Jyothi Tagore

തൊണ്ടി മുതലിന്റെ സാക്ഷ്യം

ജീവിതത്തിന് നിരൂപണം എഴുതാന്‍ കഴിയുമോ?! ആഖ്യാനങ്ങള്‍ ചമയ്ക്കാം. അവ എഴുതുന്നയാളിന്റെ സൃഷ്ടി മാത്രമെ ആകുകയുള്ളൂ , കാരണം അയാള്‍ സ്വന്തം വീക്ഷണ കോണിലൂടെയാണ് ആ ജീവിതത്തെ നോക്കിക്കാണുന്നത്. ആഖ്യാനം ജീവിതത്തോട് എത്രമാത്രം അടുത്ത് നില്‍ ക്കുന്നുവോ, അത്രത്തോളം നിരൂപണം പ്രയാസമുള്ളതാകും. കാമറയിലൂടെ കഥപറയാനിറങ്ങിപ്പുറപ്പെട്ട , അത് ദൃശ്യഭാഷയിലൂടെ തന്നെ പറയുന്ന ദിലീഷ്പോത്തന്‍, ശ്യാംപുഷ്ക്കരന്‍, രാജീവ് രവി എന്നിവര്‍തങ്ങളുടെ സര്‍ഗ്ഗപ്രതിഭയാല്‍ കൈയൊപ്പ് ചാര്‍ത്തിയ സിനിമയാണ് “തൊണ്ടിമുതലും ദൃക്സാക്ഷിയും “



ദൃശ്യഭാഷയില്‍ കാഴ്ചയാണ് സംവേദനോപാധി എന്ന അടിസ്ഥാനത്തെ മാനിക്കുന്ന സിനിമയാണിത്. പ്രേക്ഷകര്‍ക്ക് വിശദാംശങ്ങള്‍ നല്കുന്ന സന്ദര്‍ഭങ്ങളെയുംസംഭാഷണങ്ങളെയും നിരാകരിക്കാനുള്ള ഔചിത്യം, ദിലീഷ് പോത്തന്‍ തന്റെ ആദ്യചിത്രത്തില്‍ തന്നെ പ്രകടിപ്പിച്ചതാണ്. അമ്പേ വ്യത്യസ്തമായ പുതിയ ചിത്രത്തിലും കുറെക്കൂടി സൂക്ഷ്മത പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രപ്രമേയത്തിന് കോട്ടം വരാത്ത വിധം മിതവും സൂക്ഷ്മവുമായ ദൃശ്യ വിന്യാസമാണ് രാജീവ് രവി നടത്തിയിരിക്കുന്നത്. കേള്‍ക്കാനിമ്പ മുള്ള ഗാനങ്ങളും സംഗീതവും പശ്ചാത്തല സംഗീതവുംസിനിമയുടെ അഴക് വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ , സജീവ് പാഴൂറിന്റെ തിരക്കഥയും ശ്യാം പുഷ്ക്കരനോടൊപ്പം എഴുതിയ സംഭാഷണങ്ങളും ചിത്രത്തിന് കരുത്ത് പകരുന്നു.



ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സംഭവങ്ങളുടെ യഥാതഥാ ചിത്രീകരണം എന്ന് സിനിമയെ ചുരുക്കിയെഴുതാം. ഒരു മോഷണവും തുടരന്വേഷണവുമാണ് പ്രമേയമെന്നതിനാല്‍ , തൊണ്ടിമുതലിന്റെ പൂര്‍വ്വചരിത്രവുംഭംഗ്യന്തരേണ കടന്നുവരുന്നുണ്ട്. ചരിത്രമെന്നാല്‍ ഏറെക്കുറെ സമ്പത്തിന്റെയും അധികാരത്തിന്റെയും ഓര്‍ത്ത് വെയ്പാണല്ലോ! അധികാരമില്ലാത്ത കള്ളന്മാര്‍ക്ക് ചരിത്രമില്ലാതെ പോകുന്നതും യാദൃശ്ചികമല്ല. ചരിത്രത്തോടൊപ്പം ജാതിയുടെയും വിശപ്പിന്റെയും രാഷ്ട്രീയവും കടന്ന് വരുന്നു. അപ്പോള്‍, പറയാതെ പറയുന്ന ജീവിതക്കാഴ്ചകളും ഒളിച്ച് കടത്താത്ത മുദ്രാവാക്യങ്ങളും കാണാം, കേള്‍ക്കാം -അതിന്റെ ഓരങ്ങളില്‍ വിയര്‍പ്പും ചോരയും കണ്ണീരും കാണാം. അതിന്റെ ദൃക്‌സാക്ഷിയാകാനാണ് നാം, പ്രേക്ഷകര്‍ ടിക്കറ്റെടുക്കുന്നത്.



