ഇന്ത്യ ഇന്റര്‍നെറ്റിലേയ്ക്ക്
പരസ്പ്പര ബന്ധിതങ്ങളായ ലോകമാസകലമുള്ള കമ്പ്യൂട്ടര്‍ നെറ്റ വര്‍ക്കുകളേയും ഇവ സാധ്യമാക്കുന്ന വൈവിധ്യമാര്‍ന്ന സൌകാര്യങ്ങളേയുമാണ് പൊതുവില്‍ ഇന്റര്‍നെറ്റ് എന്നു വിലയിരുത്തുന്നത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭിന്ന സങ്കേതങ്ങള്‍ ഇന്ത്യന്‍ സമൂഹത്തെ പൊതുവിലും വ്യക്തിജീവിതങ്ങളെ വിശേഷിച്ചും സവിശേഷമായ നിലയില്‍ സ്വാധീനിക്കുന്ന സമകാലീനതയിലാണ് ഇതര മേഖലകളിലെന്ന പോലെ ഇന്റര്‍നെറ്റ് സേവന രംഗത്തും കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായ കുത്തകവത്ക്കരണനയങ്ങള്‍ ഭരണകൂടം നടപ്പിലാക്കിത്തുടങ്ങുന്നത്. തൊണ്ണൂറുകളുടെ അര്‍ദ്ധപാദത്തോടെയാണ് ഇന്ത്യയില്‍ ഇന്റെര്‍നെറ്റിനും അനുബന്ധ സേവനങ്ങള്‍ക്കും സമാരംഭമായത്. ആദ്യ പത്തു വര്‍ഷങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലോ ഉപയുക്തതയിലോ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ല. ചുരുങ്ങിയ -band വ്യാപകതയും 56 കിലോ ബൈറ്റ്സിനു താഴെ മാത്രമുള്ള ഡയലപ്പ് മാതൃകയിലെയും വേഗതക്കുറവുമായിരുന്നു ഇതിനുള്ള കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2004 ഓടെയാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ബ്രോഡ് ബാന്റ് സേവനം "an always-on Internet connection with download speed of 256 kbit/s or above എന്ന നിര്‍വ്വചനത്തോടെ പ്രഖ്യാപിക്കുകയും ബന്ധപ്പെട്ട മേഖലയില്‍ കാര്യമായ തോതില്‍ ഇടപെടാനാരംഭിക്കുകയും ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ / അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ, ആവശ്യങ്ങള്‍ക്കനുസൃതമായ നിലയില്‍ സേവനങ്ങളുറപ്പു വരുത്താന്‍ (ദൂരപരിധി /വേഗത ) wired-line സാങ്കേതികതയില്‍ രൂപപ്പെടുത്തപ്പെട്ട പ്രസ്തുത വിപുല വാര്‍ത്താവിനിമയ ശൃംഖലകള്‍ ഉത്പ്പാദിപ്പിച്ചിരുന്ന സന്ദേശങ്ങള്‍ക്കാകുമായിരുന്നില്ല. 2010 ഓടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മൂന്ന് / നാല് - തലമുറ (3G / 4G - third/ fourth generation of mobile telecommunications technology) വാര്‍ത്താ വിനിമയ സങ്കേതിക മേഖലകളിലെ തുറന്ന വിപണി നയത്തോടെ പ്രസ്തുത മേഖലയിലെ സേവനദാതാക്കള്‍ക്കിടയിലെ മത്സരം വര്‍ദ്ധിക്കുകയും wireless broadband വിപണി സജീവമാകുകയും ചെയ്തു.
പൊതു- സ്വകാര്യ മേഖലകളിലായായി പരന്നു കിടക്കുന്ന ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണി Dial-up (PSTN), xDSL, coaxial cable, Ethernet, FTTH, ISDN, HSDPA (3G), WiFi, WiMAX തുടങ്ങി വൈവിധ്യമാര്‍ന്ന സാങ്കേതികതകളിലൂടെ വിവിധ വേഗതകളുടേയും അനുസൃതനിരക്കുകളുടെയും വിപുലമായ ശ്രേണി ഒരുക്കുന്നതിനോടൊപ്പം ഉപഭോക്താവിന് തിരഞ്ഞെടുപ്പിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉറപ്പു നല്‍കുകയും ചെയ്യുന്നു.
