Ratheesh Krishnan

ഹാക്കര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തി ബ്ളാക്ക് ഫോണുകള്‍

ലോകത്തിലെ ചൂടേറിയ വിപണിയാണ് സ്മാര്‍ട്ട് ഫോണുകളുടേത് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഹാക്കര്‍മ്മാര്‍ സൈബര്‍ ക്രിമിനലുകള്‍ തുടങ്ങി സൈബര്‍ ലോകം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എത്തിക്കല്‍ ഹാക്കിംഗ് വരെ എത്തി നില്‍ക്കുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ ആരൊക്കെയോ ചോര്‍ത്തുന്നു എന്നറിഞ്ഞിട്ടും നവ സാങ്കേതികതയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ഉപഭോക്തൃ സമൂഹം. ആന്റ്രോയിടിന്റെ വളര്‍ത്തമ്മയായ ഗൂഗിള്‍ മുതല്‍ ആരോഗ്യ ,സാമ്പത്തിക , വാണിജ്യ ,വിനോദ ,വൈജ്ഞാനിക ആപ്ലികഷനുകള്‍ പ്രദാനം ചെയ്യുന്ന വമ്പന്മാന്‍ വരെ ഈ ശ്രേണിയിലുണ്ട് .

ബാഴ്സലോണിയയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 ) അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണിലൂടെ ഉപഭോക്താക്കളുടെ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ് . പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് നിയമപരിരക്ഷയുള്ള സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ബലാക്ക്‌ ഫോണിന്റെ വരവ്.

ആന്‍ഡ്രോയ്ഡിന്റെ കസ്റ്റമൈസ്ഡ് വെര്‍ഷനായ പ്രൈവറ്റ് ഒഎസ് ( Private OS ) എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ടി ഫോണിലുള്ളത്. സാധാരണ ആന്‍ഡ്രോയ്ഡ് പോലെ അപ്‌ഡേഷന്‍ നടക്കുമെങ്കിലും ഈ ഒ.എസിലെ സുരക്ഷാ സംവിധാനങ്ങള്‍ അതീവ കര്‍ക്കശമാണ്. ആയതിനാല്‍ ഇത് സ്വകാര്യതയ്ക്ക് അതി ശക്തമായൊരു വിവര സുരക്ഷാ സംവിധാനമാണ് ഉറപ്പു നല്കുന്നത് .സാധാരണ ആന്റ്രോയിഡ് ഫോണുകളിലേതു പോലെ തന്നെ ഇതില്‍ ആപ്പ്ളിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷെ നമ്മുടെ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കും.

സാംസങ് ഗാലക്‌സി എസ് 4 നോട് കാഴ്ചയില്‍ സാദൃശ്യമുള്ള മോഡലാണ് ബ്ലാക്ക്‌ഫോണ്‍. 1280 X 800 പിക്‌സല്‍ റെസല്യൂഷനുളള 4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനാണ് ഇതിലുള്ളത്. രണ്ട് ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 1.3 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഇതിലുണ്ട്.

എന്‍ക്രിപ്റ്റഡ് രീതിയിലുള്ള കോളുകളും ഈമെയിലുകളുമാണ് ഫോണിലേക്ക് വരുക. ആര്‍ക്കും ചോര്‍ത്താനാവാത്ത തരത്തില്‍ പ്രത്യേക കോഡ് രൂപത്തില്‍ വരുന്ന കോളുകളെയാണ് എന്‍ക്രിപ്റ്റഡ് എന്ന് പറയുക. അനോണിമസ് വൈഫൈ, അനോണിമസ് ക്ലൗഡ് സൗകര്യം എന്നിവയും ഫോണിനൊപ്പം ലഭിക്കും. ടെക്‌നോളജി സെക്യൂരിറ്റി വിദഗ്ധരായ ഫില്‍ സിമ്മര്‍മാന്‍, ജാവിയര്‍ അഗുവേര, ജോണ്‍ കല്ലാസ്, റോഡ്രിഗോ സില്‍വ റാമോസ്, മൈക്ക് ജാങ്കേ എന്നിവര്‍ ചേര്‍ന്നാണ് ബ്ലാക്ക്‌ഫോണിന്റെ രുപകല്‍പന നിര്‍വഹിച്ചത്.

സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ആരും ബ്ളാക്ക്‌ഫോണ്‍ വാങ്ങാന്‍ തയ്യാറാകുമെന്നതില്‍ സംശയമില്ല.വിവരം ചോര്‍ത്തുന്ന വലിയെട്ടന്മാര്‍ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം .