‘ആര്‍ട്ടിക്കിള്‍ 370 വധം’ – ആര്‍ എസ് എസ്സ് ആസൂത്രിത പദ്ധതി.

ആര്‍ട്ടിക്കിള്‍ 370 എന്ന ഇന്ത്യ കശ്മീര്‍ ഉടമ്പടി എടുത്തു കളയാന്‍ ഇന്ത്യന്‍ ഗവര്‍ന്മെന്റ് ഏകപക്ഷീയമായി തീരുമാനിച്ചതോടെ ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആസന്നമായ മരണം നമ്മള്‍ മുന്നില്‍ കാണേണ്ടതുണ്ട്. സംഘ പരിവാര്‍ അജണ്ടകള്‍ ഓരോന്നായി നടപ്പിലാകുന്നതിന്റെ ആദ്യ പടി. ഇന്ത്യന്‍ ഭരണകൂടം കശ്മീര്‍ ജനതയോട് ചെയ്യുന്ന ചതിയുടെ കഥയാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കല്‍. 2014ലെ ലോകസഭ ഇലക്ഷന് ശേഷം അധികാരത്തില്‍ വന്നപ്പോഴും ബി ജെ പി സര്‍ക്കാര്‍ ആദ്യം നടത്തിയ ശ്രമങ്ങളില്‍ ഒന്നായിരുന്നു ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കല്‍. പക്ഷെ സുപ്രീം കോടതി വിധികള്‍ അടക്കം അവസാനം 2015 ഒക്ടോബറില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി വിധിയിലും 370-ാം വകുപ്പ് “റദ്ദാക്കാനോ റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയില്ല” എന്ന് പറഞ്ഞിരുന്നു. കാശ്മീറിന് ഒരു സുപ്രഭാതത്തില്‍ ഇന്ത്യാഗവര്‍ണ്മെന്റിന്റെ ഔദാര്യം കൊണ്ട് പ്രത്യേക പദവി ലഭിക്കുകയും അവിടെ പാക്കിസ്ഥാന്‍ എന്തോ ചെയ്തതു കൊണ്ട് ഗവര്‍ണ്മ്നെറ്റ്‌ അത് തിരിച്ചെടുത്തു എന്നാ രീതിയിലുമുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ലൂടെ ഇന്ത്യാ ഗവണ്‍മെന്റ് ജമ്മു കാശ്മീരിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ അംഗീകരിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഈ വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍ വരാന്‍ ഉണ്ടായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി മറന്നു കൊണ്ട് ഒരു ജനതയ്ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കാന്‍ ഒരിന്ത്യാക്കാര്‍ക്കുമാവില്ല.