ഇന്റര്‍നെറ്റ് ഉപഭോഗം ഇന്ത്യയില്‍
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗം സംബന്ധിച്ച് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഐ എം ആര്‍ ഡി യും സംയുക്തമായി സംഘടിപ്പിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വ്യക്ത്യാധിഷ്ടിത വരുമാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് രാജ്യം , ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വലിയ നിലയിലെ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നു എന്നതാണ്. ഒക്ടോബര്‍2013 - 2014കാലയളവുകളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗം 32 % ന്റെ വളര്‍ച്ച രേഖപ്പെടുത്തുന്നു. ഡിസംബര്‍ 2014 കാലയളവിലെ സജീവ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 232 മില്ല്യണ്‍ ആയിരുന്നെങ്കില്‍ ജൂണ്‍ 2015 ഓടെ അത് 269 മില്ല്യണായി വര്‍ദ്ധിക്കുമെന്ന് ഉദാഹരണസഹിതം പഠനങ്ങള്‍ വ്യകതമാക്കുന്നുണ്ട്. ട്ടെലക്കോം അതോരിറ്റീസ് ഓഫ് ഇന്ത്യയുടെ (TRAI) ഒക്ടോബര്‍ 2014 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലാകെ 935.4 മില്ല്യണ്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണുള്ളത്. ഇതില്‍ 548 മില്ല്യണ്‍ ഉപഭോക്താക്കള്‍ പരിഷ്കൃത നഗരങ്ങളിലേതും ശിഷ്ടം പട്ടണ / ഗ്രാമ പ്രദേശവാസികളുടേതുമാണ്. ഐ ക്യൂബ് 2014 ല്‍ സംഘടിപ്പിച്ച പഠനങ്ങള്‍ പ്രകാരം 2014 ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയില്‍ 159 മില്ല്യണ്‍ ഇന്റര്‍നെറ്റ് മൊബൈല്‍ കണക്ഷനുകളാണുള്ളത്. ഇതില്‍ 119 മില്ല്യണ്‍ ഉപഭോക്താക്കള്‍ പരിഷ്കൃത നഗരങ്ങളേയും 40 മില്ല്യണ്‍ പട്ടണ / ഗ്രാമപ്പ്രദേശങ്ങളേയും യഥാവിധി പ്രതിനിധാനം ചെയ്യുന്നു.
ഒക്ടോബര്‍ 2013 കാലയളവിലെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിന്നും 45 ശതമാനം വരുന്ന അതിവേഗ വര്‍ദ്ധനവാണ് ബന്ധപ്പെട്ട മേഖലയില്‍ ദൃശ്യമാകുന്നത്. മൊബൈല്‍ ബില്ലുകളില്‍ ശരാശരി 13 % വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. ഇത് ഏകദേശം 439 ഇന്ത്യന്‍ രൂപയോളം വരും. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വേണ്ടി ചിലവഴിക്കപ്പെടുന്ന തുക മുന്‍വര്‍ഷം 45% ആയിരുന്നുവെങ്കില്‍ 2015 എത്തുബോഴേക്കും അത് 54 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലെ പകുതിയിലേറെ ശതമാനവും 100 രൂപ മുതല്‍ 500 രൂപ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ചിലവഴിക്കുന്നുവെങ്കില്‍ 30% പേര്‍ 500 രൂപയ്ക്കു മുകളിലും 33% നിയന്ത്രിത ഡൌണ്‍ ലോഡ് ലഭ്യമായ ലഘു പദ്ധതികളിലും 21% അനിയന്ത്രിത മാസ വാടക പദ്ധതികളിലും അംഗങ്ങളാണ്.
ഇന്ത്യന്‍ സമ്പദ്ഘടനയും ഇന്റര്‍നെറ്റും
ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ അതിനിര്‍ണ്ണായകമായ സ്ഥാനമാണ് ഇ വ്യാപാര മേഖലക്കുള്ളത്. ജനസംഘ്യയുടെ അഞ്ചില്‍ ഒരാള്‍ വീതം ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യാപാര സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി പഠനങ്ങള്‍ സൂചന നല്‍കുന്നു. രാജ്യത്തെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ എണ്ണവും ഗണ്യമാം വിധം വര്‍ദ്ധിക്കുകയാണ്. 112 മില്ല്യണ്‍ സജീവ അംഗങ്ങളാണ് ഫേസ് ബുക്കിന് ഇന്ത്യയില്‍ മാത്രമുള്ളത്. ഇത് അമേരിക്കന്‍ ഐക്യനാടുകളിലെ ഫേസ് ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിനു തൊട്ടു താഴെ നില്‍ക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള 70% വെബ് സൈറ്റ് തിരച്ചിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗപ്പെടുത്തിയുള്ളവയാണ്. 350 മില്ല്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളെ സോഷ്യല്‍ മീഡിയക്കും വിനോദങ്ങള്‍ക്കുമായാണ് ഉപയോഗപ്പെടുത്തുന്നത്. ദൃശ്യ - ശ്രവ്യ മാധ്യമങ്ങളുടെ ഉപഭോഗവും വലിയ നിലയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത കോണുകളിലും നിയന്ത്രണങ്ങളില്ലാതെ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ഇ വ്യാപാര മേഖല കുതിച്ചു ചാട്ടം സംഘടിപ്പിക്കുന്നു. ഇ വ്യാപാര മേഖലയിലെ പ്രമുഖരായ Flipkart ഒരു ബില്ല്യണ്‍ യൂ എസ് ഡോളറിന്റെ വിറ്റുവരവാണ് നടപ്പുവര്‍ഷം പ്രഖ്യാപിച്ചത്. സമാനമായ നിലയില്‍ നിരവധിയായ തനത് ഇന്ത്യന്‍ ചെറുകിട സംരംഭകരും വിവിധ സേവനങ്ങളുടേയും ഉത്പ്പന്നങ്ങളുടേയും പ്രയോജകരായി പ്രസ്തുത മേഖലയെ ക്രിയാത്മകമായ നിലയില്‍ പ്രയോജനപ്പെടുത്തുന്നു.