പ്രശംസയും പുരസ്കാരങ്ങളും ഏറെ നേടിയ ഒരു കന്നിസംവിധായകന്റെ പ്രധാനവെല്ലുവിളി തന്റെമേല്‍ കാണികള്‍ക്കുള്ള പ്രതീക്ഷകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എല്ലാത്തരം കാണികളേയും ആനന്ദിപ്പിച്ച മഹേഷിനെ മറികടക്കാന്‍ ദിലീഷിന് കഴിഞ്ഞിരിക്കുന്നു എന്ന പ്രസ്താവന അദ്ദേഹത്തിനുള്ള ഏറ്റവുംചുരുങ്ങിയ പ്രശംസയായിത്തീരുന്നത് എല്ലാ അര്‍ത്ഥത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു സൃഷ്ടിയിലൂടെ കൂടുതല്‍ വളര്‍ച്ച നേടിയിരിക്കുന്നു ഈ ചലച്ചിത്രകാരന്‍. മഹേഷിന്റെ പ്രതികാരത്തിലെ സൂക്ഷ്മതയുടെ ശക്തി സൗന്ദര്യങ്ങള്‍ ശ്രദ്ധേയമായിരുന്നെങ്കില്‍ തൊണ്ടിമുതലിലെ മൗനങ്ങള്‍ക്ക് ആയിരം നാവുണ്ട്. തുടര്‍ചര്‍ച്ചകള്‍ക്ക് ആഴവും പരപ്പും നല്‍കുന്ന രാഷ്ട്രീയമുണ്ട്.



സ്ഥിരപ്രതിഷ്ഠ നേടിയ സാമൂഹ്യപദവിയാണ് മഹേഷിനെ പ്രതികാരത്തിന് പ്രേരിപ്പിക്കുന്ന ഘടകം. തലയില്‍ തൊപ്പി ചൂടില്ലെന്നല്ല, സ്വന്തം മണ്ണില്‍ കാലൂന്നി നടക്കുന്ന ചെരുപ്പ് ഉപയോഗിക്കില്ലെന്നാണ് അയാള്‍ പ്രതിജ്ഞയെടുക്കുന്നത്. ചെറിയ തോല്‍വികളും തിരിച്ചടികളും പിടിവാശികളും ഒക്കെ മുഖം നല്‍കുന്ന കഥാപാത്രങ്ങള്‍, പരിചിതമായ മാനസികാവസ്ഥകള്‍ , മലയാളിയുടെ പൊതുബോധത്തിന് ഒട്ടുമെ അന്യമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ ഇതൊക്കെയാണ്മഹേഷിനെ ജനപ്രിയമാക്കിയത്. അതിന്റെ നേര്‍വിപരീതമാണ് മുഖവും പേരും ജയവും തോല്‍വിയാലുള്ള വാശിയുമൊന്നുമില്ലാത്ത കഥാപാത്രവും മുഖ്യധാരപരിലാളനകളില്‍ വരാത്ത ജീവിതപശ്ചാത്തലവും ഭൂമികയും ഒക്കെയുള്ള തൊണ്ടിമുതല്‍ . അതുകൊണ്ട് തന്നെ പൊതുബോധങ്ങളെ പുറത്തു നിര്‍ത്തിയിട്ട് തീയേറ്ററില്‍ കയറുന്നതാണ് നല്ലത്. എന്നിട്ട് സിനിമയിലെ മൗനങ്ങളോടുംകഥാപാത്രങ്ങളുടെ ഇല്ലായ്മകളോടും സംവദിക്കണം.



