Hari Kovilakam

ചുണ്ടുകള്‍ മിണ്ടും വിധം

അധികം ആള്‍ത്തിരക്കില്ലാത്ത റെയില്‍വേ സ്റ്റേഷനിലെ വൈകുന്നേരം മൂന്നുമണി, വിജനമായ ഫ്ലൈഓവര്‍ കൈ പിടിച്ച് പടികള്‍ കയറുമ്പോള്‍ വല്ലാത്ത ഒരു ഹൃദയമിടിപ്പ്

( " എങ്ങനാ ... " )

മനിസിലോര്‍ത്തു അവളുടെ മുഖം വിഷാദഭാരം കയറി കാര്‍മുകില്‍ കെട്ടിക്കിടക്കുകയാണ്. ഉച്ചവെയിലിന്റെ ചൂട് അധികമൊന്നും അനുഭവിക്കാതെ പടവുകള്‍ കയറി മുകളിലെത്തി. വരവേല്‍ക്കാന്‍ കാത്തു നിന്ന സാന്ദ്രമായ മന്ദമാരുതനുപോലും പിടിച്ച് നിര്‍ത്താന്‍ കഴിയാത്തത്ര വേഗത്തില്‍ ഹൃദയം സ്പന്ദിച്ചുച്ചുകൊണ്ടിരുന്നു; ഇരുവര്‍ക്കും. മുന്‍ധാരണകള്‍ പൊളിച്ചു കളഞ്ഞ മൂന്നോളം കൂടിച്ചേരലുകള്‍ക്കപ്പുറം ആകസ്മികതയുടെ ചക്രവാളത്തിലെ സൂര്യന്‍, ഒരുമിച്ചുണ്ടായിരുന്ന ആ മണിക്കൂറുകളോട് വിടപറയാനാകാതെ വിരഹാര്‍ദ്രചിത്തനായ്‌, മുഖം കുനിച്ചു നില്‍ക്കുന്ന തീവ്രത അവരിലുമുണ്ടായിരുന്നു എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ച്ചിട്ടും തമ്മില്‍ കൈ പിടിച്ച് നടക്കുമ്പോഴും സമൂഹത്തിന്റെ ' സദാചാര'ക്കണ്ണുകളെ ഭയന്ന് അവരുടെ സ്വകാര്യ(ത) സംഭാഷണങ്ങളിലേക്ക് അവര്‍ കടന്നതേയില്ല ആദ്യമായി കണ്ടുമുട്ടിയിട്ടു പോലും ചില ഒറ്റപെട്ട വിലയിരുത്തലുകളില്‍ ഒറ്റക്കാഴ്ചയില്‍ തന്നെ അവര്‍ ദമ്പതികളാണ് എന്ന പ്രതികരണങ്ങള്‍ അവര്‍ കേട്ടിരുന്നു... നാലര മണിക്കൂറിനുള്ളില്‍ത്തന്നെ അവര്‍ അത്യാവശ്യം അലഞ്ഞിരുന്നു. എന്നിട്ട് അവനെ യാത്രയാക്കാന്‍ പന്ത്രണ്ടുമണിയോടുകൂടി അവര്‍ സ്റ്റേഷനിലെത്തി. പക്ഷെ മൂന്നരക്കെ ഇനി തീവണ്ടിയുള്ളൂ.

" എന്താ ചെയ്ക ? "

" അതേ.. ബസ്സില്‍ പോകുന്നതിനെക്കാള്‍ തീവണ്ടി തന്നെയാ മെച്ചം ന്നേ, അതോണ്ട് തീവണ്ടിക്ക് പോകാം, വരട്ടെ നമുക്ക് ഇവിടെ കാത്തിരിക്കാം, ടിക്കെറ്റ്‌ എടുക്കേണ്ട, ഞാന്‍ എടുക്കാം. "

