Jyothi Tagore

'ഒഴിവുദിവസത്തെ കളി'കള്‍ (സിനിമയിലും ജീവിതത്തിലും)

ഇന്ത്യന്‍ ജനാധിപത്യം ചിലരുടെ ഒഴിവുകാല വിനോദമാണ്. ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാതെ തന്നെ അവര്‍ അതിനെ നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ നയരൂപീകരണം മുതല്‍ വില്ലേജാഫീസുകള്‍ വരെ നമുക്കത് അനുഭവിക്കാന്‍ കഴിയും. പണവും അധി കാരവും ജാതിയുമൊക്കെ തരാതരം പോലെ ആ കളിയുടെ ഭാഗമായിത്തീരും. രാഷ്ട്രം എന്നത് ഒരുതരം ബലപ്രയോഗം കൂടിയായതിനാല്‍ ഈ കളിയില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കുക സാദ്ധ്യമല്ല.


download


ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ അടിസ്ഥാനമായ ചാതുര്‍വര്‍ണ്ണ്യം, ഭരണഘടനയുടെ ആവിര്‍ഭാവത്തോടെ റദ്ദാക്കപ്പെടുകയുണ്ടായി. (അതുപോലും അത്ര ‍ശരിയായ പ്രസ്താ വമല്ല, ബ്രിട്ടീഷ് ഭരണം മുതല്‍ എന്ന് ശരിയായി വായിക്കുക) എന്നാല്‍ പ്രായോഗികമായി അത് വലിയ നുണയാണ്- ഉത്തരേന്ത്യന്‍ ഗ്രാമങ്ങളാണ് നേര്‍സാക്ഷ്യം. പൗരന്‍ എന്ന നിര്‍വചനത്തെ തിരുത്തിയെഴുതുക മാത്രമാണ് ഭരണഘടന ചെയ്തത്. നാല് വര്‍ണ്ണങ്ങ ള്‍ക്കും പുറത്ത് നിര്‍ത്തിയിരുന്ന, മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാതിരുന്ന ബഹു ഭൂരിപക്ഷത്തെ അത് പൗരത്വം നല്‍കി ആദരിച്ചു. അങ്ങനെയാണ് ആഗ്രഹിച്ചാലും വിസ മ്മതിച്ചാലും തോല്‍ക്കാനുള്ള കളിയില്‍ അവരും പങ്കാളികളായത്. പൗരാണികകാലം മുതല്‍ ഇന്നും തുടരുന്ന, അറി‍ഞ്ഞും അിയാതെയും നാമൊക്കെയും പങ്ക് ചേരുന്ന ആ കളി യ്ക്ക് സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ ‌‌ചലച്ചിത്ര ഭാഷ്യമാണ് ഒഴിവുദിവസത്തെ കളി.


caste-system


ഒഴിവുദിവസത്തെ സ്വകാര്യാഘോഷമാക്കി മാറ്റുന്ന മലയാളിയുടെ ശീലത്തിലാണ് സനല്‍ സിനിമയുടെ പ്ലോട്ട് തേടുന്നത്. മലയാളിക്ക് അത് ഏത് ദിവസമാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. കല്ല്യാണമാകാം; മരണവുമാകാം. ഓണവും ക്രിസ്തുമസ്സും റംസാനും തികഞ്ഞ മതേതരബോധത്തോടെ സ്വന്തം ഹോളിഡേ കലണ്ടറില്‍ മധ്യവര്‍ഗ്ഗമലയാളി എഴുതിച്ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പൊതുബോ ധത്തിലേയ്ക്ക് തെരഞ്ഞെടുപ്പ് ദിനവും അവധി ദിനത്തിന്റെതായ രൂപത്തിലെ ഇനി കടന്നു വരുകയുള്ളു. ഒരു തെരഞ്ഞടുപ്പ് ദിവസം, തിന്നും കുടിച്ചും അര്‍മ്മാദിക്കാന്‍ പുറപ്പെട്ട അഞ്ച് സുഹ‍ൃത്തുക്കളുടെ ആഘോഷനിമിഷങ്ങളിലൂടെയാണ് സിനിമ ഇതള്‍ വിരിയുന്നത്. അവര്‍ വിവിധ ജാതിക്കാരും രാഷ്ടീയവിശ്വാസികളുമാണ്. അവധിക്ക് വന്ന ഗള്‍ഫുകാരനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവായി വന്ന സര്‍ക്കാര്‍ ജീവനക്കാരനും കച്ചവടക്കാരനും ആക്കൂട്ടത്തിലുണ്ട്. വോട്ട് ചെയ്തിട്ട് വന്നവരും വോട്ട് ചെയ്യാത്തവരുമുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ മതേതരമെന്നും വിദ്യാസമ്പന്നമെന്നും വിളിക്കാവുന്ന ഒരു കൂട്ടം.


