Dr Rajesh Kumar M P

ലോക ഹൃദയ ദിനം ...

ലോകമെമ്പാടുമുള്ള ജനതയ്ക്ക് ആരോഗ്യ വിപത്തുകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനും മുന്‍‌കരുതലുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുവാനുമായിട്ടാണ് വിവിധങ്ങളായ വിശേഷദിവസങ്ങള്‍ ആചരിക്കപ്പെടുന്നത്. സെപ്തംബര്‍ 29  ലോക ഹൃദയാരോഗ്യ ദിനമാണ്.


70946410_10157353565638400_5686152626748522496_n


ജീവസ്പന്ദനമെന്നു പറയുന്നത്  ഹൃദയമിടിപ്പിനെത്തന്നെയാണല്ലൊ! ഹൃദയ- ധമനീ രോഗങ്ങള്‍ മൂലം ഒരുവര്‍ഷം പതിനെട്ടു ദശലക്ഷത്തോളമാളുകള്‍ ലോകത്തു മരണമടയുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍; ആകെ മരണ സംഖ്യയുടെ മൂന്നിലൊന്നു വരുമത്. പുകവലി, വലിച്ചുവാരിയുള്ള തീറ്റ, വ്യായാമമില്ലായ്മ, മദ്യത്തിന്റെ അമിതോപയോഗം തുടങ്ങിയവ കൊണ്ടാണ് ഹൃദ്രോഗവും പക്ഷാഘാതവും വരുന്നതെന്നത് ഏതൊക്കെ രീതിയിലാണ് ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടതെന്നതിന്റെ സൂചകങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദമായും പ്രമേഹമായും പൊണ്ണത്തടിയായും ഹാനികരങ്ങളായവയെന്നതുകൊണ്ടു തന്നെ പുകയിലയുടെയും ഉപ്പിന്റെയും ഉപഭോഗം കുറക്കുവാനും ദിനചര്യയില്‍ ഹൃദയ സൗഖ്യത്തിനു വേണ്ടി വ്യയാമം ഉള്‍പ്പെടുത്താനും മറ്റുമുള്ള ബൃഹദ്പദ്ധതികള്‍ കുറച്ചു വര്‍ഷങ്ങളായിത്തന്നെ നടന്നു വരുന്നുണ്ട്. തട്ടിപ്പാണെങ്കിലും യോഗാ ദിവസമൊക്കെ അങ്ങനെ വിഭാവനം ചെയ്യപ്പെട്ടതാണ്.


Kenya-Cardiac-Children-Symbol-1024x683


കൂടാതെ, പ്രാഥമികാരോഗ്യ പരിപാലനത്തിലൂടെത്തന്നെ ഹൃദയ-ധമനീ രോഗങ്ങളുടെ നിയന്ത്രണം നടപ്പില്‍ വരുത്താനുള്ള രാജ്യങ്ങളുടെ തീവ്രശ്രമങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പിന്തുണയും നല്‍കിവരുന്നുണ്ട്. താങ്ങാവുന്ന ചെലവിലുള്ള ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കാലാകാലം നല്‍കി വരുന്നത് വിലപ്പെട്ട ഓരോ ജീവനും രക്ഷപ്പെടുത്തുകയെന്ന ദൃഢനിശ്ചയത്തോടെ തന്നെയാണ്.


ലോകമെമ്പാടും ‘ഹാര്‍ട്ട് ഹീറോകളെ’ സൃഷ്ടിക്കുക എന്നതാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഈ വര്‍ഷത്തെ ലോക ഹൃദയാരോഗ്യ ദിനം ( സെപ്റ്റംബര്‍ 29 ) കൊണ്ട് വിഭാവനം ചെയ്യുന്നത്. ഓരോരുത്തരും, അവരുടെ പ്രിയപ്പെട്ടവര്‍ക്കായി, ആരോഗ്യകരമായ ജീവിതം നയിക്കുമെന്നും ദീര്‍ഘകാലം ആരോഗ്യത്തോടെത്തന്നെ ജീവിക്കുമെന്നും പ്രതിജ്ഞയെടുക്കുവാനാണ് ആഹ്വാനം.


പ്രതിജ്ഞ




പാചകത്തിലും ഭക്ഷണരീതികളിലും മാറ്റങ്ങള്‍ വരുത്തി കുടുംബാംഗങ്ങള്‍ക്കോ,
വ്യായാമത്തിലൂടെയും കര്‍മ്മോത്സുകതയിലൂടെയും പുകവലി ഉപേക്ഷിക്കുന്നതിലൂടെയും കുട്ടികള്‍ക്കോ,
ആരോഗ്യപ്രവര്‍ത്തകരെങ്കില്‍ തങ്ങളുടെ രോഗികളുടെ പുകവലി നിര്‍ത്തിക്കുന്നതിലൂടെയും കൊഴുപ്പു നിയന്ത്രിക്കുന്നതിലൂടെയുമോ,
രാഷ്ട്രീയ പ്രവര്‍ത്തകനെങ്കില്‍ ആരോഗ്യപരിപാലനത്തിനുതകുന്ന നിയമനിര്‍മ്മാണത്തിലൂടെയോ,
തൊഴില്‍ ദാതാവെങ്കില്‍ ആരോഗ്യദായകമാവുന്ന തരത്തില്‍ ജോലിസ്ഥലങ്ങള്‍ മാറ്റിയെടുക്കുന്നതിലൂടെയോ
ഏവരും ശ്രമിക്കേണ്ടതാണ്!.


5fbud2vo_world-heart-day-_625x300_28_September_18



‘എന്റെയും നിന്റെയും നമ്മുടെയും ഹൃദയത്തിനു വേണ്ടി’ എന്ന പ്രതിജ്ഞയും അതിനുള്ള പ്രയത്നവുമാണ് വേണ്ടത്. ആരോഗ്യകരമായ ജീവിതം നയിക്കാനാണ് തീരുമാനമെടുക്കേണ്ടത്. ആളെക്കൊല്ലികളായ ഹൃദയ-ധമനീ രോഗങ്ങള്‍ തകര്‍ത്തെറിയുന്നത് കുടുംബങ്ങളെക്കൂടിയാണെന്ന തിരിച്ചറിവില്‍, ഒറ്റക്കെട്ടായി, ഹൃദയാരോഗ്യത്തിനായി പരിശ്രമിക്കേണ്ടതുണ്ട്. പ്രണയവും സ്നേഹവും കരുതലുമൊക്കെച്ചേര്‍ന്ന് നമ്മുടെയൊക്കെ ഹൃദയങ്ങള്‍ ദീര്‍ഘകാലം മിടിച്ചുകൊണ്ടേയിരിക്കട്ടെ!