" വേണ്ട അത്യാവശ്യത്തിനു കാശ് കരുതിയിട്ടുണ്ട് ഈ പേഴ്സ് പിടിക്ക് ഞാന്‍ ടിക്കെട്ടെടുക്കട്ടെ "

മൂന്നേകാല്‍ മണിക്കൂര്‍ എങ്ങനെയാണ് പോയത് എന്നവറിഞ്ഞില്ല, പരസ്പരം സംസാരിച്ചും ചെറുതായൊക്കെ വഴക്കിട്ടും പ്ലാട്ഫോമില്‍ അവരിരിന്നും ഇടയ്ക്കൊക്കെ എണീറ്റ്‌ നടന്നും, വെള്ളം കുടിച്ചും കളിച്ചും ചിരിച്ചും അവരങ്ങനെ നടന്നു... അപ്പോള്‍ മറ്റൊരു തീവണ്ടിക്ക് പോകാന്‍ പ്ലാറ്റ്ഫോമില്‍ വന്നിരുന്ന കുറച്ച് കുടുംബംഗങ്ങള്‍ ഇവരെ കണ്ടിരുന്നു. ഇവര്‍ ഒരുമിച്ച് നടക്കുന്നത് കണ്ടപ്പോള്‍ത്തന്നെ (അവന്‍ അവളുടെതിനു സമാനമായ കുപ്പായം ആദ്യമേ വാങ്ങി ധരിച്ചിരുന്നു, അപ്രതീക്ഷിതമായി ഒരുപോലെയുള്ള നിറം കിട്ടി. എങ്കിലും അതിനു അവനെ പ്രേരിപ്പിച്ചത്, അവളായിരുന്നു ) അവര്‍ എന്തോ അടക്കം പറഞ്ഞു. അത് അവനോ അവളോ കേട്ടില്ല പക്ഷെ അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു കുസൃതിക്കുടുക്ക അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു...

" അതേ........... ആ ചേച്ചീടെ ബര്‍ത്താവാ "

വസ്ത്രങ്ങളും, ഒരുമിച്ച് നടക്കുമ്പോഴുണ്ടാകുന്ന ചേര്‍ച്ചയും കണ്ടാണോ അതോ അവര്‍ അടക്കം പറഞ്ഞ കേട്ടിട്ടാണോ എന്നറിയില്ല; നിഷ്കളങ്കമായ ആ വിലയിരുത്തല്‍ അവര്‍ക്കൊരംഗീകാരമായി പിന്നീട് തോന്നി, അതുകൊണ്ട് തന്നെയാവണം അവന്‍ അവളോട്‌ പറഞ്ഞു ...

" കേട്ടോടീ നമ്മള്‍ ഭാര്യാഭര്‍ത്താക്കന്മാരെന്നാണ് ആ കൊച്ചുകുട്ടി പറയുന്നത് "

എന്ന് പറഞ്ഞു, നടന്നുകൊണ്ടിരുന്ന അവന്‍ പെട്ടെന്ന് അവളുടെ തോളില്‍ പിടിച്ച് അവനോടുചേര്‍ത്തൊല്പനേരം മുന്നോട്ടുപോയി

പക്ഷെ അത് കേട്ടനേരത്ത് അത് കേട്ടുനിന്നവര്‍ എല്ലാപേരും ചമ്മി അവള്‍ തിരിഞ്ഞു നോക്കിയതേയില്ല. അവള്‍ ജാള്യത മറച്ച് ആ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു, കുട്ടിയാണെങ്കില്‍ അടുത്തു വരാന്‍ കൂട്ടാക്കിയില്ല ...