images


2


വനപ്രദേശത്തെ തിരക്കൊഴിഞ്ഞ കെട്ടിടവും ഒരു സഹായിയും വെച്ച് വിളമ്പാനൊരു പെണ്ണും-ആഘോഷം ആരംഭിക്കുകയായി. മനസ്സില്‍ സൂക്ഷ്മപ്രയോഗങ്ങളായി അടിഞ്ഞ് കിടക്കുന്ന ‍ജാതീയതയും പണത്തിന്റെ ഹുങ്കും ഈഗോയും പതിയെ പുറത്ത് വരുന്നു. മദ്യം സിരകളില്‍ പടര്‍ന്നതില്‍ പിന്നെ, മനസ്സിലെ ദുഷ്ട് മറകളേതുമില്ലാതെ വെളിയില്‍ ചാടുകയും അതൊരു വലിയ ദുരന്തത്തില്‍ കലാശിക്കുന്നതുമാണ് സിനിമയുടെ കഥാതന്തു.


film-2_061916103626


നേരംപോക്കാനായി കള്ളനും പൊലീസും കളിച്ച് ഒടുവിലത് കൊലപാതകത്തിലേയ്ക്ക് എത്തുന്ന സംഭവങ്ങളുടെ വികാസം നമ്മെ ആദ്യന്തം ഉദ്ദ്വേഗത്തിലേയ്ക് എത്തിക്കുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ ആദ്യം സ്വാഭാവികമായും പിന്നെ തമാശയായും ഒടുവില്‍ അക്രമമായും വര്‍ഗ്ഗീയത കടന്നു വരുന്നു. ദുരന്തമെന്നും അക്രമമെന്നും മനോഗതി പോലെ നാം വിളിക്കുന്ന ജാത്യാതിക്രമങ്ങളെ ചില വലിയ കളിക്കാര്‍ കളിയെന്ന് തന്നെ വിളിച്ചെന്നും വരാം. അതിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റഫറന്‍സുകളുണ്ട്- ചരിത്രത്തില്‍ അതിലേറെയുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയസിനിമയാണ്. ( ഇതിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലരോടും സാമ്യമുണ്ടാകുന്നതും അതിനാല്‍ തന്നെയാണ്).


download (2)


സിനിമയുടെ ടീസറില്‍ പറഞ്ഞിരിക്കുന്നത് സത്യമാണ്. കണ്ട് ശീലിച്ച മസാല ക്കുട്ടുകള്‍‌ ഒന്നുമില്ല-സിനിമ മാത്രം. സിനിമ കാണാന്‍ വരുന്നവര്‍ക്ക് ; മുന്‍കൂറായി നല്‍കി യിരിക്കുന്ന വാക്ക് പോലെ, നിറയെ സിനിമ നല്‍കിയിരിക്കുന്നു. പക്ഷെ, ചിലയിടങ്ങളില്‍ പ്രേക്ഷകന്‍ നല്‍കിയ വാക്ക് പാലിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നുമുണ്ട്. അവിടങ്ങളിലൊക്കെ ഇത് സിനിമയല്ല, ജീവിതം തന്നെയെന്ന വിഭ്രമം പ്രേക്ഷകനെ കീഴ ടക്കുന്നു. കാമറയുടെ ഇടനില പോലും മാഞ്ഞ് പോകുന്ന ചില രംഗങ്ങളുണ്ട് സിനിമയില്‍. ആകെ നനച്ച് കൊണ്ട് ഇടവേളയ്ക്ക് മുമ്പായി തീയേറ്ററില്‍ പെയ്തിറങ്ങിയ മഴയാണ് അതി ലൊന്ന്. കോഴിയുടെ പിടച്ചില്‍ ജലത്തിന്റെ ഓളങ്ങളില്‍ അലിയിച്ച് കളയുന്ന രംഗമാണ് മറ്റൊന്ന്. അടി കൊടുത്തിട്ടും അരിശം തീരാതെ, ഗീത തറയിലാഞ്ഞ് വെട്ടിയപ്പോള്‍ ഞാ നൊന്ന് പിന്നാക്കം മാറി. സ്ക്രീനില്‍ വരുന്ന ഓരോ കഥാപാത്രങ്ങളിലും പ്രേക്ഷകന്‍ തന്നെ ത്താന്‍ തിരിച്ചറിയുന്നു. വിനയന് എന്റെ അതേ ഛായ. ഒടുവില്‍, ക്ലൈമാക്സില്‍ ദാസന് വി ധിച്ച ശിക്ഷ നടപ്പാക്കുന്ന വേളയില്‍ വിനയനില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ച് പരാജയ പ്പെട്ടപ്പോഴാണ് നിസ്സഹായതയോടെ ‍ഞാന്‍ തിരിച്ചറിഞ്ഞത്, ആര്‍ക്കും ഈ കളിയില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്ന്. ആ നിമിഷത്തെ സ്തബ്ധത ഇപ്പോഴും പിന്‍തുടരുന്നു.


