അഷിത – ഞാന്‍ കടം കൊണ്ട പ്രഭാതം

ഞാന്‍ കടം കൊണ്ട പ്രഭാതമാണ്‌ അഷിത. മലയാളം വായിച്ചും മലയാളത്തില്‍ എഴുതിയും തുടങ്ങി ഒരു വര്‍ഷം തികയും മുന്നെ, നാണക്കേടാകും വിധം ശുഷ്കമായ അറിവും ഭാഷാപരിചയവും വേദനിപ്പിച്ചിരുന്ന  നാളുകളിലൊന്നില്‍ തേടി വന്ന ഒരു വാര്‍ത്ത മാത്രമായിരുന്നു എനിക്ക് ആദ്യം അവര്‍. തികച്ചും യാദൃശ്ചികമായ പരിചയപ്പെടല്‍ – ആ പരിചയപ്പെടലിനു നിമിത്തമായത് കഥാകാരിയുടെ മരണവും.

എഴുതുന്നവള്‍ ജീവിക്കുന്നതും ഈ ലോകത്ത് തന്നെയാണ്. ഉള്ളിലുള്ള ലോകത്തെയും ചുറ്റുമുള്ള ലോകത്തെയും, തന്നെയും തന്റെ വാക്കിനെയും, വേര്‍തിരിച്ചു കാണുക അഥവാ കാട്ടുക എന്ന പ്രശ്നത്തെ നിരന്തരമായി അഭിമുഖീകരിക്കാതെ അവള്‍ക്ക് നിലനില്‍ക്കാനാകില്ല. വാക്കുകള്‍ കൊണ്ട് സൃഷ്ടിച്ചതിനെ വാക്കുകള്‍ കൊണ്ട് തന്നെ അപഗ്രഥിക്കുക എന്നത് അസാധ്യമാണ്. വാക്കുകള്‍ക്കിടയില്‍ വിടുന്ന അകലങ്ങള്‍ പരിശോധിക്കുന്നതാവും കുറച്ചുകൂടെ യുക്തിയ്ക്ക് നിരക്കുന്നത്.   “എന്നെ കേള്‍ക്കൂ” എന്ന തീവ്രമായ ആവശ്യം മുന്നോട്ട് വയ്ക്കുന്നവരെ കാത്തിരിക്കുന്ന വിധിയെഴുത്തുകളെ നേരിടാന്‍ പലപ്പോഴും ഇത്തരം അളന്നു മുറിച്ച മൌനങ്ങള്‍ കൊണ്ടുമാത്രമേ സാധിക്കൂ. അവര്‍ എഴുതാത്തത് വായിച്ചാലാകും അഷിതാമ്മയെയും അവരുടെ അക്ഷരലോകത്തെയും കൂടുതല്‍ ആഴത്തില്‍ അറിയാനാവുക എന്ന് തോന്നുന്നു. 

ashitha-2

ആദ്യം വായിച്ച പുസ്തകം “അഷിതയുടെ കഥകള്‍” ആണ്. ഏതോ ഒരു താളില്‍ നിന്നങ്ങു തുടങ്ങി. ചെറിയ കഥകള്‍. ചെറിയ വാക്കുകള്‍. പക്ഷെ, അര്‍ത്ഥത്തിന്റെ കനംകൊണ്ട് പല താളുകളും മറിയാന്‍ ദിവസങ്ങളെടുത്തു. ഒരു വരിയില്‍ തട്ടിത്തടഞ്ഞ്, ആ വാക്കുകളുടെ പ്രഹരശേഷിക്ക് മുന്നില്‍ തോറ്റ്, ഹൃദയത്തില്‍ തറഞ്ഞുപോയ മുള്ളുകള്‍ വലിച്ചെടുക്കാന്‍ പ്രയാസപ്പെട്ട്… വായിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി പലവട്ടം. 