കുറയുന്ന ബ്രോഡ് ബാന്റ് തവണ നിരക്കുകള്‍ , മൂന്നാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ആവിഷ്ക്കാരത്തോടെ നെറ്റിസണ്‍മ്മാരുടെ വര്‍ദ്ധനവിലുണ്ടായ അനുസ്യൂത വളര്‍ച്ച, മാറുന്ന നാഗരിക ജീവിത ശൈലി, ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നല്‍കുന്ന അനായാസത തുടങ്ങിയവയെല്ലാം ബന്ധപ്പെട്ട മേഖലയെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സുശക്തമാക്കുന്നു. ഓണ്‍ ലൈന്‍ ക്രയവിക്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ 2011 ല്‍ 11 മില്ല്യണ്‍ ആയിരുന്നുവെങ്കില്‍ 2015 ഓടെ അത് 38 മില്ല്യണിലേക്ക് ഉയര്‍ന്നിരിക്കുന്നു. സേവനങ്ങള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും ഓണ്‍ ലൈനായി പണം ഒടുക്കുന്നതില്‍ ഉണ്ടായ വ്യാപകമായ സ്വീകാര്യത, ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങളുടെ വൈവിധ്യവത്ക്കരണം / വര്‍ദ്ധനവ് / ജനസംഘ്യ തുടങ്ങിയവയെല്ലാം പ്രസ്തുത വളര്‍ച്ചയുടെ ഉപോല്‍പ്പകങ്ങളത്രേ. ഇന്ത്യന്‍ ഇ വ്യാപാര മേഖലയുടെ പൊതുസ്വഭാവം സുപ്രധനമായും യാത്രാ / റീട്ടെയ്ല്‍ / സേവന - സംബന്ധികളായ വിവിധോദ്ദേശ പരസ്യങ്ങള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട / വന്‍കിട ഭേദമെന്യേ വ്യാപാര / വയസായ സംബന്ധികളായ പുത്തന്‍ ആശയങ്ങള്‍ ലോകത്തോട് പങ്കു വെയ്ക്കുന്നതിനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുനതിനുമെല്ലാം നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് ലഭ്യത ഇന്ത്യന്‍ സംരംഭകരെ സഹായിക്കുകയും ആവിധം പൊതുസമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നാക്കം നയിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ഇന്റര്‍നെറ്റിനു മേലുള്ള ഏതുതരം അധികാര പ്രയോഗങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയെ ശിഥിലീകരിക്കുകയും സാമൂഹിക പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍
പൊതു - സ്വകാര്യ മേഖലകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നെറ്റ് വാണിജ്യ രംഗം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് , മഹാ നഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും , എയര്‍ട്ടെല്‍ (ഭാരതി എയര്‍ട്ടെല്‍ ലിമിറ്റഡ് ), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എയര്‍സെല്‍, വൊഡാഫോണ്‍, ടാറ്റാ ഇന്റിക്കോം, ഐഡിയ സെല്ലുലാര്‍, വിര്‍ജിന്‍ മൊബൈല്‍, യൂണിനോര്‍ തുടങ്ങിയ ദേശീയ / ബഹുരാഷ്ട്ര കുത്തകകളിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. 2011 ല്‍ പാര്‍ലെമെന്റില്‍ അവതരിപ്പിക്കപ്പെട്ട Communication Convergence Bill അതിവിപുലമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. ദേശീയ / അന്തര്‍ദേശീയ ദീര്‍ഘദൂര സേവനങ്ങളുടെ മേഖലയില്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റപ്പെട്ടു. സേവനദാതാക്കള്‍ക്ക് ദൃശ്യ / ശ്രവ്യ സന്ദേശങ്ങള്‍ / വിവരങ്ങള്‍ (data) തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനടക്കമുള്ള വ്യവസ്ഥകളാണ് ബില്‍ മുന്നോട്ടു വെച്ചത്. ഇവയെല്ലാം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗ രംഗത്തെ വൈവിധ്യവത്ക്കരണത്തിന്റെ ശക്തി അതിവേഗം വര്‍ദ്ധിപ്പിച്ചു. 1999 ല്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ട്ടെലക്കോം നയം Global Mobile Personal Communication by Satellite (GMPCS) Service, digital Public Mobile Trunked Service (PMRTS) , Voice Mail/ Audiotex/ Unified Messaging തുടങ്ങിയ മേഖലയില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതായിരുന്നു.