download (1)


3


G.കാര്‍ത്തികേയന്‍ എന്ന രാഷ്ട്രിയക്കാരന്‍ സിനിമപ്രേമിയായിരുന്നു. മലയാളിയുടെ പൊതുബോധത്തെ ത‍ൃപ്തിപ്പെടുത്തുന്ന വിധം യോഗ്യനായ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ധ്യം സിനിമയുടെ പശ്ചാത്തലത്തിലുടനീളം കാണാം. അരുവിക്കര ഉപതെരഞ്ഞെ ടുപ്പില്‍ വിജയിച്ച ശബരിനാഥിലൂടെ ആ യോഗ്യതാ മാനദണ്ഡ‍ങ്ങള്‍ പുനരാവര്‍ത്തിക്ക പ്പെടുന്നു. കളിയിലെ ചില നിയമങ്ങള്‍ അങ്ങനെയാണ്. താരതമ്യത്തില്‍ ഒട്ടേറെ മെച്ചങ്ങ ളുള്ള സമൂഹമായിട്ടും കേരളവും ഇത്തരം ചില നിഷ്ക്കര്‍ഷകള്‍ പുലര്‍ത്തിപ്പോരുന്നുണ്ട്. മുന്‍ധാരണകളിലേയ്ക്ക്, പൂര്‍വ്വമാതൃകകളിലേയ്ക്ക് ആളുകളെ അവരോധിക്കാനുള്ള പ്രക്രിയയ്ക്ക് ജന്‍മം, നിറം, രൂപം, പ്രവൃത്തിയെടുക്കുന്ന രീതി ഒക്കെ ഘടകമായി വരും. രാഷ്ട്രീയത്തില്‍ മാത്രമല്ല കലയുള്‍പ്പെടെ എല്ലാ രംഗങ്ങളിലും ഈ സവര്‍ണ്ണാവര്‍ണ്ണഭേദമുണ്ട്. ജനാധിപ ത്യപ്രക്രിയയില്‍ സുപ്രധാനമായ തെരഞ്ഞെടുപ്പ് ദിനം തന്നെ സിനിമയുട‌െ പശ്ചാത്തല മായി തെരഞ്ഞടുത്തതിലും , അത് അരുവിക്കര തെരഞ്ഞടുപ്പായതും അര്‍ത്ഥ ഗര്‍ഭമാണ്. അരുവിക്കര തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത, പ്രത്യക്ഷത്തില്‍ തന്നെ ദളിത് വിരുദ്ധ രാഷ്ട്രീയം കൈയ്യാളുന്ന ഒരു രാഷ്ട്രീയ ചേരി അന്തിമ ഫലം നിര്‍ണ്ണയിക്കുന്ന വിധ ത്തില്‍ ശക്തി പ്രാപിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. "കേരളം ഭാരതത്തിന് വഴി കാണിക്കും" എന്നൊക്കയുള്ള വീരവാദത്തിനപ്പുറം ഉത്തരേന്ത്യന്‍ രാഷ്ട്രീയം സഹ്യമിപ്പുറം നുഴഞ്ഞു കയറിത്തുടങ്ങി എന്ന ലളിതയാഥാര്‍ത്ഥ്യത്തെ സിനിമ അംഗീകരിക്കുന്നു. മനുഷ്യ മനസ്സില്‍ പതിയിരിക്കുന്ന വര്‍ഗീയത, അനുകൂല സാഹചര്യത്തില്‍ അതിന്റെ പൈശാ ചിക രൂപത്തില്‍ തന്നെ പുറത്തു ചാടും. അത് മദ്യത്തിന്റെ ആനുകൂല്യത്തിലായാലും രാഷ്ട്രീ യ പിന്‍ബലത്തിലായാലും- അതിന്റെ ചലച്ചിത്രസാക്ഷ്യമാണ് ഒഴിവുദിവസത്തെ കളി.