ഉച്ചഭക്ഷണത്തിന് ഭക്ഷണശാലകള്‍ തേടിയെങ്കിലും കിട്ടിയില്ല. ഭക്ഷണത്തെ കുറിച്ചുള്ള അവരുടെ സംസാരം, സ്റേഷനിലെ കുറച്ച് ഓട്ടോത്തൊഴിലാളിസഖാക്കള്‍ കേട്ടു അവന്‍ ഭക്ഷണം വാങ്ങാന്‍ പോയ നേരം അവളോട്‌; " ഇങ്ങനെയാണോ? വീട്ടില്‍നിന്നും കൊണ്ടു കൊടുക്കേണ്ടതല്ലേ? ഇങ്ങനെ പുറത്തുനിന്നു ഭക്ഷണം വാങ്ങി കൊടുത്തയക്കരുത് മോളേ .. അത് ശരിയല്ല. " എന്ന സ്നേഹത്തോടെയുള്ള ഉപദേശം കേട്ടു ഉള്ളില്‍ പൊട്ടിച്ചിരിച്ച് അവളങ്ങനെ നിന്നു അവന്‍ ഭക്ഷണവുമായി മടയിയെത്തിയപ്പോള്‍ അവള്‍ പറഞ്ഞു ,

" അതേ.., ഒരു സംഭവം ഉണ്ടായി "

" എന്താ ? "

" കുറച്ച് ഒട്ടോച്ചേട്ടന്‍ന്മാര്‍ ഉപദേശിച്ചെന്നേ.."

" ആണോ? എന്താ ഉപദേശിച്ചത് ? "

" വീട്ടിന്ന് ഫുഡ്‌ കൊണ്ടത്തരണം ന്ന്.... "

കുണുങ്ങിചിരിച്ചുകൊണ്ടവള്‍ പറഞ്ഞൊപ്പിച്ചു

" ഉം "

കണ്ടിട്ടും തൊട്ടുരുമിയിരുന്നു ചക്രവാളത്തെ ചുംബനചുവപ്പു* കൊണ്ടുമൂടാന്‍ കഴിയാത്തതിന്റെ അമര്‍ഷം അങ്ങിങ്ങായിരുന്ന യാത്രക്കാരെ നോക്കിയും സാഹചര്യത്തെപ്പഴിച്ചും അവന്‍ തീര്‍ക്കുകയായിരുന്നു.....

ട്രെയിന്‍ വരാനുള്ള അറിയിപ്പ് ഉച്ചഭാഷിണിയുടെ വൈദ്യുത കാന്തിക തരംഗങ്ങളായി അവരിലേക്ക് അലയടിച്ചു തുടങ്ങിയപ്പോള്‍ സ്റേഷനിലെ സമയ സൂചികയുടെ ചെറിയ സൂചി മൂന്നിലും വലിയ സൂചി നാലിലും നിമിഷ സൂചിക ആറുകഴിഞ്ഞും നില്‍ക്കുകയായിരുന്നു... അവനു പോകാന്‍ ഒട്ടും മനസില്ല തീവണ്ടിച്ചക്രത്തിന്റെ ശബ്ദം ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വിടപറയലിന്റെ വദനയുടെ ആഴം കൂടിവരുന്നപോലെ അവള്‍ക്ക് തോന്നി. തീവണ്ടി വരാറായി തീവണ്ടിപ്പാതയില്‍ അതിന്റെ ചലനങ്ങള്‍ വളരെ വേദനയോടെ അവര്‍ നോക്കി പരസ്പരം അറിഞ്ഞിട്ടും അലിഞ്ഞിട്ടും തൊട്ടടുത്ത് കിട്ടിയിട്ട് ഒന്ന് തലോടാന്‍ പോകുമാകുന്നില്ലല്ലോ എന്ന വിഷമത്തോടെ അവന്‍ അവളെ നോക്കി, മടിയില്‍ വച്ചിരുന്ന അവന്റെ ഇടതുകൈയ്യിലേക്ക് അവള്‍ അവളുടെ വലതുകൈ എടുത്തു വച്ചു ആ സമയം അവരെ വിഷമത്തോടെ അവളുടെ കൈപിടിച്ച് അവന്‍ ചുണ്ടോട് ചേര്‍പ്പിച്ചു പെട്ടെന്ന് ചുറ്റും നോക്കി അവന്‍ കൈ താഴെവച്ചു വീണ്ടും അവന്‍ ആ കയ്യുയര്‍ത്തി, ചുണ്ടുകള്‍ കൊണ്ടുതീവ്രമായ ഒരു മൃദു സ്പര്‍ശനം അവളുടെ കയ്യിലേല്‍പ്പിച്ചു.