1991 ല്‍ കേന്ദ്ര വാര്‍ത്താ - വിതരണ - പ്രക്ഷേപണ വകുപ്പ് electromagnetic spectrum മേഖലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനാനുമതിക്കായുള്ള ലേല പ്രക്രിയക്ക് രണ്ട് യോഗ്യതാ നിര്‍ണ്ണയ ഘട്ടങ്ങളാണുണ്ടായിരുന്നത്. 2010 മുതല്‍ 2014 വരെ വിവിധ വര്‍ഷങ്ങളിലായി നടന്ന ലേല നടപടികളില്‍ പ്രസ്തുത മേഖലയിലെ അതികായകന്മാര്‍ മാറ്റുരയ്ക്കുകയും വിവിധ സംസ്ഥാനങ്ങളുടെ ട്ടെലക്കോം മേഖലാ സേവനങ്ങളുടെ നിയന്ത്രണം ആര്‍ജ്ജിക്കുകയും ചെയ്തു. 2014 ല്‍ കേന്ദ്ര വാര്‍ത്താ - വിതരണ - പ്രക്ഷേപണ വകുപ്പ് , 900 - 1800 മെഗാഹെട്ട്സ് തരംഗ ദൈര്‍ഘ്യ രംഗത്ത് സംഘടിപ്പിച്ച ലേലപ്രക്രിയയിലൂടെ കേന്ദ്ര സര്‍ക്കാര്‍ 612 ബില്ല്യണ്‍ (US$9.7 billion) യൂ എസ് ഡോളറാണ് വരുമാന ഇനത്തില്‍ സമാഹരിച്ചത്. 2 G സ്പെക്ട്രം അഴിമതിയുടെ പാശ്ചാത്തലത്തില്‍ സുപ്രീം കോടതി 1800 മെഗാഹെട്ട്സ് തരംഗ ദൈര്‍ഘ്യ മേഖലയിലെ ലേല നടപടികള്‍ റദ്ദ് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ നാലാം തലമുറ സ്പെക്ട്രം സേവനങ്ങളുടെ കുത്തക കയ്യാളുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനി റിലയന്‍സ് ജിയോ ശബ്ദ സേവനങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കുകയും 1800 മെഗാ ഹട്ട്സ് തരംഗ ദൈര്‍ഘ്യ രംഗത്തെ രാജ്യമാകമാനമുള്ള 14 സര്‍ക്കിളുകളുടെ പ്രവര്‍ത്തനാനുമതി നേടുകയും ചെയ്തു.
*Telecom service providers also means Net work providers, Internet service providers, fixed and mobile broad band providers, data service providers, wireless net providers and access providers.
ആരാണീ ട്രായ് (TRAI)
Telecom Regulatory Authority of India Act , 1997 ന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്ക പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് ട്ടെലക്കോം റഗുലേറ്ററി അതോരിറ്റീസ് ഇന്ത്യ. ഇന്ത്യയുടെ വാര്‍ത്താ രംഗത്തെ അനുദിനം വളര്‍ന്നു വികസിക്കുന്ന ആഗോള വിജ്ഞാന സമൂഹത്തോട് മത്സരിക്കാനാകുംവിധം സജ്ജമാക്കുകയും സുതാര്യവും മികച്ചതുമായ നയങ്ങള്‍ നടപ്പിലാക്കി മാത്സരാധിഷ്ടിത കമ്പോളം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ട്രായുടെ സുപ്രധാന ലക്ഷ്യം. ഒപ്പം സര്‍ക്കാര്‍ ഉടമസ്ഥത കുത്തകയായിരുന്ന ഇന്ത്യന്‍ ട്ടെലക്കോം രംഗത്തെ ബഹു ഓപ്പറേറ്റര്‍ / സേവനബദ്ധമായ തുറന്ന വിപണിയാക്കി മാറ്റുന്നതിന് ട്രായ് പ്രധാന പങ്കു വഹിക്കുന്നതിനോടൊപ്പം നിരക്കുകള്‍ , പരസ്പ്പര ബന്ധം, മികവ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നതും ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ട്രായുടെ ഉത്തരവാദിത്വങ്ങളാണ്.
24 ജനുവരി 2000 ഓടെ ട്രായ് നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുകയും Telecom Disputes Settlement Appellate Tribunal (TDSAT)സ്ഥാപിക്കുകയും ട്രായ് പരിഹരിച്ചു വന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച ഒത്തുതീര്‍ക്കലുകള്‍ അടക്കം കൈകാര്യം ചെയ്യനാരംഭിക്കുകയും ചെയ്തു. ലൈസന്‍സറും ലൈസന്‍സിയും തമ്മിലോ / രണ്ടോ രണ്ടിലധികമോ സേവനദാതാക്കള്‍ തമ്മിലോ / ഒരു സേവനദാതാവും ഒരു സംഘം ഉപഭോക്താക്കള്‍ തമ്മിലോ ഉള്ള തര്‍ക്കങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനമോടൊപ്പം ട്രായ് യുടെ നിര്‍ദ്ദേശങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ക്കു മേല്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അധികാരവും TDSAT യ്ക്കുണ്ട്.
