Niranjan T G

തൊഴില്‍ കേന്ദ്രത്തിലേക്ക് : വീണ്ടും കാണുമ്പോള്‍

ദേവകി: ക്ഷോഭിക്കാണ്ടിരിക്കൂ. ഞാന്‍ യാതൊരു ധിക്കാരോം പ്രവര്‍ത്തിക്ക്ണില്ല്യ. എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിയ്ക്കും. അത് മറ്റുള്ളോരുടെ ഇഷ്ടത്തിന് ബലികൊടുക്കാന്‍ ഒരുക്കോല്ല്യ.


വക്കീല്‍ : എന്ത് അത്ര താന്തോന്നിത്തം ഇവിടെ തരാവില്യ. ഞാനാ പറയാന്‍ . പാടില്യ പോവാന്‍ .


ദേവകി: പാടില്യേ? ഒരു കാര്യണ്ട്. നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം എന്താന്നറിയ്വോ? ഭാര്യേം ഭര്‍ത്താവും തമ്മിലുള്ള ബന്ധാണ്. അടിമേം യജമാനനും തമ്മിലുള്ള ബന്ധല്ല. ഇത്ര നാളും നിങ്ങള് നേരെയാവും ന്ന് നിരീച്ച്, നിങ്ങള് നേരെയായി കണ്ടാല്‍ ക്കൊള്ളാമെന്ന് മോഹിച്ച് ഞാന്‍ എല്ലാം സഹിച്ചു. ഇനി നിങ്ങടെ താന്തോന്നിത്തങ്ങള് സഹിക്കാന്‍ ഞാന്‍ വിചാരിക്ക്ണില്ല്യ. എന്റിഷ്ടം പോലെ നടക്കാന്‍ എനിക്കധികാരോം അവകാശോണ്ട്. ഞാന്‍ പോണു.



വക്കീല്‍ : (കൈ പിടിച്ച്) ഭ്രാന്തത്തി, പൂവ്വോ കേന്ദ്രത്തിലേക്ക് എന്റെ സമ്മതല്ല്യാണ്ടെ? എന്നാ കാണണലോ, ആ വ്യഭിചാരശാലേക്കുള്ളൊരു പോക്ക്


ദേവകി: (പെട്ടെന്നു കൈ തട്ടിനീക്കി സങ്കടത്തോടും ദേഷ്യത്തോടും കൂടി) വ്യഭിചാരശാല ഭ്രാന്തത്തി ഹൗ നിങ്ങള് പുരുഷനാണല്ലേ? സ്വാതന്ത്ര്യം പുരുഷമ്മാരടേം അടിമത്തം സ്ത്രീകളുടേയും കുത്തകയാണല്ലേ? വ്യഭിചാരശാല ഭ്രാന്തത്തി (പൂണൂല്‍ ചരട് പൊട്ടിച്ച്) താന്‍ വ്യഭിചരിക്കാനവടെ വരുമ്പോള്‍ ഇതുകൂടി കൊണ്ടുപോരൂ- (മുഖത്തേക്ക് വലിച്ചെറിഞ്ഞുപോകുന്നു)


ലക്കിടി ചെറമംഗലത്ത് മനയില്‍ , പല വിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്ന നമ്പൂതിരിപ്പെണ്‍ കിടാങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട തൊഴില്‍ കേന്ദ്രമാണ് ഈ സംഭാഷണത്തിനിടയില്‍ പരാമര്‍ ശിതമാവുന്ന കേന്ദ്രം. അവിടെ വെച്ച് നടന്ന സ്ത്രീകളുടെ ഒരു ക്യാമ്പില്‍ നടന്ന കൂട്ടായ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് ഈ സംഭാഷണമുള്‍പ്പെടുന്ന തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകം. വര്‍ഷം 1948. പുരുഷന്മാരുടേതടക്കം എല്ലാ വേഷങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയ്തത് എന്ന പ്രത്യേകത കൂടി ഈ നാടകത്തിനുണ്ട്. തളിയില്‍ ഉമാദേവി, ഇ.എസ്.സരസ്വതി, ആലമ്പിള്ളി ഉമ, പി.എം.ശ്രീദേവി, എം.സാവിത്രി, പി.പ്രിയദത്ത, വി.എം .ദേവസേന, കാവുങ്കര ഭാര്‍ഗവി എന്നിവരാണ് ഇതില്‍ വേഷമിട്ടത്. ഉത്സാഹക്കാരുടെ കൂട്ടത്തില്‍ മുഖ്യപങ്ക് ശ്രീമതി ദേവകി നിലയങ്ങോടിനും.


മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്ത്രീനാടകം എന്നു പറയാവുന്ന തൊഴില്‍ കേന്ദ്രത്തിലേക്ക് പുന:പ്രസിദ്ധീകരിച്ചത് കോഴിക്കോട് സര്‍വ്വകലാശാലയാണ്. ഈ നാടകത്തിലെ ദേവകി ഇബ്സന്റെ ഡോള്‍ ഹൗസിലെ നോറയേക്കാള്‍ ശക്തയായ കഥാപത്രമാണെന്ന് ശ്രീ.എം ആര്‍ .ഗ്രാമപ്രകാശ് പുസ്തകത്തിന്റെ അവതാരികയില്‍ നിരീക്ഷിക്കുന്നുണ്ട്.


ദേഹം മുഴ്വോന്‍ കാണോക്കോണം ഒരു കണ്ണാടില്യാഞ്ഞിട്ട് എന്ത് വെഷമാന്നോ? സൊന്തായിട്ടൊന്ന് വാങ്ങാന്‍ പൊറപ്പെട്ടപ്പൊ വാര്‍ഡന്‍ സമ്മതിച്ചൂല്യ എന്ന് സങ്കടപ്പെടുന്ന ആഡംബരത്തിലും പരിഷ്കാരത്തിലും സുഖജീവിതത്തിലും മതിമറന്നു ജീവിക്കുന്ന ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി എന്ന് നാടകത്തിനു മുമ്പുകൊടുത്തിട്ടുള്ള കഥാപാത്രവര്‍ണ്ണനയില്‍ പരാമര്‍ശിക്കപ്പെട്ട ദേവകി ഭര്‍ത്താവായ വക്കീലിന്റെ പൂണൂല്‍ വലിച്ചുപൊട്ടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ഒരു പെണ്ണായി രൂപാന്തരപ്പെടുന്നതിന്റെ സൂക്ഷ്മമായ ആവിഷ്കാരം വര്‍ഷങ്ങള്‍ക്കു മുമ്പ് 1948ല്‍ സാഹിത്യാനുഭവങ്ങളൊന്നും ഇല്ലാത്ത ഒരു കൂട്ടം സ്ത്രീകള്‍ അവരവരുടെ ജീവിതങ്ങളില്‍ നിന്ന് കൂട്ടിയെഴുതിയെടുത്ത ഒരു നാടകത്തില്‍ സാദ്ധ്യമായി എന്നതു തന്നെയാണ് ഈ നാടകത്തെ ഇന്നും പ്രസക്തമാക്കുന്ന വസ്തുത. അടിസ്ഥാനപരമായി അതാതുകാലത്തെ സാമൂഹ്യാവസ്ഥകളില്‍ സംഭവിക്കേണ്ട വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഉള്‍പ്രേരകമായി വര്‍ത്തിക്കുന്ന സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലെല്ലാം ഉണ്ടായിരിക്കേണ്ട സത്യസന്ധത കുറച്ച് അന്തര്‍ജനങ്ങള്‍ കൂടിയിരുന്ന് എഴുതിയുണ്ടാക്കിയ ഈ നാടകത്തിലെ ലളിതമായ സംഭാഷണങ്ങളിലെല്ലാം തന്നെ വെളിവാക്കപ്പെടുന്നുണ്ട്.


