സ്വവര്‍ഗലൈംഗികത കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള മുംബൈ പോലീസ് എന്ന സിനിമ മലയാളികളുടെ സാംസ്കാരികമണ്ഡലത്തിലേക്ക് കടന്നുവന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. മുഖ്യധാരാസിനിമ ആണെങ്കില്‍ കൂടി സിനിമാചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു ചിത്രമാണ് ഇത്. കാരണം ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രേമിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമ റിലീസായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലൈംഗികന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്ന രണ്ട് സുപ്രധാന വിധികളാണ് ഇന്ത്യയിലെ പരമോന്നത നിയമപീഠമായ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രഹസ്യമാക്കി വയ്ക്കപ്പെടുന്ന സ്വവര്‍ഗലൈംഗികതയുടെ അപകടങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ സിനിമയുടെ പുനര്‍വായന അതിനാല്‍ തന്നെ ഏറെ പ്രസക്തമാണ്. വന്‍ജനപ്രീതി നേടിയെടുത്ത ഈ സിനിമയിലെ നായകനും വളരെ ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു നിയമപാലകന്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒരാള്‍ ചെയ്ത കുറ്റകൃത്യം അയാളുടെ തന്നെ മറ്റൊരു അവതാരത്തെ ഉപയോഗിച്ച് തെളിയിക്കുന്ന ഈ സിനിമയുടെ കഥ സയന്‍സ്ഫിക്ഷനോട് അടുത്തുനില്‍ക്കുന്നു. അതിനാല്‍ തന്നെ സിനിമ കണ്ട പലര്‍ക്കും അതിന്‍റെ കഥ പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല എന്നതും ഈ ലേഖനമെഴുതുവാനുള്ള ഒരു പ്രധാന പ്രചോദനമാണ്.
കേരളത്തിലെ പുരുഷസ്വവര്‍ഗപ്രേമികള്‍ സമ്മിശ്രവികാരങ്ങളോടെയാണ് ഈ സസ്പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയോട് പ്രതികരിച്ചത്. "സ്വവര്‍ഗപ്രേമികളെ കുറ്റവാളികള്‍ ആയി ചിത്രീകരിക്കുന്ന മറ്റൊരു സിനിമ" എന്ന രീതിയില്‍ വളരെ ഉപരിപ്ലവമായ പ്രതികരണങ്ങളാണ് മിക്കവരും നല്‍കിയത്. സ്വവര്‍ഗലൈംഗികത, സ്മൃതിനാശം, ഘട്ടം ഘട്ടമായുള്ള ഓര്‍മ്മയുടെ തിരിച്ചുവരവ്/പുനര്‍നിര്‍മ്മാണം എന്നീ മാനസിക പ്രതിഭാസങ്ങളിലൂടെ ഫ്ലാഷ്ബാക്കില്‍ ഇതള്‍വിരിയുന്ന വളരെ സങ്കീര്‍ണ്ണമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ഇതിന്‍റെ കഥ. അതിനാല്‍ തന്നെ ഉപരിപ്ലവമായ വിലയിരുത്തലുകള്‍ക്ക് ഈ സിനിമയോട് നീതിപുലര്‍ത്താന്‍ കഴിയുകയില്ല. നായകനായ ആന്‍റണി മോസസ് എന്ത്കൊണ്ട് ഒരു കൊലപാതകി ആയിമാറി എന്നും പിന്നീട് അയാള്‍ എന്ത്കൊണ്ട് കുറ്റസമ്മതം നടത്തി പാശ്ച്ചാത്തപിക്കുന്നു എന്നും ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ മാത്രമേ ഈ സിനിമയുടെ ആസ്വാദനം പൂര്‍ണ്ണമാവുന്നുള്ളൂ. സ്വവര്‍ഗാനുരാഗികള്‍ക്കും പൊതുസമൂഹത്തിനും ഗുണകരമായ ഒരു സന്ദേശമാണ് ആത്യന്തികമായി ഈ സിനിമ നല്‍കുന്നതെന്ന് സിനിമയെ ഗൌരവപൂര്‍വ്വം വിശകലനം ചെയ്യുമ്പോള്‍ വെളിപ്പെടുന്നു. അതിനാല്‍ തന്നെയാണ് സ്വവര്‍ഗപ്രണയികള്‍ 2014 മാര്‍ച്ചില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച ക്വിയര്‍ (Queer) ഫിലിം ഫെസ്റ്റിവലില്‍ ഈ മുഴുനീള ഫീച്ചര്‍സിനിമയെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍സിനിമകളിലെ സ്വവര്‍ഗപ്രേമി പ്രതിനിധാനങ്ങള്‍ മിക്കതും കഥയ്ക്കിടയില്‍ ചിരിയുണര്‍ത്താനായി വന്ന് പോകുന്ന അതിസ്ത്രൈണവല്‍ക്കരിക്കപ്പെട്ട അപ്രധാനകഥാപാത്രങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. മലയാളികളായ പുരുഷസ്വവര്‍ഗപ്രേമികളെ സംബന്ധിച്ചിടതോളം ഈ സിനിമയുടെ ഹൈലൈറ്റ് എന്നത് ഗേ റോളില്‍ നായകനായി അഭിനയിച്ച യുവ സൂപ്പര്‍താരം പ്രിഥ്വിരാജ് തന്നെയാണ്. താരപരിവേഷത്തിനു ഇടിവ് പറ്റാമെന്ന റിസ്ക് എടുത്ത് കൊണ്ട് ഈ സിനിമ ചെയ്യാനുള്ള ധൈര്യം കാണിക്കുകയും