"മാവേലി നാടുവാണീടും കാലം ..
മാനുഷരെല്ലാരും ഒന്നുപോലെ .."
മാവേലിയുടെ വിശേഷിച്ചും മലയാളിയുടെ വികസന മാതൃക ചര്‍ച്ച ചെയ്യുബോഴൊക്കെയും, ഉയര്‍ന്ന നമ്മുടെ സാമൂഹ്യ വികസന സൂചികകളെക്കുറിച്ച് നമ്മള്‍ ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ ലിംഗ നീതിയിലെക്ക് സൂചികയെത്തുബോള്‍ തന്ത്രപരമായൊരു മൌനം അടക്കം ചെയ്തിരിക്കുന്നതു കാണാം. സ്ത്രീ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും എല്ലാം കേരളം മുന്‍പന്തിയിലാണെങ്കിലും പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിധ്യത്തിന്റേയും സൂക്ഷ്മസാമൂഹ്യ തലത്തിലെ ലിംഗ സമത്വത്തിന്റേയും മണ്ഡലങ്ങളില്‍ പിന്നിട്ട നൂറ്റാണ്ടിലെ സാമൂഹ്യ സ്ഥിതിയില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു പോകാന്‍ ആയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം .സമത്വത്തിന്റേയും പുരോഗമനത്തിന്റേയും മിനുങ്ങുന്ന തൊലിപ്പുറം ഒന്നാഞ്ഞു ചുരണ്ടിയാല്‍ പടിയിറങ്ങിപ്പോയ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പഴയ ക്ലാവു മണം ഉയര്‍ന്നു വരും. തികഞ്ഞ 'പുരോഗമനവാദികളെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും , സാംസ്ക്കാരിക നവോത്ഥാനത്തിനും സാമൂഹ്യ നീതിക്കും വേണ്ടി ' കഠിനയത്നം' ചെയ്യുന്നവര്‍ പോലും അവരവരുടെ 'സ്വ-കാര്യ' ഇടങ്ങളില്‍ പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥ പ്രദാനം ചെയ്യുന്ന സൌകര്യങ്ങള്‍ കൈവിട്ടു കളയാന്‍ നന്നായ് മടിക്കുന്നു. അതോടൊപ്പം തികച്ചും പുരുഷാധിപത്യ ദര്‍ശനാടിസ്ഥാനത്തില്‍ നിന്നു മാത്രം സ്ത്രീ പ്രശ്നങ്ങളെ സമീപിക്കുകയും ആശയബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നു വരുബോഴാണ് ,കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃകയുടെ 'സ്ത്രീപക്ഷക്കാഴ്ച്ച ' ലജ്ജാകരവും ഏച്ചുകെട്ടലുമാകുന്നത് .
തികഞ്ഞ 'പുരോഗമനവാദികളെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും , സാംസ്ക്കാരിക നവോത്ഥാനത്തിനും സാമൂഹ്യ നീതിക്കും വേണ്ടി ' കഠിനയത്നം' ചെയ്യുന്നവര്‍ പോലും അവരവരുടെ 'സ്വ-കാര്യ' ഇടങ്ങളില്‍ പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥ പ്രദാനം ചെയ്യുന്ന സൌകര്യങ്ങള്‍ കൈവിട്ടു കളയാന്‍ നന്നായ് മടിക്കുന്നു. |
ഫ്യൂഡല്‍ വ്യവസ്ഥയുടെ കഠിന തടവറകളില്‍ തളച്ചിടപ്പെട്ട സ്ത്രീ സാമാന്യത്തിന് വിദ്യാഭ്യാസവും തൊഴിലും നല്‍കിക്കൊണ്ടാണ് 'മുതലാളിത്തം' തങ്ങളുടെ കൊട്ടിഘോഷിക്കുന്ന 'സ്ത്രീ പക്ഷ' മുന്നേറ്റങ്ങ ളുടെ 'പുരോഗമനോന്മുഖം വെളിവാക്കിയത്. എന്നാല്‍ ആഗോളീകൃത തൊഴില്‍ പരിസരത്തില്‍ വിപണിയിലെ തൊഴിലുപകരണമെന്ന നിലയില്‍,അതാവശ്യപ്പെടുന്നതു മാത്രമുള്ള സഞ്ചാര സ്വാതന്ത്രവും, കുടുംബ വ്യവസ്ഥയുടെ അനായാസേനയുള്ള നിലനില്‍പ്പിനായി മാത്രം ആവശ്യം വരുന്ന ഗൃഹസ്ഥാശ്രമ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിനു മാത്രമുള്ള യാത്രകളുമാണ് 'ഇവിടെയും' സ്ത്രീയുടെ സഞ്ചാര സ്വാതന്ത്രത്തിന്റെ ആശ്യാസ്യമായ അതിരുകള്‍ നിര്‍ണ്ണയിച്ചത് .
ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം ; പിന്നേം ചാടിയാല്‍ ചട്ടിയോളം..!
അവളുടെ സ്വാതന്ത്രവജ്ഞക്കു മേല്‍ പുരുഷാള ഭാഷാ കല്‍പ്പനകളില്‍ നിന്നുമുരുത്തിരിഞ്ഞ മേല്‍ 'പാഴ്ചൊല്ലിലെ' പ്രസ്തുത സ്ത്രീവിരുദ്ധതയില്‍ നിന്നു തന്നെ പുരുഷന്റെ 'ലോകത്തിലെ' അഭ്യസ്ഥ/ അനഭ്യസ്ഥ സ്ത്രീയുടെ കാഴ്ച്ച വ്യക്തമാകുന്നു ! ജനകീയാസൂത്ര ണം / സ്ത്രീ സംവരണം / കുടുബശ്രീ പുരോഗമന ജനകീയ പ്രസ്ഥാനങ്ങള്‍ / സ്ത്രീ ശാക്തീകരണ രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വിഭിന്നങ്ങളായ തോതില്‍ പൊതുജീവിതത്തില്‍ സ്ത്രീയുടെ ദൃശ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കിലും ലിംഗനീതിയുമായി ബന്ധപ്പെട്ട ജനാധിപത്യ സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. ഭൂമി ശാസ്ത്രപരമായ അതിര്‍ത്തി രേഖകള്‍ അപ്രസക്തമാക്കിക്കൊണ്ട് നവ- സാമ്രാജ്യത്വം അതിന്റെ അടുക്കളയില്‍ വിളയിച്ചെടുത്ത ' ആഗോള ഗ്രാമത്തിലെ ' അതിരുകളില്ലാത്ത 'ആനന്ദങ്ങളില്‍ ' ആഘോഷപൂര്‍വ്വം അഭിരമിക്കുബോഴും പ്രാചീന 'ഗ്രാമ്യതയുടെ ' ആണ്‍ കോയ്മയിലധിഷ്ഠിതമായ ഇരുളട ഞ്ഞ മൂല്യ വ്യവസ്ഥകള്‍ നെഞ്ചേറ്റുന്ന നെടുനീളന്‍ നാഗരികത ഇതെന്ന ചോദ്യത്തിനുത്തരം ; കേരളമെന്നു മാത്രമാകുന്നു. ആണുങ്ങളില്‍ നിന്നും വ്യത്യസ്തമായി , ഭൂപടത്തില്‍ എവിടെയും അടയാളം ചെയ്തിട്ടില്ലാത്ത 'എവിടെയുമല്ലാത്ത' ഒരുതരം മണ്ണിലാണ് 'പെണ്ണുങ്ങള്‍ അധിവസിച്ചു പോരുന്നത് ! നഗര / ഗ്രാമ ഭേദമെന്യേ ജീവിതത്തിന്റെ ദൈനന്തിന രീതിശാസ്ത്രങ്ങളില്‍ മാത്രമല്ല, വ്യവസ്ഥയെ നോക്കിക്കാണുന്നതിലും ഉള്‍ക്കൊള്ളുന്നത്തിലും എല്ലാം 'ലിംഗപരമായ' പ്രസ്തുത വൈജാത്യം പ്രകടമാണ് .
പൊതു-സ്വകാര്യ ഇടങ്ങള്‍ തുടര്‍ച്ചകളും പരസ്പരം മൂല്യ വ്യവസ്ഥകളുടെ നിരന്തര വിനിമയം സാധ്യമാക്കുന്നതുമായ ഇടങ്ങളാണെങ്കിലും, രണ്ടിടങ്ങളിലെയും സ്ത്രീകളുടെ പദവിയും സ്വീകാര്യതയും ഘടനാപരമായും ചരിത്രപരമായും വ്യത്യസ്തമാണ് . |
പെണ്ണിനെ മോന്തും തീവണ്ടി
അടുത്തയിടെ കേരളത്തിലെ ട്രെയിനുകളില്‍ യാത്ര ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ ദുരന്തം അധികമാരും മറന്നിരിക്കാനിടയില്ല. ജോലി കഴിഞ്ഞു വിവാഹസ്വപ്നങ്ങളുമായി തീവണ്ടിയിലെ ലേഡീസ് കംബാര്‍ട്ടുമെന്റില്‍ വീട്ടിലേക്കു മടങ്ങിയ സൌമ്യയെ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. പെണ്ണിന്റെ മാനം ലൈംഗികതയുടെ അളവ് കോലിലാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന് മാനഭംഗമെന്ന പദം പോലും സൂചിപ്പിക്കുന്നുണ്ട് . തുടര്‍ന്ന് സൌമ്യക്ക് ജീവന്‍ നഷ്ടമായി. മറ്റൊന്ന് കോഴിക്കോട് NIT യില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശിനി ഇന്ദുവിന് ദൂരൂഹ സാഹചര്യത്തില്‍ ജീവാപായം സംഭവിച്ചതാണ്.ഈ രണ്ടു സംഭവങ്ങളിലും മലയാളി സമൂഹം പ്രതികരിച്ച രീതിയില്‍ നിന്നും എത്രത്തോളം കാപട്യം നിറഞ്ഞതാണ് നമ്മുടെ മൂല്യ വ്യവസ്ഥയും പുരോഗമന വികസിത സദാചാരബോധവുമെന്നു വ്യക്തമാകും .
