Dr Abhaya V S

പേവിഷബാധ; കരുതലും പ്രതിരോധവും

സെപ്തംബര്‍ 28 ലോക റാബിസ് ദിനമാണ്. ആരോഗ്യ രംഗത്തെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് റാബിസ് വാക്സിന്‍. പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ ലൂയിസ് പാസ്ചരാണ് പ്രസ്തുത കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ചരമദിനമാണ് ലോക റാബിസ് ദിനമായി ആചരിയ്ക്കുന്നത്. ഒന്‍പത് വയസുകാരനായ ജോസഫ് മീസ്റ്ററിലാണ് തന്റെ കുത്തിവെയ്പ്പ് അദ്ദേഹം വിജയകരമായി നടത്തിയത്.


louis-pasteur-9434402-1-402


ഓ പി ഡ്യൂട്ടി വേളയില്‍ പേ വിഷബാധ സംബന്ധമായ കുത്തിവെയ്പ്പിനായി എത്തിയ യുവതി പങ്കുവെച്ച വിവരങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. സംശയ നിവാരണങ്ങള്‍ ക്കും നര്‍മ്മ രസപ്രധാന്യമുള്ള സംഭാഷണങ്ങള്‍ ക്കും മദ്ധ്യേ അവര്‍ ആശങ്കപ്പെട്ടത് പേ വിഷബാധയേ റ്റുണ്ടാകുന്ന മരണത്തെ സംബന്ധിച്ചാണ്.




‘ വേറെ ഏത് അസുഖം പിടിപെട്ടു മരിച്ചാലും, ഒരു നിലവാരമൊക്കെയുണ്ട്‌. എന്നാല്‍ ഇത് വന്നുമരിയ്ക്കുന്നത്‌ ആലോചിയ്ക്കാനേ ആകുന്നില്ല’.



ഇത് കേട്ട് ചിരിച്ചുപോയെങ്കിലും അവരുടെ ആശങ്കയില്‍ ഒരല്‍പം സത്യമുണ്ടെന്നു തോന്നി. അത്രയേറെ ഭയാനകമായ മരണമാണ് പേ വിഷബാധയുടേത്. പ്രതിവര്‍ഷം ലോകമാസകലം ഏകദേശം 60,0000 പേരാണ് റാബിസ് ബാധയാല്‍ മരണപ്പെടുന്നത്. ഇവയില്‍ നാലിലൊന്നുപേരും ഇന്ത്യക്കാരാണ്. കൊച്ചുകുട്ടികളുടെ എണ്ണം ഇതില്‍ വളരേ കൂടുതലാണ്.


maxresdefault


മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് റാബീസ് അഥവാ പേ വിഷബാധ. പലപ്പോഴും നായ്ക്കളിലാണ് ഇവകാണുകയെന്ന് പറയാറുണ്ടെങ്കിലും പൊതുവില്‍ പല സസ്തനികളും ഇതിനു കാരണമാകാറുണ്ട്. പൂച്ച, കുരങ്ങ്, ചിലയിനം വവ്വാലുകള്‍ , ആട്, പശു, പെരുച്ചാഴി (വലിപ്പമുള്ള ഏലി) എന്നിങ്ങനെ രോഗബാധിതമായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് സാധാരണ നിലയില്‍ രോഗം പകരുക. വൈറസ് നാടീവ്യൂഹങ്ങളെ ബാധിയ്ക്കുകയും തലച്ചോറിനെ ബാധിയ്ക്കുന്ന എന്‍കെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് മരണകാരണമാകുന്നത്.


രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ എടുക്കുന്ന കാലഘട്ടം ദിവസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെയായേക്കാം. പലപ്പോഴും രോഗബാധിതമായ മൃഗവുമായുള്ള സമ്പര്‍ക്കം മറന്നു പോയതിനുശേഷമാകും മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ ആരംഭിയ്ക്കുക. മുറിവിന്റെ ആഴം, മുറിവും തലച്ചോറും തമ്മിലുള്ള ദൂരം എന്നിവകളെല്ലാം പ്രസ്തുത കാലഘട്ടത്തെ നിശ്ചയിയ്ക്കുന്ന ഘടകങ്ങളാണ്.