ജമ്മു കശ്മീര്‍ സംസ്ഥാനം വളരെ വൈവിധ്യപൂര്‍ണ്ണമായിരുന്നു. അറബികളോടും അഫ്ഗാന്‍-തുര്‍ക്ക് ആക്രമണകാരികളോടും ഒപ്പം നിലകൊള്ളുകയും അക്ബറിന്റെ കാലം വരെ സ്വതന്ത്രമായി തുടരുകയും ചെയ്ത ചരിത്രപരമായി ശക്തമായ ഒരു രാജ്യമായിരുന്നു കശ്മീര്‍ താഴ്‌വര. ലാഹോര്‍ ആസ്ഥാനമായിരുന്ന സിഖ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ജമ്മു. മുമ്പ് മഹാരാജ രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലെ ഒരു ഫുട്മാന്‍ ആയിരുന്ന ഗുലാബ് സിംഗ്, 1822 ല്‍ ജമ്മുവിലെ രാജാവായി നിയമിക്കപ്പെട്ടു. കശ്മീര്‍ വാലിയില്‍ സിഖ് സാമ്രാജ്യത്തിന്റെ കീഴില്‍ മറ്റൊരു ഭരണാധികാരിയുണ്ടായിരുന്നു.1845–1846 ലെ ആദ്യത്തെ ആംഗ്ലോ-സിഖ് യുദ്ധത്തില്‍ ഗുലാബ് സിംഗ് ബ്രിട്ടീഷുകാരുമായി സംഖ്യം ചേര്‍ന്ന് സിഖുകാരെ തോല്‍പ്പിക്കാന്‍ സഹായിച്ചു. 1846 ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്‌സര്‍ കരാര്‍ പ്രകാരം 75 ലക്ഷം രൂപ വിലകൊടുത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കാശ്മീര്‍ താഴ്‌വര വാങ്ങുകയായിരുന്നു. ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കാശ്മീരി ഭാഷ സംസാരിക്കുന്ന, സുഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കാശ്മീര്‍ താഴ്‌വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മു-കാശ്മീര്‍ ഉണ്ടാകുന്നത്. അങ്ങനെ ഗുലാബ് സിംഗ് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ മഹാരാജാവായി. പുതിയ ദോഗ്ര രാജവംശം സ്ഥാപിച്ചു. അമൃത്സര്‍ ഉടമ്പടി കശ്മീരികള്‍ ഒരു “വില്‍പ്പന കരാര്‍” ആയിട്ടാണ് വ്യാപകമായി കാണുന്നു. പിന്നീട് വന്ന രാജാക്കന്മാര്‍ കശ്മീര്‍ അടിച്ചമര്‍ത്തുന്ന സ്വേച്ചാതിപതികള്‍ ആയിരുന്നു. ഭൂരിപക്ഷ ജനസമൂഹമായ മുസ്ലിം വിഭാഗം ദൂഗ്ര രാജാക്കന്മാരുടെ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായിക്കൊണ്ടിരുന്നു. 1925–1952 കാലഘട്ടത്തില്‍ ഹരി സിംഗ് ആയിരുന്നു രാജാവ്. 1931 ലാണ് ദോഗ്ര വംശജനായ ഹരിസിംഗ് എന്ന ഹിന്ദുരാജാവിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ ആദ്യമായി കാശ്മീരിലെ മുസ്ലീങ്ങള്‍ ശബ്ദമുയര്‍ത്തിയത്. പക്ഷേ ആ ശബ്ദത്തിനെയും ഹരിസിംഗ് അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു. 1932 -ല്‍ ഷേഖ് മുഹമ്മദ് അബ്ദുള്ള ജമ്മു ആന്റ് കാശ്മീര്‍ മുസ്ലീം കോണ്‍ഫറന്‍സ് സ്ഥാപിച്ചു. ഹരിസിംഗിന്റെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടനയാണ് പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത്. രാജാവ് നിയോഗിച്ച Glancy Commission 1932 -ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്ലീംങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് രാജാവ് അംഗീകരിച്ചു. പക്ഷെ, നടപ്പിലാക്കിയില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. 1934-ല്‍ നിയമസഭ ഉണ്ടാക്കിയെങ്കിലും രാജാവ് അതിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു. 1846 – ല്‍ ഈസ്റ്റിന്ത്യ കമ്പനിയും രാജാഗുലാംസിംഗും തമ്മില്‍ ഒപ്പിട്ട അമൃതസര്‍ കരാര്‍ റദ്ദുചെയ്യണമെന്നും രാജാഹരിസിംഗ് കാശ്മീര്‍ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള Quit Kashmir പ്രക്ഷോഭത്തിന് 1946 -ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആഹ്വാനം നല്‍കുകയും അതിനെ തുടര്‍ന്ന് ഷേക്ക് അബ്ദുള്ള അറസ്റ്റിലാവുകയുമുണ്ടായി.

1947, ആഗസ്റ്റില്‍ ഇന്ത്യ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയപ്പോഴും, വ്യത്യസ്ത രാജ്യങ്ങളായ മാറിയ ഇന്ത്യയും പാക്കിസ്ഥാനും നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്നുണ്ടായ 552 നാട്ടുരാജ്യങ്ങളില്‍ ചിലത് പാകിസ്ഥാനോടും ഇന്ത്യയോടും ചേര്‍ന്നു. എന്നാല്‍ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ ചില നാട്ടുരാജ്യങ്ങളാണ് ഇങ്ങനെ തീരുമാനമെടുത്തത്.

ആ സമയത്തെ ജമ്മുകാശ്മീരിലേയും ഗുജറാത്തിലെ ജുനാഗദിലേയും സ്ഥിതി സമാനമായിരുന്നു. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളും രാജാവ് ഹിന്ദുവും. ഗുജറാത്തിലെ ജുനാഗദ് എന്ന നാട്ടുരാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍, ഭരണാധികാരിയായിരുന്നത് മുഹമ്മദ് മഹാഭട് ഖാന്‍ജി മൂന്നാമന്‍ എന്ന മുസ്ലീം. കഴിഞ്ഞ 200 ലേറെ വര്‍ഷങ്ങളായി ജുനാഗദ് ഖാന്‍ജിയുടെ കുടുംബമാണ് ഭരിച്ചുകൊണ്ടിരുന്നത്. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന (plebiscite) നടത്താനും ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു.

