E A Sajim Thattathumala

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന്‍ മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില്‍ എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും. അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടും ‘വെയിറ്റ് ചെയ്യൂ’ എന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടള്‍ ക്ക് ഇത്ര ‘കന’ മുള്ള തല കാണുമെന്നു തോന്നുന്നില്ല.

ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ ഓഫീസര്‍ കനിഞ്ഞുനല്‍കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും.

സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാള്‍ക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ

കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഞാന്‍ വന്നിട്ടുള്ളു. എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്‍ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഈ ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.

ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ ഈ സ്ഥലവുമായി എനിക്കുള്ളൂ. ഈ സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല. അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല.

ഈ വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.

വില്ലേജ് ഓഫീസിലേക്കു കയറുന്ന പടിക്കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.

കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും ഈ നില്പില്‍ കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല. റോഡിന്റെ മറുവശത്ത് ഈ വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന്‍ ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു.

പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന്‍ എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.

വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.

മുന്‍ വശത്തെ തലമുടിയില്‍ മാത്രം അല്പം നര ബാധിച്ച ഒരു സുമുഖനാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം. അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി. അയാള്‍ക്ക്‌ എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല.

ഞാന്‍ ആ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക്‌ നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു.

കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ അയാള്‍ക്ക് പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര്‍ കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം.

ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകര്‍ത്തിട്ടില്ല. എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍ ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങള്‍ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മനസിന്റെ ഉള്ളറകളില്‍ അനുനിമിഷം എത്രപാപങ്ങളാണു നാം ചെയ്തു കൂട്ടുന്നത് കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസു കൊണ്ട് മനഷ്യന്‍ എത്ര തിന്മകള്‍ ചെയ്തുകൂട്ടുന്നു അതു പോലെ നന്മകളും. പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താ മണ്ഡലത്തില്‍ മാത്രം നിര്‍ദോഷമായി ഒതുങ്ങിക്കൂടുന്നു.

ഇവിടെ ഇപ്പോള്‍ എന്റെ ചിന്തകള്‍ വഴി തെറ്റുകയാണ്

എതിരെയുള്ള മുറുക്കാന്‍ കടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകള്‍ക്ക് പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തില്‍ പരതിനടക്കുന്നതു ഞാന്‍ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച ആ മനുഷ്യന്റെ കണ്ണുകള്‍ താഴേയ്ക്കു ഊര്‍ന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തില്‍ ഒരു ഉഷ്ണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.

പടിഞ്ഞാറു ഭാഗത്തേക്ക് എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാന്‍ കഴിയു. ദൈര്‍ഘ്യമില്ലാത്ത കാത്തുനില്പിന്റെ ഈ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാന്‍ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോള്‍ ഞാന്‍ കരുതുന്നതേയില്ല. തികച്ചും നിര്‍ദ്ദോഷമായ ഒരു കുസൃതിയ്ക്ക് ഞാന്‍ സജ്ജയായി.

ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെണ്‍കുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ ആ പാവം മധ്യവയസ്കന് പ്രാപിക്കാന്‍ കഴിയുകള്ളു. അല്പം മറഞ്ഞുനില്‍ക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡില്‍ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാള്‍ക്കു അനുകൂലമായി.

ഇടയ്ക്കിടെ അയാള്‍ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നില്‍ക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്. അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാന്‍ ഞാന്‍ യത്നിച്ചു.  സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയില്‍ അയാള്‍ക്കു ഒരു സംശയവും തോന്നാത്ത വിധത്തില്‍ ഒന്നും അറിയാത്തൊരു ഭാവത്തില്‍ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്.

എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്ന ചുരിദാറിനടിയില്‍ അയാളുടെ തുറന്നകണ്ണുകള്‍ ഉടക്കിയപ്പോള്‍ മാന്യതയുടെ സീമകള്‍ ലംഘിക്കുന്നുവോ എന്നു ഞാന്‍ ശങ്കിച്ചു. എങ്കിലും എന്റെ ബാഗില്‍ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയില്‍ ഇളക്കം വന്ന ഷാള്‍ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകി ‘അഡ്ജസ്റ്റ്’ ചെയ്തു.

ഇപ്പോള്‍ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാള്‍ക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകള്‍ അവിടെത്തന്നെ തറച്ചു നിന്നപ്പോള്‍ ഉണ്ടാ‍യ ചൂളല്‍ കര്‍ച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാന്‍ അതിജീവിച്ചു. എന്റെ കണ്ണുകള്‍ ഇടയ്ക്കിടെ അയാളുടെ കണ്ണുകളില്‍ ഉടക്കുമ്പോള്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ മാന്യത സംരക്ഷിച്ചതില്‍ അയാളോടു എനിക്കു മതിപ്പു തോന്നി.

സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകള്‍ ചാരിത്ര്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതില്‍ യാഥാര്‍ഥ്യമുണ്ടെന്നു ഞാന്‍ മനസിലാക്കുന്നു. അല്ലെങ്കില്‍ ഇവിടെ, ഈ വെയിറ്റിംഗ് ഷെഡ്ഡില്‍ ആരും ഇല്ലാത്ത സന്ദര്‍ഭത്തില്‍ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?

വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.

മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?

അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ ഈ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.

ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്

എനിക്കറിയാം; അയാളുടെ ഭാവനകള്‍ക്ക് ചിറക് മുളയ്ക്കുകയാണ്. അയാള്‍ എന്നെ ഏതോ സ്വപ്ന ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടല്‍ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.

ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നത്

അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉള്‍ത്താരിന് ഉള്‍ക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര്‍ കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.

നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ

ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന്‍ റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന ആ മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു. ഞാന്‍ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു.

അയാള്‍ക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?

പയ്യന്‍ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകള്‍ക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി. പിന്നെ.......?

രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോള്‍ ആ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാന്‍ അറിഞ്ഞു;

അയാള്‍ അന്ധനാണ്

അയാളെ ഓട്ടോയില്‍ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോള്‍ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുര്‍ബല നിമിഷങ്ങളെ പഴിച്ച് വല്ലാത്തൊരു കുറ്റബോധവുമായി ഞാനും യാത്രയായി. പാവം അന്ധന്‍