K G Suraj

കനലുകള്‍ കലാപം ചെയ്യും വിധം

'Some say the world will end in fire;

Some say in ice.

From what I've tasted of desire

I hold with those who favor fire.'

-Robert Frost-

സൂര്യനു തിളയ്ക്കാന്‍ പാകത്തിനു മാത്രം നിര്‍മ്മിതമായ ആകാശം ..

കള്ളിമുള്‍ച്ചെടികളും വിഷപ്പാമ്പുകളും ഇണചേരുന്ന ഒരു നൂറു മൊട്ടക്കുന്നുകള്‍.

ഓരോ തീക്കാറ്റിലും വെന്തുവേവുന്ന ഇളം പച്ചപ്പ് ..

നെഞ്ചു കീറിയുണരുന്ന ഒരുവന്റെ ആത്മരോദനം ...

കാതു പൊത്തേണ്ടതില്ല.

മിത്തുകള്‍ ദിശകാട്ടുന്ന ഈ വഴികളിലൂടെ പിന്നോക്കം നടക്കാം ..

വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ ..

നഖങ്ങളില്‍ നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍ ..

യാത്രികര്‍ പ്രത്യേകം ശ്രദ്ധിക്കണം..

ചോരയ്ക്ക് വല്ലാത്ത ചൂടാണ്...

കോക്കസസ് മലനിരകളിലേയ്ക്ക് ഇനിയധികം ദൂരമില്ല .

സന്ധിബന്ധങ്ങളില്‍ ഞരമ്പുകള്‍ പോലെ

ചാര്‍ത്തപ്പെട്ട ഭാരമുള്ള ചങ്ങലകള്‍.

താപത്താല്‍ പാകം ചെയ്യപ്പെട്ട കരളിന്റെ ഗന്ധം..

നാസികകളിലേയ്ക്ക് വിരല്‍ പൂഴ്‌ത്തേണ്ടതില്ല ..

പറന്നിറങ്ങുന്ന ചിറകിന്റെ നിഴല്‍ കാണാം ..

കല്‍പ്പിക്കപ്പെട്ട ദണ്ഡനകള്‍ അനിശ്ചിതമാണ് ..

ആരോപിക്കപ്പെടുന്നത് മോഷണവും ..

'അവന്‍; അവര്‍ക്ക് തീ പകര്‍ന്നുവത്രേ

ലോകം മിത്തുകളാല്‍ അടയാളപ്പെടുത്തിയ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതിഫലേലേഛയില്ലാത്ത സേവനപരതയുടേയും അസംഖ്യം ജ്വലന മാതൃകകളുണ്ട്. കരളിന്റെ കഷ്ണങ്ങള്‍ ഛിന്നഭിന്നമാകുമ്പോഴും വേദനകളെ വെളിച്ചമാക്കി മനുഷ്യനു പകരുന്ന പ്രോമൊത്യൂസിയന്‍ പതിപ്പുകള്‍ സര്‍ഗ്ഗസാഹിത്യത്തിലുമുണ്ട്. ഹൃദയത്തില്‍ മഷിപുരട്ടി 'പ്രണയത്തിന്റെ പാഠപുസ്തകത്തില്‍' കമലാലയം രാജന്‍ മാസ്റ്റര്‍ പകര്‍ത്തി വെക്കുന്നതും മറ്റൊന്നല്ല .

'ചൂളകളില്‍ ഞാന്‍ വിരുന്നുകാരനായിരുന്നു .

എനിക്കായ് ആഴികള്‍ രൂപമെടുത്തു .

ഞാന്‍ ജ്വലിച്ചപ്പോള്‍

നീ എന്റെ ആത്മാവിനെ തൊട്ടു ..

നിന്റെ താപത്താല്‍ ജനമെന്നെ വിശുദ്ധനെന്നു വിളിച്ചു.'

