Sweety Kavu

'96'

നൊസ്റ്റാള്‍ജിയയും പ്രണയവും ആരേയും ലോലഹൃദയരാക്കും. ഇതും രണ്ടും ഒരേ സിനിമയുടെ ചേരുവകളാകുമ്പോള്‍ കാഴ്ചക്കാരന് ആ സിനിമ പ്രിയപ്പെട്ടതാവുക സ്വാഭാവികം മാത്രം. ആ വിഭാഗത്തിലേക്ക് 96 കൂടിയെത്തുമ്പോള്‍ സിനിമ കാണുന്നവര്‍ക്ക് കിട്ടുന്നത് ഓര്‍മകളിലേക്കുള്ള രണ്ടര മണിക്കൂര്‍ നീളുന്ന യാത്രയാണ്. കേരളത്തിലെത്തുന്ന നല്ല തമിഴ്സിനിമകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകന് അതിവികാരപ്രകടനങ്ങളില്ലാതെ നിറമുള്ള കാഴ്ചയുടെ വിരുന്നൊരുക്കാന്‍ സി.പ്രേംകുമാര്‍ എന്ന പുതുമുഖസംവിധായകന് കഴിഞ്ഞു. സ്കൂള്‍ കാലത്തിലേക്കൊരു മടക്കം, കൗമാരകാലത്തെ പ്രണയം, മനസിന് സുഖം പകരുന്ന കുറേ നിമിഷങ്ങള്‍ എല്ലാം ഒരു സിനിമയ്ക്കുള്ളില്‍ അടുക്കി വെച്ചു തന്നപ്പോള്‍ ഒട്ടും മടുക്കാതെ 96 കാണാനായി. പലപ്പോഴും കണ്ടു മറന്ന നൊസ്റ്റാള്‍ജിയാനിമിഷങ്ങള്‍ അരോചകമായി കാഴ്ചക്കാരന് തോന്നിപ്പിച്ചില്ല എന്നത് സംവിധായകന് കൈയടി നേടിക്കൊടുത്തു. സിനിമയിലെ കഥാപാത്രങ്ങളും അഭിനേതാക്കളും പലപ്പോഴും കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് നനുത്ത ഓര്‍മകളുടെ ലോകത്തേക്കാണ്. മറവിയുടെ കരിയിലകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കനല്‍ത്തരികളെ വീണ്ടും എരിയിക്കാന്‍ 96 നാവുന്നു എന്നത് സിനിമയുടെ വിജയമാണ്.


96-movie-stills-starring-vijay-sethupathi-trisha-photos-0006-900x600


സിനിമയുടെ കഥ പറഞ്ഞ് കാണാനുദ്ദേശിക്കുന്നവരെ മടുപ്പിക്കുന്നത് ശരിയല്ല. എന്നാലും 96 ലെ രാമചന്ദ്രനും ജാനകിയും മനസിലിപ്പോഴുമുണ്ടെന്ന് പറയാനാശ. സ്കൂള്‍, ക്ലാസ്, സൈക്കിള്‍ യാത്ര, ഹാജരെടുക്കല്‍, ഉച്ചയൂണ്…അങ്ങനെ നിസാരമായ എന്നാല്‍ ഓര്‍മകളില്‍ അപ്പൂപ്പന്‍താടികള്‍ പറത്തിവിടുന്ന കുറേ രംഗങ്ങള്‍ 96 ലുണ്ട്. മനോഹരമായി പാടുന്ന, ജാനകിയുടെ പാട്ടുകള്‍ മാത്രം പാടുന്ന ജാനകീ ദേവി, അവള്‍ പ്രണയിക്കുന്ന, പ്രണയം തുറന്നു പറയാനാവാതെ മനസിന്റെ വിങ്ങലായി 20 വര്‍ഷം കൊണ്ടു നടക്കുന്ന രാമചന്ദ്രന്‍, ഇവരുടെ സുഹൃത്തുക്കള്‍, സ്കൂളിലെ നല്ല നിമിഷങ്ങള്‍ എല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതായി തോന്നിപ്പിക്കാന്‍ 96 ന് കഴിഞ്ഞയിടത്താണ് സിനിമയോട് ഇഷ്ടം തോന്നുന്നത്. വിഭിന്നഭാവങ്ങളുണ്ടാവും പ്രണയത്തിന്. പരസ്പരം പ്രണയിക്കുന്നവര്‍ പോലും ഒരേ തരത്തിലല്ല പെരുമാറുക എന്ന് രാമചന്ദ്രനും ജാനകിയും കാണിച്ചു തരുന്നു. രണ്ടു പേരുടേയും പ്രണയം അതിതീവ്രമാണെങ്കിലും രണ്ടു തലങ്ങളിലാണ്. ഓരോരുത്തരുടേയും പ്രണയത്തിന് വ്യത്യസ്തഭാവമാണുള്ളതെന്ന് വ്യക്തമായി ഫലിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തീവ്രപ്രണയം നാളുകള്‍ക്കിപ്പുറവും അതേ തീവ്രതയില്‍ നിലനില്‍ക്കുമെന്നും സിനിമ ഓര്‍മിപ്പിക്കുന്നു.


96-759


ഇരുപതു കൊല്ലമെന്ന നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുന്ന, തുറന്നു പറയുന്ന, ഒരു രാത്രി വെറുതെ ഒന്നിച്ചിരിക്കാനാഗ്രഹിക്കുന്ന പ്രണയത്തെ ഗ്രേറ്റ് എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. മറ്റൊന്നും ആഗ്രഹിക്കാതെ, ഒരിടത്തും വഴുതിപ്പോവാതെ മനോഹരമായി കാഴ്ചക്കാരുടെ ഉള്ളില്‍ അവരാഗ്രഹിക്കുന്ന തലത്തില്‍ സിനിമയെ ഒതുക്കി നിര്‍ത്താന്‍ 96 നു കഴിഞ്ഞു. വിജയ് സേതുപതിയും തൃഷയും അവരുടെ ഭാഗം ഭംഗിയാക്കി. രാമചന്ദ്രന്റെയും ജാനകിയുടേയും സ്കൂള്‍ ദിവസങ്ങളെ തങ്ങളിലൂടെ വരച്ചു ചേര്‍ത്ത് ആദിത്യ ഭാസ്കറും ഗൗരി ജി.കിഷനും ഗംഭീരമാക്കി. സിനിമയുടെ മറ്റുവശങ്ങളും 96 നെ കൂടുതല്‍ മനോഹരമാക്കി. ക്യാമറയും സംഗീതവും ലൈറ്റിങ്ങും എല്ലാം നന്നായി. ഭംഗിയായി എഴുതി, ഭംഗിയായി അവതരിപ്പിച്ച്, മനസില്‍ മഴവില്ല് വിരിയുന്ന വിസ്മയം കാട്ടിത്തന്ന് സി.പ്രേംകുമാര്‍ തന്റെ സ്ഥാനം തമിഴ് സിനിമാരംഗത്ത് ഉറപ്പിച്ചു. സിനിമയുടെ മനോഹര സംഗീതം തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോന്റേതാണ്. സംഗീതവും പ്രണയവും പരസ്പരപൂരകങ്ങളാണെന്ന് 96 ലെ സംഗീതം ഓര്‍മിപ്പിക്കുന്നു. ഓര്‍മകളുടെ ഓരത്ത് ചില മനോഹരനിമിഷങ്ങള്‍ എപ്പോഴും കൂട്ടിനുണ്ടാവുമെന്നുറപ്പിക്കാന്‍ 96 എന്ന സിനിമയ്ക്കായി.