ഓര്‍മ്മകളുടെ ഔദ്യോഗിക രേഖകളിലൂടെ …

ആഹ്ലാദങ്ങളുടെ ആരവങ്ങള്‍ നിറഞ്ഞൊരു സ്നേഹ സാഹൃദ തീവണ്ടിയാത്രയില്‍ അജ്ഞാതമായ ഏതോ സ്റ്റേഷനില്‍ യാത്ര പറയാതെ ഇറങ്ങിപ്പോയ പ്രിയങ്കരനായ ‘തീവണ്ടന്‍’… കവിതകളുടെ നദികള്‍ ഒഴുകിയെത്തിയത് കണ്ണീരിന്റെ കടലിലേക്കായിരുന്നു. ഏറ്റവും മനോഹര സ്വപനത്തെ , അത് വെളിച്ചം കാണും മുന്‍പേ യാത്ര പോയ പ്രിയ കവി മനു മാധവന്‍.

70091194_2541901709200321_7394827536359751680_o

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍ ഗ്രാമത്തില്‍ ശ്രീ.മാധവന്റെയും ശ്രീമതി. ശിവ നമ്മയുടെയും മകനായി ജനിച്ച മനു മാധവന്‍, ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് പരിശോധകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സജന, മക്കള്‍ ആഷിക്, അലോക്.
അത്യപൂര്‍വ്വ നിമിഷങ്ങള്‍ നിറഞ്ഞൊരു പുസ്തക പ്രകാശനത്തിന് സാക്ഷിയായി കായിക്കര എന്ന കടലോര ഗ്രാമം. തീവണ്ടിപ്പാതകള്‍ പോലെ നീളുന്ന സൗഹൃദങ്ങള്‍ വിങ്ങിപ്പൊട്ടുന്നു, വിതുമ്പലടക്കി പുസ്തകം ഏറ്റുവാങ്ങുന്ന പ്രിയപ്പെട്ടവര്‍, ഒരു പുസ്തക പ്രകാശനം ഓര്‍മ്മകളുടെ കടലിരമ്പം കൂടിയായിപ്പോയ വൈകാരിക നിമിഷങ്ങള്‍. കണ്ണുകള്‍ പെയ്തു തീരാതൊരുവള്‍, ജീവിതത്തിലെ ഏറ്റവും സങ്കട നിമിഷത്തെ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞു പിടിയ്ക്കുന്ന അച്ഛന്‍, വാക്കുകളിലും വരികളിലും നിറഞ്ഞ അമ്മച്ചി, സങ്കടം നിഴല്‍ വിരിച്ച രണ്ടു കുഞ്ഞു മുഖങ്ങള്‍, ഇങ്ങനെയൊക്കെ നിറയുന്നു മനു സ്മരണ.

11

‘ ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ് ‘ എന്ന പുസ്തകം 13.10.2019 ന് , കായിക്കര ആശാന്‍ സ്മാരകത്തില്‍ വച്ച് ശ്രീ. ബിനു എം പള്ളിപ്പാട് മനുവിന്റെ കുടുംബാഗങ്ങള്‍ക്ക് നല്കി പ്രകാശനം നടത്തി. ബിനുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഇതിലുള്ളത് മനുവിന്റെ മാത്രം കവിതകളാണ്. ആഹ്ലാദത്തിലോ ആര്‍പ്പിലോ അവന്‍ അടക്കിയ അവന്റെ സ്വന്തം ആകാശം ‘. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ‘എന്റെ കവിതകളുടെ കേട്ടെഴുത്തുകാരി സജനക്കൊച്ചിന് ‘ എന്നാണ്. ആ ദാമ്പത്യത്തിന്റെ ഇഴയടുപ്പം അതില്‍ വ്യക്തം. അവതാരിക എഴുതിയ ശ്രീ.സജീവന്‍ പ്രദീപിന്റെ വാക്കുകളില്‍ ‘അസാധ്യമായ സാധ്യതകളിലേക്കും അസാധാരണമായ അസാന്നിധ്യങ്ങളിലേക്കും, വായനക്കാരനെ കൈപിടിച്ച് നടത്തിക്കാന്‍, സ്നേഹോത്സുക മാംസ പേശികളുള്ള കവിതകളാണ് ‘ഓര്‍മ്മ ഒരു ഔദ്യോഗിക രേഖ’യിലുള്ളത് “. ശ്രീ. സഞ്ജു മധുരമറ്റം എഴുതിയ പഠനം ഈ പുസ്തകത്തെ വേറിട്ട തലത്തില്‍ നോക്കിക്കാണാന്‍ സഹായിക്കുന്നു.