തന്‍റെ അഭിനവപാടവത്താലും താരപ്രഭാവത്താലും അത് കലാപരമായും സാമ്പത്തികമായും വന്‍വിജയത്തിലെത്തിക്കുകയും ചെയ്ത പ്രിഥ്വിരാജ് എന്ന നടന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഒരു സൂപ്പര്‍താരവും ഇതിനു മുന്‍പ് മുഖ്യധാരാ ചിത്രത്തില്‍ സ്വവര്‍ഗപ്രണയിയായി അഭിനയിച്ചിട്ടില്ല. 2008 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ "ദോസ്താന" ചിലരെങ്കിലും ചൂണ്ടിക്കാണിച്ചേക്കാം. എന്നാല്‍ "ദോസ്താന"യില്‍ താമസസൗകര്യത്തിനും സുന്ദരിയായ ഒരു പെണ്ണിന്‍റെ സാമീപ്യത്തിനും വേണ്ടി സ്വവര്‍ഗകമിതാക്കളായി നാടകമാടുന്ന അഭിഷേക് ബച്ചനെയും ജോണ്‍ അബ്രഹാമിനെയും ആണ് നാം കാണുന്നത്. സ്ത്രീപുരുഷപ്രേമത്തേയും പരമ്പരാഗത ആണത്തത്തേയും പൊലിപ്പിച്ചു കാണിക്കുന്നതിന് വേണ്ടി സ്വവര്‍ഗപ്രണയത്തെ ഒരു കോമാളിക്കളിയാക്കി കരുവാക്കുന്നതാണ് ആ കച്ചവടസിനിമയുടെ തന്ത്രം. സൂപ്പര്‍താരനിര്‍മ്മിതി എന്നത് മുഖ്യധാരാസിനിമയുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത ബിംബനിര്‍മ്മാണ പ്രക്രിയയാണ്. സ്ത്രീപുരുഷപ്രണയത്തിന് ഏറ്റവും ഉത്തമമെന്ന് കരുതപ്പെടുന്ന രൂപഭാവങ്ങള്‍ പേറുന്ന ബിംബങ്ങളാണ് സൂപ്പര്‍നായകനും സൂപ്പര്‍നായികയും. ഇങ്ങനെ ആണ്‍-പെണ്‍ പ്രണയത്തിന് ഉപയോഗിക്കുന്ന താരവ്യക്തിത്വങ്ങള്‍ തന്നെ ആണ്‍-ആണ്‍ പ്രണയത്തിനും ഉപയോഗിക്കപ്പെടുക എന്നത് ധീരവും തുല്യതയില്‍ അടിയുറച്ചതുമായ ഒരു ചുവടുവെപ്പാണ്. നായികാ പ്രാധാന്യമുള്ള നോട്ട്ബുക്ക്, ഹൌ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഇത്തരമൊരു തുടക്കം കുറിച്ചത് വളരെ ഉചിതവുമാണ്. ഒരു ഗേ റോള്‍ ചെയ്യാനുള്ള തന്‍റെ തീരുമാനത്തെപറ്റി പ്രിഥ്വിരാജ് തന്‍റെ CNBC ഇന്‍റര്‍വ്യൂയില്‍ ( YouTube : "The A List with Prithviraj" https://www.youtube.com/watch?v=iPrjPCdg_jQ ) വാചാലനാകുന്നുണ്ട്. പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന അതിപൌരുഷമുള്ള IPS ഓഫീസറുടെ കാമുകനായി വരുന്നത് മൃദുഭാവങ്ങളുള്ള ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്‍റാണ്. ചില ഗേ സുഹൃത്തുക്കള്‍ ഈ പ്രതിനിധാനത്തെ സാധാരണയായി സിനിമകളില്‍ കണ്ടുവരാറുള്ള അതിസ്ത്രൈണവല്‍ക്കരണമായി ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. എല്ലാ സ്ത്രീപ്രേമികളായ പുരുഷന്മാര്‍ പോലും രൂപത്തിലും ഭാവത്തിലും ആന്റണിമോസസിന്റെ അതി-പൗരുഷം പേറുന്നവരല്ല. ഓരോ പുരുഷനും തന്‍റെ രൂപഭാവങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഫ്ലൈറ്റ് അറ്റന്‍ഡന്‍റായ പുരുഷനെ പ്രധാനമായും കാണിച്ചിരിക്കുന്നത് തന്‍റെ കാമുകനുമൊത്ത് വീട് എന്ന സ്വകാര്യഇടത്തില്‍ വച്ചാണ്. മറ്റൊരു പുരുഷനെ പ്രണയിക്കുന്നു എന്ന കാരണത്താല്‍ തന്നെ ഗേ പുരുഷന്മാരില്‍ മൃദുഭാവങ്ങള്‍ കൂടുതല്‍ ഉണ്ടായിരിക്കും. കൂടാതെ ആന്റണിമോസസിന്റെ രൂപഭാവങ്ങള്‍ അയാളുടെ ജോലിയായ അസിസ്റ്റന്‍ട് പോലീസ് കമ്മീഷണര്‍ എന്ന തന്മയെ പ്രതിഫലിപ്പിക്കുന്നത് പോലെ കാമുകന്‍റെ രൂപഭാവങ്ങള്‍ അയാളുടെ തൊഴിലായ ഫ്ലൈറ്റ്-പരിചാരകന്‍ എന്ന തന്മയെയും പ്രതിഫലിപ്പിക്കുന്നു. യാതൊരുവിധത്തിലും കുറ്റാരോപണം നടത്താന്‍ കഴിയാത്ത, കഥയോട് ഒത്തുപോകുന്നവിധം യഥാതഥമാണ് ഈ രണ്ട് വ്യത്യസ്തമായ ഗേ പ്രതിനിധാനങ്ങള്‍.
