Nidhin Anand C V

ഭ്രാന്ത് കളിച്ചാലോ

"വരാന്‍ പോകുന്ന വിപ്ലവത്തിന്റെ റിഹേഴ്സലാണ് നാടകം"
- ആഗസ്റ്റോ ബോള്‍ -



കൂട്ടംതെറ്റി ദൂരത്തു പോകല്ലേ നീ…
ചെന്നായുടെ വായില്‍പെടല്ലേ നീ ..


ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ‘ഭ്രാന്തുകളി’ നാടകം തുടങ്ങുന്നത്. യുദ്ധവും കലാപവും ആസൂത്രിതവംശീയസംഘര്‍ഷങ്ങളും അനുഭവിക്കേണ്ടിവരുന്ന സാധാരണ മനുഷ്യരുടെ പ്രതിഷേധമാണിത് . മറ്റാരോ ആസൂത്രണം ചെയ്യുന്ന ഭ്രാന്തുകളിയുടെ ഇരകളാണ് ഓരോരുത്തരും. ഓരോരുത്തരുടേയും ജീവിതവും ജീവനും സ്വപ്‌നങ്ങള്‍പോലും നിയന്ത്രിക്കുന്നത് മറ്റുചിലരാണ്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യരെ തമ്മില്‍തല്ലിച്ച് ചോരകുടിക്കുന്ന അധികാരികള്‍. അവര്‍ അവരുടെ ജീവിതങ്ങള്‍ ഭദ്രമാക്കുന്നു.



കുട്ടനെയും മുട്ടനെയും കുട്ടനാടിനെയും തമ്മിലടിപ്പിച്ചു ചോര കുടിച്ച ചെന്നായുടെ കഥ ഒരു കാലത്തും അവസാനിക്കുന്നില്ല. പല്ലുകളിലും നഖങ്ങളിലും ചോര കിനിയുന്നവരാണ് രക്ഷകരായെത്തുന്നത്. ഭ്രാന്ത്‌കളി വെറും കെട്ടുകാഴ്ച്ചയല്ല. സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോട് നാടകം അതിന്റെ ശക്തമായ വിയോജിപ്പ് അറിയിക്കുന്നു. നാടകം ഒരു ‘ചത്ത സാധനമല്ല’. അത് മനുഷ്യരിലൂടെ ജനിക്കുകയും അവരിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ജീവശ്വാസമാണ്. ഭ്രാന്തുകളി സാധാരണക്കാരുടെ നിശ്വാസങ്ങളാണ്. അത് അധികാരികളുടെ ഉരുക്കു കോട്ടകളെ തകര്‍ക്കാന്‍ പോന്നവയാണ്.



തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ കാഞ്ഞിരം കുളത്തെ രവിനഗറിലെ, വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മ ഗോത്രതാളത്തിന്റെ നേതൃത്വത്തിലാണ് ഭ്രാന്തുകളി രൂപപ്പെട്ടിരിയ്ക്കുന്നത്. ഭിന്ന കാരണങ്ങളാല്‍ ഔദ്യോഗിക വിദ്യാഭ്യാസത്തില്‍ നിന്നും ചിതറിത്തെറിച്ചവരാണ് അഭിനേതാക്കളായ കുട്ടികളെല്ലാം. ഇവരാരും സ്ഥിരം നാടക കലാകാരന്മാരലല്ല. നാടകപ്രവര്‍ത്തനത്തിനായി ഒരു വിധ മൂലധനവും ഇവര്‍ക്കില്ല. റിഹേഴ്സലിനായി ഇടവുമില്ല. അതിനാല്‍ തന്നെ നാടകപരിശീലനം തുടങ്ങിയതും നടന്നതുമെല്ലാം കടപ്പുറത്തെ പൂഴിമണ്ണില്‍ തന്നെ.



ആടും ആട്ടിടയനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇരുവരുടേയും സഞ്ചാരമാണ് ഇതിവൃത്തം. മുഖ്യധാരയില്‍നിന്നും വശങ്ങളിലേക്ക് മാറ്റപ്പെട്ട ഒരു സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റമാണ് ഈ നാടകം. വയനാട് ബദല്‍വിദ്യാഭ്യാസ പദ്ധതിയിലെ മിനി എം ആര്‍ , സുധി നമ്മയാന്‍, സുനി ആര്‍ എസ് എന്നിവരാണ് ഗോത്രതാളത്തിന്റെ സ്ഥാപകര്‍.2017 ലെ കാട്ടാല്‍ സംസ്ഥാന നാടക മത്സരത്തില്‍ മികച്ച നാടകത്തിനും സംവിധായകനുമുള്ള പുരസ്ക്കാരം ഭ്രാന്ത് കളി സ്വന്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അരങ്ങുകളിലേക്കെത്തുന്നതിനുള്ള തടസങ്ങള്‍ കൂട്ടായ സാംസ്കാരിക വിനിമയങ്ങളിലൂടെ തരണം ചെയ്യുകയാണ് ഈ ‘ഭ്രാന്തുകളിക്കാര്‍’.


നാടക സംഗീതം : സുനി. ആര്‍ എസ്
വസ്ത്രാലങ്കാരം :ലക്ഷ്മി
കലാസംവിധാനം : പ്രേമംജിത്ത് സുരേഷ്
ലൈറ്റ് ഡിസൈനര്‍ :സുജിത്
മേക്കപ്പ് :കലാമണ്ഡലം നിധിന്‍ ആനന്ദ്
സ്റ്റേജ് മാനാജര്‍ :സജിന്‍
രചന, സംവിധാനം ശ്യാംരജി എസ് എസ്