ട്രായ് (കോര്‍പ്പറേറ്റുകള്‍ക്കായി) ചെയ്യുന്നതെന്തെന്നാല്‍
ട്ടെലക്കോം റഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ, 2/2015 നമ്പര്‍ പ്രകാരം 27.മാര്‍ച്ച് 2015 നാണ് ഓവര്‍ ദി ടോപ്പ് (OTT ) സേവനങ്ങള്‍ സംബന്ധിച്ച വ്യവസ്ഥാപിത രൂപരേഖ തയ്യാറാക്കുന്നതിനായി ഔദ്യോഗിക വെബ് സൈറ്റില്‍ പൊതുജനാഭിപ്പ്രായരൂപീകരണ രേഖ പ്രസിദ്ധപ്പെടുത്തിയത്. 8 മെയ് 2015 നുള്ളില്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ / പ്രതികരണങ്ങള്‍ ഇ മെയിലായി അയക്കുന്നതിനുള്ള ക്രമീകരണമാണ് ട്രായ് ഒരുക്കിയിരുന്നത്. ആധുനിക ഇന്റര്‍നെറ്റ് മനുഷ്യന്റെ വിജ്ഞാന/ വിദ്യാഭ്യാസ/ വിനോദ ചോദനകളെ ഏറെക്കുറെ സമ്പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്നതിനോടൊപ്പം വിപണിയുടെ പരമ്പരാഗത ധാരണകളെ അടിമുടി അട്ടിമറിച്ചിരിക്കുന്നു. വ്യക്തിഗതങ്ങളായ സേവനങ്ങളടക്കം വിരല്‍ത്തുമ്പുകളില്‍ സാധ്യമാകുന്നു. നിശ്ചിതവും മൊബൈല്‍ ടെലിഫോണിബന്ധിതവുമായിരുന്ന വാര്‍ത്താ വിനിമയ സേവനങ്ങള്‍ ഓണ്‍ ലൈന്‍ ഉള്ളടക്കങ്ങളിലേയ്ക്ക് (OTT - Over The Top) വഴിമാറിയിരിക്കുന്നു.
ഇന്റര്‍ നെറ്റ് സമത്വം ഒരു സാര്‍വ്വദേശീയ ഇന്റര്‍ നെറ്റ് ആശയമാണ്. ട്ടെലക്കോം ഓപ്പറേറ്റര്‍മ്മാരും / ഇന്റര്‍നെറ്റ് സേവന ദാതാക്കളുമാണ് വ്യക്തികള്‍ക്കും / സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇന്റര്‍ നെറ്റ് ലഭ്യമാക്കുന്നത്. അതു കൊണ്ടു തന്നെ ബന്ധപ്പെട്ടവര്‍ക്ക് ; തങ്ങളുടെ ഉപഭോക്താളുടെ ഇന്റര്‍നെറ്റ് ലഭ്യത/ വേഗത / ഉള്ളടക്കവും സേവനങ്ങളും ലഭ്യമാകുന്നതിന് ചിലവഴിക്കുന്ന നിരക്കുകള്‍ ഇവയ്ക്കു മേലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു സാധിക്കുന്നു. ഇന്റര്‍നെറ്റ് സമത്വം, ഇന്റര്‍നെറ്റിനു മേലുള്ള ട്ടെലക്കോം കമ്പനികളുടെ എല്ലാവിധ അനുമതി/ അനുവാദപ്പെടുത്തലുകളേയും/ ഗേറ്റ് വേ (Internet.org, Airtel OneTouch Internet, Data VAS) / സെന്‍സര്‍ഷിപ്പ് /സീറോ റേറ്റിങ്ങ് സമ്പ്രദായതകളേയും പരിപൂര്‍ണ്ണമായും നിരാകരിക്കുന്നു. ഏപ്രില്‍ 2015 വരെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇന്റര്‍ നെറ്റ് സമത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും എല്ലാ സൈറ്റുകളും ആപ്പ്ളിക്കേഷനുകകളും ഉപാധിരഹിതമായും വേഗതയിലും ( speed at the telco/ISP level) ലഭ്യമാകുന്നതിനോടൊപ്പം ഉപഭോക്താവിന്റെ ഡേറ്റാ പദ്ധതിക്കനുസൃതമായി (per Kb/ Mb/ or as per data plan) ഒരേ നിരക്കില്‍ ലഭ്യമാകുകയും വേണം .എല്ലാ ഉപഭോക്താക്കളേയും സമന്മാരായി പരിഗണിക്കണം. വ്യത്യസ്ത നിരക്കുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലെ വിവേചനങ്ങള്‍ നടപ്പിലാക്കരുത്. ഉള്ളടക്കം, വെബ് സൈറ്റ് , പ്ലാറ്റ് ഫോം , പ്രയോഗോപകരണം , അനുബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിന്റെ ഇനം, ആശയവിനിമയ സമ്പ്രദായം ഇവയൊന്നും തുല്യതയ്ക്കുള്ള ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതാകരുത്.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ 2014 ഓടെയാണ് ആരംഭിക്കുന്നത്. WhatsApp, Skype തുടങ്ങിയവയിലൂടെയുള്ള വോയിസ് കോളുകള്‍ (VoIP) തങ്ങളുടെ നെറ്റ് വര്‍ക്കിലൂടെ ലഭ്യമാകുന്നതിന് എയര്‍ട്ടെല്‍, അധിക നിരക്കുകള്‍ ഈടാക്കാന്‍ തുടങ്ങി.ഒപ്പം തങ്ങളുടെ “Fair Usage " നയത്തിലൂടെ ബ്രോഡ് ബാന്റ് രംഗത്തെ ഇന്റര്‍നെറ്റ് ലഭ്യതാ വേഗവും ഡാറ്റാ ഉപഭോഗവും നിയന്ത്രിക്കുവാന്‍ തുടങ്ങി. പക്ഷേ , എയര്‍ട്ടെല്‍ മൂവീസ് വരിക്കാരാകുന്ന ഉപഭോക്താക്കള്‍ക്ക് അനിയന്ത്രിതമായ ബന്ധപ്പെട്ട സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. സമാനമായ നിലയില്‍ വൊഡാഫോണും വരിക്കാര്‍ക്ക് ഗാന രംഗത്ത് അനിയന്ത്രിത ഡൌണ്‍ലോഡ് ' unlimited music downloads ' സംവിധാനം ക്രമപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഇന്റര്‍നെറ്റ് സമത്വത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് .
