ മൂല്യങ്ങളുടെ വാഹകരായി മാറ്റപ്പെടുന്നത് കാണാം.

‘ready to wait’

ശബരിമലയിലെ സ്ത്രീ വിഷയം മുമ്പുയര്‍ന്നപ്പോള്‍ തന്നെ യാഥാസ്ഥിതിക സ്ത്രീ സമൂഹം ഉയര്‍ ത്തിയ മുദ്രാവാക്യമായിരുന്നു ‘ready to wait‘ എന്നത്. അവരെ കുറ്റം പറയാനാവില്ല. വിശ്വാസികളായവര്‍ക്ക് ആ വിശ്വാസമനുസരിച്ച് അമ്പത് വയസ് വരെയോ ആര്‍ത്തവ വിരാമം വരെയോ ഒക്കെ കാത്തു നില്‍ക്കാന്‍ അവകാശമുണ്ട്. ആ അവകാശത്തെ ആരും തള്ളിപ്പറഞ്ഞിട്ടുമില്ല. എന്നാല്‍ അവിശ്വാസികളായവര്‍ക്ക് ഒരു പക്ഷേ, പഠനത്തിന്റെയോ ഗവേഷണത്തിന്റെയോ ആവശ്യത്തിന്, കേവലം ഒരു യാത്ര എന്ന നിലയിലോ അതുമല്ലെങ്കില്‍ പൊള്ളയായ സ്ത്രീവിരുദ്ധത മാത്രമാണ് ഇക്കാലമത്രയും ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായത് എന്ന് തെളിയിക്കാനോ ഒക്കെ അവിടം വരെ പോകണം എന്നുണ്ടാവും.

13

ആര്‍ത്തവമുള്ള ഒരു സ്ത്രീയാണ് എന്ന കാരണം കൊണ്ട് മാത്രം അവരെ അകറ്റി നിര്‍ത്തുന്നത് ശരിയല്ല. പ്രായപൂര്‍ ത്തിയായത് മുതല്‍മലക്ക് പോകുന്ന പുരുഷന്മര്‍ ക്കു വേണ്ടി തൊട്ടുകൂടാതെ നിന്ന് വിവേചനം അനുഭവിച്ച ചില പെണ്ണുങ്ങളെങ്കിലും ഈ അനാചാരത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കാതിരിക്കുമോ ? അതു കൊണ്ട് തന്നെയാവാം ‘ not ready to wait ‘ എന്ന മുദ്രാവാക്യം ഉയര്‍ ന്നു വന്നത്.

ഭയങ്കര പരിസ്ഥിതിസ്നേഹം 

വിധിക്ക് ശേഷം പല പരിസ്ഥിതി സ്നേഹികളും ഇറങ്ങിയതായി കാണാം. സ്ത്രീകളും കൂടി പോയാല്‍ അവിടം മലിനമാവുമെന്നാണ് ഇവരുടെ ആശങ്ക. സ്ത്രീകളെ വെറും രണ്ടാം തരമായി കാണുന്നതില്‍പ്പരം എന്ത് മാലിന്യമാണ് പുതുതായി അവിടെ വരാനുള്ളത്. മറ്റ് ചിലര്‍ സംരക്ഷകരാണ്. മല ചവിട്ടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളിലേക്കാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്. നിലവില്‍ മല ചവിട്ടുന്ന പ്രായമായ സ്ത്രീകളെ കുറിച്ചില്ലാത്ത ആശങ്ക എന്തിനാണ് ചെറുപ്പക്കാരികളായ സ്ത്രീകളെ കുറിച്ചുണ്ടാവുന്നത്.

14

ഏകീകൃത സിവില്‍കോഡിനു വേണ്ടി ഘോരമായി വാദിക്കുന്ന ചിലരാവട്ടെ, ഹിന്ദു മത നിയമങ്ങളില്‍കോടതി ഇടപെടേണ്ടതുണ്ടോ എന്നാണ് ചോദിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍കോടതി ഇടപെട്ടപ്പോഴൊക്കെ നിങ്ങളെവിടെയായിരുന്നു ? രണ്ടോ മൂന്നോ വര്‍ ഷം മുമ്പാണ് കൈക്കുഞ്ഞുമായി യാത്ര ചെയ്ത സ്ത്രീകളെ K S R T C യുടെ പമ്പ ബസില്‍നിന്ന് രാത്രി പുറത്താക്കിയത്. ശബരിമലയില്‍കയറാതെ തന്നെ മലക്ക് പോകുന്ന പുരുഷന്മാര്‍ ക്ക് വേണ്ടി പൊതു സ്ഥലത്തു പോലും സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ ഈ നിയമം ഒരാശ്വാസം തന്നെയാണ്.

