Jacob Abraham

ഒരു മെഗാ ഇവന്റ്

ഉജ്വല്‍ അങ്ങനെയാണ്. ഏതുകാര്യത്തിലും ഒരു ഇവെന്റ മാനേജരുടെ പ്രൊഫഷണല്‍ മികവ് അയാള്‍ പുലര്‍ത്താറുണ്ട്. ജീവിതം ഒരു മെഗാ ഇവന്റ് ആണെന്നും നമുക്കുചുറ്റും കാഴ്ച്ചക്കാരുടെ ഒരാള്‍ക്കൂട്ടം എപ്പോഴുമുണ്ടെന്നും തന്റെ ടീമിനോട് അയാള്‍ എപ്പോഴും പറയാറുണ്ട്.


ഇപ്പോള്‍ പുതുപുത്തന്‍ സ്വിഫ്റ്റ് ഓടിച്ച് സമയത്തെ ദൈവത്തെപ്പോലെ നിയന്ത്രിച്ച് എം ജി റോഡിലൂടെ പോകവേ അയാള്‍ സ്വയം ചില ഇവെന്റ് മാനേജ്‌മെന്റ് തിയറികളിലെത്തി. ജനങ്ങള്‍ക്ക് ഇന്നാവശ്യം മെഗാ ഇവെന്റുകളാണ്. ചക്കയോ മാങ്ങയോ തേങ്ങയോ എന്തുകുന്തമായാലും ജനം വന്നുകണ്ടുകൊള്ളും. രാജ്യവ്യാപകമായ അശ്‌ളീല സുന്ദരികളുടെ മേളയായാലോ. അയാള്‍ ചെറിയൊരു അശ്ലീലച്ചിരി ചിരിച്ചു. വന്‍ കോര്‍പ്പറേറ്റുകള്‍ തന്നെ ബ്രാന്റിങ്ങിനായി കാത്തുനില്‍ക്കും.


traffic-signal-street-light_e_asoazhl__F0000


ബ്ളാക്ക്ബെറിയില്‍ കോള്‍ വന്നപ്പോഴേയ്ക്കും അയാള്‍ ഒരു ട്രാഫിക്ക് ബ്ലോക്കില്‍ എത്തിയിരുന്നു. ഓഫീസിലെ ശിഖയുടെ കോളാണ്.. സാര്‍ .. ലൈഫ് സ്റ്റൈല്‍ എക്സ്പോ പൊളിഞ്ഞു. സാര്‍ .. ഒരൊറ്റ മനുഷ്യന്‍ പോലും കയറുന്നില്ല. മഴയുമുണ്ട് … ഇപ്പോള്‍ തന്നെ സ്റ്റാള്‍ എക്സിക്യൂട്ടീവ്സ് പ്രശ്നമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.


ശിഖയോട് ഒന്നും പറയാതെ അയാള്‍ കോള്‍ കട്ടുചെയ്തു. ബ്ലോക്ക് മാറി .. ഓഫീസിലേക്കുള്ള റൂട്ട് മാറി. ഉജ്വല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിലേയ്ക്കുകയറി. പെരുമഴ തന്നെ. വൈപ്പറുണ്ടായിട്ടുകൂടി യാതൊരു പ്രയോജനവും ഇല്ല. മഴയില്‍ കൂനിക്കൂടിപ്പോകുന്ന ഒരു വൃദ്ധന്റെ ദേഹത്തേയ്ക്ക് കാറ് ചെളിവെള്ളം തെറിപ്പിച്ചു. കിഴവന്റെ ചീത്ത മഴയില്‍ അലിഞ്ഞു. പാലം കഴിഞ്ഞാല്‍ സ്റ്റേഡിയമായി. എക്സ്പോയുടെ കമാനം കാണാം. പെട്ടെന്നാണ് മഴയുടെ കട്ടി ഗ്ളാസുടച്ച് സ്വിഫ്റ്റ് ഒന്ന് പറന്നത്. കൈവരിയില്‍ തട്ടി ഒരു ധ്യാനത്തിലെന്നപോലെ സ്വിഫ്റ്റ് പുഴയിലേയ്ക്ക് വീണു. ഒന്നു രണ്ട് നാള്‍ കഴിഞ്ഞാണ് ഉജ്വലിന് കാഴ്ച്ചക്കാരായി ചെറിയൊരു ആള്‍ക്കൂട്ടത്തെ ലഭിച്ചത്.