97% മുസ്‌ലിംകളായിരുന്നു, 3% മതന്യൂനപക്ഷങ്ങളാണുള്ളത്, കൂടുതലും ഹിന്ദു സമുദായമായ കശ്മീര്‍ പണ്ഡിറ്റുകളാണ്. ജമ്മു ഡിവിഷന്റെ കിഴക്കന്‍ ജില്ലകളില്‍ ഹിന്ദു ഭൂരിപക്ഷ ജനസംഖ്യ സാംസ്കാരികമായി വിന്യസിക്കപ്പെട്ടു. പടിഞ്ഞാറന്‍ ജില്ലകളായ പൂഞ്ച്, കോട്‌ലി, മിര്‍പൂര്‍ എന്നിവിടങ്ങളില്‍ പശ്ചിമ പഞ്ചാബ് സമതലങ്ങളുമായി ഒരു മുസ്ലീം ഭൂരിപക്ഷമുണ്ടായിരുന്നു. വലിയ പര്‍വതപ്രദേശമായ ലഡാക്കില്‍ ബുദ്ധമതത്തില്‍ ഭൂരിഭാഗവും ടിബറ്റുമായി സാംസ്കാരികമായി വിന്യസിക്കപ്പെട്ടിരുന്നു. ഗില്‍ഗിറ്റിന്റെയും ബാള്‍ട്ടിസ്ഥാനിലെയും വടക്കന്‍ പ്രദേശങ്ങള്‍ മിക്കവാറും മുസ്‌ലിംകളായിരുന്നു, ബുദ്ധ ന്യൂനപക്ഷങ്ങള്‍, സാംസ്കാരികമായി പഖ്തൂൺ, മധ്യേഷ്യന്‍ പ്രദേശങ്ങളുമായി വിന്യസിക്കപ്പെട്ടു. ഒരു ഹിത പരിശോധന സാധ്യമായിരുന്ന പക്ഷം കൂടുതല്‍ ജനങ്ങളും പാക്കിസ്ഥാനില്‍ ചേരണം എന്ന ആവശ്യമാണ് മുന്നോട്ടു വക്കുക എന്ന് ഹരിസിംഗ് രാജാവിനു വ്യക്തമായിരുന്നു. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവരില്‍ ധാരാളം പേര്‍ ആയുധധാരികളായി തിരിച്ചുവന്നു. കലാപമുണ്ടായി. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു.

ഒക്ടോബര്‍ 21 ന്, വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള ആയിരക്കണക്കിന് പഷ്തൂൺ ഗോത്രവര്‍ഗ്ഗക്കാര്‍ ജമ്മു കശ്മീരിനെ മഹാരാജാവിന്റെ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനായി പ്രക്ഷോപം നയിച്ചു. പരിചയസമ്പന്നരായ സൈനിക നേതാക്കളാണ് അവരെ നയിച്ചത്. ആക്രമണത്തെ നേരിടാന്‍ മഹാരാജാവിന്റെ തകര്‍ന്ന ശക്തികള്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാന തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് ഇരുപത് മൈല്‍ വടക്കുപടിഞ്ഞാറായി മുസാഫറാബാദ്, ബാരാമുള്ള പട്ടണങ്ങള്‍ അവര്‍ പിടിച്ചെടുത്തു. പ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്‌ടോബര്‍ 24 ന് പുഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കാശ്മീര്‍’ (പാക് അധീന കാശ്മീര്‍) എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു.

അങ്ങനെ നില്‍ക്കക്കള്ളിയില്ലാതെ, ഒക്ടോബര്‍ 24 ന് മഹാരാജാവ് ഇന്ത്യയുടെ സൈനിക സഹായം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയെന്ന രാജ്യത്തിന്റെ ഭാഗമല്ലാത്ത പക്ഷം ഇന്ത്യക്ക് ജമ്മുകാശ്മീര്‍ എന്ന നാട്ടുരാജ്യത്തെ പട്ടാളത്തെ അയച്ചു സഹായിക്കാന്‍ കഴിയില്ല എന്ന് ഇന്ത്യ അദ്ദേഹത്തെ അറിയിച്ചു. അതനുസരിച്ച്, 1947 ഒക്ടോബര്‍ 26 ന് മഹാരാജ ഹരി സിംഗ് ഒരു Instrument of Accession (IoA) ഒപ്പുവെച്ചു. ആ ഉടമ്പടി പ്രകാരം രാജാവ് ജമ്മുകാശ്മീര്‍ രാജ്യത്തിന്റെ പ്രതിരോധം, വിദേശകാര്യങ്ങള്‍, ആശയവിനിമയങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഇന്ത്യാ സര്‍ക്കാരിന് കൈമാറി. തല്‍ഫലമായി ഇന്ത്യന്‍ സൈനികരെ ഉടന്‍ തന്നെ ശ്രീനഗറിലേക്ക് വിമാനം കയറ്റി. പ്രക്ഷോപകാരികളെ അടിച്ചൊതുക്കാന്‍ തുടങ്ങി.

മഹാരാജ ഹരിസിംഗ് ഒപ്പിട്ട ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സസന്റെ 7-ാം വകുപ്പ്, ഭാവിയിലെ ഒരു ഇന്ത്യന്‍ ഭരണഘടനയും അംഗീകരിക്കാന്‍ സംസ്ഥാനത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട്. തര്‍ക്കം തുടരുകയായിരുന്നു. കാലങ്ങളായി കശ്മീര്‍ ജനങ്ങള്‍ അനുഭവിച്ച ചൂഷണം രാജാവിന്റെ പട്ടാളത്തില്‍ നിന്ന് ഇന്ത്യന്‍ പട്ടാളം ഏറ്റെടുത്ത് നടത്തുന്നതായി മാത്രമാണ് കാശ്മീര്‍ ജനതക്ക് തോന്നിയത്. പ്രക്ഷോഭങ്ങളും കലാപങ്ങളും വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. പിന്നീട്, തര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും ഐക്യരാഷ്ട്രസഭയെ സമീപിച്ചു, കശ്മീരിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഒരു ഹിതപരിശോധന നടത്തുന്നതിന് അനുകൂലമായി പ്രമേയങ്ങള്‍ പാസാക്കി. എന്നിരുന്നാലും, ഇത്തരമൊരു പൊതുതാല്‍പര്യ ഹര്‍ജി ഇരുവശത്തും ഉണ്ടായില്ല. ഹിത പരിശോധന നടത്തുന്നതിനുള്ള വ്യവസ്ഥ അതിനു മുന്പ് പാകിസ്ഥാന്‍ തങ്ങളുടെ സൈന്യത്തെ പിന്‍‌വലിക്കുകയും, ഇന്ത്യ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുകയും വേണം എന്നായിരുന്നു. എന്നാല്‍ അതാത് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗങ്ങളില്‍ നിന്ന് സൈന്യങ്ങളെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറായില്ല. അങ്ങനെ ഗുജറാത്തിലെ ജുനാഗദിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതി കാശ്മീര്‍ ജനതക്ക് ലഭിച്ചില്ല. പക്ഷെ, ആര്‍ട്ടിക്കിള്‍ 370, അവര്‍ക്ക് ഒരു പ്രതീക്ഷയായിരുന്നു. 1949 മേയ് മാസത്തില്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് ഇന്ത്യയുടെ ഭാഗമായി പൂര്‍ണ്ണമായും ചേര്‍ന്നു. ഇക്കാര്യത്തില്‍ ജമ്മു – കാശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് എടുത്തത്. IOAയില്‍ പറഞ്ഞിരിക്കുന്ന മൂന്നുകാര്യങ്ങള്‍ – പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം – എന്നിവയുടെ കാര്യത്തില്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്ന് അവര്‍ വ്യക്തമാക്കി. പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിനായി ആറ് പ്രത്യേക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിക്കിള്‍ 370 രൂപപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ പൂര്‍ണമായ പ്രയോഗത്തില്‍ നിന്ന് ഇത് സംസ്ഥാനത്തെ ഒഴിവാക്കി. സംസ്ഥാനത്തിന് സ്വന്തമായി ഒരു ഭരണഘടന അനുവദിച്ചു.