സ്വവര്‍ഗപ്രേമികളെ കൊലപാതകികളായി മുദ്ര കുത്തുന്ന ഒന്നാണോ ഈ സിനിമ? അതോ ഇത്തരമൊരു കഥ ചില സാഹചര്യങ്ങളിലെങ്കിലും സംഭവിക്കാവുന്നതാണോ? ഒരു വ്യക്തി അതിരഹസ്യമാക്കി വയ്ക്കുന്ന എന്തും മറ്റൊരു രൂപത്തില്‍ അയാളുടെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കും എന്ന ഫ്രോയിഡിന്‍റെ മനശാസ്ത്രതത്വമാണ് ഈ സിനിമയ്ക്ക് പിന്നില്‍ എന്ന് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികത എന്നത് ഒരാളുടെ വ്യക്തിത്വത്തിന്‍റെയും ജീവിതത്തിന്‍റെയും കേന്ദ്രബിന്ദുവാണ്. രഹസ്യമാക്കി വയ്ക്കപ്പെടുന്ന പുരുഷ സ്വവര്‍ഗലൈംഗികത മറ്റു പല രീതിയിലും (ലജ്ജ, വിഷാദം, നിസ്സംഗത, സംശയം, ആത്മീയത, ഉത്കണ്ട, സ്ത്രൈണത, അതിപൗരുഷം, ആക്രമണോത്സുകത, സ്ത്രീവിരുദ്ധത എന്നിങ്ങനെ) ഒരാളുടെ വ്യക്തിത്വത്തില്‍ ബഹിര്‍സ്ഫുരണം ചെയ്തുകൊണ്ടേയിരിക്കും. അത് ബഹിര്‍സ്ഫുരണം ചെയ്യുന്ന രീതി ഓരോ സ്വവര്‍ഗപ്രേമിയിലും വ്യത്യസ്തമായിരിക്കും. ആക്രമണോത്സുകത, അതിപൗരുഷം, സ്ത്രീവിരുദ്ധത എന്നിവ കഥാനായകനായ ആന്‍റണി മോസസിന്‍റെ സ്വഭാവത്തില്‍ പ്രകടമാണ്. ഒരു വ്യക്തിയുടെ അതിരഹസ്യമാക്കി വച്ച സ്വവര്‍ഗലൈംഗികത മറ്റൊരാള്‍ പരസ്യപ്പെടുത്തുകയോ (Outing) പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താലുണ്ടാകുന്ന പരിണിതഫലങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ആധുനികമനുഷ്യന്‍റെ പ്രധാന വ്യക്തിബന്ധങ്ങളെ കുടുംബം, വളരെ അടുത്ത സുഹൃത്തുക്കള്‍, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഒരു വ്യക്തി സ്വവര്‍ഗപ്രേമിയാണെന്ന് അറിയാനിടവരുമ്പോള്‍ ഈ മൂന്ന്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മൂന്ന്‍ വ്യത്യസ്തമായ പ്രതികരണങ്ങളും മാനസികസംഘര്‍ഷങ്ങളുമാണ് അയാള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇന്ത്യയിലെ മിക്ക സ്വവര്‍ഗപ്രണയികളും ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഈ മൂന്ന്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും തങ്ങളുടെ വ്യത്യസ്തമായ ലൈംഗികത പൂര്‍ണ്ണമായും മറച്ചുപിടിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ചിലര്‍ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ മാത്രം തന്‍റെ രഹസ്യം പങ്കുവയ്ക്കുന്നു. ആന്‍റണി മോസസിന്‍റെ കാര്യത്തില്‍ ഈ മൂന്ന്‍ ആള്‍ക്കൂട്ടങ്ങളും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു ഏറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആര്യന്‍ജേക്കബാണ് (ജയസൂര്യ) അദ്ദേഹം ഗേ ആണെന്നത് മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ മേലധികാരി ഫര്‍ഹാന്‍ (റഹ്മാന്‍) സഹപ്രവര്‍ത്തകന്‍ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃദ് വലയത്തില്‍ പെട്ടവനും സഹോദരിയുടെ ഭര്‍ത്താവായതിനാല്‍ കുടുംബത്തില്‍ പെട്ടവനുമാണ്. അസിസ്റ്റന്‍ട് പോലീസ് കമ്മീഷണര്‍ എന്ന സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് വെളിപ്പെട്ടു പോയ രഹസ്യം മാധ്യമങ്ങള്‍ വഴി സമൂഹമൊട്ടാകെ അറിയുമോ എന്ന ഉത്കണ്ടയും ഉണ്ടാകും. ഇതൊന്നും പോരാതെ ആര്യന്‍ജേക്കബിന്‍റെ ഭീഷണിയില്‍ ഭയചകിതനായ കാമുകന്‍റെ പ്രേരണയും. ഇങ്ങനെ അതികഠിനമായ പലതരത്തിലുള്ള മാനസികസംഘര്‍ഷങ്ങള്‍ ഒരുമിച്ചനുഭവിക്കുന്ന ഒരു വ്യക്തിയുടെ മാനസികനില തകിടം മറിയാം. Depressive വ്യക്തിത്വമുള്ള ഒരാളില്‍ അത് വിഷാദരോഗത്തിലും ആത്മഹത്യയില്‍ പോലും കലാശിക്കാം. എന്നാല്‍ ആന്‍റണി മോസസിനെ പോലെ Manic വ്യക്തിത്വമുള്ള, പോലീസ്ജോലിയിലൂടെ ഹിംസ ജീവിതത്തിന്‍റെ ഭാഗമായ ഒരാളില്‍ അത് ഭ്രാന്തിലേക്കും കൊലപാതകത്തിലേക്കും നയിക്കാം. ആത്മഹത്യയും കൊലപാതകവും ഒരേ നാണയത്തിന്‍റെ ഇരു വശങ്ങള്‍ മാത്രമാണ് -- ഒന്നില്‍ മാനസികസംഘര്‍ഷങ്ങളില്‍ നിന്നുള്ള അതികഠിനമായ മനോവേദന ഇല്ലാതാക്കാന്‍ സ്വയം കൊല്ലുന്നു; മറ്റതില്‍ മാനസികസംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനായ വ്യക്തിയെ കൊന്നുകൊണ്ട് അതികഠിനമായ മനോവേദന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ തികച്ചും സംഭവിക്കാവുന്ന ഒരു കഥയാണിത്. രഹസ്യമാക്കി വയ്ക്കേണ്ടി വരുന്ന സ്വവര്‍ഗലൈംഗികതയുടെ അപകടങ്ങളാണ് സിനിമയുടെ വിഷയം. ആന്‍റണി മോസസും കാമുകനും തമ്മിലുള്ള പ്രണയത്തെ വളരെ നല്ലരീതിയില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സിനിമ സ്വവര്‍ഗപ്രണയത്തിന് എതിരായ (Anti-Gay) ഒന്നാണെന്ന ആരോപണം അതിന്‍റെ തിരക്കഥകൃത്തുക്കളായ ബോബി-സഞ്ജയ്‌ക്ക് നേരെയോ സംവിധായകനായ റോഷന്‍ആണ്ട്രൂസിന് നേരെയോ ഉയര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല.