download


മുറിഞ്ഞ ഭാഗത്ത് മരവിപ്പ്, ചൊറിച്ചില്‍, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ഉറക്കമില്ലായ്മ, വെള്ളത്തോടും വെളിച്ചത്തോടുമുള്ള പേടി, ശരീര തളര്‍ച്ച എന്നിങ്ങനെയാണ് രോഗ ലക്ഷണങ്ങള്‍ . പേവിഷബാധയ്ക്ക് ഇതുവരേയ്ക്കും ചികിത്സ കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. പ്രതിരോധം തന്നെയാണ് പ്രധാന ചികിത്സ. അതിനാല്‍ത്തന്നെ കുത്തിവെയ്പ്പ് എടുക്കേണ്ടതുണ്ടോ എന്ന നിലയിലെ സംശയങ്ങള്‍ അസ്ഥാനത്താണ്. കാരണം 100 ശതമാനവും മരണകാരണമാകുന്ന അസുഖത്തിനുള്ള പ്രതിരോധമാണ് കുത്തിവെയ്പ്പിലൂടെ ആര്‍ജ്ജിതമാകുന്നത്. വിഷബാധ നാഡീവ്യൂഹങ്ങളെ കീഴടക്കുന്നതിനു മുന്‍പായി പ്രതിരോധമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


മൃഗ സമ്പര്‍ക്കത്തിലൂടെ സംഭവിയ്ക്കുന്ന ഉമിനീര്‍ വ്യാപനം (നക്കല്‍), മാന്തലേല്‍ക്കല്‍, കടിയേല്‍ക്കല്‍ എന്നിവയ്ക്ക് ബന്ധപ്പെട്ട ശരീര ഭാഗം സോപ്പും വെള്ളവും ഉപയോഗപ്പടുത്തി അഞ്ചുമുതല്‍ പത്ത് മിനിറ്റു വരെ നന്നായി കഴുകണം. ഇതാണ് പ്രാഥമികവും സുപ്രധാനവുമായ നടപടിക്രമം. ഇതിനുശേഷം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ തേടണം.


പൊക്കിളിനു ചുറ്റുമുള്ള ഇഞ്ചക്ഷനുകള്‍ / ചിലവേറിയ ഇഞ്ചക്ഷനുകള്‍ എന്നിവയുടെ കാലം കഴിഞ്ഞിരിയ്ക്കുന്നു. സര്‍ക്കാര്‍ ബന്ധപ്പെട്ടവ സൗജന്യമായി നല്‍കുന്നുണ്ട്. മുറിവിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് ചികിത്സ തീരുമാനിയ്ക്കപ്പെടുന്നത്. അതിനായി മുറിവുകളെ മൂന്നായി തരം തിരിയ്ക്കാം.


rabies-animals-medium


കാറ്റഗറി :1


തടവല്‍, മുറിവില്ലാത്ത ഭാഗത്തെ നക്കല്‍.
മേല്‍സൂചിപ്പിച്ചവയ്ക്ക് ഇഞ്ചക്ഷന്‍ ആവശ്യമില്ല.


കാറ്റഗറി : 2


ചോര പൊടിയാത്ത മുറിവുകളും മാന്തലുകളും.


ഇവയ്ക്ക് വാക്സിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടതുണ്ട്‌. തൊലിപ്പുറത്തെടുക്കുന്ന വാക്സിനാണ് കേരളത്തില്‍ ഉപയോഗത്തിലുള്ളത്. താരതമ്യേന വേദന കുറഞ്ഞ ഇവ രണ്ടുകൈകളിലുമായി ആകെ നാല് ഡോസുകളാണ് (0,3,7, 28 ദിവസങ്ങളിലായി) എടുക്കേത്. നവജാത ശിശുക്കള്‍ ക്കും വായോജനങ്ങള്‍ ക്കുമെല്ലാം ഒരേ ഡോസാണ് നല്‍കണ്ടത്.


മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ ക്കും എല്ലാം പ്രസ്തുത വാക്സിന്‍ ഏറെ സുരക്ഷിതമാണ്. പാര്‍ശ്വഫലങ്ങള്‍ കുറവായ ടി വാക്സിന്‍ ചിലരില്‍ നേരിയ ചൊറിച്ചില്‍, കുത്തിവെയ്പ്പെടുത്ത ഇടങ്ങളില്‍ തടിപ്പ് എന്നിവ സൃഷ്ടിയ്ക്കാറുണ്ട്.


കാറ്റഗറി : 3 


ചോരപൊടിഞ്ഞ മുറിവുകള്‍ / ആഴമുള്ള മുറിവുകള്‍ എന്നിവകളെ പ്രസ്തുത ശ്രേണിയില്‍ ഉള്‍ പ്പെടുത്താം. ഇത്തരം മുറിവുകളില്‍ എവിടെയാണോ കടിയേറ്റത് അവിടങ്ങളില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടതുണ്ട്‌. മുറിവുണ്ടായ ആദ്യ തവണ ഇതെടുത്താല്‍ മതിയാകും. ശരീരഭാരത്തിനനുസൃതമായി ഇതുസംബന്ധിച്ച ഡോസേജ് കണക്കുകൂട്ടും. ഇതിനുപുറമേ വാക്സിനും എടുക്കണം.