-തീ -

അഗ്‌നിയുടെ ശക്തിയും ദൗര്‍ബല്യവുമാണ് 'തീ'യിലൂടെ കത്തിപ്പടരുന്നത്. മറ്റേതിനുമെന്ന പോലെ തീയ്ക്കും കൃത്യമായൊരു ധര്‍മ്മമുണ്ട്. അത് ചടുലമായി കത്തുകയെന്നതത്രേ. വിരുന്നുകാരനായി അടുപ്പുകളിലേക്കെത്തപ്പെടുന്ന തീനാമ്പുകള്‍ക്കും സചേതനമായൊരു മനസ്സുണ്ട്; പ്രണയവും ജീവിതവുമുണ്ട്. ജലത്താലണയാന്‍ നിയോഗവുമുണ്ട് . തീയുടെ ആത്മ നൊമ്പരങ്ങളും വിഹ്വലതകളും സംഘര്‍ഷങ്ങളും അനുരാഗത്തിന്റെ ചുട്ടുപഴുത്ത പ്രതലങ്ങളില്‍ കവി നിരത്തി വെയ്ക്കുന്നു. അതിലസ്വസ്ഥനാകുന്നു. തീയുടെ മൂല്യം ജ്വലിക്കുമ്പോള്‍ മാത്രമാണത്രേ ... കെട്ടുപോയ തീനാവുകള്‍ അചേതനങ്ങളാണ്. അവ മൃത്യുവിനെ സൂചിപ്പിക്കുന്നു. ദാര്‍ശനികവും കാലികവും ആത്മീയവുമായ ഒട്ടനവധി ആശങ്കകളാണ് 'തീ'യിലൂടെ വിളംബരം ചെയ്യപ്പെടുന്നത് .

വിപണിയുടെ ആപല്‍ക്കരമായ അവസ്ഥാന്തരങ്ങള്‍ 'അവനവനിസ'ത്തിലേക്കുള്ള പരകായമാണ്. ഓരോരുത്തരും ഓരോ പരസ്യപ്പലകകള്‍... ആരോ വില പതിച്ച് ആര്‍ക്കോ വില്‍ക്കാന്‍ സൂക്ഷിക്കുന്നത്. സാമ്രാജ്യത്വം അവയുടെ സന്നാഹങ്ങള്‍ അടുക്കളകളില്‍ മുതല്‍ അടുപ്പുകളിലേക്കുവരെ എത്തിച്ചുകഴിഞ്ഞു. 'Use and Throw' എന്നത് അത്ര മോശപ്പെട്ട സൂത്രവാക്യമായി ഭൂരിപക്ഷം കരുതുന്നില്ലത്രേ. ഉള്ളവനും ഇല്ലാത്തവും തുല്യാവകാശമുള്ള തീയുടെ പേറ്റന്റും അതിവിദൂരമല്ലാതെ ഏതോ ഒരു ബഹുരാഷ്ട്ര കുത്തകയുടെ വിരല്‍ത്തുമ്പില്‍ ചെന്നെത്തിയെന്നുവരാം. അങ്ങനെ അധിനിവേശ കാലത്തെ പ്രണയത്തിന്റെ രാഷ്ട്രീയം കവി തീയിലൂടെ സമര്‍ത്ഥമായി പറഞ്ഞു വെയ്ക്കുന്നു

സൂചിയുടെ സുഷിരത്തിലേക്ക് നൂലറ്റമെന്ന പോലെ അനുഭവങ്ങളുടെ കണ്ണുകളിലേക്ക് മുള്ളാര്‍ന്നിറങ്ങുമ്പോഴും തികഞ്ഞ സമചിത്തതയോടെ അതിലേറെ കരുതലോടെ മുള്ളിന്റെ യുള്ളുടയാതെ പൊടിയുന്ന രക്തം വിരലാല്‍ തുടച്ച്, അമര്‍ത്തിപ്പിടിക്കലുകളുടെ കാപട്യങ്ങളിലേയ്ക്ക് മന്ദഹസിച്ച്, പൊട്ടിച്ചിരിച്ച്, അലറിവിളിച്ച്, ചിലപ്പോള്‍ മൂകമായി സ്വയമുരുകി വെളിച്ചമാകുന്ന ഇരുപത്തിയഞ്ച് മെഴുകുതിരികളാണ് കമലാലയത്തിന്റെ പ്രഥമ കവിതാസമാഹാരം 'പ്രണയത്തിന്റെ പാഠപുസ്തകം' വെളിച്ചപ്പെടുത്തുന്നത്.