സൌമ്യ മാമൂല്‍ സദാചാരങ്ങ ള്‍ ക്ക് ഭീഷണിയുയര്‍ത്താത്ത 'സാധാരണ പാവം ' പെണ്‍കുട്ടിയും അവളെ ആക്ക്രമിച്ച ഗോവിന്ദച്ചാമി വ്യവസ്ഥാപിത ചീത്തത്തരങ്ങ ളുടെ (തെണ്ടി , തമിഴന്‍ , ഗുണ്ട) മൂര്‍ത്തീരൂപവുമായിരുന്നതിനാല്‍ അവളുടെ ദുരന്തത്തില്‍ പരിതപിക്കാനും ഗോവിന്ദച്ചാമിക്കെതിരെ രോഷത്തിന്റെ തിരി നീട്ടാനും മലയാളിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ഇന്ദുവിന്റെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ സാമൂഹ്യ യുക്തികളാണ് പ്രയോഗിക്കപ്പെട്ടത്. " പ്രണയത്തിനും വിവാഹത്തിനും ഇടയിലെ അന്തര്‍സംഘര്‍ഷങ്ങളായിരുന്നോ ഇന്ദുവിന്റെ മരണത്തിലേക്കു വഴിവെച്ചത് ? അവള്‍ ഒന്നിലധികം പുരുഷന്മാരോട് പ്രണയത്തില്‍ ആയിരുന്നുവോ ? വിവാഹ നിശ്ചയം കഴിഞ്ഞ ഇന്ദു യാഥാസ്ഥിക സദാചാരം ആവശ്യപ്പെടുന്ന ലൈംഗിക വിശുദ്ധിയുള്ളവളായിരുന്നോ ? ഒപ്പം യാത്ര ചെയ്തിരുന്ന പുരുഷനുമായി ഇന്ദുവിന് 'വഴി വിട്ട ' ബന്ധങ്ങള്‍ ഉണ്ടായിരുന്നുവോ ? " തുടങ്ങിയ ചോദ്യങ്ങള്‍ ആണ്‍ - പെണ്‍ ഭേദമെന്യേ ഉയര്‍ത്തുകയും ; ഉത്തരങ്ങള്‍ നല്ല/ ചീത്ത ദ്വന്ദങ്ങല്‍ക്കിടയിലെ സംശയത്തിന്റെ നരച്ച ഇടങ്ങളില്‍ നഷ്ടമാകുകയും ചെയ്തപ്പോള്‍ കൌശലം കലര്‍ന്നൊരു മൌനത്തിനു പിന്നിലൊളിച്ചാണ് നാം നമ്മുടെ പുരോഗമനത്തിന്റെ മുഖം രക്ഷിച്ചെടുത്തത്.
തമിഴന്‍ / തെണ്ടി / ഗുണ്ട
സ്ത്രീകളിലേതെന്ന പോലെ പുരുഷന്മാരുടെ കാര്യത്തിലും ഈ നല്ല / ചീത്ത സ്റ്റീരിയോ ടൈപ്പ് ദ്വന്ദങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കാണാം . സ്ത്രീകളേയും കുട്ടികളേയും 'സംരക്ഷിക്കുന്ന ആണത്തമുള്ള' ആണുങ്ങള്‍ നല്ലവരും മറിച്ച് നല്ല സ്ത്രീകളെ ആക്ക്രമിക്കുന്നവര്‍ മോശക്കാരും !. ഇവിടെ ഗോവിന്ദ ച്ചാമി - തമിഴന്‍ / തെണ്ടി / ഗുണ്ട തുടങ്ങിയ എല്ലാ 'അസംസ്കൃത' ഗുണഗണങ്ങളും ഒന്നിച്ചയാള്‍ ; അതു കൊണ്ടു തന്നെ നമ്മുടെ 'സ്വന്തവും -സ്വകാര്യവും - സമീപസ്ഥവുമായ' ഇടങ്ങളില്‍ ഇടപഴകേണ്ടിവരുന്ന 'നല്ലവരും സാധാരണക്കാരുമായ' ഭൂരിപക്ഷം പുരുഷന്മാരുടേയും പൊതു സ്വത്വത്തില്‍ നിന്നും വളരെ അകലെ നില്‍ക്കുന്നവന്‍ ! എന്നാല്‍ 'നല്ലവര്‍ ' എന്ന സാമാന്യ യുക്തിയാല്‍ വിവക്ഷിക്കപ്പെടുന്നവരുടെ ഗുപ്തമായ സ്ത്രീ വിരുദ്ധ നിലപാടുകളാണ് സാധാരണക്കാരും നല്ലവരുമായിരുന്നിട്ടും , ദുസ്സഹമായൊരു ദൈന്തിന ചക്ക്രം ചവിട്ടലായി സ്ത്രീജീവിതങ്ങളെ മാറ്റുന്നതില്‍ പ്രമുഖ പങ്കു വഹിക്കുന്നതെന്ന സാമാന്യ ബോധം / അറിവ് ഇരകളടക്കമുള്ള സാമാന്യം 'സ്വബോധത്തോടെ' മറക്കുന്നു.
സൌമ്യ മാമൂല്‍ സദാചാരങ്ങ ള്‍ ക്ക് ഭീഷണിയുയര്‍ത്താത്ത ‘സാധാരണ പാവം ‘ പെണ്‍കുട്ടിയും അവളെ ആക്ക്രമിച്ച ഗോവിന്ദച്ചാമി വ്യവസ്ഥാപിത ചീത്തത്തരങ്ങ ളുടെ (തെണ്ടി , തമിഴന്‍ , ഗുണ്ട) മൂര്‍ത്തീരൂപവുമായിരുന്നതിനാല്‍ അവളുടെ ദുരന്തത്തില്‍ പരിതപിക്കാനും ഗോവിന്ദച്ചാമിക്കെതിരെ രോഷത്തിന്റെ തിരി നീട്ടാനും മലയാളിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല |
വിശുദ്ധപശുക്കള്‍
സ്ത്രീയുടെ അസ്തിത്വത്തിന്റെ ജൈവികവും ഉദ്പ്പാദാനപരവും സാമൂഹ്യവുമായ സമഗ്രതയെ നിരാകരിച്ച് അവളെ ശരീരത്തിലേക്ക് ചുരുക്കുകയും ശരീരമാത്ര ലോകത്തേയും ലൈംഗികതയേയും പ്രത്യുല്‍പ്പാദാന ത്തേയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് പുരുഷ കേന്ദ്രീ കൃത വ്യവസ്ഥിതിയുടെ ആദിമമായ പ്രയോഗ രീതികളില്‍ ഒന്നാണ് . വസ്തു - ശരീരവല്‍ക്കരണ പ്രക്രിയയിലൂടെ അനിയന്ത്രിതമായ സ്ത്രീ ലൈംഗികത സമൂഹത്തിന്റേയും കുടുംബത്തിന്റേയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുകയും അത് അപകടകരമായ നിലയിലേക്ക് നീങ്ങുകയും ചെയ്യുമെന്ന്‍ അവര്‍ ഭയക്കുന്നു !അതു കൊണ്ട് 'അവളെ' ലിംഗരാഹിത്യത്തി ന്റേയും നിസ്സംഗതയു ടേയും വെള്ള വസ്ത്രത്തില്‍ മൂടിപ്പുതപ്പിച്ച് അമ്മ/ പെങ്ങള്‍ / ദേവി തുടങ്ങിയ ആദര്‍ശ ബിംബങ്ങളാക്കി അലൈംഗികരായ 'കുല സ്ത്രീകലാക്കി' അകത്തളങ്ങളില്‍ പ്രതിഷ്ഠിച്ചു കൊണ്ട് സമ്പൂര്‍ണ്ണാധിപത്യവും നിയന്ത്രണവും സാധ്യമാക്കുന്നു.ഇപ്പറഞ്ഞ രീതിയില്‍ അടക്കവും ഒതുക്കവുമുള്ള, അമ്മ/ പെങ്ങള്‍ സംജ്ഞകളിളൊതുങ്ങാത്ത അഥവാ കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ അല്ലാത്തവരെല്ലാം ഭോഗ വസ്തുക്കളാണെന്നും സാമാന്യ വിവക്ഷ .