സ്വവര്‍ഗലൈംഗികത എന്നത് തലക്കടിച്ച് അമ്നേഷ്യ വരുത്തി മാറ്റിയെടുക്കാന്‍ പറ്റുന്ന ഒന്നാണെന്ന് ഈ സിനിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന് ചിലരെങ്കിലും ആരോപിക്കുന്നു ശ്വേതമേനോന്‍ അവതരിപ്പിച്ച ന്യൂറോസര്‍ജന്‍ കഥാപാത്രത്തിന്‍റെ ചില സംഭാഷണങ്ങള്‍ ഇത്തരം തെറ്റിദ്ധാരണ സൃഷ്ടിക്കാവുന്ന തരത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. അപകടത്തിന് മുന്‍പുള്ള ആന്‍റണിമോസസ്-A, അപകടത്തിന് ശേഷം അമ്നേഷ്യ ബാധിച്ച ആന്‍റണിമോസസ്-B എന്നീ രണ്ട് വ്യക്തികളെപ്പറ്റി ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ്: "A-ക്ക് അറിയുന്ന ആളുകളേയും സംഭവങ്ങളേയും B-ക്ക് അറിയില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ Aയും Bയും രണ്ടാള്‍ക്കാര്‍ തന്നെയാണ് -- സ്വഭാവത്തിലും Attitude-ലും Preference-ലും ഒക്കെ". എന്നാല്‍ ഡോക്ടര്‍ക്ക് തന്‍റെ രോഗിയുടെ സ്വവര്‍ഗലൈംഗികതയെക്കുറിച്ച് യാതൊരറിവും ഇല്ലാത്തതിനാല്‍ അവര്‍ Preference എന്ന് പറയുമ്പോള്‍ അതില്‍ Sexual-Preference-ഉം ഉള്‍പ്പെടുമെന്ന് വ്യാഖാനിക്കുന്നത് സിനിമയുടെ അതിവായനയോ ഇല്ലാവായനയോ ഒക്കെയാണ്. ഏത് ബ്രാന്‍ഡ് സിഗരറ്റാണ് വലിക്കുന്നത് എന്നതിനെ ഒരു preference ആയി കാണാം. പുകവലിച്ചിരുന്ന ശീലം ആന്‍റണിമോസസ്-B ഓര്‍ക്കുന്നുണ്ടെങ്കിലും ബ്രാന്‍ഡിന്‍റെ പേര് മറന്നുപോയതായാണ് സിനിമയില്‍ കാണിക്കുന്നത്. സ്വവര്‍ഗലൈംഗികതയെ Preference, Choice എന്നൊക്കെ ലളിതവല്‍ക്കരിക്കുന്നത് സ്വവര്‍ഗപ്രണയികള്‍ വെറുക്കുന്ന പദപ്രയോഗമാണ്. സ്വവര്‍ഗപ്രേമം എന്നത് "ചായയോ കാപ്പിയോ ഏതാണിഷ്ടം?" എന്ന പോലെ സ്വയം തിരഞ്ഞെടുക്കാവുന്ന ഒരു Preference അല്ല. ഓര്‍മ്മയേയും പ്രണയത്തെയും കുറിച്ച് മൗലികമായ ചില ചോദ്യങ്ങള്‍ സിനിമ ഉയര്‍ത്തുന്നുണ്ട്. ഒരു മനുഷ്യന്‍റെ ലൈംഗികത എന്നാല്‍ ഇതുവരെയുള്ള ലൈംഗീകാനുഭവങ്ങളുടെ ഓര്‍മ്മ മാത്രമാണോ? സ്വവര്‍ഗലൈംഗികത ഒരു മനോരോഗമായി കണ്ടിരുന്ന പണ്ടുകാലത്ത് വ്യക്തിയുടെ കാമജനകമായ ഓര്‍മ്മകളേയും കല്പനകളെയും ഉണര്‍ത്തി അവയെ മരവിപ്പിക്കാനായി ഷോക്കടിപ്പിച്ചുകൊണ്ടുള്ള "Aversion Therapy" സര്‍വ്വസാധാരണമായിരുന്നു. ഇത്തരം തെറാപ്പികള്‍ക്ക് വ്യക്തിയെ മാനസികസംഘര്‍ഷത്തില്‍ പെടുത്തി താല്‍ക്കാലികമായി നിര്‍ലൈംഗിക ( Asexual ) അവസ്ഥയില്‍ എത്തിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. സംഘര്‍ഷാവസ്ഥ മാറുമ്പോള്‍ ലൈംഗികചോദന പഴയപടി തന്നെ മാറ്റമില്ലാതെ തുടരും. കേരളത്തിലെ ചില ലാടമനോവൈദ്യന്മാര്‍ ലൈംഗീകാനുഭവങ്ങളുടെ ഓര്‍മ്മ തങ്ങളുടെ സവിശേഷ തെറാപ്പികളാല്‍ മായ്ച്കളഞ്ഞുകൊണ്ട് സ്വവര്‍ഗലൈംഗികത മാറ്റിയെടുക്കാം എന്ന കള്ളപ്രചരണം നടത്തി ഇന്നും പൊതുജനത്തെ വഞ്ചിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികത നിശ്ചയിക്കുന്നത് ഏത് തരം ദൃശ്യ-ഉത്തേജകമാണ് മനസ്സില്‍ ലൈംഗിക-ഉത്തേജനം ഉണ്ടാക്കുന്നത് എന്ന തലച്ചോറിന്‍റെ Wiring ആണ്. ഇതും അനുഭവങ്ങളിലൂടെ സംഭരിക്കുന്ന ഓര്‍മ്മകളും തമ്മില്‍ വേര്‍തിരിച്ചുകാണേണ്ടതുണ്ട്. ആന്‍റണിമോസസ്-B യുടെ ലൈംഗികത എന്തായിരുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒരു അപരിചിതനായ പുരുഷന്‍ ഫ്ലാറ്റില്‍ കടന്നുവന്ന് അദ്ദേഹത്തെ ചുംബിക്കാനൊരുങ്ങുന്നത് വരെ യാതൊരുവിധ ലൈംഗികചോദനയും ഇല്ലാത്ത (Asexual) ഒരുവനായാണ് അയാളെ സിനിമയില്‍ കാണിക്കുന്നത്. അമ്നേഷ്യമാത്രമുള്ള, ആരോഗ്യവാനായ, ജോലിചെയ്യാന്‍ കെല്‍പ്പുള്ള ഒരു വ്യക്തിക്ക് നിത്യജീവിതത്തില്‍ കാണാനിടവരുന്ന മറ്റ് മനുഷ്യരിലൂടെ തന്‍റെ ലൈംഗികതയെ കുറിച്ച് ഒരു സൂചനയും കിട്ടിയില്ല എന്നുള്ളത് യുക്തിക്ക് നിരക്കുന്നതല്ല. അമ്നേഷ്യ കേന്ദ്രപ്രമേയമായി വരുന്ന പദ്മരാജന്‍റെ 'ഇന്നലെ'(1990)യിലെ ശോഭന അവതരിപ്പിച്ച നായിക ഇക്കാര്യത്തെ കൂടുതല്‍ സത്യസന്ധമായി ചിത്രീകരിക്കുന്നുണ്ട്. അപകടത്തെതുടര്‍ന്ന്‍ അമ്നേഷ്യ ബാധിച്ച അവള്‍ തന്‍റെ പൂര്‍വ്വകാല പ്രണയത്തെയും ഭര്‍ത്താവിനേയും പൂര്‍ണ്ണമായും മറക്കുന്നു. എന്നാല്‍ അമ്നേഷ്യ അവളുടെ ലൈംഗികത മാറ്റുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ല. പുതിയ താമസസ്ഥലത്ത് പുതിയ കാമുകനെ കണ്ടെത്തുകയാണവള്‍. അമ്നേഷ്യ ബാധിച്ച ഒരു ഗേ വ്യക്തിയെ ലോകം മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അവര്‍ സര്‍ഗ്ഗാത്മകമായ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ആന്‍റണിമോസസ്-B യുടെ ലൈംഗികത എന്തായിരുന്നു എന്നുള്ളത് ഈ സിനിമയുടെ കഥയ്ക്ക് ആവശ്യമില്ലാത്ത ഒരു വിഷയമാകാം. അമ്നേഷ്യയുടെയും കേസന്വേഷണത്തിന്റെയും മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന അയാള്‍ക്ക് സ്വന്തം ലൈംഗികതയെക്കുറിച്ച് ആലോചിക്കാന്‍ സമയം കിട്ടിയില്ല എന്ന് വിചാരിക്കാം. എന്നാല്‍ തന്‍റെ കിടപ്പറയില്‍ കയറിവന്ന് തന്നെ ചുംബിക്കാനൊരുങ്ങിയ അപരിചിതന്‍ തന്‍റെ കാമുകനായിരുന്നുവെന്ന്‍ ആന്‍റണിമോസസ്-B തിരിച്ചറിയുന്നുണ്ട്. ആ നിമിഷത്തില്‍ താന്‍ ഒരു സ്വവര്‍ഗപ്രേമിയായിരുന്നുവെന്നും കൊലപാതകി താന്‍ തന്നെ ആയിരുന്നുവെന്നും സ്വയം തിരിച്ചറിയുന്ന അയാള്‍ കരഞ്ഞ് തളര്‍ന്നുവീഴുന്നത് സിനിമയിലെ ഒരു പ്രധാന സീന്‍ ആണ്. ഇതിനു ശേഷം ആര്യന്‍ ജേക്കബ് ഭീഷണി മുഴക്കിയ രാത്രിയിലെ സംഭവങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടാനായി അയാള്‍ ഫ്ലാറ്റില്‍ നിന്നും തള്ളിപ്പുറത്താക്കിയ തന്‍റെ കാമുകനെ വീണ്ടും കാണുന്നുണ്ട്. ഇതെല്ലാം വച്ച് നോക്കുമ്പോള്‍ കഥാന്ത്യത്തില്‍ ഓര്‍മ്മകളെല്ലാം തിരിച്ച്കിട്ടിയ/പുനര്‍നിര്‍മ്മിച്ച ആന്‍റണിമോസസ് ഗേ ആയി തന്നെ തുടരുന്നതായാണ് സിനിമ സൂചിപ്പിക്കുന്നത്. തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ ഡോക്ടര്‍ ആണെന്നതിനാല്‍ സ്വവര്‍ഗലൈംഗികതയുടെ മാറ്റാന്‍ പറ്റാത്ത പ്രകൃതത്തെപറ്റി അവര്‍ ബോധവാന്മാരായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.
രഹസ്യമാക്കി വച്ച സ്വവര്‍ഗലൈംഗികത അനാരോഗ്യകരവും ചിലപ്പോഴെങ്കിലും അപകടകരവുമാണ്. എന്നാല്‍ രഹസ്യമാക്കി വച്ച സ്വവര്‍ഗലൈംഗികത മറ്റൊരാള്‍ പരസ്യപ്പെടുത്തുന്നതോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോ അതിലേറെ അപകടകരമായേക്കാം. അതുതന്നെയാണ് ഈ സിനിമ നല്‍കുന്ന പ്രധാന സന്ദേശം. ഒരു സ്വവര്‍ഗപ്രേമിക്ക് അടുത്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തന്‍റെ വ്യത്യസ്തമായ പ്രണയകാമനയെക്കുറിച്ച് തുറന്ന് പറയുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് ആധുനികസമൂഹത്തിന്‍റെ ചുമതലയാണ്. ആന്‍റണിമോസസ് തന്‍റെ ഉറ്റ സുഹൃത്തായ ആര്യന്‍ജേക്കബിനോട് തന്നെകുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഈ വസ്തുത ആദ്യമേ തുറന്നുപറഞ്ഞിരുന്നുവെങ്കില്‍ ഈ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. "ഇക്കാര്യം കൊണ്ട് ഫ്രണ്ട്ഷിപ് വേണ്ടെന്ന് വെക്കില്ലായിരുന്നു" എന്ന് ആര്യന്‍ജേക്കബ് ആന്‍റണിമോസസിനോട് പറയുന്നുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുള്‍പ്പെടെയുള്ള അവരുടെ കോളനികളില്‍ 1860ല്‍ അടിച്ചേല്‍പ്പിച്ച സ്വവര്‍ഗരതിക്ക് എതിരായ 377-വകുപ്പ് നിയമം നമ്മുടെ രാജ്യത്ത് ഇന്നും തുടരുകയാണ്. സ്വവര്‍ഗപ്രേമികള്‍ക്ക് അവരുടെ സ്വത്വം സ്വയം വെളിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ വിലങ്ങുതടി കാലഹരണപ്പെട്ട ഈ നിയമം തന്നെയാണ്. പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ സ്വകാര്യതയില്‍ നടത്തുന്ന സ്വവര്‍ഗരതിയെ 377-വകുപ്പിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി ഹൈക്കോടതി 2009 ജൂലൈയില്‍ ചരിത്രപ്രധാനമായ വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില മതമൌലികവാദികളുടെ അപ്പീലിനെ തുടര്‍ന്ന്‍ സുപ്രീംകോടതി 2013 ഡിസംബറില്‍ ഹൈക്കോടതിവിധി റദ്ധാക്കുകയും തീരുമാനം പാര്‍ലമെന്‍റിനു വിടുകയും ചെയ്തു. ഒരു ദശകത്തിലേറെ പഴക്കമുള്ള ഈ നിയമയുദ്ധം ഇന്നും റിവ്യൂ പെറ്റിഷനിലും ക്യുറേറ്റിവ് പെറ്റിഷനിലും ഒക്കെയായി തുടരുകയാണ്. എന്നാല്‍ ഇതേ സുപ്രീംകോടതി തന്നെയാണ് ലൈംഗികന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗമായ അപരലിംഗര്‍ (Transgender) വിഭാഗത്തെ മൂന്നാംലിംഗമായി കണക്കാക്കി പ്രത്യേക നിയമപരിരക്ഷ നല്‍കണമെന്ന് 2014 ഏപ്രിലില്‍ വിധിച്ചത്. അടിസ്ഥാനപരമായി നോക്കിയാല്‍ ഈ രണ്ട് വിധികളും പരസ്പരവിരുദ്ധമായ ഒന്നാണെന്ന് കാണാം. സ്വവര്‍ഗപ്രേമികള്‍ അവര്‍ ജനിച്ചുവീണ ശാരീരികമായ ലിംഗാവസ്ഥക്കനുയോജ്യമായ രൂപഭാവങ്ങള്‍ പേറുന്നവരും അതേ ലിംഗത്തില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരുമാണ്. സാങ്കേതികമായി മൂന്നാംലിംഗക്കാര്‍ എന്ന നിര്‍വ്വചനത്തില്‍ അവര്‍ ഒതുങ്ങുന്നില്ല എന്ന് മാത്രം. എല്ലാ ലൈംഗികന്യൂനപക്ഷങ്ങളേയും നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി ഉടന്‍ തന്നെ വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ അവരുടെ സ്വത്വം രഹസ്യമാക്കിവച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നതിനാല്‍ പൊതുസമൂഹം അവരെ കുറിച്ച് പല തെറ്റിധാരണകളും വച്ച് പുലര്‍ത്തുന്നവരാണ്. അതിനാല്‍ തന്നെ തന്‍റെ ഉറ്റ സുഹൃത്തോ കുടുംബാംഗമോ സ്വവര്‍ഗപ്രേമി ആണെന്ന് അറിയാനിടവന്നാല്‍ (സ്വയം വെളിപ്പെടുത്തലിലൂടെയോ സിനിമയിലെ പോലെ അപ്രതീക്ഷിതമായോ) അവരുടെ പെട്ടെന്നുള്ള ആദ്യപ്രതികരണം പലപ്പോഴും വളരെ മോശമായ രീതിയില്‍ ആയിരിക്കാനാണ് സാധ്യത. "സുഹൃദ്ബന്ധം ഇതോടെ അവസാനിച്ചു, മേലധികാരിയോട് റിപ്പോര്‍ട്ട് ചെയ്യും, അവാര്‍ഡ് എനിക്ക് വച്ച് നീട്ടിയത് എന്നില്‍നിന്ന് സെക്സ് പ്രതീക്ഷിക്കുന്നതിനാലാണോ എന്ന് സംശയിക്കുന്നു" എന്നിങ്ങനെ അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു ആര്യന്‍ ജേക്കബിന്‍റെ പെട്ടെന്നുള്ള പ്രതികരണം. എന്നാല്‍ പിന്നീട് കാമുകി റെക്കോര്‍ഡ് ചെയ്ത അവാര്‍ഡ് പ്രസംഗത്തിന്‍റെ റിഹേര്‍സലില്‍ ആര്യന്‍ ജേക്കബ് തന്‍റെ എടുത്തുചാടിയുള്ള പ്രതികരണത്തിന് ആന്‍റണിമോസസിനോട് പരോക്ഷമായി മാപ്പ് ചോദിക്കുകയും സുഹൃദ്ബന്ധം ജീവിതാവസാനം വരെ ഉണ്ടായിരിക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രസംഗവും അത് കണ്ട് ആന്‍റണിമോസസ് പാശ്ചാത്താപവിവശനായി ഫര്‍ഹാനോട് കുറ്റസമ്മതം നടത്തുന്നതുമാണ് സിനിമയിലെ ഏറ്റവും പ്രധാനമായ രംഗങ്ങള്‍. ഒരു സ്വവര്‍ഗപ്രേമി തന്‍റെ വ്യത്യസ്തമായ ലൈംഗികതയെക്കുറിച്ചുള്ള സൂചനകള്‍ ബാല്യത്തിലോ കൌമാരത്തിലോ തന്നെ സ്വയം തിരിച്ചറിഞ്ഞിരിക്കും. ഇങ്ങനെ സൂചനകള്‍ കിട്ടുന്നത് മുതല്‍ താന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് സ്വയം അഗീകരിക്കുന്നത് വരെയുള്ളത് വര്‍ഷങ്ങളെടുക്കുന്ന സംഘര്‍ഷഭരിതമായ കാലയളവാണ്. എന്നാല്‍ അടുത്ത കുടുംബമോ സുഹൃത്തോ ഇതറിയുന്നത് പെട്ടന്നൊരു നിമിഷത്തിലാണ്. അതിനാല്‍ തന്നെ സംഘര്‍ഷാവസ്ഥയിലുള്ള അവരുടെ മോശമായ ആദ്യപ്രതികരണങ്ങള്‍ ഒരു സ്വവര്‍ഗപ്രേമി ഒരിക്കലും മുഖവിലക്കെടുക്കരുത്. അവര്‍ക്ക് ഈ പുതിയകാര്യത്തെപറ്റി പഠിക്കുവാനും അതുമായി പൊരുത്തപ്പെടാനുമായി സമയം കൊടുക്കേണ്ടതാണ്. അതിനുശേഷമുള്ള അവരുടെ പ്രതികരണങ്ങള്‍ തീര്‍ച്ചയായും അനുകൂലമായിട്ടുള്ളതായിരിക്കും. ഇത് ഈ സിനിമ പരോക്ഷമായി നല്‍കുന്ന വളരെ മനോഹരമായ ഒരു സന്ദേശമാണ്.