ആര്‍ത്തവകാലത്തെ  തൊട്ടുകൂടായ്മ : മാറ്റമുണ്ടാകുമോ  

ശബരിമലയിലേക്ക് ഇനി മുതല്‍സ്ത്രീകള്‍ക്ക് പ്രവേശിക്കാം. എന്നാല്‍ മലക്ക് പോകുന്ന പുരുഷന്മാര്‍ ക്ക് വേണ്ടി ആര്‍ത്തവകാലത്ത് തൊട്ടുകൂടായ്മ അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാവുമോ? തൊട്ടുകൂടായ്മയുടെ ഏതൊരു രൂപവും കുറ്റകരമാണ്. പക്ഷേ, ഒട്ടുമേ ചോദ്യം ചെയ്യപ്പെടാതെ പല വീടുകള്‍ക്കുള്ളിലും ഈ തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എല്ലാ മാസവും ആര്‍ ത്തവകാലത്തുള്ള തൊട്ടുകൂടായ്മ ഇപ്പോള്‍ പല വീടുകളിലുമില്ല. അണു കുടുംബങ്ങളിലേക്ക് മാറിയപ്പോള്‍, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പാചകം ചെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയായിപ്പോകുമല്ലോ.

images

പുരുഷന്മാരുടെ സൗകര്യത്തിനനുസരിച്ച് എത് രീതിയിലേക്കും മാറ്റാവുന്നത്ര ഉറപ്പേ ഉള്ളൂ ഈ ആചാരങ്ങള്‍ക്കൊക്കെ. എന്നാല്‍ ശബരിമല സീസണില്‍മാത്രം അയിത്തമചരിക്കുന്ന വീടുകള്‍ ഇപ്പോഴുമുണ്ട്. മാത്രമല്ല, ശബരിമല അല്ലാത്ത മറ്റ് ആരാധനാലയങ്ങളില്‍സ്ത്രീകള്‍ക്ക് ആര്‍ ത്തവ സമയത്ത് പ്രവേശനമുണ്ടോ ? ശബരിമലയുമായി ബന്ധപ്പെട്ട ഈ വിധി മറ്റ് ആചാരങ്ങളിലൊന്നും വലിയ മാറ്റമുണ്ടാക്കിയിട്ടില്ല.

ആരാധനാലയങ്ങള്‍: സ്ത്രീവിരുദ്ധതയുടെ ഈറ്റില്ലങ്ങള്‍

സ്ത്രീവിരുദ്ധതയുടെ ഈറ്റില്ലങ്ങളായ ആരാധനാലയങ്ങളിലേക്കുള്ള സ്ത്രീകളുടെ ഒഴുക്കിനേക്കാള്‍ പ്രതീക്ഷ തരുന്നത് പൊതുവിടങ്ങളില്‍, തൊഴിലിടങ്ങളില്‍, രാത്രികളിലെല്ലാമുള്ള സ്ത്രീകളുടെ സാന്നിധ്യമാണ്. ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശനത്തേക്കാള്‍ അഭിമാനം തോന്നുന്നത്, കൂടുതല്‍സ്ത്രീകള്‍ ക്ഷേത്രങ്ങളും ആചാരങ്ങളും മതം തന്നെയും ബഹിഷ്ക്കരിക്കുമ്പോഴാണ്. ‘ഞങ്ങളെ വേണ്ടാത്ത മതങ്ങളെ ഞങ്ങള്‍ക്ക് വേണ്ട ‘ , ‘ഞങ്ങളെ വേണ്ടാത്ത ദൈവങ്ങളെ ഞങ്ങള്‍ക്ക് വേണ്ട’, ‘Not interested to go ‘ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ അന്തസ്സും സ്വാഭിമാനവും കൂടുതല്‍ഉയര്‍ ത്തിപ്പിടിക്കുക എന്ന് തോന്നുന്നു.