ഇങ്ങനെയുള്ള നമ്മുടെ വേണ്ടപ്പെട്ടവര്‍ പൊതു ഇടങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടെണ്ടവരും, പൊതു ഇടങ്ങളാല്‍ തീണ്ടാപ്പെടാതെ അവരുടെ 'വിശുദ്ധികള്‍ കാത്തു രക്ഷിക്കപ്പെപ്പെടേണ്ടതുമത്രേ.മറിച്ച് വഴിവിട്ട് / അസമയത്ത് / അനാവശ്യമായി / വേണ്ടാത്തിടത്ത് പോകുന്നവള്‍ മേല്പറഞ്ഞ 'നല്ല' സ്ത്രീകളുടെ നിര്‍വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്തവള്‍. ഇത്തരം അപഥ സഞ്ചാരിണികളാല്‍ പൊതു ഇടങ്ങളുടെ വിശുദ്ധി തീണ്ടാപ്പെടാതെ രക്ഷിക്കേണ്ടതും മേല്‍പ്പറഞ്ഞ ജന സമാന്യത്തിന്റെ കര്‍ത്തവ്യങ്ങളില്‍ പെടുന്നു. പൊതു ഇടങ്ങളിലേക്ക് കടന്നു കയറാന്‍ ഇത്തരം 'ചീത്ത ' സ്ത്രീകളില്‍ നിന്നുണ്ടാകുന്ന ശ്രമങ്ങളെ കായികമോ അല്ലാതെയോ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ/ മൂല്യ വ്യവസ്ഥയുടെ നിലനില്‍പ്പിനു അത്യാവശ്യമാണ് !
അടുത്തയിടെ കാക്കനാട്ട് വെച്ചു IT ജീവനക്കാരിയായ തെസ്നി ബാനു, ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ സാമൂഹ്യദ്രോഹികളുടെ ആക്ക്രമാനത്തിനിരയായ സംഭവം സ്ത്രീകളുടെ പൊതു ഇടങ്ങള്‍ക്കു മേലുള്ള അവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു ചൂടു പിടിപ്പിച്ചിരുന്നു. രാത്രിയിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് തെസ്നി കൂട്ടുകാരനെ ഒപ്പം കൂട്ടിയത് .എന്നാല്‍ സദാചാര പോലീസ് ചമഞ്ഞ ചില 'നല്ല' യാളുകള്‍ മറ്റൊരു നിലയില്‍ അതു വ്യാഖ്യാനിക്കുകയും, ചോദ്യം ചെയ്യുകയുമുണ്ടായി. അപമാനിക്കാന്‍ ശ്രമിച്ചവരോട് തന്റെ സ്വയം നിര്‍ ണ്ണയവകാ ശത്തെക്കുറിച്ചു പറഞ്ഞ തസ്നി ഭാനുവിനെ പക്ഷെ മേല്‍പ്പറഞ്ഞ സദാചാര സംരക്ഷകര്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയാണുണ്ടായത്. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഉയര്‍ന്നു കേട്ട ഒരു ചോദ്യം എന്തിനു, ആ സമയത്ത് , അഥവാ ' അസമയത്ത് ' , ആ വഴി പോയി എന്നതായിരുന്നു !
മിഴിമുനയില്‍ മതി ; യാത്രകള്‍
പുരോഗമനേച്ചുക്കളും മനുഷ്യാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ഫിഫ്ത്ത് എസ്റ്റേറ്റുകാര്‍ പോലും എവിടെയും യഥേഷ്ടം സഞ്ചരിക്കുന്നതിനുള്ള മൌലികാവകാശത്തെ ഹനിക്കുന്ന ഈ സംഭവത്തെ അപലപിക്കുന്നതിനു പകരം, 'അപഥസഞ്ചാരിണി'യെന്നു തെറ്റിധരിച്ചുള്ള പൊതു ജനത്തിന്റെ ഇടപെടല്‍ എന്ന നിലയില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത് തികച്ചും സ്ത്രീ വിരുദ്ധവും, ലിംഗനീതി പുലരുന്ന ലോകം സ്വപ്നം കാണുന്ന 'സ്ത്രീ സമൂഹത്തിന്' കടുത്ത വേദനയുളവാക്കുന്നതുയിരുന്നു .സാമൂഹ്യ നീതിയുടെ അപ്പോസ്തലന്മാരകേണ്ടവര്‍ പുരുഷകേന്ദ്രീകൃത സമൂഹം വെട്ടിയ വഴിയുടെ അതിരുകല്‍ക്കപ്പുറത്തേക്ക് കണ്ണും മനസ്സും നീട്ടുന്നവരെ വഴിവിട്ടു നടക്കുന്നവര്‍ അഥവാ അപഥ സഞ്ചാരിണികള്‍ എന്നു വിളിക്കുകയും, ' അത്തരക്കാരികളെ' ചോദ്യം ചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള 'ജനക്കൂട്ടത്തിന്റെ' സദാചാരപരമായ അവകാശത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കില്‍ ഇടുങ്ങിയ ഫ്യൂഡല്‍ മൂല്യ വ്യവസ്ഥയുടെ വലക്കണ്ണികളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിലെ മൌലിക വാദികളില്‍ നിന്ന് സദാചാരപോലീസിങ്ങില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കെണ്ടതില്ല തന്നെ !