ലോകത്ത് ആര്‍ക്കും സ്വകാര്യ സ്വകാര്യ / പേറ്റന്റ് അവകാശങ്ങളില്ലാത്ത, കമ്പ്യൂട്ടറില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ചോ; മൊബൈല്‍ ഫോണില്‍ ഡാറ്റാ ചാര്‍ജു ചെയ്തോ ; വിവേചനാതീതമായി ഭാഗമാകാനാകുന്ന ഇന്റര്‍നെറ്റ് ; പരസ്പ്പര ബന്ധിതങ്ങളായ ലോകമാസകലമുള്ള കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളുടേയും ഇവ സാധ്യമാക്കുന്ന വൈവിധ്യമാര്‍ന്ന സൌകര്യങ്ങളുടേയും ആകെത്തുകയാണ്. മനുഷ്യര്‍ ഉപാധിരഹിതമായി സമാഹരിച്ചിരിക്കുന്ന അപരിമേയമായ അറിവുകളെ സ്വകാര്യവത്ക്കരിച്ച് ലാഭം ലക്ഷ്യമാക്കുന്ന തന്ത്രപരമായ സാമ്രാജ്യത്വ നീക്കമാണ് ; ഇന്റര്‍നെറ്റ് സമത്വത്തിനെതിരായ നയരൂപീകരണം നടപ്പിലാക്കുന്ന, ട്രായിലൂടെ ട്ടെലക്കോം കുത്തക ഭീമന്മാര്‍ ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ ലക്‌ഷ്യം വെയ്ക്കുന്നത് . വ്യക്തികള്‍ പൊതുവായും സ്വകാര്യമായും സൂക്ഷിക്കുന്ന ഇന്‍റെര്‍നെറ്റിലെ അപരിമിത വിവരങ്ങളുടെ (ഉദാ: ബ്ലോഗുകള്‍, അപ്-ലോഡ് ചെയ്യുന്ന വീഡിയോ, പാട്ട്) ശ്രോതസ്സുകള്‍ക്കു മേല്‍ ; വ്യക്തികളുടെ / കൂട്ടായ്മകളുടെ വാങ്ങല്‍ ശേഷിക്കനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിജ്ഞാനത്തിനും വിവരാവകാശങ്ങള്‍ക്കും മേലുള്ള ജനാധിപത്യ നിഷേധമാണ്.
പട്ടിണി , കൃഷിയിലധിഷ്ടിതവും - ആശ്രിതവുമായ ജീവിത വ്യവസ്ഥ, വേണ്ട നിലയില്‍ ഉപയോഗിക്കാനാകാത്ത പ്രകൃതി വിഭവങ്ങള്‍ , വ്യവസായങ്ങള്‍ / സംരഭങ്ങള്‍ / മൂലധനം / സാങ്കേതികവിദ്യ / അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടേതെല്ലാം കുറവ്, ഉദ്യോഗ - രാഷ്ട്രീയ - നിയമ നിര്‍വ്വഹണ രംഗത്തെ അഴിമതി; തുടങ്ങി മൂന്നാം ലോക രാഷ്ട്രമെന്ന നിലയിലെ അത്യന്തം സങ്കീര്‍ണ്ണവും സവിശേഷവുമായ സൂചിത രാഷ്ട്രീയ / സാമൂഹ്യ / സാമ്പത്തിക സാഹചര്യങ്ങളില്‍ ; അനിശ്ചിതവും ആശങ്കാകുലവുമായ ജീവിത നിലവാരങ്ങളില്‍ അനുനിമിഷം കടന്നു പോകുന്ന ഇന്ത്യന്‍ ജനത; പാര്‍ശ്വവത്ക്കരണങ്ങളില്‍ നിന്നും അതിജീവിക്കുന്നതില്‍ ലിംഗ / വര്‍ണ്ണ / വംശ / രാഷ്ട്രീയ / സാമ്പത്തിക ഭേദമെന്യേ സാമാന്യേന ലഭ്യമാകുന്ന ഇന്റര്‍നെറ്റിന് സുപ്രധാന പങ്കുണ്ട്.
