Rashna P

തനിയാവര്‍ത്തനം

പുതുമണ്ണിന്റെ മണം ഉയര്‍ന്നു പൊങ്ങുന്ന ഒരു വൈകുന്നേരം വൃത്തിയുള്ള ആ ചെറു വീടിന്റെ സിറ്റൌട്ടിലിരുന്ന് സുഹൃത്ത് അയാളോട് പറഞ്ഞു.

നിങ്ങള്‍ എന്തെങ്കിലും എഴുതണം.

നിങ്ങളുടെ സര്‍ഗ്ഗശേഷി വാക്കുകളും വരികളുമായി മാറണം. ഇങ്ങനെ മടിച്ചിരുന്നാല്‍ പറ്റില്ല.

സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

വെറുതെ ചിരിച്ചതല്ലാതെ അയാളോന്നും പറഞ്ഞില്ല. എന്തിന് സുഹൃത്തിനെ പിണക്കണം. വളരെ അന്തര്‍മുഖനായ ഒരു എഴുത്തുകാരനായതു കാരണം കൂട്ടുകാര്‍ പൊതുവേ തന്നെ അയാള്‍ക്ക് കുറവാണ്. എന്നാല്‍ എല്ലാ എഴുത്തുകാരും ഉള്‍വലിഞ്ഞവരാണെന്ന പൊതുജനാഭിപ്രായത്തോട് യോജിപ്പില്ല. മേല്‍ പറഞ്ഞ സുഹൃത്ത് തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇത്ര വിശാലമായ സുഹൃത്ത് വലയമുള്ള ഒരു സാഹിത്ത്യകാരനെ മറ്റെവിടെ കാണാന്‍ കഴിയും.

പിന്നെ സര്‍ഗ്ഗശേഷി. തന്റെ ഉള്ളില്‍ നിറയുന്ന സാഹിത്ത്യവാസനയെ കാലവര്‍ഷമായി ചിലപ്പോഴോക്കെ അയാള്‍ ഉപമിക്കാറുണ്ട്. കാലവര്‍ഷത്തെ ഒരിയ്ക്കലും ക്ഷണിച്ചുവരുത്താമാവില്ല. പക്ഷെ പെയ്തു തുടങ്ങിയാല്‍ ധാരമുറയില്ല. അതുപോലെ തന്നെ തന്റെ തൂലികതുമ്പില്‍ നിന്ന് ചിലപ്പോള്‍ മാത്രമുതിരുന്ന വാക്കുകളുടെ പ്രവാഹത്തില്‍ അയാള്‍ തന്നെതന്നെ മറന്നുപോകാറുണ്ട്.

 

അയാള്‍ക്കേറ്റവും പ്രിയപ്പെട്ട ഈ സുഹൃത്ത് പറഞ്ഞതുകൊണ്ട് മാത്രം അയാള്‍ ലെറ്റര്‍പാഡും പേനയും എടുത്ത് മുന്നില്‍ വച്ചു. എന്തെഴുതണം? പല ചിത്രങ്ങളും മനസ്സിലേയ്ക്ക് കടന്നുവന്നു എന്നാല്‍ ഒന്നും എഴുതാന്‍ വയ്യ. എല്ലാ ജീവിച്ചിരിക്കുന്നവരെ പറ്റിയാണ്. ജീവനോടെയുള്ളവരെപ്പറ്റി എഴുതാന്‍ അയാള്‍ക്ക് മടിയാണ്. തികച്ചും ഭാവനാനിര്‍മ്മിതമായ ഒരു കഥ എഴുതാനും അയാളുടെ മനസ്സ് വിസമ്മതിച്ചു.

ഇതുവരെ അയാളെഴുതിയ പല കഥകളും സ്വന്തം ജീവിതത്തില്‍ നിന്ന് കണ്ടെത്തിയവയാണ്. പലതിലും ആത്മനൊമ്പരത്തിന്റെ പൊറല്‍ വീണിട്ടുണ്ട്. കുട്ടിക്കാലത്തൊരിയ്ക്കല്‍, അയാള്‍ക്കേറ്റവും പ്രിയപ്പെട്ട അമ്മാവന്റെ മരണത്തെപറ്റി എഴുതിയ കഥ കണ്ട് മുത്തശ്ശി കരഞ്ഞതും അതിനയാളെ ഏട്ടന്‍ ശകാരിച്ചതും അയാളോര്‍ത്തുപൊയി.