അല്പനേരത്തിനുള്ളില്‍ ഫ്ലൈ ഒവറിലേക്ക് അവര്‍ എണീറ്റു നടന്നു. കൈ പിടിച്ച് ഫ്ലൈ ഓവറിന്റെ പടവുകള്‍ നടന്നു കയറിയപ്പോള്‍ ഉച്ചവെയിലിന്റെ രൌദ്രത കുറഞ്ഞു അസ്തമനത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ശാന്തതയോടെ സൂര്യന്‍ ജ്വലിച്ചു തണുത്തൊരിളം കാറ്റ് വീശുന്നുണ്ടായിരുന്നു ... അങ്ങനെ പടവുകള്‍ കയറി മുകളിലെത്തി വിജനമായ ആ ഫ്ലൈ ഓവര്‍ രണ്ടുപേര്‍ക്കും നന്നായി നെഞ്ചിടിക്കുന്നുണ്ടായിരുന്നു.. വേച്ച് വേച്ച് നടന്നു അവര്‍ ഫ്ലൈ ഓവറിന്റെ നടുക്കെത്തി അടഞ്ഞതും ഇരുവശവും അഴികള്‍ കൊണ്ടു സുതാര്യവുമായ ഇരുമ്പില്‍ തീര്‍ത്ത ഒരു മറ കണ്ടപ്പോള്‍ പെട്ടെന്ന് അവനിലെന്തോ സംഭവിച്ചു പെട്ടെന്ന് ഇടതുകരം അവളുടെ തലയുടെ പുറകിലേക്ക് നീങ്ങി... വലതു കരം അവളുടെ ഇടതുവശത്തുകൂടെ അവളെ ചുറ്റിപ്പിടിക്കാന്‍ തയാറായി സഞ്ചരിച്ചു തുടങ്ങി പാതയില്‍ തീവണ്ടി ചക്രങ്ങള്‍ തീവ്രമായി ചുംബിച്ചു കടന്നുപോലെ അനുഭവപ്പെട്ടു ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു മിഴികളില്‍ ആകാശം ഇരുണ്ടുകൂടി പെയ്യാന്‍ തയാറായി അവള്‍ മിഴിയടച്ചു നിന്നു അന്നേരം ഒരൊറ്റ നിമഷത്തില്‍ രണ്ടുപേരും ഈ ലോകം മറന്നു.. അവന്‍ സ്വയം മറന്നു അവളിലേക്ക് അലിഞ്ഞിറങ്ങാന്‍ തയ്യാറായ മാത്രയില്‍ ത്തന്നെ അവനെ അവള്‍ തട്ടിമാറ്റി അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവന്‍ ആരാഞ്ഞു ...

" എന്തെ ? "

" ആരെങ്കിലും കണ്ടുകാണുമോ ? "

" സാധ്യതയില്ല "

"ഉം."

പടവുകളിറങ്ങി ട്രെയിന്‍ വരാനുള്ള പ്ലാട്ഫോമിലെത്തി. അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നത് അവന്‍ ശ്രദ്ധിച്ചു

" എന്തേ കണ്ണ് നിറഞ്ഞിരിക്കുന്നേ ? "

" അറിയില്ല "

" അതുകൊള്ളാം അറിയില്ലാന്നോ ... ഹ ഹ ഹ ഓക്കേ പിന്നെ പറഞ്ഞാല്‍ മതി "

" ഉം. "