PDB_1s5e_EBI


പഥ്യം എന്തൊക്കെ.


വിശേഷിച്ച് പഥ്യങ്ങളൊന്നും തന്നെയില്ല. മദ്യപാനം പരിപൂര്‍ണ്ണമായും വര്‍ജ്ജിയ്ക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ കൈകളിലെ മസിലുകളില്‍ 5 ഡോസുകളായി ഇഞ്ചക്ഷന്‍ നല്‍കുന്ന രീതിയാണ് അനുവര്‍ത്തിച്ചുവരുന്നത്. കേരളവും ഇതുതന്നെയാണ് പിന്തുടര്‍ന്നിരുന്നത്. തൊലിപ്പുറത്തോ മസിലിലോ ഇഞ്ചക്ഷന്‍ എടുക്കുന്നത് എവിടെയായാലും നിശ്ചയിയ്ക്കപ്പെട്ട ഡോസുകള്‍ പൂര്‍ണ്ണതോതില്‍ എടുത്താല്‍ മാത്രമേ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനാകൂ.


പേവിഷ ബാധയേറ്റ പശുവിന്റെ പാല്‍ ഉപയോഗിച്ചാല്‍ രോഗമുണ്ടാകുമോ എന്ന നിലയിലെ സംശയം വ്യാപകമായുണ്ട്. പേവിഷബാധ ഒരു heat labile virus ആണ്. പാല്‍ തിളയ്ക്കുന്നതോടെ വൈറസ് നശിച്ചുപോകുന്നു. എന്നാല്‍ തിളപ്പിയ്ക്കാത്ത പാല്‍ ഉപയോഗിയ്ക്കുന്ന പക്ഷം പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധം എടുക്കേണ്ടതുണ്ട്‌.


ഒരുതവണ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തവര്‍ വീണ്ടും എടുക്കേണ്ടതുണ്ടോ.


25 ദിവസങ്ങള്‍ ക്കുള്ളിലെങ്കില്‍ വീണ്ടും എടുക്കേണ്ടതില്ല. അതു കഴിഞ്ഞതെങ്കില്‍ post-exposure prophylaxis എടുക്കണം. 2 ഡോസ് ഇഞ്ചക്ഷനുകള്‍ 0,3 ദിവസങ്ങളില്‍ ഒരു കയ്യിലാണ് എടുക്കേണ്ടത്. മൃഗങ്ങളുമായി നിരന്തര സമ്പര്‍ക്കത്തില്‍ എപ്പെടുന്നവരെങ്കില്‍ pre -exposure prophylaxis എടുക്കണം. 0, 7, 28 ദിവസങ്ങളിലായി 3 എണ്ണം വീതമാണ് എടുക്കേണ്ടത്.


മൃഗങ്ങള്‍ക്ക് കുത്തിവെയ്‌പ്പെടുത്തിട്ടുള്ളതിനാല്‍ വാക്സിന്‍ എടുക്കണോ എന്നനിലയിലും സംശയങ്ങള്‍ ഉന്നയിയ്ക്കപ്പെടാറുണ്ട്. മൃഗങ്ങളുടെ കുത്തിവെയ്പ്പ് സംബന്ധമായ കാര്യക്ഷമത 85 ശതമാനം മാത്രമായതിനാല്‍ അത്തരം സാഹസികതകള്‍ക്ക് മുതിരാതിരിയ്ക്കുന്നതാകും യുക്തി.


Rabies-Vaccination


ദിനാചരണത്തിന്റെ സുപ്രധാന ഉദ്ദേശം ബോധവത്ക്കരണമാണ്. പലപ്പോഴും കുട്ടികളാണ് പേവിഷബാധയുടെ ഇരകളായി മാറുന്നത്. അതിനാല്‍ തന്നെ സ്ക്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ ബോധവത്ക്കരണം ഏറെ സുപ്രധാനമാണ്. നായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധകുത്തിവെയ്പ്പ്പുകള്‍ നിര്‍ബന്ധമാക്കല്‍, തെരുവുനായ്ക്കളുടെ നിയന്ത്രണം എന്നിവകളെല്ലാം പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെയെല്ലാം ഈദിശയിലെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്നു.