Anu Devarajan

പടി കയറുമ്പോള്‍

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്, താല്പര്യമുള്ള സ്ത്രീകള്‍ക്ക് പ്രായഭേദമില്ലാതെ ശബരിമലയില്‍പ്രവേശിക്കാമെന്ന അതിപ്രധാനമായ വിധി സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു. ഒരു കാലത്തു മാമൂലുകളും വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യരെ തമ്മില്‍വേര്‍ തിരിച്ചതു ജാതീയതയുടെ പേരിലായിരുന്നുവെങ്കില്‍, ഇന്നത് ലിംഗ അസമത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. പുരോഗമനാശയങ്ങളുടെ പ്രചാരണത്തിലൂടെയും നിരവധി സാമൂഹിക-രാഷ്ട്രീയ പരിഷ്‌കര്‍ ത്താക്കളുടെ നിതാന്ത ശ്രമഫലമായും ക്രിയാത്മകമായ നിയമനിര്‍ മാണങ്ങളിലൂടെയും ജാതീയതയില്‍അധിഷ്‌ഠിതമായ ഉച്ചനീചത്വങ്ങളെ പ്രത്യക്ഷത്തിലെങ്കിലും നീക്കം ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ലിംഗ അസമത്വം വകഭേദമില്ലാതെ തുടരുന്നു. സ്ത്രീ-പുരുഷന്‍ എന്ന ‘ബൈനറി’കളില്‍നിന്ന് മാറി ട്രാന്‍സ്ജെന്‍ഡേഴ്‌സും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളും മുഖ്യധാരയിലേക്ക് എത്തുമ്പോഴും, മതം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയെടുത്ത ലിംഗ ഉഛനീചത്വങ്ങള്‍ക്കു ഇന്നും ശമനമില്ല തന്നെ.


1


ഇവിടെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പ്രസക്തി. ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെട്ട ഒരാധനാലയത്തിലെ സ്ത്രീ പ്രവേശന വിഷയം എന്നതിനപ്പുറം പ്രസക്തമാണ് വിധിയുടെ ഭാഗമായുണ്ടായ കോടതി പരാമര്‍ ശങ്ങള്‍. അത് പുരുഷമേധാവിത്വത്തില്‍അധിഷ്ഠിതമായ മതത്തെയും സമൂഹത്തെയും ശക്തിയുക്തം എതിര്‍ ക്കുന്നുവെന്നു മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെയും (Preamble), സമത്വത്തെയും (ആര്‍ ട്ടിക്കിള്‍ 14), സഞ്ചാരസ്വാതന്ത്ര്യത്തെയും (ആര്‍ട്ടിക്കിള്‍ 19 (1)), ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള അവകാശത്തെയും (ആര്‍ട്ടിക്കിള്‍ 25), എല്ലാ പൗരന്മാര്‍ ക്കും ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള അവകാശത്തെയും (ആര്‍ട്ടിക്കിള്‍ 21) നിസ്സംശയം പ്രഖ്യാപിക്കുന്നു.


ശ്രദ്ധേയമായ കോടതി പരാമര്‍ശങ്ങള്‍


നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനം തടയുന്ന ‘കേരള ക്ഷേത്ര പ്രവേശന നിയമം’ ഹിന്ദു സ്ത്രീകളുടെ മതാചാരങ്ങള്‍ പാലിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. പുരുഷാധിപത്യത്തിലധിഷ്ഠിതമായ നിയമങ്ങള്‍ മാറ്റപ്പെടേണ്ടതാണെന്നും മതവുമായി ബന്ധപ്പെട്ട അത്തരം പ്രവണതകള്‍ സ്ത്രീകളുടെ പ്രാര്‍ ത്ഥിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നതാവരുതെന്നും കോടതി നിരീക്ഷിച്ചു. പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ ഒരു പൊതു സ്ഥലത്തു നിന്നു തടയുന്നത് സ്ത്രീകളുടെ ആത്മാഭിമാനത്തിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അത്തരമൊരാചാരം രാജ്യത്തെ ഭരണഘടനക്ക് നേരെ കണ്ണ് അടയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഒരു മതവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ ആ മതത്തില്‍വിശ്വസിക്കുന്ന എല്ലാവര്‍ ക്കും ഒരുപോലെയാവണമെന്നും കോടതി പരാമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ Part III (മൗലികാവകാശങ്ങള്‍) ഉയര്‍ത്തിപ്പിടിക്കേണ്ടത് സമൂഹത്തിന്റെ പുരോഗതിക്കു അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