വിവര സാങ്കേതിക വിദ്യയിലധിഷ്ടിതമായ വ്യവസായങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന 2.5 ദശലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യ - സാമ്പത്തിക സാഹചര്യങ്ങളെ പാരിസ്ഥിതികമായ ആഘാതങ്ങളടക്കം ലഘൂകരിച്ചുകൊണ്ട് വലിയ നിലയില്‍ ശക്തിപ്പെടുത്തുന്നു. ഉത്പ്പാദനക്ഷമത/ ഗുണമേന്മ എന്നിവയിലടക്കം ബഹുരാഷ്ട്ര കുത്തകകളോടു പോലും കിടപിടിക്കും വിധം പ്രാദേശിക സംരംഭകര്‍ വിവരസാങ്കേതികതയിലധിഷ്ടിതമായ പുത്തന്‍ വ്യവസായ സംരഭങ്ങളുമായി രംഗത്തു വരികയും വിജയം കൈവരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഉപാധിരഹിതമായ ഇന്റര്‍നെറ്റ് ലഭ്യതയുടെ സുപ്രധാന ഗുണഫലങ്ങളാണ്.
ഇത്തരമൊരു വിവര സാങ്കേതിക സാഹചര്യത്തില്‍ വിശേഷിച്ചൊരു വിധ ഉടമസ്ഥാവകാശവുമാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റിനെ , തങ്ങളുടെ ധനമൂലധന താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യുന്ന ടെലക്കോം കമ്പനികളുടെ സ്വാര്‍ത്ഥലാഭപദ്ധതികളെ ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടങ്ങളിലൂടെ അതിജീവിക്കുകയും എന്നെന്നേയ്ക്കുമായി പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ഭരണഘനയുടെ മൂന്നാം ഭാഗം 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളിലായാണ് മൌലികവാകാശങ്ങളെ സംബന്ധിച്ച് പ്രതിപാദമുള്ളത് . സമത്വത്തിനും, സ്വാതന്ത്ര്യത്തിനും , ചൂഷണങ്ങള്‍ക്കെതിരെയും , മത സ്വാതന്ത്ര്യത്തിനും , സാംസ്‌കാരികം - വിദ്യാഭ്യാസം തുടങ്ങി ,(29-31) ഭരണഘടനാ പരിഹാരങ്ങള്‍ക്കടക്കം ; ജനാധിപത്യ ഇന്ത്യ , പൌരന്റെ അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് , ഉറപ്പു നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ ( Fundamental Rights) വിവക്ഷയില്‍ ; ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമെല്ലാമുള്ള അവകാശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ വിജ്ഞാനത്തിന്റെ ഉറവിടം, വാര്‍ത്താവിനിമയ മാര്‍ഗം, എല്ലാ രൂപത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ള സഞ്ചാരപഥം തുടങ്ങിയ നിലകളില്‍ നിത്യജീവിതത്തിന്റെ സമസ്ത തലങ്ങളേയും ആഴത്തില്‍ സ്വാധീനിക്കുന്ന ഇന്റര്‍നെറ്റും പൌരന്റെ മൌലികാവകാശമായി നിജപ്പെടുത്തുന്നതിന് ഭരണ ഘടനാപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായുണ്ട്. ഇതിനായി ലജിസ്ലേര്‍ , എക്ഷിക്യൂട്ടീവ് , ജുഡീഷ്യറി, ഫോര്‍ത്ത് എസ്റ്റേറ്റ് , സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ സംയുക്തവും ബോധപൂര്‍വ്വകവുമായ ഇടപെടലുകള്‍ ആവശ്യമായുണ്ട് . അതല്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരായ ടെലികോം കമ്പനികള്‍ എല്ലാ വെബ് അധിഷ്ഠിത സേവനങ്ങളേയും വെബ്സൈറ്റുകളേയും തുല്യമായി പരിഗണിക്കണമെന്ന ജനാധിപത്യ സങ്കല്‍പ്പത്തെ പരിപൂര്‍ണ്ണമായി അട്ടിമറിക്കുകയും ആഗോള ഇന്റര്‍നെറ്റ് കുത്തകകള്‍ക്ക് ഉള്ളടക്കം / സേവനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകുകയും ചെയ്യും.