ഓരോ കവിതയും കാല്‍പ്പനികതയുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ വിലയിരുത്തുകയും നിയതമായ നിര്‍വ്വചനങ്ങളിലേക്ക് ബാലമായടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്‌നേഹം, കാമം, പ്രണയം, നിരാസം, ലൈംഗികത, പ്രതീക്ഷ, വിരക്തി, ആസക്തി തുടങ്ങി വൈകാരിക വൈവിധ്യങ്ങളെ വ്യക്ത്യാധിഷ്ഠിത ബിംബകല്‍പ്പനകളിലൂടെ ബന്ധങ്ങളുടെ നനവില്‍ കുതിര്‍ത്ത് നിരന്തരം നടത്തുന്ന കാവ്യപരീക്ഷണങ്ങളാണ് ഈ പാഠപുസ്തകത്തിന്റെ പ്രധാന സവിശേഷത. പ്രണയം സ്വാധീനമാകുന്ന ക്രിയാബോധമാണ് സമാഹാരത്തിന്റെ കാതല്‍.

പൊതുലോകത്തിന്റെ വിലയിരുത്തലുകളില്‍ പ്രണയികള്‍ ഉന്മാദികളാണ്. 'പ്രണയത്തിലായിരിക്കുമ്പോള്‍ ഉദ്യാനങ്ങളിലെ പൂക്കള്‍ അവര്‍ക്കുവേണ്ടിമാത്രം നറുമണം പൊഴിക്കും. ചിത്ര ശലഭങ്ങള്‍ ചുമലൊട്ടിപ്പറക്കും. ആഗോളീകരിക്കപ്പെട്ട ഗ്രാമം പോലെ ലോകം തങ്ങളിലേക്കു മാത്രം ചുരുങ്ങുന്നുവെന്ന് ഇരുവരും ധരിച്ചുവശാകും.' വ്യക്തികള്‍ എന്ന നിലയിലെ ബഹുസ്വത്വത്തെ ബോധമോ അബോധമോ ആയി മായ്ച്ചുകളഞ്ഞ് ഏകതാന രൂപമായി പരിണാമപ്പെടുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കും .

' Love is composed of a single soul inhabiting two bodies'

-Aristotle-

ഒരു മനസ്സും രണ്ടുടലുമെന്നത് നിലവിലെ ജൈവ പരിസരത്തിന് അപരിചിതമെങ്കിലും പ്രണയവും ശാസ്ത്രവും ഇഴപിരിയുമൊരുനാളില്‍ അനുരാഗികളുടെ ആധുനിക നരവംശം അതും സാക്ഷാത്ക്കരിക്കുമെന്ന പ്രതീക്ഷയെ അരക്കിട്ടുറപ്പിക്കുകയാണ് 'യാത്ര'യും 'പറക്കലും' 'മുത്തും' 'ഇടപാടു'മെല്ലാം ..

നവ ക്ലാസിക്കല്‍ ധനതത്വശാസ്ത്രത്തിന്റെ പിതാവ് ആല്‍ഫ്രെഡ് മാര്‍ഷല്‍ തന്റെ വിഖ്യാതമായ 'Law of Supply and Demand' സിദ്ധാന്തത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ സംബന്ധിച്ച് സുവ്യക്തമായി വിശദീകരിക്കുന്ന ചിലതുണ്ട്. ഉല്‍പ്പന്നങ്ങളുടെ ആവശ്യവും വിതരണവും അവയുടെ വിലയെ / മൂല്യത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകങ്ങളത്രേ. ബന്ധങ്ങളെ കമ്പോള സമവാക്യങ്ങളുമായി താരതമ്യം ചെയ്യുക അസാധ്യമെങ്കിലും പ്രണയബന്ധങ്ങളുടെ വൈകാരികതലങ്ങളില്‍ ആവശ്യം (Demand) ആഗ്രഹം (Desire) വിതരണം (Supply) ഘടകങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതായി കാണാം

ഹ്രസ്വമായ ജീവിതം നമുക്ക് എറിഞ്ഞുതന്ന്,

ആഹ്ലാദിപ്പിച്ച് ആലിപ്പഴം മരിക്കുന്നു .