നാല്പത്തി നാലോളം വ്യത്യസ്ത ആശയങ്ങളിലുള്ള കവിതകളാണ് ഇതിലുള്ളത്. ഓരോന്നിന്റെയും പേരു പോലും യാഥാസ്ഥിതിക കാവ്യ സങ്കല്പങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്ക്കുന്നു… അതില്‍ ഉറക്കെപ്പറയാന്‍ പോലും ആളുകള്‍ മടിക്കുന്ന “മൈര് ” എന്ന പേരില്‍പ്പോലും കവിത നിറയുന്നു. ഓരോ കവിതയും പുതിയൊരു ജാലകത്തിലൂടെ ജീവിതത്തെ നോക്കിക്കാണാന്‍ തുറന്നു വയ്ക്കപ്പെടുന്നു. അവയില്‍ച്ചിലവ പ്രയോഗ ഭംഗികൊണ്ട് മനോഹരമാകുന്നു.

12

” നൊസ്റ്റാള്‍ജിയ ” എന്ന കവിതയില്‍,
”കല്ലുവെട്ടാം കുഴികളില്‍
കരച്ചിലടക്കി ഉറങ്ങുന്ന
കുറ്റിപ്പെന്‍സിലുകള്‍
ചെതുമ്പല്‍ച്ചട്ടയിട്ട
പുസ്തകത്താളില്‍
കേള്‍പ്പിക്കുന്ന
കൂട്ട മണിയൊച്ച ” എന്നെഴുതി മാത്രം നിര്‍ത്തുന്നു. എത്ര ആഴമാണാ വരികള്‍ക്ക്.

“രാത്രികളെ ഭയക്കാനോ
പകലിനെ മടുക്കാനോ
കഴിയാതെ വരുമ്പോള്‍
നക്ഷത്രങ്ങള്‍ക്കൊപ്പം
ഉറങ്ങാതിരിക്കും ” എന്നെഴുതുമ്പോള്‍ അതില്‍ എവിടെയോ ഒരു നഷ്ടപ്പെടലിന്റെ തീവ്രതയുണ്ട്.

14
‘ഞാനും
ഞാനും
മാത്രമുള്ള
ഒറ്റയാട്ടങ്ങളാകണം
കഥയും കാര്യവും’ എന്ന് ഒറ്റയാന്റെ ധൈര്യത്തോടെ കൊമ്പു കുലുക്കുന്നു.
അമ്മയോടുള്ള കടലോളം സ്നേഹത്തെ ‘അമ്മച്ചി’ എന്ന കവിതയില്‍ ആറ്റിക്കുറുക്കിയെടുത്തിരിക്കുന്നു.
‘കൂട്ടുകളില്ലാത്ത
കണ്ണീര്‍ക്കാറ്റുകളുടെ
അറ്റു വരമ്പാണമ്മച്ചി’ എന്ന വരികളില്‍ കണ്ണീരിന്റെ ഉപ്പു മണം പടരുന്നു.
‘ മിണ്ടാണ്ടും ഉണ്ണാണ്ടും
ഉറങ്ങിപ്പോയ വസന്തങ്ങളെ
മിണ്ടിയുണര്‍ത്തി
ഉണ്ണിച്ചു നിറയ്ക്കുന്ന
വരുതിയില്ലാക്കാലമാണ് ‘ എന്നെഴുതുമ്പോള്‍ അമ്മച്ചിയുടെ വാത്സല്യ രുചികള്‍ ഒന്നാകെ നാവില്‍ വന്നു തൊടുന്നു.

67226508_1279303488905698_7984237065304801280_o

ഒടുവിലത്തെ വരികളില്‍
‘ എന്റമ്മച്ചി
എന്റച്ഛനേക്കാള്‍
വലിയ അച്ഛനാണ്‌ ‘ എന്നതില്‍ ധീരയായ ഒരമ്മയുടെ ചിത്രം പതിയുന്നു.
വായന പൊടുന്നനെ കണ്ണു നിറയ്ക്കുന്നത് ‘The Flower Room ‘ എന്ന കവിതയിലെത്തി നില്ക്കുമ്പോഴാണ്.
‘ വയസ്സനാകും മുമ്പ്
മരിക്കാന്‍ തയ്യാറെടുക്കാനാണ്
ചെറുപ്പമെന്നെ പഠിപ്പിക്കുന്നതെന്ന്,
അയാള്‍ പറഞ്ഞത്
അടുത്തിടെയാണ് ‘ എന്ന പ്രവചനം പോലെ വന്ന വരികളില്‍ ജീവിതം ഒളിപ്പിച്ച പ്രിയ കവീ..
എഴുതാനെങ്കില്‍ ദിവസങ്ങളോളം എഴുതേണ്ടി വരും ഈ വരികളൊക്കെ വര്‍ണ്ണിക്കാന്‍. കണ്ണുനീര്‍പ്പാട മൂടുന്ന കണ്ണുകള്‍ കൊണ്ട് വായിച്ചു തീര്‍ക്കാനാവുന്നില്ല ഈ കവിതകളെ.
മനൂ,
” നിന്നെ ത്തൊടുമ്പോള്‍
ഞാനെപ്പോഴും
നീയായി
തിരുത്തിയെഴുതപ്പെടുന്നു”.

comments