അന്നേരം പ്രതി, വാദി, നിയമപാലകര്‍എന്നതിനപ്പുറം പച്ചയായ മനുഷ്യരെയും അവരുടെ ജീവിതത്തെയും കാണാം. ഇടയ്ക്കുടനീളം തിരശീലയുടെ ഇടനില മാഞ്ഞ് പോകുന്നുവെങ്കില്‍ , നാം കാണികള്‍ ആ നിമിഷം ദൃക്‌സാക്ഷികളായി മാറ്റപ്പെടുന്നു. വല്ലാത്തൊരു വിഷമവൃത്തത്തിലുമാകുന്നു. നാമെന്ന ദൃക്‌സാക്ഷി ആര്‍ക്കൊപ്പം?!


ഈ ചോദ്യത്തിനുള്ള ഉത്തരം പ്രയാസമേറിയതാകുന്നത് സിനിമ നിത്യജീവിതത്തോട് സത്യസന്ധത പുലര്‍ത്തുകയും സവര്‍ണ്ണശീലങ്ങളോട് കലഹിക്കുകയും ചെയ്യുന്നതിനാലാണ്. താരനായകത്തമില്ലാത്ത സിനിമയില്‍ നായകപക്ഷത്തേക്ക് കാണിയെ റിക്രൂട്ട് ചെയ്യുന്ന ഗിമിക്കുകളുമില്ല. താരപരിവേഷമുള്ള നടന്‍ നായകനുമല്ല. ഫഹദ് തന്റെ സൂക്ഷ്മമായ വേഷപ്പകര്‍ച്ചയാല്‍ ഒരിക്കല്‍ക്കൂടി അത്ഭുതപ്പെടുത്തിയെങ്കില്‍ സുരാജ് വെഞ്ഞാറുമ്മൂടും അലന്‍സിയറും വെട്ടുകിളിപ്രകാശും മുതല്‍ പുതുമുഖങ്ങള്‍ വരെ താന്താങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.


ചേര്‍ത്തലയിലെ ഉള്‍നാടന്‍ ഗ്രാമജീവിതങ്ങളെ ദൃശ്വവത്ക്കരിച്ച് തുടങ്ങുന്ന സിനിമ, തവണക്കടവ്- വൈക്കം പ്രദേശങ്ങളിലെ തൊഴില്‍, ഉത്സവം, ഭാഷ, സാമുദായിക ബന്ധങ്ങള്‍ എന്നിവയെ റിയലസ്റ്ററിക്കായി ചിത്രീകരിച്ചിരിക്കുന്നു. (ചേര്‍ത്തലക്കാരനായ ശ്യാം പുഷക്കരനെഴുതിയ സംഭാഷണങ്ങള്‍ ചിത്രത്തിന്റെ മികവിന് ഏറെ സഹായകമായിട്ടുണ്ട്)