ഒരു ആലിപ്പഴമായ് വീണലിഞ്ഞ്

നിന്നെ ആഹ്ലാദിപ്പിക്കാന്‍ കഴിയാത്തതില്‍

എനിക്കു നിരാശയുണ്ട് .. '

-ആലിപ്പഴം-

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആലിപ്പഴം കണ്ടിട്ടില്ലാത്തവരാകണം നമ്മുടെ പുതുതലമുറ. അതു കൊണ്ടുതന്നെ ഫ്‌ളാഷ്ബാക്ക് അനിവാര്യമാകുന്നു. 'ഒരു നട്ടുച്ചനേരം സ്‌കൂളിന്റെ ഓടു മേഞ്ഞ മേല്‍ക്കൂരയിലേക്ക് ആരോ കല്ലെറിയുന്നു. പരിഭ്രാന്തരായി പുറത്തിറങ്ങിയ കുട്ടികളെ ആകാശം വരവേറ്റത് പൊഴിയുന്ന അസംഖ്യം ആലിപ്പഴങ്ങളാലാണ്.

എന്നു മുതല്‍ക്കാണ് ആലിപ്പഴങ്ങള്‍ അപ്രത്യക്ഷമായത്?

പട്ടിണിയും ദാരിദ്ര്യവുമെന്ന പോലെ മൂന്നാം ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന സുപ്രധാന വെല്ലുവിളികളിലൊന്നാണ് പാരിസ്ഥിതികമായ അസന്തുലിതാവസ്ഥ. ന്യായീകരണങ്ങളില്ലാത്ത വനനശീകരണം എന്റോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടേയും അന്തകവിത്തുകളുടേയും വ്യാപകമായ ഉപയോഗം ഇവയെല്ലാമാണ് കാലാവസ്ഥയുടെ ഹൃദയഭാഷ്യം മാറ്റിമറിച്ചത്. കാലംതെറ്റി പെയ്യുന്ന കാലവര്‍ഷവും വേനലും മനുഷ്യനൊപ്പം മണ്ണിനേയും മാറ്റിമറിച്ചിരിക്കുന്നു.

ബാല്യകൗമാരങ്ങളുടെ നിഷ്‌കളങ്കതയും കുസൃതികളും യൗവ്വനത്തിന്റെ തീവ്രാസക്തിയും വാര്‍ധക്യം പകരുന്ന തണുത്ത നിസ്സംഗതയുമാണ് 'ആലിപ്പഴം' പറഞ്ഞുവെയ്ക്കുന്നത്. ചില ഓര്‍മ്മകള്‍ ആലിപ്പഴങ്ങള്‍ പോലെയാണ്. വല്ലാതെ തണുപ്പിച്ച് വിറങ്ങലിപ്പിക്കുന്നവ. പ്രണയ ബന്ധങ്ങളിലെ രൂപപരിണാമങ്ങളാണ് ആലിപ്പഴത്തെ ദ്വന്ദവല്‍ക്കരിക്കുന്നതിലൂടെ കവി ലാക്കാക്കുന്നത്. പേരിലെ ഓമനത്തം കുളിരുകോരിക്കുന്ന പ്രണയസങ്കല്പ്പനങ്ങളെന്നോ പൈങ്കിളിത്തരങ്ങളെന്നോ തെറ്റിദ്ധരിപ്പിച്ചേക്കാമെങ്കിലും അതിനൊന്നും അണുകിട അവസരമില്ലാതെ വായനയെ തണുത്തുറഞ്ഞൊരു ജാറിലെ വെന്തുതിളയ്ക്കുന്ന പാനീയമായി അതിവേഗം രൂപാന്തരപ്പെടുത്തുന്നു.

മനുഷ്യവംശഗതിയുടേയും പരിവര്‍ത്തനത്തിന്റേയും ഭൗതികഘടകങ്ങളായ ജീനുകളുടെ രാസപ്രവര്‍ത്തനത്തെ കാലാവസ്ഥ കൃത്യമായി സ്വാധീനിക്കുന്നുവത്രെ. മഴ, പ്രണയത്തന്റേയും രതിയുടേയും രാസപരിണാമങ്ങള്‍ക്ക് ഉപോല്‍ബലകമായി വര്‍ത്തിക്കുന്നു. വിവിധങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളെ മഴയുയേും മഞ്ഞിന്റേയും പശ്ചാത്തലത്തില്‍ കാവ്യാത്മകമായി പകര്‍ത്തിയ എണ്ണമറ്റ ചലച്ചിത്രങ്ങള്‍ നമുക്കുമുന്നിലുണ്ട്.