images (1)


പുതുതലമുറയിലെ പ്രിയകഥാകാരന്‍ ഉണ്ണി Rന്റെ അതേ പേരിലുള്ള കഥയെ അവ ലംബിച്ച് സനലിന്റെ തന്നെ തിരക്കഥ(എഴുതാതെ)യില്‍ ഒരുക്കപ്പെട്ട സിനിമ, മൂലകഥയി ല്‍ നിന്നുള്ള ചില വ്യത്യസ്ഥതകളാല്‍ കൂടുതല്‍ അര്‍ത്ഥഗര്‍ഭമാണ്. അരുവിക്കര തെര ഞ്ഞെടുപ്പ് അതിലൊന്നാണ്. കാടിന്റെ പശ്ചാത്തലമാണ് മറ്റൊന്ന് ( കാട്ടു സിനിമയെന്ന പരസ്യ വാചകവും). നാഗരികരായ മനുഷ്യര്‍ക്ക് കാട് ശരിക്കും എന്താണ്? ഒരു കൗതുകം- വിനോദ കേന്ദ്രം- തന്റെ ജൈവസത്തയെ എളുപ്പത്തില്‍ അടയാളപ്പെടുത്താന്‍ ഉപകാര പ്പെടുന്ന ഒരു പൊങ്ങച്ചം. കോണ്‍ക്രീറ്റ് കാട്ടിനുള്ളില്‍ വെച്ച് കഥാകാരന്‍ പറഞ്ഞ കഥയെ, ചലച്ചിത്രകാരന്‍ കാട്ടിലേയ്ക്ക് പറിച്ച് നടുമ്പോള്‍ ഒരു കാട്ടുപെണ്ണും കൂടെ വരുന്നുണ്ട് - ഗീത (സീതയെന്നാണ് ഞാന്‍ ആദ്യം കേട്ടത്) അവളുടെ സ്വാഭാവികമായ ആവാസത്തിലേയ്ക്കാണ് പുരുഷനോട്ടം കടന്ന് വരുന്നത്. അവര്‍ക്ക് അത് ഒഴിവുദിനമാണ്. അവള്‍ക്കാകട്ടെ, എന്നത്തെയും പോലെ ജീവസന്ധാരണത്തിനായുള്ള ദിവസവും. മദ്യപ സദസ്സിന് വെച്ചു വിളമ്പാനാണ് അവള്‍ നിയോഗിക്കപ്പെടുന്നത്. പിന്നെയവള്‍, അവളുടെ അസാന്നിദ്ധ്യത്തില്‍ ലൈംഗികവസ്തുവായി മദ്യത്തോടൊപ്പം ഭോഗിക്കപ്പെടുന്നുമുണ്ട്.


download (3)