ആലപ്പുഴയിലെ പരമ്പരാഗത വ്യവസായമായ കയര്‍ രംഗവും കായലും ജങ്കാറുമൊക്കെ കേവലം ദൃശ്യങ്ങള്‍ക്കപ്പുറം കഥാഗതിയില്‍ നിര്‍ണ്ണായകമാണ്. അതുവഴി സാമൂഹ്യബന്ധങ്ങളിലെ സാമ്പത്തിക-സാമുദായിക ഘടകങ്ങളെ സിനിമ അടയാളപ്പെടുത്തുന്നു. ചേര്‍ത്തല, അമ്പലപ്പുഴ, വൈക്കം താലൂക്കിലായി അധിവസിക്കുന്ന കയര്‍ തൊഴിലാളികള്‍ക്ക് കേരളചരിത്രത്തില്‍ സവിശേഷമായൊരിടമുണ്ട്. കേരള തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നതും ഉജ്വലമായ സമരപോരാട്ടങ്ങളുടെ ബാലപാഠങ്ങള്‍ മലയാളി അഭ്യസിക്കുന്നതും ഇവിടെ നിന്നാണ്. വയലാര്‍ പാടിയതോര്‍ക്കുക – ” കയറ് പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ… ” അത്തരം അവകാശപ്പോരാട്ടങ്ങളാണ് വികസ്വരമായ ആകാശം പടുത്തുയര്‍ത്താന്‍ കേരളത്തിന് കരുത്ത് പകര്‍ന്നത്. കേരളത്തിലെ മറ്റേത് തൊഴില്‍ രംഗത്തെയും പോലെ തന്നെ, സഹകരണ പ്രസ്ഥാനങ്ങളും സംഘശക്തിയാല്‍ നിയന്ത്രിക്കപ്പെട്ടസ്വകാര്യമേഖലയും ആലപ്പുഴയിലെ കയര്‍ രംഗത്തിന്റെ മുഖഛായ മാറ്റിയത് പിന്നീടുള്ള ചരിത്രമാണ്. വലിയ തൊഴില്‍ശാലകളും രാഷ്ട്രീയ പ്രബുദ്ധതയുള്ള സംഘടിത തൊഴിലാളികളും എന്ന പാരസ്പര്യം മാന്യമായ തൊഴില്‍-വേതന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. വ്യവസായം അഭിവൃദ്ധി പ്രാപിച്ചതിനൊപ്പം അതിനെ നിലനിര്‍ത്തുന്ന തൊഴിലാളിയും അഭിവൃദ്ധിപ്പെട്ടു. അര്‍ഹമായ കൂലിയല്ലെങ്കിലും ന്യായമായത് പിടിച്ച് വാങ്ങിയത് ചരിത്രപരമായ പോരാട്ടങ്ങള്‍ കൊണ്ട് തന്നെയാണ്. സമ്പത്തിന്റെ തുല്യ വിതരണം ഉറപ്പാക്കിക്കൊണ്ട് ജനക്ഷേമ സര്‍ക്കാരുകളും കൂടെ നിന്നു. ഒരു സുപ്രഭാതത്തിലുണ്ടായ സ്വാഭാവികമാറ്റമല്ലത്. സാര്‍വത്രികവിദ്യാഭ്യാസവും പൊതു ആരോഗ്യസംവിധാനങ്ങളും ശക്തമായറേഷനിംഗും ഒക്കെ പരിഗണിക്കേണ്ട ഘടകങ്ങളാണ്. കേന്ദ്രീകൃതതൊഴില്‍ശാലകളെ വികേന്ദ്രീകരിച്ചുള്ള മാറ്റങ്ങളാണ് പിന്നീട് നടന്നത്. ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും വ്യവസായത്തിന് താങ്ങാനാകുന്നതിലുമധികം തൊഴില്‍സേനയെ ഉള്‍പ്പെടുത്തിയും നടത്തിയ പ്രസ്തുതമാറ്റം മുതലാളിത്തയുക്തിയില്‍ വിരിഞ്ഞ കടുംവെട്ടായിരുന്നു. തുടര്‍ന്ന് വന്നത് വലിയൊരു പ്രതിസന്ധിയാണ്. ലാഭം കുന്നുകൂടുകയും തൊഴില്‍ശാലകളുടെ മുഖപ്പുകള്‍ കൊട്ടാരസദൃശ്യമാവുകയും ചെയ്ത വികേന്ദ്രീകൃതകാലഘട്ടം, തൊഴിലാളിയുടെ വിലപേശല്‍ ശേഷിയെയാണ് ഇല്ലാതാക്കിയത്. ചെറുകിട ഉല്‍പ്പാദകരാക്കി മാറ്റി ഒരുവിഭാഗം തൊഴിലാളികളെത്തന്നെ ചൂഷണത്തിന്റെ ഇടനിലക്കാരാക്കി. നാലും എട്ടും പന്ത്രണ്ടുമൊക്കെ തറികളടങ്ങുന്ന വീട്ടുമുറ്റ ഫാക്ടറികള്‍ അന്നത്തെ സവിശേഷതയായിരുന്നു. കടുംവെട്ടും തൊഴിലാളി സൗഹൃദമല്ലാതെ കടന്ന് വന്ന ആധുനികവത്ക്കരണവും കയര്‍മേഖലയെ തളര്‍ത്തിയ കാല ഘട്ടമായിരുന്നു പിന്നീട്. ഒറ്റത്തറികളിലേക്ക് ചിതറിയ തൊഴിലാളി, ജീവസന്ധാരണത്തിനായി സന്ധി ചെയ്ത നാളുകളിലാണ് ആലപ്പുഴയുടെ ഗ്രാമന്തരങ്ങളില്‍ കയറിഴകളുടെ സംഗീതം നിലച്ചു തുടങ്ങിയതും. തൊണ്ടിമുതലില്‍ കാണിക്കുന്ന കയര്‍ഫാക്ടറി ഒറ്റത്തറിയാണ്. ഫ്യൂഡലിസ്റ്റ് നഷ്ടബോധങ്ങളാല്‍ പ്രകോപിതനായ കഥാപാത്രം ഒറ്റത്തറി തൊഴിലാളിയോട് വിപരീതാര്‍ത്ഥത്തില്‍ സാമൂഹ്യമാറ്റത്തെക്കുറിച്ച് പറയുന്നുമുണ്ട്. സാമൂഹ്യമാറ്റം സാമ്പത്തികാവസ്ഥയില്‍ പുരോഗതിയുണ്ടാക്കിയെങ്കിലും ജാതിവ്യവസ്ഥയിലും അതുമായി ബന്ധപ്പെട്ട സാമൂഹ്യപദ വിയിലും മാറ്റമുണ്ടായില്ല എന്ന ഗൗരവമായ വിമര്‍ശനം സിനിമ മുന്നോട്ട് വെയ്ക്കുന്നു.