അടിയന്തിരാവസ്ഥയുടെ (Political emergebcy) പുതിയ കാല മുഖം
സാമ്രാജ്യത്വം / ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയത/ വിവിധതരം ഭരണകൂട സ്പോണ്‍സേഡ് ഫാസിസങ്ങള്‍ / മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അധിനിവേശത്തിനുമെതിരായ സമരങ്ങള്‍ / പുരോഗമനാശയങ്ങള്‍ക്കുള്ള മുന്നേറ്റങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമാം വിധം വളക്കൂറുള്ള സംവേദന വേദിയാകുന്ന ഇന്റര്‍നെറ്റ് സങ്കേതങ്ങളിലൊന്നായ സാമൂഹ്യ ശൃംഖലകളെ നിയന്ത്രിക്കുന്നതിനും അങ്ങിനെ 'ഭിന്ന സ്വരങ്ങളെ ' നിശബ്ദമാക്കുന്നതിനും' ഇന്റര്‍നെറ്റ് സമത്വ വിരുദ്ധ കരിനിയമങ്ങളിലൂടെ ഭരണകൂടത്തിനാകുന്നു. ഇന്ത്യന്‍ ജനത ഇതപര്യന്തം അനുഭവിച്ച ജനാധിപത്യ ധ്വംസനങ്ങളുടേയും ഭരണകൂട ഫാസിസത്തിന്റേയും മൂര്‍ത്തരൂപങ്ങളിലൊന്നായ , ആന്തരിക പ്രശ്നങ്ങള്‍ ആരോപിച്ച് ഇന്ദിരാഗാന്ധി , ജനതയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ നാള്‍വഴികളിലെ പൌരാവകാശ നിഷേധങ്ങളെ അനുസ്മരിപ്പിക്കുംവിധം, വര്‍ത്തമാനം; കാവിയണിഞ്ഞ് ടെലികോം കമ്പനികളും ചുരുക്കം ആഗോള ഇന്റര്‍നെറ്റ് കുത്തകകളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റേതായ പരവതാനി വിരിക്കുകയാണ്.
സമരമുഖങ്ങള്‍ ഉണ്ടാകണം
ശാസ്ത്ര സാങ്കേതികതയുടെ വികാസം അതതു കാലത്ത് കൃത്യമായും വിവേചനരഹിതമായും തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ട്രായുടെ അനുഗ്രഹാശിസുകളോടെ ഇന്ത്യയില്‍ നടപ്പിലാക്കപ്പെടുന്ന ഇന്റെര്‍നെറ്റ് സമത്വ വിരുദ്ധ നയപരിപാടികള്‍ അവസരസമത്വത്തിനും തുല്യ നീതിക്കും കനത്ത വെല്ലുവിളികളുയര്‍ത്തുന്നു. അതുകൊണ്ടു തന്നെ ഇന്റര്‍നെറ്റ് സമത വീണ്ടെടുക്കുന്നതിനും തുല്യനീതിയ്ക്കുമായുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ സൈബര്‍ / സൈബറാനന്തര സമരങ്ങള്‍ തികഞ്ഞ ആശയവ്യക്തതയോടെ ഉയര്‍ന്നു വരേണ്ടതുണ്ട് . അതിനായി സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അക്ഷരം മാസിക സംഘടിപ്പിക്കുന്ന സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ ഇടപെടലുകള്‍ക്ക് താങ്കളുടെ സജീവ സാന്നിധ്യവും പിന്‍തുണയും അഭ്യര്‍ത്ഥിക്കട്ടെ.
*Content Provider - വിവരങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യുന്നവര്‍. നിങ്ങളുടെ വീഡിയോ സമാഹരിച്ച് വിതരണം ചെയ്യുന്നyoutube.com, നിങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും സൂക്ഷിക്കുന്ന facebook.com, സകല വിവരങ്ങളും സൂക്ഷിച്ചിട്ടുള്ളwikipedia.com തുടങ്ങി ഒരു വിവരം എവിടെ നിന്ന് വരുന്നോ ആ കംപ്യൂട്ടറിന്‍റെ ഉടമസ്ഥന്‍. ഇതൊരു വ്യക്തിയോ കമ്പനിയോ ആവാം
*ISP - Internet Service Provider - ഇന്റര്‍നെറ്റ് സേവനം എത്തിച്ചു തരുന്ന കമ്പനി. BSNL, Airtel, Vodafone, Reliance, Idea, Asianet തുടങ്ങിയവ. ഈ കമ്പനികളുടെ ആന്തരഘടനകളും സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചാണ് നിങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് ബന്ധിപ്പിക്കപ്പെടുന്നതും അതിന്‍റെ ഭാഗമാവുന്നതും. ഇവര്‍ ഉണ്ടാക്കിയിട്ടുള്ള വിവിധ പാക്കേജുകളില്‍ നിന്ന് ഉപഭോക്താക്കള്‍ അവരവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായവ തിരഞ്ഞെടുത്തു പണം കൊടുത്തു ഉപയോഗിക്കുന്നു
*OTT content - Over the Top Technology Content - പ്രത്യേക പ്രക്ഷേപണ അനുമതി ആവശ്യമില്ലാതെ ഇന്റര്‍നെറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന ശബ്ദവും വീഡിയോയും.
*Zero Rating - ഉപഭോക്താക്കള്‍ക്ക് തങ്ങളുമായി സൗജന്യ നിരക്കില്‍ ബന്ധപ്പെടാന്‍ കമ്പനികള്‍ ഒരുക്കുന്ന സൗകര്യം. ഉദാ. ടോള്‍ ഫ്രീ നമ്പര്‍, സ്റ്റാമ്പ് ഒട്ടിക്കെണ്ടാത്ത പ്രതികരണ കത്തുകള്‍. ഇതിനു വരുന്ന ചിലവുകള്‍ കമ്പനികള്‍ തന്നെ വഹിക്കുന്നു. അവ നേരിട്ട് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയില്ല