4


ശരാശരി മലയാളിയുടെ മദ്യപാനസീനുകളിലും അവളുടെ നിയോഗം മറ്റൊന്നല്ല. Touchings എന്ന വാക്കിനപ്പുറം (അതൊരു രസത്തിനായി പറഞ്ഞതാണ്). മലയാളിയുടെ ഇരട്ടമനോരോഗങ്ങള്‍ സിനിമയില്‍ ഒത്തു ചേര്‍ന്ന് വരുന്നുണ്ട്. രക്ഷാകര്‍ത‍ൃഭാവത്തില്‍, സ്വന്തം ഭാര്യയെ പരപുരുഷനോട്ടങ്ങളില്‍ നിന്ന് പോലും സുരക്ഷിതയാക്കാന്‍ വെമ്പുന്ന മലയാളി പുരുഷന് മറ്റെല്ലാ സ്ത്രീകളും ഭോഗവസ്തുക്കളാണ്- ശ്രമിച്ചാല്‍ വഴങ്ങുന്നവളാണ്. അവന്റെ ഭോഗാസക്തി അധികാരസ്ഥാപനത്തില്‍ അധിഷ്ഠിതവുമാണ്. സിനിമയിലെ പുരുഷകഥാപാത്രം ബലപ്രയോഗത്തില്‍ തെറ്റ് കാണാത്തവനും സ്ത്രീയുടെ മുകളില്‍ പുരു ഷന്‍ എന്ന സംഭോഗനിലയെ ഉദാത്തമായി കാണുന്നയാളുമാണ്. “ അപ്പോള്‍ നീയിത്ര നാളും ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നോ ? ” എന്ന് ചോദിക്കുന്ന സുഹൃത്തിനോ ട് ആയാള്‍ കലഹിക്കുന്നുണ്ട്. സിനിമയിലെ ആ തര്‍ക്കത്തില്‍ എതിര്‍ഭാഗത്ത് വരുന്നത് കേരളത്തിന്റെ ഇടത് പൊതുബോധമാണ് എന്നതും ശ്രദ്ധേയം. ആ പൊതുബോധത്തിന്റെ ഉപോല്‍പ്പന്നമായ സുഖിമാന്‍ വ്യവസ്ഥയോടും മാന്യനായ പുരുഷമേധാവി എന്ന സങ്കല്‍ പ്പത്തോടും കലഹിക്കാനും അതിനെ മറികടക്കാനും നടത്തുന്ന ശ്രമമാണ് മറ്റ് ചില ഘടക ങ്ങള്‍ക്കൊപ്പം സിനിമയുടെ രാഷ്ട്രീയവായന നിര്‍ണ്ണയിക്കുന്നത്. ഇടതു രാഷ്ട്രീയം പിന്‍പ റ്റുന്ന കഥാപാത്രത്തിന്റെ നിലപാടുകള്‍ പലതും ആത്മരതിയ്ക്കപ്പുറം വളരാതെ പോകുന്നത് ശ്രദ്ധിക്കുക.