അനുഭവങ്ങലും വിശ്വാസങ്ങളുമാണ് ഒരെഴുത്തുകാരന്റെ രചനാശൈലിയുടെ ഗാതിവിതികള്‍ നിര്‍ണ്ണയിക്കുന്നത് എന്ന് അയാള്‍ക്ക് ഇപ്പോള്‍ തോനുന്നു. എന്തെന്നാല്‍ അന്നത്തെ ആ അനുഭവത്തിനു ശേഷം ജീവിച്ചിരിക്കുന്നവരെപ്പറ്റി മാത്രമായി മാറി അയാളുടെ രചനകള്‍. എന്നാല്‍ ആരെയൊക്കെയെല്ലാം മനസ്സില്‍ കണ്ട് അയാള്‍ കഥകളെഴുതിയോ, അവരുടെയൊക്കെ പിന്നീടുള്ള ജീവിതം അയാള്‍ എഴുതിയതുപോലെ മാറിപ്പോയി.

തന്റെ അഗാധ പ്രണയം ഒരിക്കലും ആ സുന്ദരിയെ അറിയിക്കാതെ അവളുടെ നിത്യാരാധകനായി ജീവിതം തീര്‍ത്ത ഒരു മനുഷ്യന്റെ കഥ, അയാളുടെ സ്വന്തം ജീവിതത്തില്‍ തന്നെ തനിയാവര്‍ത്തനമാടി. തന്റെ കൌമാരസ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ചാമ്പയ്ക്കാച്ചുണ്ടും ചന്ദനക്കവിളുകളും ചാട്ടൂളിക്കണ്ണുകളുമുള്ള ആ പെണ്‍കുട്ടിയെ ഇന്നും അയാള്‍ ആരാധിക്കുന്നു. എവിടെയാണെന്നറിയില്ലെങ്കിലു വിവാഹം കഴിക്കാതെ ഇന്നും അവള്‍ക്കുവേണ്ടി അയാള്‍കാത്തിരിക്കുന്നു. മറ്റൊരു കഥയിലെ കഥാപാത്രമായ നാരായണന്‍ മരിക്കുന്നത് ഒരു വാഹനാപകടത്തിലാണ്.

കഥ മുഴുമിച്ച് ഏറെക്കാലം കഴിയും മുന്‍പേ അയാളുടെ സുഹൃത്ത് വാസുദേവനും ഒരു കാര്‍ ആക്സിഡന്റില്‍ മരിച്ചുപോയി. തന്റെ കഥനപാടവത്തെത്തന്നെ അയാള്‍ അതോടെ വെറുത്തു.

തടസ്സം കണ്ട് വഴിമാറിയൊഴുകുന്ന പുഴുപോലെ അയാളുടെ എഴുത്തിന്റെ വഴികള്‍ വീണ്ടും മാറി. ഒരിക്കലും നടന്നേക്കാന്‍ സാധ്യതയില്ലാത്ത സംഭവങ്ങളെപ്പറ്റിയായി അയാളുടെ പിന്നീടുള്ള സൃഷ്ടികള്‍. എന്നാല്‍, ദുരന്തപൂര്‍ണ്ണങ്ങളായ അവയോരോന്നും യാഥാര്‍ത്ഥത്തില്‍ നടന്നുകണ്ടപ്പോള്‍ അയാള്‍ തകര്‍ന്നു. ദു:ഖത്തിന്റെ ദൂതനും ദുരന്തത്തിന്റെ പ്രവാചകനും ഒക്കെയായി അയാളെ വരച്ചുകാട്ടാന്‍ പത്രങ്ങളും വിമര്‍ശകരും മത്സരിച്ചു. പതുക്കെപ്പതുക്കെ അങ്ങിനെയൊരു വിശ്വാസം അയാളിലൂടെ വളര്‍ന്നുവന്നു. അതോടെ തന്റെ തൂലികയെ പാടെ അയാളുപേക്ഷിച്ചു.