The 'Freedom Walk' organised by Centre for Film Gender and Cultural Studies against the Cultural Fascism and Moral policing
ആള്‍ക്കൂട്ടം പ്രാകൃത സദാചാരം നടപ്പിലക്കിയതിനെ അപലപിക്കുന്നതിനു പകരം സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ അകറ്റി നിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ / സാമുദായിക അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ യത്നിക്കുന്നവരുടെ വിടുപണി ചെയ്യുകയയായിരുന്നു കാക്കനാടു സംഭവത്തിലൂടെ ഫിഫ്ത്ത്' എസ്റ്റേറ്റുകാര്‍ ! പ്രസ്തുത മനുഷ്യാവകാശ ലംഘനത്തിനെതിരെ കേരളത്തിലങ്ങിങ്ങോളം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നു. സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് നടത്തിയ ഫ്രീഡം വാക്കായിരുന്നു ഇവയില്‍ ആദ്യത്തേത്. വഴികളും രാത്രികളും പൊതു ഇടങ്ങളും തങ്ങളുടേതു കൂടിയാണെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്. ഇത്തരം പ്രതിഷേധങ്ങള്‍ പുത്തന്‍ തിരിച്ചറിവുകള്‍ക്ക് ഉപാധികളാകുമെങ്കിലും സ്ത്രീകളുടെ രണ്ടാം തരം പൌരത്വത്തിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നിലവിലെ സങ്കീര്‍ണ്ണ മായ സാമൂഹ്യ അധികാര ബന്ധങ്ങളിലെ കാതലായ മാറ്റത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ.
നിലാവ് കാണണമെന്നോ !
യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വര്‍ധിച്ചെങ്കിലും, യാത്രയുടെ ഉദ്ധേശ ലക്ഷ്യങ്ങളും, യാത്ര മണ്ഡലങ്ങളും പരിശോധിച്ചാല്‍ കൃത്യമായ ലിംഗഭേദം കാണാന്‍ സാധിക്കും. സ്ത്രീകളുടെ യാത്രകള്‍ക്ക് സ്വീകാര്യമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ അവളുടെ സാമൂഹ്യ സ്വീകാര്യതയും, ലിംഗപദവിയുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. കുടുംബം പോറ്റുവാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ കുനിഞ്ഞ ചുമലുകളിലേക്ക് മാറ്റിയേല്‍പ്പിക്കാന്‍ മടി കാണിക്കാതിരുന്നപ്പോള്‍ തന്നെ അവളുടെ യാത്രകള്‍ക്ക് ഇത്തരം ധര്‍മ്മങ്ങള്‍ നിറവേറ്റാനാവശ്യമുള്ളിടത്തോളം മാത്രമേ ദൈര്‍ഘ്യമനുവദിക്കപ്പെടുന്നുള്ളൂ . കുറ്റിയില്‍ കെട്ടിയ പശുവിന്റെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ നിശച്ചയിക്കുന്നത് കയറിന്റെ നീളമാണല്ലോ. പഠിക്കാന്‍, ജോലിയ്ക്ക്, ജോലി കഴിഞ്ഞു വീട്ടിലേക്കും കുടുംബ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി - ഇതിനപ്പുറമുള്ള യാത്രകള്‍ - അപഥ സഞ്ചാരത്തിന്റെ കള്ളികളിലേക്ക് നീളുന്നവയും വിക്രുതിപ്പശുവിന്റെ താക്കീതര്‍ഹിക്കുന്ന വേലി ചാട്ടങ്ങള്‍ക്കൊപ്പം പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