എന്തുണ്ട് അഷിതയുടെ കഥകളില്‍? വര്‍ണ്ണാഭമല്ലാത്ത ഭാഷ. മിക്ക കഥകള്‍ക്കും ഒരു പ്രവാസഗന്ധം. പശ്ചാത്തലങ്ങള്‍ക്ക് പലപ്പോഴും നഗരത്തിന്റെതായ മുഖമില്ലായ്മ. വളരെ ആസൂത്രിതമായ മുഖമില്ലായ്മ പോലെ. കൃത്യമായി ആസൂത്രണം ചെയ്ത കഥകള്‍ എന്ന് തന്നെ പറയാം. ഒരു നിയമസംഹിത ആദ്യമേ സ്വീകരിച്ച് അതിന്റെ പരിധികള്‍ക്കുള്ളില്‍ നിന്ന് കയ്യടക്കത്തോടെ എഴുതിയ വാക്കുകള്‍. ഞാണിന്മേല്‍കളിയാണ് ഓരോ കഥയും. പറഞ്ഞതിന്റെയും പറയാത്തതിന്റെയും ഓരംചേര്‍ന്നൊഴുകുന്ന ആഖ്യാനം. ചോരപൊടിയുംവണ്ണം മൂര്‍ച്ചയുള്ള നഖങ്ങള്‍ ആവശ്യമുള്ളപ്പോള്‍, ആവശ്യമുള്ളിടത്ത് പുറത്തെടുക്കാന്‍ കഴിവുള്ള മിണ്ടാപ്പൂച്ചകളാണ് ഓരോ കഥയും. ഇത്ര കൃത്യത വാക്കുകള്‍ക്ക് കൊടുക്കുന്നതിലൂടെ കഥാകാരി തന്റെ കഥകള്‍ ഒരിക്കലും ചില അതിരുകള്‍ ഭേദിക്കില്ല എന്നുറപ്പുവരുത്തിയിരിക്കുന്നു. ആദ്യവായനയില്‍ ഈ കൃത്യത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ഒട്ടു ഭയപ്പെടുത്തുകയും ചെയ്തു. “അത് ഞാനായിരുന്നു” എന്ന പുസ്തകത്തില്‍, എഴുത്ത് വിലക്കപ്പെട്ടപ്പോള്‍ ഭിത്തിയില്‍ എഴുതിയ പെണ്‍കുട്ടിയെ കണ്ടുമുട്ടിയപ്പോള്‍ ആ അത്ഭുതം മാറുകയും ചെയ്തു. എത്ര സംഘര്‍ഷഭരിതമായിരുന്നിരിക്കണം അവര്‍ക്ക് എഴുത്ത്?! ചൂളയില്‍ വെന്തു നേടുന്ന കഴിവാണ് വാക്കുകള്‍ ശസ്ത്രക്രിയാ സ്കാല്പെല്‍ പോലെ ഉപയോഗിക്കാന്‍ സാധിക്കുക എന്നത്. 

1

മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുന്ന എഴുത്തുകാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പലതും അവനവനു വേണ്ടി എഴുതുന്നവര്‍ക്ക് സ്വീകരിക്കാന്‍ സാധിക്കില്ല. അഷിതയുടെ വാക്കുകളോരോന്നും അവനവനുവേണ്ടി മാത്രം എഴുതിയവയായിരുന്നിരിക്കാം. കഥകളില്‍ തെളിഞ്ഞു നില്‍ക്കുന്ന, തെളിഞ്ഞു പോകുന്ന സ്വത്വത്തെ മറയ്ക്കാന്‍ വല്ലാത്തൊരു വ്യഗ്രതയുണ്ട്, കഥാകാരിക്ക്. പക്ഷെ, നിരന്തരം ആ കഥകളില്‍ ഓരോന്നിലും അവരുടെ ആത്മാവിന്റെ നിഴലാട്ടം കാണാം. 