മഴക്കാലങ്ങള്‍ പലത് കഴിഞ്ഞു. അയാളുടെ മനസ്സിലും വാക്കുകളായിപ്പെയ്യാന്‍ വെമ്പിനില്‍ക്കുന്ന ആശയങ്ങള്‍ പലപ്രാവശ്യം നിറഞ്ഞു. പക്ഷേ ഒരിക്കല്‍പോലും അയാളവയെ പെയ്തിറങ്ങാനനുവദിച്ചില്ല. സുഹൃത്തുക്കള്‍ പലരും പലവുരു നിര്‍ബന്ധിച്ചിട്ടും സ്വന്തം പേനയെടുക്കാന്‍ അയാള്‍ തയ്യാറായില്ല.

നിങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടരുത്. ഒരു സാഹിത്യകാരന്‍ എന്നും എല്ലായ്പ്പോഴും ജ്ഞാനത്തിന്റെ വഴിയിലൂടെ നീങ്ങണം. ഒരു സുഹൃത്ത് അയാളെ ഉപദേശിച്ചു.

സുഹൃത്തേ, വികാരങ്ങളും വിചാരങ്ങളും ഒരുപിടി വിശ്വാസങ്ങളും കൈമുതലായുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. എന്റെ സാഹിത്യത്തിന്റെ ആത്മാവുതന്നെ, എന്റെ അറിവുകേടുകളും, ഒരു വേള, നിരര്‍ത്ഥകങ്ങളായ എന്റയീ വിശ്വാസങ്ങളുമാണ്. സമ്പൂര്‍ണ്ണമായ അറിവിനെ ഞാന്‍ ഭയപ്പെടുന്നു. ആ അറിവിന്റെ വെളിച്ചത്തില്‍ ഒരു പക്ഷേ എന്നിലെ സാഹിത്യം തന്നെ മടങ്ഹിപ്പോയേക്കാം. അയാള്‍ പ്രതിവചിച്ചു.

പിന്നെയും ഏറെക്കാലം ആ ലെറ്റര്‍പാഡും പേനയും അനാഥമായിത്തന്നെ കിടന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാണ് പൊടി തുടച്ച് അയാളത് പുറത്തെടുക്കുന്നത്. ജീവിതത്തിന്റെ സായാഹ്നത്തില്‍ അനുഭവപ്പെടുന്ന വിരസമായ ഈ ഏകാന്തതയില്‍ നിന്ന് ഒരു മോചനം അയാളും ആഗ്രഹിക്കുന്നുണ്ടായിരുന്നു.

പുറത്തെ കൂരിരുട്ടില്‍ പുതുമഴ നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ടേബിള്‍ ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ അയാള്‍ ആ പുതിയ കഥ എഴുതാന്‍ തുടങ്ങി. ഏകാകിയും വൃദ്ധനുമായ ഒരു സാഹിത്യകാരനെകുറിച്ചായിരുന്നു അയാള്‍ എഴുതിയത്. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു പുതിയ കഥ എഴുതുന്ന ഒരു വയസ്സന്റെ കഥ. എന്നാല്‍ ഈ കഥ എങ്ങനെയവസാനിപ്പിക്കണമെന്ന് കഥയ്ക്കുള്ളിലെ സാഹിത്യകാരനെപ്പോലെ തന്നെ അയാള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. അയാള്‍ തന്റെ മേശവലിപ്പ് തുറന്നു. അതില്‍ ഒരു സ്ട്രിപ്പ് ഉറക്കഗുളികകള്‍ കരുതലുണ്ടായിരുന്നു. കഥാന്ത്യതെളിഞ്ഞുകിട്ടിയ സന്തോഷത്തില്‍ അയാള്‍ മന്ദഹസിച്ചു. തന്റെ വ്ശ്വാസത്തെ തകര്‍ക്കാന്‍ മരണത്തിനുമാവില്ലെന്ന അറിവില്‍ അയാള്‍ ആനന്ദിച്ചു. എന്തെന്നാല്‍ തന്റെയീ അവസാനത്തെ രചനയും അതിന്റെ രീതിയില്‍ തനിയാവര്‍ത്തനം ചെയ്യുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അപ്പോഴും, പുറമേ മഴ, തന്റെ സംഗീതം അനുസ്യൂതം ഉതിര്‍ക്കുന്നുണ്ടായിരുന്നു.