വിദ്യാഭ്യാസം/ തൊഴില്‍/ ഗൃഹസ്ഥാശ്രമ ധര്‍മങ്ങള്‍ തുടങ്ങിയവ നിര്‍വ്വഹിക്കുന്നതിനുള്ള പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം, പക്ഷെ സ്വതന്ത്രമല്ല; മറിച്ചു നിബന്ധനകള്‍ക്ക് വിധേയമാണ്. അനിവാര്യമായ ഇത്തരം യാത്രകള്‍ അവളുടെ വീട്ടിനകത്തെ ജീവിതത്തിന്റെ പൂരക സ്വഭാവമുള്ളതും, മാന്യവുമാണെന്ന് ദ്യോതിപ്പിച്ചെങ്കില്‍ മാത്രമേ അപകടകരമായ പൊതു പരിസരങ്ങളില്‍ ഭീഷണിയില്ലാതെ സഞ്ചരിക്കാന്‍ അവള്‍ക്കു സാധ്യമാവുകയുള്ളു. ഇത്തരത്തില്‍ അന്തസ്സും മാന്യതയും ഉദ്ദേശ ശുദ്ധിയും തെളിയിക്കാന്‍ സ്ത്രീകള്‍ക്ക് പല വിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നു. ഷോപ്പിങ്ങിനോ,തൊഴിലിടത്തിലെക്കോ , കോളേജിലേയ്ക്കോ, പോകുകയാണെന്നുള്ള അടയാളങ്ങളായി ബാഗോ പുസ്തകമോ, പൊതികളോ കയ്യിലേന്തി, അല്ലെങ്കില്‍ ബസ് സ്റ്റോപ്പ്/റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഏക മനസ്സോടെയുള്ള ധൃതിയില്‍ നടന്നു കൊണ്ട് , അതുമല്ലെങ്കില്‍ വിവാഹിതയും, ഗൃഹസ്ഥശ്രമിയും, ഭാവശുദ്ധിയുള്ളവളുമായ സ്ത്രീയാണെന്ന് ശരീരത്തിലെ അടയാളങ്ങളും, വസ്ത്ര ധാരണവും ശരീര ഭാഷയും കൊണ്ട് വിളിച്ചു പറഞ്ഞ് അങ്ങനെ മാന്യതയു ടേയും , തറവാടിത്തതിന്റേയും , അത്യാവശ്യത്തിന്റേയും ബാനറുകള്‍ എളുപ്പത്തില്‍ കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചു, വിധേയയും, വിനീതയുമായി ക്ഷമാപണത്തോടെയാണ് സ്ത്രീകള്‍ പൊതു ഇടങ്ങളിലൂടെ കടന്നു പോകുന്നത്. ഇങ്ങനെ അനുവദനീയമായ എന്തെങ്കിലുമല്ലാതെ വെറുതെ നില്‍ക്കുന്ന സ്ത്രീയെ പൊതു ഇടങ്ങളില്‍ കണ്ടു കിട്ടുക ദുര്‍ലഭമാണ്. കാറ്റ് കോളുക, കടല കൊറിക്കുക, സ്റ്റാച്യുവിലെ തിരക്കിലൂടെ നടക്കുക , കാഴ്ച കാണുക, ഒന്നിനുമല്ലാതെ വെറുതെ നടക്കുക, മൈതാനത്തോ , പാര്‍ക്കിലോ കടല്‍ പ്പുറത്തോ ഒറ്റക്കിരിക്കുക- ഇതൊക്കെ ഒരു 'സാധാരണ' സ്ത്രീയുടെ ജീവിത പുസ്തകത്തിലെ കാണപ്പെടാത്ത അധ്യായങ്ങളാണ് കുലീന ധര്‍മ്മങ്ങളൊന്നും നിറവേറ്റാനായല്ലതെയുള്ള പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിധ്യം അസാധാരണവും, അസ്വസ്ഥജനകവും, അതു കൊണ്ടു തന്നെ ഒഴിവാക്കപ്പെടേണ്ടതും കൂടിയാണ്. നിലാവ് കാണാനും രാത്രിയിലെ നഗരജീവിതമാറിയാനും അവള്‍ക്കുമാകുന്ന കാലം ഇനിയും വിദൂരമാണ്, കേരളത്തില്‍ !
പെപ്പെര്‍ സ്പ്രേ, മുളകുപൊടി
കാറ്റ് കോളുക, കടല കൊറിക്കുക, സ്റ്റാച്യുവിലെ തിരക്കിലൂടെ നടക്കുക , കാഴ്ച കാണുക, ഒന്നിനുമല്ലാതെ വെറുതെ നടക്കുക, മൈതാനത്തോ , പാര്‍ക്കിലോ കടല്‍ പ്പുറത്തോ ഒറ്റക്കിരിക്കുക- ഇതൊക്കെ ഒരു ’സാധാരണ’ സ്ത്രീയുടെ ജീവിത പുസ്തകത്തിലെ കാണപ്പെടാത്ത അധ്യായങ്ങളാണ് |
യഥാര്‍ഥവും കല്പിതവുമായ ഈ അരക്ഷിതാവസ്ഥയില്‍ നിന്നുള്ള സുരക്ഷ വ്യക്തിപരമായി സ്ത്രീകളുടെ തന്നെ ബാധ്യതയാക്കുകയാണ് സമൂഹം ചെയ്യുന്നത്. കേവല സുരക്ഷിതത്വ ബോധം സൃഷ്ടിക്കാനായി സ്ത്രീകള്‍ ശ്രമിക്കുന്നത് വിവിധ രീതികളിലാണ്. മൊബൈല്‍ ഫോണ്‍ പലപ്പോഴും സുരക്ഷിതത്വവും സഹായവും ഒരു വിളിപ്പാടകലെ ഉണ്ടെന്ന ധൈര്യം നല്‍കാന്‍ സഹായകമാവുന്നുണ്ട്. കൂട്ടം ചേര്‍ന്ന് സഞ്ചരിച്ചും , കൂട്ടിനു പുരുഷനെക്കൂട്ടിയും, കത്തി, പെപ്പെര്‍ സ്പ്രേ, മുളകുപൊടി കായികമായ പ്രതിരോധ മുറകളിലെ പ്രാവീണ്യം, ഇങ്ങനെ വ്യക്തിപരമായ സുരക്ഷയ്ക്ക് സ്ത്രീകള്‍ ആശ്രയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണ്.