മനസ്സ് മാത്രമുള്ള ഒരു കഥാലോകമായിത്തോന്നി, അഷിതയുടെത്. വായിച്ചകഥകളിലെങ്ങും കണ്ടെത്താനായില്ല ശരീരം. ‘എഴുതി മാധവിക്കുട്ടിയാകാന്‍ തുടങ്ങുകയാണോ?’ എന്നും ‘നിനക്കെന്താ ഒരു സാധാരണ സ്ത്രീയായാല്‍?’ എന്നുമുള്ള ചോദ്യങ്ങള്‍ പൊള്ളിച്ചത് രണ്ടു തലമുറയിലെ സ്ത്രീകളെയാണ്. വിശാലമായ ലോകങ്ങള്‍ നിശ്ശബ്ദം മനസ്സില്‍ പേറി നടന്നിട്ടുള്ളവര്‍ ഒരുപാട് പേരുണ്ടാവും. അവരില്‍ അതിജീവനത്തിന്റെ പാത തിരഞ്ഞെടുത്തവര്‍ കുറവും. കള്ളം-സത്യം, സ്നേഹം-സ്നേഹരാഹിത്യം, അവനവനുമായും മറ്റുള്ളവരുമായും ഉള്ള ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, അമ്മ-മകള്‍ ബന്ധം, മുതലായവയെ കുറിച്ചു സംസാരിക്കുമ്പോള്‍ നമ്മള്‍ ഉറക്കെ പറയാന്‍ ധൈര്യപ്പെടാത്തത് പലതും അഷിതയുടെ കഥകള്‍ വ്യക്തമായി കൈകാര്യം ചെയ്യുന്നു. ബാല്യം പോലും പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ കഥകളില്‍ വരച്ചിടുന്നത്. ചുറ്റുമുള്ളത് വ്യക്തമായി കാണുകയും, കേട്ടില്ലെന്നു നടിക്കെത്തന്നെ കേള്‍ക്കുകയും, മനസ്സില്‍ ശരിതെറ്റുകള്‍ ഇഴപിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളാണ് അഷിതയുടെ കഥകളില്‍. അത് തന്നെയാണ്, നമ്മള്‍ അറിയാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ബാല്യത്തിന്റെ യാഥാര്‍ഥ്യം. (മനസ്സില്‍ വരുന്ന കഥ ‘പാഠഭേദ’മാണ്. പിന്നെ പല പല ‘ഉമ’ക്കഥകള്‍. )

2

എഴുതാന്‍ കടലാസ് കിട്ടാത്തതിനാല്‍ ചെറിയ കഥകള്‍ എഴുതി ശീലിച്ച കഥാകാരി. അലുക്കും തൊങ്ങലും ഒന്നും കാണാനില്ല. ഏറ്റവും കുറഞ്ഞ വാക്കുകളില്‍, ഏറ്റവും പ്രസക്തമായത് മാത്രം പറഞ്ഞ്, ഓരോ ജീവിതത്തെയും – മകള്‍, സുഹൃത്ത്, കാമുകി, ഭാര്യ, അമ്മ – ഓരോ സ്ത്രീയെയും ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ തൊട്ടു കടന്നു പോയിരിക്കാവുന്ന അനുഭവങ്ങളെ വാക്കുകളും അവയ്ക്കിടയിലെ പകപ്പുകളും ആ പകപ്പുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കനലുമായി പ്രകാശിപ്പിച്ചിരിക്കുന്നു. അധികം ‘പ്രോപ്’കള്‍ ഒന്നുമില്ലാതെ മാസ്മരികത തീര്‍ക്കുന്ന തെരുവോരത്തെ ജാലവിദ്യക്കാരി. 