2


ആര്‍ത്തവകാലത്തെ നാല്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തെപറ്റിയും കോടതിയുടെ ശ്രദ്ധേയ പരാമര്‍ ശങ്ങളുണ്ടായി. നിയന്ത്രിക്കാനാവാത്ത ഒരു ജൈവ പ്രക്രിയ വ്രതമെടുക്കുന്നതിനോ ക്ഷേത്രപ്രവേശനത്തിനോ തടസ്സമാകേണ്ടതില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ സ്വതന്ത്ര വ്യക്തികളാണെന്നും, പുരുഷന്‍ സ്ത്രീയുടെ ഉടമസ്ഥനല്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടന അനുവദിക്കുന്ന ഏതു സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമേലും ഒരു ലിംഗത്തിന്‍റെ അപ്രമാദിത്വം അനുവദിക്കാനാവില്ലെന്നും കോടതി പരാമര്‍ ശിച്ചു.


ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പ്


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയ ഒരേ ഒരു ജഡ്‌ജി, ബഞ്ചിലെ സ്ത്രീ പ്രാതിനിധ്യമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആയിരുന്നു. മതവുമായി ബന്ധപ്പെട്ട വിഷയത്തിലെ വിധി വിശ്വാസവുമായി ബന്ധെപ്പെട്ടതാണെന്നും, വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ശബരിമലയിലെ മാത്രമല്ല ഭാവിയില്‍ പല ആരാധനാലയങ്ങളുമായും ബന്ധപ്പെട്ട ആചാരങ്ങളെയും ബാധിക്കുമെന്നും അവര്‍ എഴുതി.


8


വിയോജിപ്പിന്റെ ഭാഗമായിട്ടാണെങ്കില്‍കൂടി ഇന്ദു മല്‍ഹോത്രയെഴുതിയ ആ വാചകം തന്നെയാണ് ഈ വിധിയുടെ പ്രസക്തിയും. ആരാധനാലയങ്ങളുടെയും വിശ്വാസങ്ങളുടെയും മാത്രമല്ല, ഏതു തരം ഉച്ചനീചത്വങ്ങളുമായും അടിച്ചമര്‍ത്തലുകളുമായും ബന്ധപ്പെട്ട പരാതികളും പരിഗണിക്കുമ്പോള്‍ ഭാവിയില്‍ കോടതികള്‍ക്കും മറ്റ് നിയമനിര്‍മാണ സംവിധാനങ്ങള്‍ക്കും ‘റഫറന്‍സ്’ തന്നെയാവും ശബരിമല വിഷയത്തിലെ സുപ്രധാന വിധിയും പരാമര്‍ശങ്ങളും. അത് അത്രമേല്‍ ഭരണഘടനയെ, സമത്വത്തെ, അവകാശങ്ങളെ ഉയര്‍ ത്തിപ്പിടിക്കുന്നു.