സ്വവര്‍ഗകാമം എന്നത് ഒരു ന്യൂനപക്ഷത്തില്‍ ജന്മനാ രൂപപ്പെടുന്ന, പ്രകൃതിജന്യമായ മാനസികപ്രതിഭാസമാണ്. കാമം ഒരു പങ്കാളിയില്‍ മാത്രം കേന്ദ്രീകരിക്കുമ്പോഴാണ് അത് പ്രണയമായി മാറുന്നത്. സ്വവര്‍ഗപ്രേമികളും പ്രണയത്തെക്കുറിച്ച് പഠിക്കുന്നത് ജീവന്‍റെ നിലനില്‍പ്പിനാധാരമായ സ്ത്രീപുരുഷപ്രണയത്തില്‍ നിന്ന്‍ തന്നെയാണ്. ആധുനിക കാലത്ത് പ്രണയസങ്കല്‍പ്പങ്ങളെ നിര്‍മ്മിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും സ്വാധീനിക്കുന്നതിലും സിനിമയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തെ ദൃശ്യ-ശ്രാവ്യസാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും കൃത്യതയോടെ പുനര്‍സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള കലയാണ് സിനിമ എന്നുള്ളത് തന്നെയാണ് ഇതിന് കാരണം. പ്രണയത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സുകുമാരകലകളായ സംഗീതം, നൃത്തം, കാവ്യം എന്നിവയെല്ലാം സിനിമയെന്ന കലയില്‍ സമ്മേളിക്കുന്നു. സിനിമയുടെ സാങ്കേതികശാസ്ത്രം കണ്ടുപിടിക്കുകയും ആ കലയെ സാമൂഹ്യപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതില്‍ ബഹുദൂരം മുന്നോട്ടുപോവുകയും ചെയ്തിട്ടുള്ള പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗപ്രണയികളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തില്‍ സിനിമ ഒരു വലിയ പങ്ക് വഹിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള ഗോള്‍ഡന്‍ പാം പുരസ്കാരം നേടിയത് 'Blue Is the Warmest Colour' എന്ന ലെസ്ബിയന്‍ പ്രണയചിത്രമായിരുന്നു. മുംബൈപോലീസിനെ പോലെ രഹസ്യമാക്കി വച്ച സ്വവര്‍ഗലൈംഗികതയുടെ അപകടങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഒരു ഹോളിവുഡ് ചിത്രമാണ് 1999-ലെ ഏറ്റവും നല്ല സിനിമ, സംവിധായകന്‍, നടന്‍, തിരക്കഥ, ഛായാഗ്രഹണം എന്നീ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ "അമേരിക്കന്‍ ബ്യൂട്ടി" (American Beauty). ഗേ ആയി സ്വയം വെളിപ്പെടുത്തിയ അലന്‍ ബാള്‍ (Alan Ball) തിരക്കഥയെഴുതിയ ഈ സിനിമയിലെ അടിച്ചമര്‍ത്തിയ സ്വവര്‍ഗലൈംഗികതയുമായി വിവാഹിതനായി ജീവിക്കുന്ന മിലിട്ടറി കേര്‍ണല്‍ നിത്യജീവിതത്തില്‍ ഗേ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്നവനാണ്. സ്വഭാവത്തിലെ ഈ വൈരുധ്യം കാരണം കേണല്‍ തന്‍റെ യുവാവായ മകന് അയല്‍ക്കാരനുമായി ഗേ ബന്ധമുണ്ടെന്ന്‍ വൃഥാ സംശയരോഗത്തില്‍ പെടുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ അയല്‍ക്കാരനെ ചുംബിക്കാനായി ഒരുങ്ങിയ കേര്‍ണല്‍ പിന്നീട് തന്‍റെ രഹസ്യം മറച്ചുവയ്ക്കാനായി അയാളെ കൊലപ്പെടുത്തുകയാണ്. മുംബൈപോലീസിന്‍റെ സയന്‍സ്ഫിക്ഷനോട് ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥ അന്താരാഷ്‌ട്ര നിലവാരമുള്ളത് തന്നെയാണ്. 2013ലെ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാനഅവാര്‍ഡ് അതിനു ലഭിച്ചത് തികച്ചും അര്‍ഹതപ്പെട്ടതും. എന്നാല്‍ ഈ സിനിമ ഹോളിവുഡില്‍ റീമേക്ക് ചെയ്യുന്നതിന് ഇക്കാലത്ത് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അവിവാഹിതനായ ഒരു ഗേ യുവാവിന് തന്‍റെ ലൈംഗികത രഹസ്യമാക്കി വയ്ക്കാതെ തന്നെ മാന്യമായി ജീവിക്കാവുന്ന രീതിയിലേക്ക് പാശ്ചാത്യനാടുകളിലെ സമൂഹം പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു.