അടിയന്തിരാവസ്ഥയെ അതിവൈകാരികമായി സമീപിക്കുന്നയാള്‍ക്ക് സ്വ ന്തം തൊഴിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതില്‍ കുറ്റബോധമൊ ന്നും തോന്നുന്നില്ല. തൊഴില്‍ വിഭജനം, ലിംഗനീതി , ജോലിയോടുള്ള സമീപനം, തെര ഞ്ഞെടുപ്പ് പ്രക്രിയയോട് കാണിക്കുന്ന വിരക്തി, അഭിമാനബോധം എന്നിവയിലൊക്കെ അയാളില്‍ ഇരട്ടത്താപ്പ് പ്രകടം. പ്രണയം പോലയുള്ള ബൃഹദാഖ്യാനങ്ങളാല്‍ മാത്രം തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ആശയമാണ് സ്വതന്ത്രലൈംഗികത. സ്ത്രീകളെ സമീപിക്കുകയും ലൈംഗികതയ്ക്ക് സമ്മതമാണോ എന്നാരായുകയും ചെയ്യുന്ന ഡെക്കറേറ്റഡ് രീതിയ്ക്ക് ന്യൂജനറേഷന്‍ ഭാഷയില്‍ "ട്രൈ ചെയ്യല്‍" എന്ന് പറയാം. സമ്മതമല്ലെങ്കില്‍ പിന്മാറുകയെന്നത് കേവലമര്യാദയുടെ മാത്രം പ്രശ്നമാണ്. ലിംഗനീതിയില്‍ മാത്രമല്ല, പരിസ്ഥിതിയില്‍, വികസ നകാര്യങ്ങളില്‍, ദളിത് പ്രശ്നങ്ങ ളില്‍, വ്യക്തിജീവിതത്തില്‍ ഒക്കെ ഇതേ സമീപനമാണ് ഇടതെന്ന് പൊതുവെ വിളിക്ക പ്പെടുന്ന കേരളസമൂഹത്തെ നയിക്കുന്നത്. അരികിലേയ്ക്ക് മാറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളെ / കീഴാളരാക്കപ്പെട്ട വിഭാഗങ്ങളെ പരിഗണിക്കാതെയുള്ള സാമൂഹ്യമുന്നേറ്റങ്ങള്‍ യഥാര്‍ ത്ഥത്തില്‍ ഒഴിവുദിവസത്തെ കളിയുടെ മറുപുറമാണ്. അതിനെ വിമര്‍ശനാത്മകമാ‍യി അഭിമുഖീകരിക്കാതെയുള്ള ചിന്താപദ്ധതികളെയൊന്നും ഇടതെന്ന് വിളിക്കുക സാദ്ധ്യമല്ല. കേരളം കൈക്കൊണ്ട എറ്റവും വലിയ വിപ്ലവതീരുമാനമായ ഭൂപരിഷ്ക്കരണത്തെപ്പോലും ഇതില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല. യഥാര്‍ത്ഥത്തില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് മലയാ ളിയുടെ പൊതുബോധത്തിന്റെ രണ്ട് വശങ്ങളാണ്. മലയാളിയുടെ സാമൂഹ്യമനസ്സില്‍ ( വ്യക്തിയിലും ) സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്നതിനപ്പുറം ; സംവാദങ്ങള്‍ ഉയരാതെ പോകുന്നതും അതിനാല്‍ത്തന്നെയാണ്.