നടോടി ബാലകര്‍ അവിടെ ചിങ്ങവെയിലേറ്റ് കളിക്കുന്നുണ്ടായിരുന്നു... ഇരുവരും അവരെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. നീളന്‍ സയറണ്‍ മുഴക്കി ട്രെയിന്‍ ഒരുപാട് മുന്നിലേക്ക്‌ വന്നു നിന്നു.. പ്ലാറ്റ്ഫോമില്‍ നിന്ന് പുറകിലുള്ള ബോഗി ലക്ഷ്യമാക്കി അവന്‍ വേഗത്തില്‍ നടന്നു.. കൂടെ നടന്ന അവളോട്‌,

" കുഴപ്പമില്ല, ഞാന്‍ പോയ്ക്കോളാം ഇയാളിനി ഒരുപാട് ദൂരം തിരിച്ചു നടക്കേണ്ടി വരില്ലേ. തിരികെ പൊയ്ക്കോ ഇനി മുന്‍പോട്ടു വരണ്ടാ."

എന്നുപറഞ്ഞവളെ തിരിച്ചു നടത്തിയിട്ട് കയറാനുള്ള ആവേശത്തില്‍ ബോഗിയെ ലക്ഷ്യമാക്കി അവന്‍ കുതിച്ചു ചാടി ബോഗിയില്‍ കയറിയത് അവള്‍ കാണുന്നു എന്നുള്ളത് അവന്‍ അപ്പോള്‍ അറിഞ്ഞില്ല സംസാരത്തിനിടയ്ക്കു എപ്പോഴോ കേട്ട ഒരു സ്നേഹ ശാസനം എന്നെ ട്രെയിനിന്റെ വാതിലില്‍ നില്ക്കാന്‍ തോന്നിച്ചില്ല. അവന്‍ അകത്തേക്ക് അല്പം കടന്നു നിന്നു.. എങ്കിലും നെഞ്ചിടിപ്പോടെ ഉടക്കി നിന്ന മിഴികള്‍കള്‍ ട്രെയിന്‍ വേര്‍പെടുത്തുന്ന വരെയും അവനുമവളും കണ്ണുകള്‍ കൊണ്ടും ചുണ്ടുകള്‍ കൊണ്ടും പ്രേമ കാവ്യങ്ങള്‍ രചിച്ചുകൊണ്ടിരുന്നു .... കാഴ്ചയുടെ സീമയില്‍ നിന്നു അവളുടെ രൂപം മാഞ്ഞു പോകുന്നവരെ അവന്‍ അവളെത്തന്നെ നോക്കി നിന്നു... നിര്‍വൃതിയും,അമര്‍ഷവും,വേദനയുമെല്ലാം കൂടിക്കലര്‍ന്ന അവസ്തയി ല്‍ ഒരാത്മഗതം ഉറവപൊട്ടി

" ആകസ്മികതയുടെ നിഗൂഡമായ ഇരുളറകള്‍പോലുള്ള ഈ കണ്ടുമുട്ടലില്‍ നഷ്ടബോധം തോന്നാതിരിക്കാന്‍ വേണ്ടതെല്ലാം ഉണ്ടായി എന്റെ മനസ് ആനന്ദശൈലത്തിന് മുകളിലാണ് ... പകരം വയ്ക്കാനില്ലാത്ത ഒരു അസുലഭ ദിനം സമ്മാനിച്ച പ്രിയപ്പെട്ടവളേ... നിനക്ക് നന്ദി "

കിതച്ചുകൊണ്ട് കുതിക്കുന്ന തീവണ്ടിചക്രങ്ങള്‍ പാളത്തെ തീവ്രമായി ചുംബിച്ചു കടന്നുപോകുമ്പോള്‍ അവനുടെ മനസിലേ പ്രദോഷ ചക്രവാളത്തില്‍ അസ്തമനചുവപ്പിന് പകരം ചുംബനച്ചുവപ്പ് പടര്‍ന്നിരുന്നു .