സുപ്രീംകോടതി 377-വകുപ്പ് ഭേദഗതിയെക്കുറിച്ചുള്ള ക്യുറേറ്റിവ് പെറ്റിഷനും തള്ളുകയാണെങ്കില്‍ സ്വവര്‍ഗപ്രണയം എന്നത് പാര്‍ലമെന്‍റില്‍ തീരുമാനിക്കപ്പെടുന്ന ഒരു രാഷ്ട്രീയ വിഷയമായി മാറും. കേരളത്തിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ അനുകൂലിക്കുന്ന നയം സ്വീകരിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. സിപിഎം ഔദ്യോഗികമായി തന്നെ ഇക്കാര്യം അതിന്‍റെ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സ്വവര്‍ഗപ്രേമികള്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങളില്‍ മുഖ്യധാരാമാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ലൈംഗികന്യൂനപക്ഷങ്ങളും അനുഭാവികളും കൊച്ചിയില്‍ സംഘടിപ്പിച്ച "അഞ്ചാം കേരള ലൈംഗിക സ്വാഭിമാന റാലി" അവതാരക രഞ്ജിനി ഹരിദാസ്, എഴുത്തുകാരായ സിവിക് ചന്ദ്രന്‍, രേഖാരാജ്, സംഗീതജ്ഞനായ ഷഹബാസ് അമന്‍ എന്നിവരുടെ സാന്നിധ്യത്താലും ധാര്‍മ്മിക പിന്തുണയാലും ശ്രദ്ധേയമായിരുന്നു. സൂപ്പര്‍താരങ്ങളുടെ ആവര്‍ത്തനവിരസമായ അതിമാനുഷപ്രകടനങ്ങളില്‍ നിന്നും വരിക്കാശ്ശേരിമനകളില്‍ നിന്നുമെല്ലാം മെല്ലെ മെല്ലെ പുറത്തുവരുന്ന മലയാളസിനിമയും സ്വവര്‍ഗപ്രേമത്തെ ഗൌരവപൂര്‍വ്വം സമീപിച്ചുതുടങ്ങി എന്നുള്ളത് ആശാവഹമായ കാര്യമാണ്. ന്യൂ-ജെനറേഷന്‍ സിനിമകള്‍ക്ക് തുടക്കംകുറിച്ച സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ശ്യാമപ്രസാദിന്‍റെ 'ഋതു'(2009)വില്‍ നായകന്‍റെ സുഹൃത്തായ ആസിഫ് അലിയുടെ കഥാപാത്രം ഗേ ആണെന്ന് സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അത്തരമൊരു വെളിപ്പെടുത്തലിന് ആ സിനിമയുടെ കഥയില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന്‍ തീരെ വ്യക്തമല്ല. ശ്യാമപ്രസാദിന്‍റെ തന്നെ സിനിമയായ 'ഇംഗ്ലീഷ്' (2013) എന്ന Multi-Narrative ലെ ഒരു ഉപകഥയില്‍ ഭര്‍ത്താവ് രഹസ്യമായി തുടങ്ങിയ സ്വവര്‍ഗപ്രേമബന്ധം ദാമ്പത്യത്തെ പ്രതികൂലമായി ബാധിക്കുന്നതും അത് അറിയാനിടയായ ഭാര്യയുടെ (നാദിയാ മൊയ്തു) മാനസികസംഘര്‍ഷങ്ങളും എല്ലാം യഥാതഥമായി ചിത്രീകരിക്കുന്നുണ്ട്. സ്വവര്‍ഗപ്രേമം കേന്ദ്രപ്രമേയമാക്കി ഈയടുത്തകാലത്ത് ഇറങ്ങിയ "മൈ ലൈഫ് പാര്‍ട്ണര്‍(2014)"റും രഹസ്യമായി തുടരുന്ന ഭര്‍ത്താവിന്‍റെ സ്വവര്‍ഗബന്ധം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റിതന്നെയാണ്. എന്നാല്‍ സ്വവര്‍ഗലൈംഗികയുടെ ഉല്‍പ്പത്തിയെക്കുറിച്ചും കാമുകരിലൊരാള്‍ വിവാഹംചെയ്യാനുണ്ടായ കാരണങ്ങളെകുറിച്ചുമെല്ലാം വളരെ നിരാശാജനകമായ, വളരെ Anti-Gay ആയ വീക്ഷണങ്ങളാണ് ഈ സിനിമ നല്‍കുന്നത്. വിവാഹിതരായവരുടെ രഹസ്യമായ സ്വവര്‍ഗബന്ധങ്ങളുടെ പ്രശ്നകഥകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതില്‍നിന്ന്‍ ഒരു മോചനം മലയാളസിനിമയ്ക്ക് ആവശ്യമാണ്. സ്വവര്‍ഗാനുരാഗത്തെ നല്ലരീതിയില്‍ ജീവിതോന്മുഖമായി ചിത്രീകരിച്ച ലിജി പുല്ലപ്പള്ളിയുടെ 'സഞ്ചാരം'(2004) പോലുള്ള സിനിമകള്‍ ഇന്ത്യയില്‍ ഫിലിംഫെസ്റ്റിവലുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. സ്വവര്‍ഗപ്രേമം കേന്ദ്രപ്രമേയമാവുന്ന അത്തരം സിനിമകള്‍ക്ക് മുഖധാരാറിലീസ് കിട്ടുന്നത് സാമ്പത്തികമായി അസാധ്യമായ കാര്യവുമാണ്. അതിനാല്‍ തന്നെ സ്വവര്‍ഗപ്രേമികള്‍ ഉപകഥാപാത്രങ്ങളായി വരുന്ന മുഖ്യധാരാസിനിമകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആധുനികത തങ്ങളുടെ സിനിമകളിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുന്ന പുതുതലമുറയിലെ റോഷന്‍ ആണ്ട്രൂസ്, ബോബി-സഞ്ജയ്, ആഷിക് അബു, അഞ്ജലി മേനോന്‍, ജൂഡ് ആന്‍റണി ജോസഫ്, അനീഷ് അന്‍വര്‍ തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.