download (4)


5


കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന പേരുകളാണ് കഥയ്ക്കപ്പുറത്തേയ്ക്ക് സിനിമ യെ നയിച്ച മറ്റൊരു ഘടകം. നമ്പൂതിരിക്ക് സിനിമയില്‍ ജാതിപ്പേരിനപ്പുറം വിളിപ്പേരില്ല. തൊഴില്‍ വിഭജനം എന്നതില്‍ നിന്ന് ചൂഷകരും ചൂഷിതരും എന്ന നിലയില്‍ സാമൂഹ്യ വിഭജനം അധ:പതിച്ച നാള്‍ മുതല്‍ കളിയിലെ തെരഞ്ഞടുപ്പിനുള്ള സ്വാതന്ത്ര്യം ആയാള്‍ക്ക് ആര്‍ജ്ജിതമാണ്. ഒടുവിലത്തെ കളിയില്‍ നിന്ന് അയാള്‍ ഒഴി‍ഞ്ഞ് നില്‍ക്കുകയും സ്വയം ന്യായാധിപസ്ഥാനത്ത് അവരോധിക്കുകയും ചെയ്യുന്നു. നിരുപദ്രവസാന്നിദ്ധ്യമായും ശാന്തഭാവത്തിലുമാണ് അയാള്‍ അവതരിപ്പിക്കപ്പെടുന്നത്. പക്ഷെ ശിക്ഷാവിധി നടപ്പിലാ ക്കുന്ന വേളയില്‍ , “ കളിയല്ലേ ദാസാ..” എന്ന ലാഘവത്തോടെ അയാളും ആരാച്ചാരുടെ വേഷം കെട്ടുന്നു. ശിക്ഷാവിധി കത്തിക്കുത്തില്‍ നിന്ന് തൂക്കിക്കൊല തന്നെയാകുന്ന സി നിമാപരിഭാഷ്യം ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കൃത്യമായ പ്രതിഫലനം തന്നെയാ ണ്. ദാസന്‍ എന്ന പദത്തിന് ഇന്ത്യയുടെ പ്രാക്ചരിത്രത്തിലാണ് വേരുകള്‍. ഭാരതത്തിന് മേലുള്ള വൈദേശികാക്രമണചരിത്രം ആര്യന്മാരുടെ വരവോടെയാണ് ആരംഭിക്കുന്നത്. സ്വയം സുരന്മാരായ (ദേവന്മാര്‍) അക്രമികള്‍, കൂടുതല്‍ നാഗരിക സ്വഭാവം പുലര്‍ത്തി ക്കണ്ട തദ്ദേശവാസികളെ അസുരന്മാരെന്ന് (ദസ്യുക്കള്‍) വിളിച്ചു. അതൊരു പരിഹാസപദ മായിരുന്നില്ല , മറിച്ച് സുരര്‍ അല്ലാത്തവര്‍ എന്ന കേവലാര്‍ത്ഥപ്രയോഗമായിരുന്നു. സംഘര്‍ഷങ്ങളും തുടര്‍ന്ന് വന്ന പലായനവും സാംശീകരണവും ആര്‍ഷഭാരത സംസ്ക്കാര ത്തിന് തുടക്കം കുറിച്ചു. ദാസ/അസുര പദം കീഴാളന്റെ വിളിപ്പേരാകുന്നതിന്റെ തുടക്കം അവിടെ നിന്നാകണം. മലയാളഭാഷയിലെ പുലയശബ്ദത്തിനും പുലയാടി എന്ന തെറിയായ വാക്കിനും പിന്നാലെ പോയാലും നാം എത്തിച്ചേരുക ചരിത്രത്തിന്റെ വിളറി വെളുത്ത ചില നാള്‍വഴികളിലാണ്. കോഴിയെക്കൊല്ലുന്നതും പ്ലാവില്‍ക്കയറുന്നതും കള്ള നാകുന്നതും ദാസന്റെയും ; ഇവയില്‍ നിന്നൊക്കെ ആദ്യമെ തന്നെ ഒഴിവാക്കപ്പെടുന്നത് നമ്പൂതിരിയുടെയും വിധിവിഹിതമാകുന്നതും ഇതേ ചരിത്രത്തിന്റെ പിന്‍ബലത്താലാണ്. ഗള്‍ഫുകാരന്റെ പേര് ധര്‍മ്മന്‍ എന്നാകുന്നതിലും ഇതേ വിശകലനയുക്തി ബാധകമാണ്. ധര്‍മ്മിഷ്ഠത പോലുള്ള പ്രയോഗങ്ങള്‍ സമ്പന്നതയുമായി ചേര്‍ത്ത് വായിച്ച് പഴകിപ്പോയ ഒന്നാണ്. അല്‍പ്പം കൂടുതല്‍ ഉദാരനായ രാജാവാണ് ധര്‍മ്മരാജാവ്. ഗള്‍ഫ് പണത്തിന്റെ പുളപ്പില്‍ അവധിയാഘോഷത്തിനിറങ്ങിപ്പുറപ്പെടുന്ന ധര്‍മ്മന്‍ സ്വന്തം ചെലവില്‍ കൂട്ടുകാര്‍ക്ക് മദ്യവും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും അതിന്റെ പിന്‍ബലത്തില്‍ സംഘത്തിനകത്ത് ആധിപത്യസ്വഭാവം പുലര്‍ത്തുകയും ചെയ്യുന്നു. കച്ചവടക്കാരന്‍ കളിയിലെ ചൂതാട്ടത്തെ പ്രതിനിധീകരിക്കുകയും പണത്തിന്റെ സൗകര്യങ്ങളെ കളിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നു.