ചരിത്രവിധിയിലേക്കുള്ള കടമ്പകള്‍


സുപ്രീം കോടതിയുടെ ചരിത്ര വിധിയിലേക്കുള്ള വഴികള്‍ ‘കല്ലും മുള്ളും’ കടന്നുള്ളതായിരുന്നു. കേരള ഹൈക്കോടതി മുന്‍പൊരിക്കല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ അതാത് ക്ഷേത്രങ്ങളിലെ തന്ത്രി തീരുമാനിക്കേണ്ടതാണെന്ന നിഗമനത്തിലെത്തിയിരുന്നു. അയ്യപ്പന്‍റെ ‘നൈഷ്ഠിക ബ്രഹ്മചര്യം’ എന്ന ഐതിഹ്യം മറയാക്കി കോടതിയുടെ മുന്നില്‍പ്രതിവാദങ്ങള്‍ നിരത്താന്‍ ശബരിമല ‘അയ്യപ്പ’ ക്ഷേത്രം എന്ന പേരുപോലും മാറ്റി ‘ശാസ്താ’ ക്ഷേത്രം എന്നാക്കാനും ചില ബുദ്ധികേന്ദ്രങ്ങളുടെ നീക്കമുണ്ടായിരുന്നു. സ്ത്രീകളുടെ ‘ശുദ്ധാ-അശുദ്ധി’യെ കുറിച്ചുള്ള ചര്‍ ച്ചകളും മുറയ്ക്കു നടന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍പോലും ശബരിമലയില്‍സ്ത്രീകള്‍ പ്രായഭേദമന്യേ പ്രവേശിച്ചിരുന്നുവെന്ന വാദത്തെ പ്രതിരോധിക്കാനും സംഘടിതവും എന്നാല്‍ദുര്‍ ബലമായി പര്യവസാനിച്ചതുമായ ശ്രമങ്ങളുണ്ടായി. സ്ത്രീകളെ തന്നെ മുന്‍നിര്‍ത്തി ‘#ReadyToWait ‘ എന്നൊരു കാമ്പയ്ന്‍ പോലും സംഘടിപ്പിക്കപ്പെട്ടു.


images


പാട്രിയാര്‍ക്കി ലിംഗഭേദമില്ലാത്ത ഒരു മനോനില കൂടിയാണെന്നും അത് അടിച്ചേല്‍പ്പിച്ച അടിമച്ചങ്ങലകളില്‍നിന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും പുറത്തിറങ്ങാന്‍ തന്നെ കാലതാമസമെടുക്കുമെന്നും വിധിക്കു ശേഷവും ഭൂരിഭാഗം സ്ത്രീകളില്‍നിന്നും ഉണ്ടാകുന്ന വിയോജിപ്പ് കലര്‍ ന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയ ഒരേ ഒരു ജഡ്‌ജി സ്ത്രീ ആയിരുന്നുവെന്നതും പുരുഷാധിപത്യത്തിന്‍റെ വേരുകള്‍ എത്രത്തോളം ആഴമേറിയതാണെന്നു ഓര്‍മിപ്പിക്കുന്നു.


എന്നാല്‍#ReadyToWait നു ബദലായി സ്ത്രീകളുള്‍പ്പെടുന്ന മറ്റൊരു വിഭാഗം #RightToPray എന്നൊരു മറു ക്യാമ്പയിനും സംഘടിപ്പിച്ചു. പ്രായഭേദമന്യേയുള്ള ലിംഗസമത്വത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും പ്രാര്‍ത്ഥിക്കുവാനുള്ള സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായി ശബരിമലയില്‍സ്ത്രീപ്രവേശനം അനുവദിച്ച കോടതി അംഗീകരിച്ചത് പ്രസ്തുത അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും തന്നെ അധിഷ്ഠിതമായ പോകാതിരിക്കുവാനും ‘കാത്തിരിക്കുവാനുമുള്ള’ സ്വാതന്ത്ര്യവുമാണ്. പ്രസ്‌തുത വിധി മനോഹരമാകുന്നത് ഇത്തരം എല്ലാ അവകാശങ്ങളെയും അംഗീകരിക്കുന്നു എന്നതിലാണ്.