മഴത്തുള്ളികള്‍ ചിതറിവീഴുംപോലെയുള്ള നിന്റെ ഒച്ച,

ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും മധുരമുള്ള സംഗീതമാണ്.

-മഴ-

മഴയുടെ താളവും രൗദ്ര സൗമ്യ ഭാവങ്ങളും ഏറ്റവും തന്മയത്തത്തോടെ 'മഴ' അനുഭവപ്പെടുത്തുന്നു.

പ്രണയിനിക്കു വേണ്ടി കാതുമുറിച്ചു നല്‍കിയ വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗും, പ്രിയ കവികള്‍ ജിബ്രാനും നെരൂദയും മരണത്തിന്റെ മണിമുഴക്കം കവിതയാക്കിയ പ്രിയകവി ഇടപ്പള്ളി രാഘവന്‍പിള്ളയും കാമുകി ജെനിക്ക് പ്രണയകവിതകളെഴുതിയ ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹ്യശാസ്ത്രജ്ഞന്‍ കാറല്‍മാര്‍ക്‌സും പ്രണയത്തിനു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച മലയാളത്തിന്റെ കമലാദാസും നന്ദിതയും എ.അയ്യപ്പനുമെല്ലാം അടങ്ങുന്ന വിപ്ലവകാരികളുടെ പിന്‍മുറക്കാരനാണ് കവി, കമലാലയം രാജന്‍ മാസ്റ്റര്‍. കല, കലയ്ക്കുവേണ്ടിയെന്നും വിപണിക്കുവേണ്ടിയെന്നും ഉദ്‌ഘോഷിക്കുന്ന ദന്തഗോപുര പ്രബോധനങ്ങളുടെ കാടുകള്‍ക്കിടയിലിരുന്നാണ് കവി പ്രണയത്തെ ആത്മാര്‍ത്ഥമായി അടയാളപ്പെടുത്തുന്നത്.

നവോത്ഥാനകാലത്തിന്റെ നന്മകള്‍ ശക്തമായി തുടരുന്നു എന്നതിലഭിമാനം കൊള്ളുന്ന മലയാളിയുടെ കപട മുഖങ്ങളിലൊന്നാണ് ജാതി/മതരഹിത വിവാഹങ്ങളോടുള്ള കടുത്ത അസഹിഷ്ണുത. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ വിവിധമതസ്ഥര്‍ തമ്മിലുള്ള പ്രണയവിവാഹങ്ങളെ 'ലൗ ജിഹാദ്' എന്ന പട്ടികയില്‍പ്പെടുത്തി ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ സമകാലീന സമൂഹത്തിന്റെ മൂല്യച്യുതികളിലേക്കു വിരല്‍ചൂണ്ടുന്നു.

അറുപതുകളിലേയും എഴുപതുകളിലേയും പ്രണയങ്ങള്‍ പൊതുവില്‍ ആദര്‍ശാധിഷ്ഠിതമെന്ന് വിലയിരുത്തപ്പെടാറുണ്ട്. അസ്ഥിത്വ ദുഖത്തിന്റേയും നവോത്ഥാന പ്രസ്ഥാനങ്ങളുടേയും വസന്തങ്ങള്‍ ഇടിമുഴക്കിയ പ്രസ്തുതകാലത്തെ പ്രണയങ്ങള്‍ക്ക്, ഇന്നില്‍ നിന്നും എന്ത് വ്യത്യസ്തതകളാണുള്ളത്? വിവരസാങ്കേതികവിദ്യയുടേയും ശാസ്ത്രത്തിന്റേയും വളര്‍ച്ച, സാമൂഹ്യവ്യവസ്ഥയില്‍ സൂപ്പര്‍സോണിക് വേഗതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവയുടെ അതിവേഗ മാറ്റം/വളര്‍ച്ച പ്രണയബന്ധങ്ങളിലും വന്‍മാറ്റമുണ്ടാക്കിയതായി കാണാം. തലമുറകള്‍ തമ്മിലുള്ള പ്രസ്തുത അന്തരത്തെ ഒരുതരം റിച്ചര്‍ സ്‌കെയിലിനാലും അളക്കാനായില്ലല്ലോ. പ്രണയവുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ അന്നും ഇന്നും സമാനമായി തുടരുന്നു. കുടുംബഘടനകളിലെ മാറ്റം, ജാതിമതശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം പുതിയകാലപ്രണയത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശക്തമായി സ്വാധീനിക്കുന്നു.