പെണ്‍വാണിഭം എന്ന വാക്ക് ദൈനന്തിനപദാവലിയുടെ ഭാഗമായിത്തീര്‍ന്ന ഇക്കാലത്ത് സാമുദായികാനുഷ്ഠാനങ്ങളുടെ സൗകര്യപൂര്‍വ്വമായ മറവികള്‍ അത്തരം സംഭവങ്ങള്‍ അന്നും നടന്നിരുന്നു എന്നത് ഒരു പക്ഷെ അത്ഭുതമായേക്കില്ല. 3350 രൂപയ്ക്ക് ദേവസേന എന്ന കന്യകയെ ധര്‍മ്മവേളി കഴിച്ചു കാസര്‍ഗോഡേക്ക് കൊടുക്കാന്‍ ശ്രമിക്കുന്ന അപ്ഫന്‍ നമ്പൂതിരിയുമുണ്ട് ഈ നാടകത്തില്‍ കഥാപാത്രമായി. ഇനീപ്പൊ അയാള്‍ നമ്പൂരി തന്നെ അല്ലാന്നങ്ങട് വെയ്ക്ക്വാ..മിശ്രവിവാഹാവും ന്നല്ലേള്ളൂ.. എന്ന് പുരോഗമനപ്രവര്‍ത്തനങ്ങളുടെ ലേബല്‍ പോലും കാപട്യങ്ങള്‍ക്ക് മറയാക്കാന്‍ കഴിയുന്ന ഒരാള്‍ .


ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍  തൊഴില്‍ കേന്ദ്രത്തിലേക്ക് വീണ്ടും വായിക്കപ്പെടുന്നതിന്റേയും അവതരിപ്പിക്കപ്പെടുന്നതിന്റേയും സാംഗത്യം ആനന്ദി ടി.കെ എഴുതിയ പഠനത്തിലുണ്ട്.


മുമ്പ് അടുക്കള ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ ഇപ്പോഴെന്തുകൊണ്ടാണ് അടുക്കള തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്നത്? മുമ്പ് അരങ്ങിനെ ആശ്ലേഷിക്കാന്‍ ആവേശം കൊണ്ടവര്‍ ഇപ്പോഴെന്തുകൊണ്ടാണ് കഴുകനുണ്ട് മുകളിലും താഴേം എന്ന് സദാ ഓര്‍മ്മപ്പെടുത്തുന്നത്? മുമ്പ് തൊഴിലാണെന്‍ ഭര്‍ത്താവ്’ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ വഴിയിലെവിടെയോ വെച്ച് വാക്കുകള്‍ ഇടറുന്നത് എന്തുകൊണ്ടാണ്? മുമ്പൊരു താത്രീസംഭവം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചെങ്കില്‍ ഇപ്പോള്‍ പെണ്‍വാണിഭം സൃഷ്ടിക്കുന്ന സംഭവപരമ്പരകള്‍ എന്തുകൊണ്ടാണ് ഒരു കനല്‍ക്കട്ടപോലെ നമ്മില്‍ പൊള്ളലേല്‍പ്പിക്കാത്തത്? കീഴ്മേല്‍ മറിച്ചിലുകളുടെ കാലം ഒരുപിടി ചാരമാക്കിയ തിരിച്ചറിവുകളുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ എന്തേ കണ്ണീര്‍ തുള്ളികളെങ്കിലും അടര്‍ന്നുവീണ് ഒരു പ്രളയം സംഭവിക്കുന്നില്ല?”


ഈ പുനര്‍വായനകളുടെ തുടര്‍ച്ചയായാണ് തൊഴില്‍കേന്ദ്രത്തിലേക്ക് ഡോക്യുമെന്ററിയായി ചരിത്രമെന്ന നിലയില്‍ രേഖപ്പെടുത്തപ്പെടുന്നത്. കനവുമലയിലേക്ക്, അനുഭവങ്ങള്‍ എന്നിവയിലൂടെ ദേശീയപുരസ്കാരങ്ങള്‍ നേടിയ ശ്രീ.എം.ജി.ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രം പാലക്കാട് ചിറ്റൂരിലെ പാഞ്ചജന്യം ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്നു.


ആദ്യപ്രദര്‍ശനം തൃശൂര്‍ ശ്രീ തിയേറ്ററിര്‍ ഡിസംബര്‍ 23 ഞായറാഴ്ച രാവിലെ 9 15ന്. നാടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും അഭിനയിക്കുകയും ചെയ്തവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ശ്രീമതി.ദേവകി നിലയങ്ങോട്, ശ്രീദേവി കണ്ണമ്പിള്ളി, ഗംഗാദേവി, കാവുങ്കര ഭാര്‍ഗവി എന്നിവര്‍ ആദ്യപ്രദര്‍ശനത്തിന് ദീപം തെളിയിക്കുന്നു.