സിനിമയുടെ പൊതുരീതി പോലെ തന്നെ, വിശദാംശങ്ങള്‍ നല്‍കിയുള്ള വിമര്‍ശനരീതിയല്ല പിന്തുടരുന്നത്. ഉത്തരവാദിത്തം ആരിലേക്കും ആരോപിക്കാതെ, ജീവിതത്തെ നേരായി കാണിച്ചുതരുന്നു. പതിവ് സിനിമാക്കാഴ്ചകളുടെ പക്ഷം പിടിക്കലില്‍ നിന്ന് അമ്പേ വ്യത്യസ്തമാണിത്. വിശകലനം നടത്താന്‍ കാണികള്‍ക്കുള്ള പ്രാപ്തിയെ സിനിമാടീം ബഹുമാനിക്കുന്നു എന്ന് സാരം.



ഭൂശാസ്ത്രപരമായി ചേര്‍ത്തല, വൈക്കം താലൂക്കുകള്‍ ഇടതു- തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെന്ന പോലെ ശ്രീനാരായണ പ്രസ്ഥാനത്തിനും വലിയസ്വാധീനമുള്ള സ്ഥലമാണ്. നാരായണഗുരു കണ്ണാടി പ്രതിഷ്ഠയൊക്കെ നടത്തിയതിവിടെയാണ്. ഈഴവസമു ദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമെന്ന കാനേഷുമാരിക്കണക്കിലേക്ക് പുതിയ കാലഘട്ടം മാറിപ്പോയെന്നും സിനിമ പറയാതെ പറയുന്നുണ്ട്. മഞ്ഞക്കൊടിയുടെ പശ്ചാത്തലം ജാതിപറച്ചിലിനുള്ള അവസരം മാത്രമായി ചുരുങ്ങുന്ന ഒരു രംഗമുണ്ട്. സിനിമയെ കലുഷിതമാക്കിത്തുടങ്ങുന്ന രംഗം കൂടിയാണത്. ജീവിതം ഓട്ടപ്പാച്ചില്‍ ആയി മാറുന്നത് ഇവിടെ മുതലാണ്. മിശ്രവിവാഹമോ മതമില്ലാത്ത ജീവിതമോ ഒക്കെ ഇന്നും വേറിട്ട കാഴ്ചയായിത്തീരുമ്പോള്‍ ജാതിരഹിതകേരളം എന്ന മുദ്രാവാക്യത്തെ സ്വയംവിമര്‍ശനപരമായിത്തന്നെ ചര്‍ച്ച ചെയ്യേണ്ടിവരുന്നു. നായകനും നായികയും തമ്മില്‍ കണ്ടുമുട്ടി പരിചയവും പ്രണയവുമൊക്കെയാകുന്ന രംഗങ്ങളും കേരള പൊതുബോധത്തിന്റെ നടപ്പുദീനങ്ങളാല്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്നു. പ്രഗ്നന്‍സി ടെസ്റ്റ്ചെയ്യുന്ന കാര്‍ഡ് വാങ്ങാ ന്‍കടയിലെത്തുന്ന അവിവാഹിതയും അത് കണ്ട് പൊതുതാല്‍പ്പര്യാര്‍ത്ഥം രക്ഷാകര്‍തൃവേഷം കെട്ടുന്ന സല്‍ഗുണ സമ്പന്നനായ യുവാവും സംഭവത്തിന്റെ ക്ലൈമാക്സില്‍ ഉണ്ടാകുന്ന കാര്‍ക്കിച്ച് തുപ്പലുമൊക്കെ നിത്യജീവിതത്തില്‍ ഒട്ടും വേറിട്ട സംഭവങ്ങളല്ല. സ്വഭാവികമായി രൂപപ്പെട്ട് വരുന്ന അവരുടെ പ്രണയം ജാതി വേര്‍തിരിവുകള്‍ മൂലം നാട് വിടും വിട്ടുള്ള പലായനത്തിലാണ് കലാശിക്കുന്നത്. ഇവിടെ വീണ്ടുമാ ചോദ്യമുയരുന്നു – നാം നമ്മെ എപ്പോഴാണ് ജാതിയില്ലാതെയാക്കിയത്!