പ്രതിരോധം, വിദേശകാര്യങ്ങള്‍, ആശയവിനിമയം എന്നീ മൂന്ന് വിഷയങ്ങളില്‍ സംസ്ഥാനത്തിന്മേലുള്ള കേന്ദ്ര നിയമനിര്‍മ്മാണ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ മറ്റ് ഭരണഘടനാപരമായ അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ സമ്മതത്തോടെ മാത്രമേ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയൂ.
‘സമ്മതം’ താല്‍ക്കാലികം മാത്രമായിരുന്നു. ഇത് സംസ്ഥാന ഭരണഘടനാ അസംബ്ലി അംഗീകരിക്കേണ്ടതുണ്ട്.

‘സമ്മതം’ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംസ്ഥാന ഭരണഘടനാ അസംബ്ലി വിളിക്കുന്നതുവരെ മാത്രമേ നീണ്ടുനിന്നുള്ളൂ. സംസ്ഥാന ഭരണഘടനാ അസംബ്ലി അധികാരങ്ങളുടെ പദ്ധതിക്ക് അന്തിമരൂപം നല്‍കി ചിതറിപ്പോയുകഴിഞ്ഞാല്‍, അധികാരങ്ങളുടെ വിപുലീകരണം സാധ്യമല്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയുന്നത് സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് താല്‍കാലികമായി മാത്രം സഹായിക്കാന്‍ ചെന്ന ഇന്ത്യ കാശ്മീര്‍ ജനതക്ക് കൊടുത്ത ഉറപ്പുകൂടിയായിരുന്നു അവരുടെ സ്വയം നിര്‍ണയാവകാശം. അതാണ്‌ സംഘ പരിവാര്‍ അജണ്ടയില്‍ ഇല്ലാതായിരിക്കുന്നത്. കാശ്മീര്‍ പ്രശ്നത്തെ ഭീകരവാദം എന്ന പൊയന്റില്‍ കേന്ദ്രീകരിക്കാന്‍ സംഘപരിവാറിന്റെ കുബുദ്ധി മനസിലാവാത്ത ബി എസ് പി യും ആം ആദ്മിയുമെല്ലാം വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു പ്രതിപക്ഷം ഇല്ലാത്തതുകൊണ്ട് ഹിന്ദുത്വ സര്‍ക്കാരിന് വളരെ എളുപ്പം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നുണ്ട്. കുറച്ച് ദിവസങ്ങളുടെ വ്യത്യാസത്തില്‍ UAPA നിയമത്തില്‍ ഭേദഗതി കൊണ്ട് വരികയും, അമര്‍നാഥ് ആക്രമണ ഭീഷണിയിലാണെന്ന കളവു പറയുകയും അതിനെ തുടര്‍ന്ന് ഏറ്റവും ഏകപക്ഷീയമായി ഒരു സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് അവ ഓരോന്നും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് പറയുകയും ചെയുന്ന തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചിരിക്കയാണ്. കാശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതുവരെ അത് രാഷ്ട്രപതി ഒപ്പിട്ട ഉത്തരവാണെന്ന് ഒരാള്‍ പോലും അറിയുന്നില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം ബില്‍ പാസാക്കാനെന്ന ജനാധിപത്യ മര്യാദ പോലും കാണിച്ചിട്ടില്ല. തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണിത്. തങ്ങളുടെ അനുവാദമില്ലാതെ, തങ്ങള്‍ എങ്ങനെ ജീവിക്കണം എന്ന് ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്ന കാശ്മീര്‍ ജനതക്കൊപ്പം നില്‍ക്കുക. ഓരോ വട്ടവും സംഘപരിവാറിനും ഹിന്ദുത്വത്തിനും കൂടെ നിന്ന് വിശ്വാസവും മറ്റും സംരക്ഷിച്ച് സഹായിക്കുന്നവരെല്ലാവരും കരുതി ഇരുന്നോളൂ, ഈ രാജ്യത്തെ ഭരണഘടന പാടെ റദ്ദാക്കിയെന്നും പകരം അവര്‍ പറയുന്ന പോലെ മാത്രം ജീവിക്കണമെന്നും നിയമമുണ്ടാക്കാവുന്ന കാലവും അധികം വിദൂരത്തല്ല.