ഇന്ത്യന്‍ മതേതരത്വവും കോടതി ഇടപെടലും


ഭരണഘടനയുടെ ആര്‍ ട്ടിക്കിള്‍ 25, ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുവാനും പ്രചരിപ്പിക്കുവാനും, അതല്ലെങ്കില്‍നാസ്തികനാവാനുള്ള പൗരന്മാരുടെ അവകാശത്തെയും മതപരമായ വേര്‍ തിരിവുകളുടെ അടിസ്ഥാനത്തില്‍ആരും മാറ്റിനിര്‍ ത്തപ്പെടാന്‍ പാടില്ലെന്നും അടിവരയിടുന്നു. ഭരണഘടനയുടെ preamble ല്‍ തന്നെ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ഇന്ത്യന്‍ മതേതരത്വം, പാശ്ചാത്യ മതേതരത്വത്തില്‍നിന്നും പലതരത്തില്‍വ്യത്യാസപ്പെട്ടിരിക്കുന്നു. പാശ്ചാത്യ മതേതരത്വം, മതങ്ങളെ സ്റ്റേറ്റില്‍നിന്നും അകറ്റി നിര്‍ ത്തുമ്പോള്‍ ഇന്ത്യന്‍ മതേതരത്വം എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം കല്‍പിക്കുന്നു. ഇന്ത്യയില്‍വിവിധ മതങ്ങളുമായി ബന്ധപ്പെട്ട പൊതു അവധി ദിവസങ്ങളും ഹജ്ജ് സബ്‌സിഡിയും മത-ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള സഹായവുമെല്ലാം സര്‍ ക്കാര്‍ നല്‍കുന്നതും അത് കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ് മനുഷ്യനെ ഏതെങ്കിലും കാരണം കൊണ്ട് വേര്‍ തിരിച്ചു നിര്‍ ത്തുന്ന,ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏതു ആചാരങ്ങളിലും, ആചാരങ്ങളിലെ വൈരുദ്ധ്യങ്ങളിലും സ്റ്റേറ്റിനോ സ്റ്റേറ്റ് സംവിധാനങ്ങള്‍ക്കോ ഇടപെടാനാവുന്നതും. ഇതേ കാരണം കൊണ്ട് തന്നെയാണ് സമീപകാലത്തെ മുത്തലാഖ് നിരോധനവും, ഹാജി അലി ദര്‍ഗയിലെയും ശബരിമലയിലെയും സ്ത്രീ പ്രവേശനവും കോടതിക്കോ മറ്റ് സ്റ്റേറ്റ് മെഷിനറികള്‍ക്കോ നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയുന്നതും. ഭരണഘടന നിലവില്‍വരുമ്പോള്‍ തന്നെ തൊട്ടുകൂടായ്‌മ (ഏതു തരത്തിലുള്ളതും) നിരോധിച്ചിരുന്നുവെന്നും ഓര്‍ക്കണം.


images


ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തില്‍ഏതെങ്കിലുമൊരു ഗ്രന്ഥത്തിന് അപ്രമാദിത്യമുണ്ടെങ്കില്‍അത് ഭരണഘടനക്ക് മാത്രമാണെന്നും ഏതു മതസംവിധാനങ്ങള്‍ക്കും മുകളില്‍ലെജിസ്ലേറ്റീവ്-എക്സിക്യൂട്ടീവ്-ജുഡീഷ്യറി എന്ന ‘മൂന്നു തൂണുകള്‍’ തന്നെയാണ് ആത്യന്തികമായി നിലനില്‍ക്കുന്നതെന്നും ശബരിമല വിധി ഉറപ്പിക്കുന്നു. ഭരണഘടനയില്‍അധിഷ്ഠിതമായൊരു രാജ്യത്ത് ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളും തീരുമാനങ്ങളും ലെജിസ്ലേറ്റീവില്‍നിന്നോ ജുഡീഷ്യറിയില്‍നിന്നോ തന്നെയാണ് ഉണ്ടാവേണ്ടത്. അത് തന്നെയാണ് ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കേണ്ടതും.