അഭിമാനാര്‍ഹമായ നമ്മുടെ സാമൂഹ്യ വളര്‍ച്ചയെ നോക്കി നാം തന്നെ ചോദിക്കേണ്ടതായ ഇത്തരം ചോദ്യങ്ങള്‍ സിനിമയില്‍ സധൈര്യം ഉന്നയിക്കപ്പെടുന്നു. ഉദാത്തമായ കേരളം എന്ന മാതൃകയിലെ പഴുതുകള്‍, പിഴവുകള്‍ ഏതൊക്കെയായിരുന്നു എന്ന സ്വയം വിമര്‍ശനം കള്ളന്റെ വരവോടെ കൂടുതല്‍ നിശിതവും തീഷ്ണവുമാകുന്നു. മലയാള സിനിമയിലെ ആദ്യത്തെ മുഖവും പേരുമില്ലാത്ത കള്ളനാണ് തീയേറ്റ റില്‍ പൊലീസിനെയും പ്രേക്ഷകരെ യും തലങ്ങും വിലങ്ങുമിട്ട് ഓടിക്കുന്ന ത്. കള്ളിച്ചെല്ലമ്മയ്ക്കും കള്ളന്‍ പവിത്രനും ശേഷം സവര്‍ണ്ണപരാമര്‍ ശങ്ങളില്ലാതെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരേയൊരു മോഷ്ടാവ്. ഇവര്‍ മൂവരെയും മാറ്റി നിര്‍ത്തിയാല്‍ രണ്ട് തരം മോഷ്ടാക്കളാണ് മലയാളസിനിമയില്‍ കണ്ടുവശായിട്ടുള്ളത്. ഒന്ന് നായകകഥാപാത്രമാണ്. “അരക്കള്ള ന്‍മുക്കാല്‍ക്കള്ള ന്‍” മുതല്‍ മീശമാധവ ന്‍വരെ നീളുന്ന നിര. രാജരക്തമോ നായരോ; തീര്‍ച്ച യായും സവര്‍ണ്ണനായ ഈ ശ്രേണി കഥാപാത്രങ്ങള്‍ക്ക് ന്യായീകരണ ഫ്ലാഷ്ബാക്ക് നിര്‍ബന്ധമാണ്. മറ്റൊന്ന് നായക ഛായയില്ലാത്ത കള്ളനാണ്. അയാള്‍ നായകപക്ഷ ത്താണെങ്കില്‍ കോമാളി. അല്ലെങ്കില്‍ വില്ലന്‍. രണ്ടായാലും ചരിത്രം നിര്‍ബന്ധമില്ല. നടപ്പുദീനമെന്ന് പോലും വിളിക്കാവുന്ന ഈ രാഷ്ട്രീയക്കാഴ്ചയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു തൊണ്ടിമുതലിലെ കള്ളന്‍. അയാള്‍ മുഖമോ പേരോ വ്യക്തിത്വമോ പേറാത്തയാളാണ്. ഐഡന്‍റിറ്റി തെളിയിക്കുന്ന രേഖകളും കയ്യിലില്ല. ന്യായീകരണ ഫ്ലാഷ്ബാക്ക് എന്ന ഗ്ലോറിഫൈഡ് ഹിസ്റ്ററി അയാള്‍ക്കില്ല. പക്ഷേ അയാളെ വെളിപ്പെടുത്തുന്ന ചില രംഗങ്ങള്‍ സിനിമയിലുണ്ട് താനും. തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ചെയ്തിരുന്ന ജോലിയില്‍ നിന്ന്നിഷ്കാസിതനാവുക, ചെറുപ്പത്തിലെ അനാഥനാവുക, പട്ടിണി, വിദ്യാഭ്യാസം അന്യമാകുക എന്നിങ്ങനെ ചിലത്. ഏറ്റവും പിന്നാക്കം തള്ളപ്പെട്ടവരുടെ ജീവിതമാകണം വികസനത്തിന്റെ അളവുകോല്‍ എന്ന് സിനിമ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുമ്പോള്‍, തുല്യവിതരണനീതിയിലൂന്നിയുള്ള നമ്മുടെ വികസനസങ്കല്പത്തെ ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമകാര്യ മേഖലകളില്‍ നിന്നൊക്കെയുള്ള സര്‍ക്കാര്‍ പിന്‍വാങ്ങല്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗ ങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും എന്ന വസ്തുത കണ്ണടച്ചാല്‍ മാത്രമില്ലാതാകുന്ന ഒന്നല്ലല്ലോ.