പ്രണയം വേലിപ്പടര്‍പ്പും ബസ്റ്റോപ്പും, ട്യൂട്ടോറിയലും, കുളക്കടവും, പുഴയോരവും മരച്ചുവടുമെല്ലാം പിന്നിട്ട് ഫേസ്ബുക്കിലും, എസ്.എം.എസ്സിലും ലൈവ് ചാറ്റിലും പുഷ്പ്പിക്കുകയാണ്. നോട്ടുപുസ്തകത്തിലെ മയില്‍പ്പീലിത്തുണ്ടും കരിവളപ്പൊട്ടുകളും മുടിയിഴകളുമെല്ലാം ഓര്‍മ്മകളുടെ ഫ്രീസറില്‍ തണുത്തുറയുന്നു.

പ്രണയനിരാസങ്ങളുടേയും നഷ്ടങ്ങളുടേയും വെന്തുരുകലില്‍ ഒരിക്കലെങ്കിലും വിങ്ങിവീഴാത്തവരുണ്ടോ.... കൊത്തിപ്പറിക്കപ്പെടുന്നതിനു തൊട്ടുമുന്‍പ് പ്രാണന്‍ ശരീരത്തോട് എന്താകും പറഞ്ഞിരിക്കുക? ചങ്ങലകളുടെ ഗാഢാലിംഗനങ്ങളില്‍ ശ്വാസം നിരന്തരം പൊയ്മുഖം കാട്ടുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് നോവുകളെ അതിജീവിച്ചുകൊള്ളണമെന്നോ? അതോ ആഴ്ന്നിറങ്ങുന്ന കൊക്കുകളെ സ്‌നേഹപൂര്‍വ്വം നെഞ്ചേല്‍ക്കണമെന്നോ? പ്രണയത്തിന്റെ ഭിന്നഭാവങ്ങളെ അസാരം നാട്യങ്ങളില്ലാതെ നേരില്‍ നിന്നും നന്മയില്‍ നിന്നും തീക്ഷ്ണമായ ഏതോ ഗോത്ര - കാര്‍ഷിക - സാംസ്‌കാരിക പാരമ്പര്യങ്ങളുടെ മൂല്യബോധങ്ങളില്‍ നിന്നും സ്വാംശീകരിച്ച പ്രണയത്തിന്റെ മാനിഫെസ്റ്റോകളാണ് ഈ സമാഹാരം നിറയെ......... ജീവിതത്തോടൊപ്പം പ്രണയവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. കഷ്ടനഷ്ടങ്ങളുടെ ബാലന്‍സ്ഷീറ്റുകള്‍ നെഞ്ചുകളില്‍ സൂക്ഷിക്കാത്തിടത്തോളം പ്രണയത്തിന്റെ പാഠപുസ്തകങ്ങള്‍ ഇനിയും ഉണ്ടായ്‌വരും. നിരാസങ്ങളുടേയും നിഷേധങ്ങളുടേയും ലിംഗ, വര്‍ണ്ണ, വംശഭേദങ്ങളുടേയും അടരുകളിലേക്ക് പടര്‍ന്നുകയറുന്ന കമലാലയത്തിന്റെ കനലുകള്‍..... നിരന്തരകലാപം ആഹ്വാനം ചെയ്യുന്നു.

കണ്ണൊപ്പുക.....

കാതോര്‍ക്കുക......

'പ്രണയം സ്വാതന്ത്ര്യമാണ്

എനിക്ക് നിന്നിലും

നിനക്ക് എന്നിലും'