‘മാനസികരോഗി’ എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ കൗമാരത്തിന്റെ നിഴല്‍ അഷിതാമ്മയുടെ എഴുത്തില്‍ ഉണ്ടായിരിക്കുമോ? ഞാന്‍ കണ്ടിരുന്നു അത്. തികച്ചും അസാധാരണമായ ഒരു സാധാരണത്തം ആ എഴുത്തുകളില്‍ ഉടനീളം കാണാം. അബ്നോര്‍മലി നോര്‍മല്‍. തങ്ങളുടെ ‘ഭ്രാന്തി’ല്‍ അഭിരമിക്കുന്ന എഴുത്തുകാരുണ്ടാവാം. അസാധാരണത്തം ആഘോഷമാക്കുന്നവര്‍, അങ്ങനെയാക്കാനുള്ള സാഹചര്യം ലഭിക്കുന്നവര്‍. ആ പരിസരങ്ങള്‍ക്കൊക്കെയപ്പുറം ചിലരുണ്ടാകും, അതീവസൂക്ഷ്മതയോടെ, കരുതലോടെ, തങ്ങളുടെ ‘ഭ്രാന്തില്ലായ്മ’ തെളിയിക്കാനെന്നോണ്ണം എഴുതുന്ന വാക്കുകളെ സന്യസ്തരാക്കുന്നവര്‍. അവരുടെ പ്രതിനിധിയാണ് എന്നെ സംബന്ധിച്ചിടത്തോളം അഷിതാമ്മ. വളരെയേറെ സ്നിഗ്ധമായ ഒരു ഭാവനാലോകത്തെ ആഘോഷങ്ങളുടെ കടുംനിറങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും വിട്ടുകൊടുക്കാതെ ആധ്യാത്മികതയുടെ ആവരണം ചാര്‍ത്തി ചേര്‍ത്തു നിറുത്തിയിരിക്കുന്നു. ഒരിക്കലും ഉപേക്ഷിക്കാന്‍ സാധിക്കാത്ത വാക്കുകളെ കൂടെ നിറുത്താന്‍ ഒരു വഴി വേണമല്ലോ. 

unnamed

അറിഞ്ഞു വരുന്നതേയുള്ളൂ, കഥാകാരിയെ. ധാരാളം വിവര്‍ത്തനങ്ങള്‍ കാത്തിരിപ്പുണ്ട് ഇനിയും. ഹൈകു കവിതകളും. എനിക്കെപ്പോഴും കൗതുകം തോന്നിയിട്ടുള്ള സാഹിത്യശാഖകളാണ് വിവര്‍ത്തനങ്ങളും കുറുങ്കവിതകളും.  സ്വന്തം വാക്കുകളെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തി കരുണയില്ലാതെ വിചാരണചെയ്യുന്ന സ്വഭാവമുള്ളവര്‍ക്ക് ചേര്‍ന്ന അഭായസ്ഥാനങ്ങള്‍. എന്താവാം ഒരു മൊഴിമാറ്റക്കാരിയെ അതിനു പ്രേരിപ്പിക്കുന്ന ഘടകം? ഉത്തരം ലളിതമാണ്. വിരല്‍ചൂണ്ടലുകള്‍ക്ക് ഇടം കൊടുക്കാതെ എഴുതാം എന്നുള്ള ആശ്വാസം. പറയാനുള്ള ഭാഷയറിയാതെ തള്ളിക്കളഞ്ഞ പലതും കടം കൊണ്ട വാക്കുകള്‍കൊണ്ടെങ്കിലും പ്രകടിപ്പിക്കാന്‍ നിലനില്‍ക്കുന്ന സാധ്യത. അതുപോലെയാണ് ഹൈകുവും. എഴുതാനുള്ള സമാന്തരരേഖകള്‍ അതിന്റെ ഘടനയില്‍ തന്നെ ഉണ്ടല്ലോ. ആ വരകളില്‍ തൊടാതെ, വരകളുടെ നടുക്ക്, അക്ഷരങ്ങള്‍ അടുക്കാം. ഉത്തരവാദിത്തം കുറവ് മതി അതിന്. മറ്റൊരിടത്ത് നമ്മള്‍ വിശദീകരിക്കേണ്ടിവരുന്ന നിശ്ശബ്ദതകള്‍ ഹൈകുവില്‍ സൗന്ദര്യലക്ഷണവും. 

ഇരുണ്ടപച്ചനിറമുള്ള, മെഴുകുപൂശിയതുപോലെ മിനുത്ത കട്ടിയുള്ള ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിര്‍മലപ്രഭാതം – അഷിത. എത്ര ഉചിതമായ പേര്. ഒരു നിലക്കണ്ണാടിയില്‍ നോക്കിയ പോലെ. 

 

comments