ജനങ്ങളുടെ സംരക്ഷണത്തിനായി സൃഷ്ടിക്കപ്പട്ട സ്ഥാപനങ്ങളില്‍ നിന്ന് ഓടിയൊളിക്കേണ്ട ഗതികേട് ഇന്ത്യ ന്‍ജനാധിപത്യത്തിന്റെ ജന്മദോഷങ്ങളിലൊന്നാണ്. പൊലീസ് സ്റ്റേഷനും അതില്‍ നിന്ന്വ്യത്യസ്ഥമല്ല. വാദിയായും പ്രതിയായും സാക്ഷിയായും എത്തുന്നവര്‍ മാത്രമല്ല, പൊലീസുകാരും പച്ചയായ മനുഷ്യര്‍ തന്നെ. വികാരങ്ങളും വിചാരങ്ങളും ജീവിതപ്രശ്നങ്ങളുമുള്ളവര്‍. ഈ സിനിമയില്‍ ആക്ഷന്‍ ഹീറോ ബിജുമാരില്ല, കാക്കി ധരിച്ചതിനപ്പുറം യാതൊരു വ്യത്യാസവുമില്ലാത്ത മനു ഷ്യരെയുള്ളൂ. കള്ളനെപ്പോലെ, ദൃക്സാക്ഷിയെപ്പോലെ ജീവിക്കാനുള്ള ഓട്ടത്തിലാണവരും. പ്രതി വിസര്‍ജ്ജിക്കുമ്പോള്‍ കാവല്‍ നില്‍ക്കുന്ന, അവന്റെ കള്ളത്തരങ്ങളില്‍ ഗതികെടുന്ന, അവനോട് ഓടി ത്തോല്‍ക്കുന്ന, മക്കളെ വളര്‍ത്തി പരാജയപ്പെടുന്ന, ശിക്ഷയില്‍ നിന്ന് രക്ഷ നേടാ ന്‍കൃത്രിമമായി തൊണ്ടി മുതലുണ്ടാക്കുന്ന, എപ്പോഴും അരക്ഷിതരാകുന്ന പൊലീസ് അതിനായ കരോ പ്രതിനായകരോ അല്ല. നടന്‍ അലന്‍സിയര്‍ ഒഴികെയുള്ള പൊലീസ് വേഷധാരികളെല്ലാം യഥാര്‍ത്ഥ ജീവിതത്തിലും പൊലീസ് കാര്‍ തന്നെ. റിയലസ്റ്റിക്കായ സിനിമയ്ക്ക് ഇത് ദിലീഷിനെ ഏറെ സഹായിച്ചിട്ടുണ്ട്. പേരോ ജോലിയോ മാറ്റാതെ SI സാജന്‍ മാത്യു ആയി അഭിനയിച്ച നടന്‍, യൂണിഫോമിടാത്ത പൊലീസായി വേഷമിട്ട എ എസ് ഐ P ശിവദാസന്‍ , സി ഐയായി അഭിനയിച്ച ഡി വൈ എസ് പി കെ വി മദുസൂധനന്‍, സ്ഥിരം പ്രതി സുധാകര ന്‍എന്നിവര്‍ തകര്‍പ്പന്‍പ്രകടനമാണ് നടത്തിയത്. ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ പോലും മികച്ചു നിന്നു. ജാതിയെയും വിശപ്പിനെയും സൂക്ഷ്മതലത്തില്‍ വിലയിരുത്തുകയും സ്ഥൂലമായിത്തന്നെ ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്ത സിനിമയില്‍ തിരിച്ചറിയല്‍ രേഖകള്‍, പൗരത്വം, മൊബൈല്‍ ടവര്‍, പൊറോട്ട എന്നി ങ്ങനെ നമ്മുടെ നിത്യജീവിതത്തിലെ വിവിധ പ്രശ്നങ്ങളെ പരാമര്‍ശിച്ച് പോകുന്നുണ്ട്. മലയാളി പുരുഷന്റെ ദൗര്‍ബല്യങ്ങള്‍ പ്രസാദിലൂടെയും ശ്രീജയുടെ അച്ഛനിലൂടെയുമൊക്കെ കടന്ന് വരുന്നുമുണ്ട്. മനുഷ്യനന്‍മ പാത്ര (നായക) കേന്ദ്രിതമല്ല, സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ്.സിനിമ അതിന്റെ ഭാഷയില്‍ പാലിക്കുന്ന മിതത്വം ഇതിനൊയൊ ക്കെ ശക്തിയുള്ള, മിഴിവുള്ള കാഴ്ച യാക്കി മാറ്റുന്നു. ദൃശ്യങ്ങളുടെ ധാരാളിത്തമില്ലാതെ രാജീവ് രവിയും കര്‍ണ്ണാമൃതമായ സംഗീതത്താല്‍ ബിജിപാലും മികവാര്‍ന്ന എഡിറ്റിംഗുമായി കിരണ്‍  ദാസും സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാ ണ്. വലിയൊരു മൗനത്തെ തിരക്കഥയാക്കി സജീവ് പാഴൂരും ക്രിയേറ്റീവ് ഡയറക്ടര്‍ ശ്യാം പുഷ്ക്കരനും.


ദൃശ്യകല എന്ന നിര്‍വചനത്തോട് നീതി പുലര്‍ത്തുകയും പ്രേക്ഷകരുടെ റോളിനെ മാനിക്കുകയും ചെയ്യുന്ന പോത്തേട്ട ന്‍ആന്റ് ടീം , നല്ല സിനിമ വിജയിക്കാന്‍ ഗമിക്കുകളല്ല, ജീവിത മാണ് കാണിക്കേണ്ടത് എന്ന് തെളി യിക്കുന്നു. തീയേറ്ററിനുള്ളില്‍ നിശ ബ്ദതയും നെടുവീര്‍പ്പുകളും; തീയേ റ്ററിന് പുറത്ത് മികച്ച അഭിപ്രായവും സൃഷ്ടിച്ച് കൊണ്ട് ദിലീഷ്പോത്തനും സംഘവും സൃഷ്ടിച്ച കള്ളനും പൊലീസും ഓട്ടം തുടരുന്നു. മലയാളിയുടെ ഇടനെഞ്ചിലൂടെ.