456902-rape-n-hope


6


എന്റെ നല്ല വാക്കുകള്‍ കേട്ട് സിനിമ കാണാന്‍ പോയ സുഹൃത്ത് പറഞ്ഞൊരു വാചകമുണ്ട്. “ സിനിമയൊക്കെ കൊള്ളാം. സാധാരണ അവാര്‍ഡ് പടം പോലെയൊ ന്നുമല്ല. പക്ഷെ, ഇങ്ങനെയൊക്കെ സംഭവിക്കുമോ?” ഇന്ത്യയ്ക്ക് വെളിയില്‍, ഏതെങ്കിലും ആധുനിക സമൂഹങ്ങളില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ടെങ്കില്‍ അവരോടൊന്ന് പറഞ്ഞ് നോക്കൂ- "ഇന്ത്യയില്‍ ചിലയിടങ്ങളിലെങ്കിലും മനുഷ്യജീവനേക്കാള്‍ വില ചില മൃഗങ്ങളുടെ ജീവനാണെന്ന് " അവര്‍ ചോദിക്കും ഇത് കളിയോ കാര്യമോയെന്ന്. അതേ കളി തന്നെയാണ് ഭീതിതമായി ഇന്ത്യന്‍ ജീവിതത്തിന്മേല്‍ പടര്‍ന്നിറങ്ങുന്നതെന്നാണ് ഞാനാ സുഹൃത്തിന് നല്‍കിയ മറുപടി. സ്വന്തം തൊഴിലെടുത്ത് ജീവിക്കുന്ന കാലിക്കച്ചവടക്കാരെ, തുകല്‍ ശേഖരിക്കുന്നവരെ ഒരു കൂട്ടം ജാതി ഭ്രാന്തന്മാര്‍ തല്ലിക്കൊ ന്ന് കെട്ടിത്തൂക്കുന്നു. ആ ജോലിയാകട്ടെ, സമൂഹം അവരില്‍ അടിച്ചേല്‍പ്പിച്ചതുമാണ്. തലമുറകളായി തുടര്‍ന്ന് വരുന്ന ഈ കളിയില്‍ അന്നും, ഇന്ന് സിനിമയിലും ആയാള്‍ വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്...കുതറുന്നുണ്ട്. കോഴിയെക്കൊല്ലാനും ചക്കയിടാനും നിര്‍ബന്ധിക്കപ്പെടുമ്പോള്‍, ഇതൊക്കെ നിനക്ക് ശീലമാണെന്നും ഒരൊരുത്തര്‍ക്കും ഓരോ ന്ന് വിധിച്ചിട്ടുണ്ടെന്നുമാണ് സുഹൃത്തുക്കള്‍ അയാളോട് പറയുന്നത്. രാഷ്ട്രീയബോധത്തില്‍, സംഘബോധത്തില്‍, ലിംഗനീതി ബോധത്തില്‍ ഒക്കെ കൂട്ടത്തില്‍ ഉയര്‍ന്നവനെങ്കിലും തൊലിയുടെ നിറത്തിന്റെ പേരില്‍ അയാള്‍ ആവര്‍ത്തിച്ച് അവഹേളിക്കപ്പെടുന്നു. കളിയി ലെ നീതിയും; നിയമങ്ങള്‍ക്കപ്പുറത്തെ ശിക്ഷയിളവുകളും ഒരുകാലത്തും അയാള്‍ക്ക് അനുകൂലമായിരുന്നില്ല. ഗോത്രകാലത്ത് വേരുകളുള്ള ഹിഡുംബനും 21ാം നൂറ്റാണ്ടിലെ രോഹിത് വെമുലയും ഒരേ നീതിയുടെ ഇരകളാണ്. അരക്കില്ലവും പെരുവിരല്‍ ദക്ഷിണ യും നാവറുക്കലും കാതില്‍ ഈയം ഒഴിക്കലും അവനായി ( അവള്‍ക്കായി അതിലേറെയും ) സമൂഹം കാത്തുവെച്ചു. അവന്റെ കൊലപാതകത്തിന് ശേഷവും ഒഴിവുദിവസത്തെ കളി തുടരുന്നു. മരണത്തിന് മുമ്പ് നടന്ന കളിയുടെ തനിയാവര്‍ത്തനമാകും ശേഷമുള്ള ചടങ്ങു കളെന്ന് പ്രേക്ഷകനറിയാം. സ്ക്രീനില്‍ കണ്ട തന്റെ പ്രതിരൂപങ്ങളില്‍ നിന്ന് കുതറിമാറാ നാകാതെയിരുന്ന കാണികളുടെ മുന്നില്‍ പൂര്‍ണ്ണമാകാതെ അവസാനിപ്പിച്ച കാഴ്ചയാണ് ഈ സിനിമ. അത് തന്നെയാണ് സനല്‍കുമാര്‍ ശശിധരന്റെ വിജയവും.


download (5)


വലിയ പേരുകാരൊന്നും സിനിമസംഘത്തിലില്ല- താരത്തിളക്കമില്ല. അഭിനേതാ ക്കളില്‍ അഭിജയൊഴികെ പരിചിതമുഖങ്ങളുമില്ല. ബിജു നെറ്റോ(ദാസന്‍), നിസ്താര്‍ സേഠ് (ധര്‍മ്മന്‍), ഗിരീഷ് നായര്‍(നമ്പൂതിരി), പ്രദീപ്കുമാര്‍(വിനയന്‍) അരുണ്‍നായര്‍ (അശോകന്‍) എന്നിവരുടെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. സിനിമയുടെ വിതരണം ഏറ്റെടുക്കാന്‍ ആഷിക്ക് അബു കാണിച്ച സന്മനസ്സും അഭിനന്ദനാര്‍ഹമാണ്. തുടരുക, പ്രിയ സനല്‍കുമാര്‍ കാണികളുടെ മനസ്സിലും അടുത്ത സൃഷ്ട്രിയുടെ മികവിലുമായി താങ്കളുടെ ശ്രമങ്ങള്‍...