ഓരോ യാത്രയും ഒരു യുദ്ധം ജയിക്കലാണ്
നിത്യ ജീവിതത്തില്‍ പൊതു ഇടങ്ങളില്‍ നിരന്തരം നേരിടുന്ന ചെറുതും അത്ര തന്നെ ചെറുതല്ലാത്തതും എന്നാല്‍ സാധാരണവുമായ അപമാനങ്ങളും, അറിഞ്ഞും അറിയാതെയുമുള്ള തട്ടല്‍ മുട്ടല്‍ തലോടല്‍ തുടങ്ങി ശരീരത്തിലേക്കുള്ള കടന്നു കയറ്റങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് സാമാന്യ രീതി. പുരുഷ കേന്ദ്രീകൃത പരിസരങ്ങളിലെ ഇത്തരം 'സ്വാഭാവിക' പ്രതികരണങ്ങള്‍ക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നത് ' ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധിയ്ക്കു' ചേര്‍ന്നതല്ലെന്നതാണ് വെയ്പ്പ് . കഴിയുന്നതും വേഗം ചെയ്യേണ്ട കാര്യം ചെയ്തു തീര്‍ത്ത് തനിക്കായുള്ള ഇടമായ ഗൃഹാന്തര്‍ഭാഗത്തേക്ക് നിഷ്ക്രമിക്കുന്നവരാണ് തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ !
ഇത്തരം അതിക്രമങ്ങളെ കേവലം വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങളായി കണക്കാക്കി, പൊതു ഇടങ്ങളിലെ സുരക്ഷ സ്ത്രീകളില്‍ തന്നെ നിക്ഷിപ്തമാക്കനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പൊതുസാമാന്യത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ള (സ്ത്രീകള്‍ ഉള്‍പ്പെടെ) ഡല്‍ഹി പോലീസെ കമ്മിഷണര്‍ ബി കെ ഗുപ്ത അടുത്തിട പറഞ്ഞത് രണ്ടു മണിക്കും മൂന്നു മണിക്കും ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്നവര്‍ അരക്ഷിതരാ ണെ ന്നു പരാതിപ്പെട്ടാല്‍ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനില്ലെന്നും , കൂട്ടിനുള്ളവര്‍ കൂട്ടിക്കൊണ്ടു പോകുയോ, സുരക്ഷിതത്വത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയോ ചെയ്യുണ്ടത് 'സ്ത്രീ ശരീരം' എന്ന മുതലും പേറി യാത്ര ചെയ്യുന്ന പെണ്ണുങ്ങളുടെ തന്നെ ബാധ്യതയെന്നുമാണ് .
ദിനേന ആവര്‍ത്തിക്കുന്ന യാത്രകള്‍ പോലും ശ്വസമാടക്കിപ്പിടിച്ചുള്ള ഒരു ഓടി രക്ഷപ്പെടലാണ്, ഓരോ സ്ത്രീയ്ക്കും,.എവിടെനിന്നൊക്കെയോ തന്റെ നേര്‍ക്ക് നീണ്ടു വരുന്ന ഒരു കൈ, ഏതോ വിടന്റെ നോട്ടം, മുറിപ്പെടുത്തുന്ന വാക്ക്, അപമാനിയ്ക്കപ്പെടുന്ന സ്വത്വ ബോധം...കീഴടങ്ങലിന്റെ സാമൂഹ്യപാഠം നമ്മുടെ പെണ്കുട്ടികളുടെ സത്തയിലെക്ക് സ്വാംശീകരിക്കുന്ന പാഠശാലകലാകുന്നു യാത്രകള്‍ . നമ്മുടെ വഴികളും വാഹനങ്ങളും പെണ്കുട്ടികളുടേ കൂടിയാണ്. തിരിച്ചറിവിന്റെ വിശാല ലോകത്തിലേയ്ക്ക് കുളംബടിച്ചു നടന്നു കയറേണ്ട വീഥികള്‍ , ഭയന്നും, വിറച്ചും ചുളുങ്ങിയും ചൂളിയും താണ്ടുകയാണ് നമ്മുടെ പെണ്കുട്ടികള്‍ .
കൂട്ടം ചേര്‍ന്ന് സഞ്ചരിച്ചും , കൂട്ടിനു പുരുഷനെക്കൂട്ടിയും, കത്തി, പെപ്പെര്‍ സ്പ്രേ, മുളകുപൊടി കായികമായ പ്രതിരോധ മുറകളിലെ പ്രാവീണ്യം, ഇങ്ങനെ വ്യക്തിപരമായ സുരക്ഷയ്ക്ക് സ്ത്രീകള്‍ ആശ്രയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണ്. |